July 12, 2025 |
Share on

പൂനെ ബലാത്സംഗ കേസ്, പ്രതി കരിമ്പിന്‍ തോട്ടത്തിലോ? ഡ്രോണ്‍ പരിശോധനയുമായി പൊലീസ്

48 മണിക്കൂറിലേറെയായി പ്രതി ഒളിവിൽ തുടരുകയാണ്

പൂനെ ലൈം​ഗികാതിക്രമ കേസിലെ പ്രതി ദത്താത്രയ രാംദാസ് ഗഡെയ്ക്കായി ഡ്രോൺ ഉപയോ​ഗിച്ച് കരിമ്പിൻ തോട്ടത്തിൽ പൊലീസ് തിരച്ചിൽ. പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെ സ്വര്‍ഗേറ്റ് ബസ് സ്റ്റോപ്പിലെ നിർത്തിയിട്ടിരുന്ന ബസിൽ വച്ചാണ് പെൺകുട്ടിയെ ഇയാൾ ലൈം​ഗികമായി ഉപദ്രവിച്ചത്. പ്രതി ജന്മനാടിന് സമീപമുള്ള കരിമ്പിൻ തോട്ടത്തിൽ ഒളിച്ചിരിക്കുന്നുണ്ടാവാം എന്ന സംശയമാണ് ഡ്രോൺ ഉപയോ​ഗിച്ചുള്ള പൊലീസ് തിരച്ചിലേക്ക് നയിച്ചത്. 48 മണിക്കൂറിലേറെയായി പ്രതി ഒളിവിൽ തുടരുകയാണ്. പ്രതിയ്ക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രതിയ്ക്കായി കരിമ്പിൻ തോട്ടത്തിലേക്ക് വ്യാപിപ്പിച്ച തിരച്ചിലിൽ ഡ്രോണിന് പുറമേ പൊലീസ് നായയെയും ഉപയോ​ഗിച്ചിട്ടുണ്ട്. ഓരോ ചെടിയും പത്ത് മീറ്റർ ഉയരത്തിൽ വളർന്നതിനാൽ കരിമ്പിൽ തോട്ടത്തിൽ പ്രതിയ്ക്കായുള്ള പൊലീസ് സംഘത്തിന്റെ തിരച്ചിൽ ദുഷ്കരമായിരിക്കും. ഈ കാരണം മുൻനിർത്തിയാണ് തിരച്ചിലിനായി ഡ്രോൺ ഉപയോ​ഗിച്ചത്. ദത്താത്രയ രാംദാസ് ഗഡെ പച്ചക്കറി ട്രക്കിൽ ഒളിച്ച് കടന്നാവാം ന​ഗരം വിട്ടതെന്നാണ് പൊലീസ് നി​ഗമനം. കൃത്യം നിർവ്വഹിച്ച ശേഷം വസ്ത്രവും ചെരുപ്പും ഉപേക്ഷിച്ച ശേഷമാണ് ദത്താത്രയ സ്വന്തം ന​ഗരത്തിലേക്ക് തിരിച്ചത്. 13 പ്രത്യേക അന്വേഷണസംഘത്തെ ആണ് ദത്താത്രയെ കണ്ടെത്താൻ നിയമിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിൽ ക്രൈം ബ്രാഞ്ചിൽ നിന്നുള്ള എട്ട് പേരും ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന നിർണായക തെളിവുകൾ കൈമാറുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഗഡെ മറഞ്ഞിരിക്കാൻ സാധ്യതയുള്ള സ്ഥലം കണ്ടെത്തിയതായി ജൂനിയർ ഹോം മിനിസ്റ്റർ യോ​ഗേഷ് കദം മുമ്പ് പറഞ്ഞിരുന്നു.

പൂനെയിലും അലിയാന​ഗർ ജില്ലയിലുമായി 36കാരനായ ദത്താത്രയ രാംദാസ് ഗഡെയ്ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോഷണം, കവർച്ച, തട്ടിപ്പ് എന്നിവയാണ് ദത്താത്രയക്ക് എതിരെയുള്ള കേസുകൾ. 2019 മുതൽ ജാമ്യത്തിലിക്കെയാണ് പ്രതി ഈ കുറ്റകൃത്യം നിർവ്വഹിച്ചിരിക്കുന്നതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 2024ൽ ദത്താത്രയയ്ക്ക് എതിരെ ഒരു മോഷണഖുറ്റവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായി ദത്താത്രയയുടെ സഹോദരനെ ചോദ്യം ചെയ്തിരുന്നു, സ്വർ​ഗേറ്റ് ബസ് സ്റ്റോപ്പിലെയും സമീപ പ്രദേശങ്ങളിലെയും സിസിടി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽ തെളിവുകൾക്കും സൂചനകൾക്കുമായി സാങ്കേതിക സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

പുലർച്ചെ 5:45 ഓടെ സ്വർ​ഗേറ്റ് ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു യുവതി. മറ്റൊരു ബസിലെ കണ്ടക്ടറെന്ന വ്യാജേന ആയിരുന്നു പ്രതി ദത്താത്രയ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചത്. ​ഗഡെ യുവതിയെ കബളിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ കയറ്റി വാതിൽ പൂട്ടി ആക്രമിക്കുമ്പോൾ സമീപത്ത് ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വച്ചായിരുന്നു പെൺകുട്ടിയ്ക്ക് നേരെയുള്ള അതിക്രമം. ദൃശ്യങ്ങളിൽ നിന്നായിരുന്നു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

content summary: The accused in the Pune bus rape case is reportedly hiding in a sugarcane field, with police deploying drones to aid in the search.

Leave a Reply

Your email address will not be published. Required fields are marked *

×