കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം തലയോട്ടി തകര്‍ന്ന്. തലച്ചോര്‍ ഇളകിയ അവസ്ഥയിലായിരുന്നുവെന്നും വലത് ചെവിയുടെ മുകളിലായാണ് തലയോട്ടി തകര്‍ന്നതെന്നും റിപ്പോര്‍ട്ട്. thamarassery shahabas murder; preliminary details of the postmortem report
പ്രഹരശേഷിയുടെ ആയുധം ഉപയോഗിച്ചതായാണ് തലയോട്ടി തകരാന്‍ കാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഷഹബാസിന്റെ തലയ്ക്ക് ആഘാതമായ അടിയേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നത്.
ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാതിരുന്ന ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. സംഘര്‍ഷത്തിന് ശേഷം സുഹൃത്തുക്കള്‍ ഷഹബാനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പുറമെ പരുക്കുകള്‍ ഇല്ലാതിരുന്ന ഷഹബാസ് വീട്ടിലെത്തി തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രാത്രി ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതോടെ താമരശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
അതേസമയം, ട്യൂഷന്‍ സെന്ററിലെ സംഘര്‍ഷത്തിന് ശേഷം പ്രതികളായ വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആളുകള്‍ കൂട്ടമായി ചേര്‍ന്ന് മര്‍ദ്ദിച്ചാല്‍ കേസ് എടുക്കാനാവില്ലെന്നും എസ്എസ്എല്‍സി പരീക്ഷയായതിനാല്‍ അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പ്രതികള്‍ ചര്‍ച്ച ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിന്റെ ഇളവ് ലഭിക്കുമെന്നും ഇവര്‍ കണക്കുകൂട്ടി. വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ നഗരമദ്ധ്യത്തില്‍ വച്ചാണ് മര്‍ദ്ദിച്ചതതെന്നും പൊലീസ് പറയുന്നു.
ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നഞ്ചക്ക് ലഭിക്കാന്‍ മുതിര്‍ന്നവരുടെ സഹായം ലഭിച്ചോയെന്നും പ്രതികള്‍ അംഗങ്ങളായ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പ്രായപൂര്‍ത്തിയായവരുണ്ടോയെന്നും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്താംക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിക്കിടെ എളേറ്റില്‍ വട്ടോളി എംജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനിടെ പാട്ട് നിലച്ചപ്പോള്‍ താമരശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവിയതാണ് തര്‍ക്കത്തിന്റെ തുടക്കം. ഫോണ്‍ തകരാറിലായി പാട്ട് നിലയ്ക്കുകയും ഡാന്‍സ് തടസപ്പെടുകയും ചെയ്തതോടെ കൂക്കി വിളിച്ച വിദ്യാര്‍ത്ഥികളോട് എളേറ്റില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഉണ്ടായ അടിപിടി അധ്യാപകര്‍ ഇടപെട്ട് പരിഹരിച്ചു.
വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പകയായി കിടക്ക ഈ സംഭവത്തെ തുടര്‍ന്ന് എംജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്സ് ആപ് ഗ്രൂപ് വഴി വ്യാഴാഴ്ച വൈകിട്ട് താമരശേരി വെഴുപ്പൂര്‍ റോഡില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പത്തിലധികം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് താമരശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷഹബാസിന്റെ മരണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ താമരശേരി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി. ഇവരെ വെള്ളിമാട്കുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. പ്രതികളായ അഞ്ച് കുട്ടികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഇവരെ പരീക്ഷ എഴുതാന്‍ അനുവദിക്കും.
ഷഹബാസിന്റെ മൃതദേഹം താമരശേരിയിലെ വാടക വീട്ടിലെത്തിച്ച ശേഷം തറവാട് വീട്ടില്‍ എത്തിക്കും. കെടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് ശേഷം കെടവൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. thamarassery shahabas murder; preliminary details of the postmortem report
Content Summary: thamarassery shahabaz murder; preliminary details of the postmortem report