March 17, 2025 |

കാവലായി നിന്നവനേ…നന്ദി

സൗമ്യമായ പെരുമാറ്റവും താരജാഡയില്ലാത്തതുമെല്ലാം ശ്രീജേഷിന്റെ മാത്രം സവിശേഷത

1988- ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇടം നേടിയ വര്‍ഷം! 1948ല്‍ ആരംഭിച്ച് രണ്ട് ദശാബ്ദത്തോളം നീണ്ട ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാലം അവസാനിച്ചിട്ട് അക്കൊല്ലം എട്ട് വര്‍ഷം തികയുകയാണ്. ഹോക്കിയില്‍, ധ്യാന്‍ചന്ദും ബല്‍ബിര്‍ സിങ് അടക്കമുള്ള ഇന്ത്യന്‍ മാന്ത്രികരെ വാര്‍ത്തകളില്‍ പോലും കാണാത്ത അവസ്ഥ. രാജ്യത്തിന്റെ ദേശീയ വിനോദമെന്ന ഖ്യാതിയിലേക്ക് മാത്രം ചുരുങ്ങി ആ കളി. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പകരക്കാരായി കളം നിറഞ്ഞ് തുടങ്ങിയ കാലമെന്നും പറയാം. അതേ, ആ വര്‍ഷമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളക്കരയില്‍ കര്‍ഷക കുടുംബത്തില്‍ ഒരു ആണ്‍കുട്ടി ജനിച്ചത്. അവന് ഐശ്വര്യത്തിന്റെ പ്രതീകമായ ശ്രീ എന്ന അക്ഷരത്തില്‍ തുടങ്ങിയ പേരാണ് അച്ഛന്‍ നല്‍കിയത്. ശ്രീജേഷ്- പേര് പോലെ ഇന്ന് രാജ്യത്തിന്റെ ഐശ്വര്യവും അഭിമാനവും.

sree 2

അച്ഛന്റെ കൃഷിതോട്ടത്തില്‍ ഓടിയും ചാടിയും കുസൃതി കുടുക്കയായി അവന്‍ വളര്‍ന്നു. പാടത്തും വരമ്പത്തുമെല്ലാം കളിച്ച് നേടിയ ഉറച്ച ശരീരവും പൊക്കവുമായിരുന്നു അവന്റെ കരുത്ത്. അക്കാലത്ത് സ്‌കൂളില്‍ ഷോട്ട് പുട്ടിലും ഓട്ടത്തിലുമെല്ലാം ആ മിടുക്കന്‍ ചെറുക്കന്‍ പയറ്റി തെളിഞ്ഞു. മകന് അത്‌ലറ്റിക്‌സില്‍ താല്‍പര്യമുണ്ടെന്ന തിരിച്ചറിവ് അച്ഛനായ രവീന്ദ്രന് പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല. അവനെ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെത്തിച്ചു. അത് വെറുമൊരു തീരുമാനമായിരുന്നില്ല. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സുവര്‍ണ ഏടുകളില്‍ രേഖപ്പെടുത്തപ്പെട്ട തീരുമാനമായിരുന്നു.

sreejesh 1

ശ്രീജേഷും സുഹൃത്തുക്കളും

ഇന്ത്യന്‍ ഹോക്കിയുടെ തലവര മാറ്റിയ തീരുമാനം. കാലം അത് തെളിയിച്ചു. ഹോക്കിയിലെ നിരവധി മിന്നും പ്രകടനങ്ങള്‍, സച്ചിന്‍…സച്ചിന്‍ വിളികള്‍ പോലെ ശ്രീജേഷ് ശ്രീജേഷ് വിളികളിലുടെ മൈതാനികള്‍ കോരിത്തരിച്ച ദിനങ്ങള്‍ രാജ്യം കണ്ടു. ഒടുവില്‍ ടോക്യോ ഒളിമ്പിക്‌സില്‍, അതായത് നാല് ദശകത്തിന് ശേഷം ഇന്ത്യയെ ഹോക്കിയുടെ മാന്ത്രികത ലോകത്തിന് മുന്നില്‍ തിരികെയെത്തിച്ചു ആ മിടുക്കന്‍. ഹോക്കിയില്‍ വീണ്ടും ഇന്ത്യ വീണ്ടും മെഡലണിഞ്ഞു- വെങ്കലം. പിന്നാലെ വന്ന ഇക്കൊല്ലത്തെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടി. പി ആര്‍ ശ്രീജേഷ് എന്ന മലയാളി ആ വെങ്കല മെഡലുമായി തിരികെ വരുമ്പോള്‍, നന്ദി പറയേണ്ടത് ഇന്ത്യയാണ്. ഒളിമ്പിക്‌സില്‍ നേടിയ ആ മെഡലുകള്‍ക്കല്ല. നമ്മുടെ ദേശീയ വിനോദത്തെ അതിന്റെ സുവര്‍ണ സിംഹാസനത്തിലേക്ക് തിരികെയെത്തിച്ചതിന്. ആ കളിയുടെ മാന്ത്രികത പുതുതലമുറയെ ബോധ്യപ്പെടുത്തിയതിന്…….തീര്‍ച്ചയായും ആ അച്ഛന്റെ മനസില്‍ തെളിഞ്ഞ നിര്‍ണായകമായ ആ തീരുമാനത്തിനും നന്ദി.

കരിയര്‍ കാലം

ഓസ്‌ട്രേലിയ്‌ക്കെതിരേ പെര്‍ത്തില്‍ നടന്ന 2004ലെ മല്‍സരത്തിലൂടെയായിരുന്നു ശ്രിജേഷിന്റെ ദേശീയ തലത്തിലെ അരങ്ങേറ്റം. ജൂനിയര്‍ താരമായിരുന്നെങ്കിലും മെയ് വഴക്കം, ശരവേഗത്തിലുള്ള കുതിപ്പ്, എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കിയുള്ള മുന്നേറ്റങ്ങള്‍ ഇത്രയും മതിയായിരുന്നു കോച്ചുമാരുടെ ശ്രദ്ധയിലേക്ക് ശ്രീജേഷ് വരാന്‍. രണ്ട് വര്‍ഷത്തിനിപ്പുറം സീനിയര്‍ ലെവലിലേക്ക് എത്തി. ആ വര്‍ഷം തന്നെ കൊളംബോയില്‍ നടന്ന സൗത്ത് എഷ്യന്‍ ഗെയിംസില്‍ സ്റ്റിക്കെടുത്തു.

sreejesh 3

ശ്രീജേഷ് അച്ഛനൊപ്പം

2008ല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച അദ്ദേഹം മികച്ച ഗോള്‍ കീപ്പര്‍ പുരസ്‌കാരവും നേടിയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍ണായകമായത് 2014ലെ ഏഷ്യന്‍ ഗെയിംസാണ്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ രക്ഷിച്ച് ഇന്ത്യയുടെ സ്വര്‍ണ കുതിപ്പിന് കരുത്തായി. 2016ല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായി.

sreejesh with family

കുടുംബത്തോടൊപ്പം

റിയോ ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ വരെ കടന്നത് ശ്രീജേഷ് എന്ന പടനായകന്റെ കഴിവിലായിരുന്നു. 2021ല്‍ നാല് പതിറ്റാണ്ടത്തെ രാജ്യത്തിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ച് വീണ്ടും ഒളമ്പിക്‌സ് മെഡല്‍ രാജ്യത്തെത്തിച്ചു.

അദൃശ്യ ശക്തി

ഒരു ഗോള്‍കീപ്പറെ ആളുകള്‍ തിരിച്ചറിയുകയും ആരാധിക്കുകയും ചെയ്യുന്നത് അസാധാരണമായ സംഗതിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം കളിക്കിടയില്‍ പോലും അവന്‍ അദൃശ്യനാണ്, ഗോള്‍ വല കാക്കാന്‍ അവന് കഴിയാതിരിക്കുമ്പോള്‍ മാത്രമാണ് അവന്‍ ആരാണെന്ന് അറിയാന്‍ ആളുകള്‍ നോക്കുക. അക്കാര്യത്തില്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല. ചെറുപ്പത്തില്‍ എനിക്ക് പോലും ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ആരാണെന്ന് അറിയില്ലായിരുന്നു- 2021ല്‍ ശ്രീജേഷ് പറഞ്ഞ വാക്കുകള്‍. അക്കാലമത്രയും ഐ എം വിജയനോ അഞ്ജു ബോബി ജോര്‍ജോ പിടി ഉഷയോ കഴിഞ്ഞാല്‍ ഒരു കായിക ഐക്കണ്‍ കേരളത്തിനുണ്ടായിരുന്നില്ല.

sree 4

2014 ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ അടക്കം നേടിയെങ്കിലും ഒളിമ്പിക്‌സിലെ സ്വര്‍ണമാണ് ശ്രിജേഷിന് മലയാളിയുടെ മനസില്‍ ഇടം നേടികൊടുത്തത്. സൗമ്യമായ പെരുമാറ്റവും  താരജാഡയില്ലാത്തതുമെല്ലാം വിവാദങ്ങളില്ലാത്തതും ശ്രീജേഷിന്റെ മാത്രം സവിശേഷതകളായിരുന്നു. ഇന്ത്യന്‍ മോഡേണ്‍ ഹോക്കിയുടെ ദൈവം-എന്ന വിശേഷണം നല്‍കി കൊണ്ടാണ് ഹോക്കി ഇന്ത്യ ആ അതുല്യ പ്രതിഭയ്ക്ക് കരിയറില്‍ നിന്ന് വിട നല്‍കിയിരിക്കുന്നത്.

അവസാനമായി ഈ പോസ്റ്റുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍, എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ട് വീര്‍പ്പുമുട്ടുന്നു. സ്വപ്നങ്ങളുള്ള ഒരു കൊച്ചുകുട്ടിയില്‍ നിന്ന് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനിലേക്കുള്ള ഈ യാത്ര അസാധാരണമായിരുന്നു
ഇന്ന് ഞാന്‍ ഇന്ത്യക്ക് വേണ്ടി എന്റെ അവസാന മത്സരം കളിക്കുകയാണ്. ഓരോ സേവും, ജനക്കൂട്ടത്തിന്റെ ഓരോ ഇരമ്പലും എന്നെന്നേക്കുമായി എന്റെ ആത്മാവില്‍ പ്രതിധ്വനിക്കും. ഇന്ത്യ, എന്നില്‍ വിശ്വസിച്ചതിന്, എന്നോടൊപ്പം നിന്നതിന് നന്ദി. ഇത് അവസാനമല്ല, പ്രിയപ്പെട്ട ഓര്‍മ്മകളുടെ തുടക്കമാണ്- ഇത് പറഞ്ഞുകൊണ്ടാണ് ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചിരിക്കുന്നത്.

 

English Summary: Thank you, PR Sreejesh, ‘The GOAT’ of Indian Hockey Thank you PR Sreejesh

×