ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ സകല മാര്‍ഗങ്ങളിലൂടെയും ശ്രമം നടത്താന്‍ ബി.ജെ.പി തയ്യാറെടുക്കുന്നു. ആപ് ഭരിച്ചിരുന്ന പത്ത് വര്‍ഷം ‘ആപത്’ കാലമായിരുന്നുവെന്ന പ്രചാരണവാക്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചതാണ് ആംആദ്മി പാര്‍ട്ടിക്കെതിരായ വലിയ അഴിമതിയായി ബി.ജെ.പി ഉപയോഗിക്കുന്നത്. എന്നാല്‍ തന്റെ ശക്തികേന്ദ്രമായ ദരിദ്രകോളനി പ്രദേശങ്ങളില്‍ യോഗങ്ങള്‍ വിളിച്ച് ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചും ദേശീയ തലസ്ഥാനത്ത് ക്രമസമാധാന നില വഷളായതിന് ആഭ്യന്തരമന്ത്രാലയത്തേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തിയും കെജ്രിവാളും കൂട്ടരും കഴിഞ്ഞ ആറുമാസമായി അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.the bjp came up with a strategy to dominate the app
ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിഭിന്നമായി ആംആദ്മി പാര്‍ട്ടിക്കുള്ള സവിശേഷമായ ശക്തി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ്. കെജ്രിവാള്‍ അഴിമതിക്കേസില്‍ ജയിലായിട്ടും മുഖ്യമന്ത്രിയുടെ വീട് മോടിപിടിപ്പിക്കലില്‍ പാര്‍ട്ടി ആരോപണത്തിലായിട്ടും ആംആദ്മിയും കെജ്രിവാളും ഇപ്പോഴും ഡല്‍ഹി ജനസാമാന്യത്തിന് മുന്നില്‍ ജനപ്രിയരാണ്. ഡല്‍ഹിയില്‍ കെജ്രിവാളിന് പകരം വയ്ക്കാന്‍ ഒരു നേതാവില്ല എന്നതാണ് ബി.ജെ.പിയെ സംബന്ധിച്ച ഏറ്റവും വലിയ പരാജയം. മദല്‍ലാല്‍ ഖുരാനയും സുഷമ സ്വരാജും പോയതിന് ശേഷം ആ നിലവാരത്തിലൊരു നേതാവ് ബി.ജെ.പിക്ക് ഡല്‍ഹിയിലില്ല. 2015-ല്‍ കിരണ്‍ബേദിയെ മുന്‍നിര്‍ത്തി നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിയായി. 2020-ല്‍ ഹര്‍ഷ് വര്‍ദ്ധനായിരുന്നു ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ കെജ്രിവാളിന് മുന്നില്‍ അദ്ദേഹം അപ്രസക്തനായിരുന്നു. ഷീല ദീക്ഷിതിന് ശേഷം നേതാവില്ലാതെ കുഴങ്ങുന്ന കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അജയ് മാക്കനോ സന്ദീപ് ദീക്ഷിതോ പാര്‍ട്ടിക്കകത്ത് പോലും പൂര്‍ണ സ്വീകാര്യരല്ല.
1993-ല്‍ ഡല്‍ഹി നിയമസഭ രൂപവത്കരിച്ചതിന് ശേഷം ആദ്യ തവണ മാത്രമാണ് ഭരണത്തിലെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുള്ളൂ. ആദ്യതവണയാകട്ടെ മദല്‍ലാല്‍ ഖുറാനയുടെ നേതൃത്വത്തില്‍ ഭരണം ആരംഭിച്ച ബി.ജെ.പിക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരുണ്ടായി. ഖുറാനയ്ക്ക് ശേഷം സാഹേബ് സിങ് വര്‍മ്മയും അവസാന മാസങ്ങളില്‍ സുഷമസ്വരാജും. 1998-ല്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ ഡല്‍ഹി പിടിച്ച കോണ്‍ഗ്രസ് മൂന്ന് തവണ സംസ്ഥാനം ഭരിച്ചു. 2013-ല്‍ ആംആദ്മി തരംഗമാരംഭിച്ചതിന് ശേഷം കെജ്രിവാള്‍ തന്നെയാണ് ഡല്‍ഹിയെ നയിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിയുടെ പ്രചരണം നരേന്ദ്രമോഡി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബി.ജെ.പിയേയും മോഡിയേയും തിരഞ്ഞെടുക്കുന്ന അതേ വോട്ടര്‍മാര്‍ സംസ്ഥാന നിയമസഭയിലേയ്ക്ക് ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിന് അന്ത്യം കുറിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നത് പോലെ അത്ര എളുപ്പമല്ല വലിയ അഴിമതിക്കറയില്ലാത്ത ആംആദ്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍ ആക്രമിക്കുക എന്നത്. ബി.ജെ.പിയുടെ അതിനുള്ള ഓരോ ശ്രമത്തേയും കെജ്രിവാള്‍ മുന്‍കൂട്ടിക്കണ്ട് പരാജയപ്പെടുത്തികൊണ്ടിരുന്നു. ജയിലില്‍ നിന്നിറങ്ങി വന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷിയെ ആ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച കെജ്വാളിന്റെ നീക്കം ബി.ജെ.പി പ്രതീക്ഷിച്ചതല്ല. വിദ്യാഭ്യാസമുള്ളവരുടെ സര്‍ക്കാര്‍ എന്ന ആംആദ്മി പ്രചരണത്തിനെതിരെ കലിതുള്ളുകയല്ലാതെ മറ്റൊരു വഴിയും ബി.ജെ.പിക്കില്ല.
അതുകൊണ്ട് തന്നെ ബി.ജെ.പി തങ്ങളുടെ സ്ഥിരം ശ്രമങ്ങള്‍ തന്നെയാകും മുന്നോട്ടുവയ്ക്കുക. ഒന്ന്: മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ശക്തമായ’ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസനവും മോഡിയുടെ നേതൃത്വ ഗുണവും. രണ്ട്: കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ട് ആംആദ്മി നേതാക്കള്‍ക്കെതിരെ നടത്താന്‍ സാധിക്കുന്ന എല്ലാ അന്വേഷണങ്ങളും അപമാനങ്ങളും ആരോപണങ്ങളും. മൂന്ന്: വോട്ടര്‍മാരെ ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ പരസ്പരം അകറ്റി വെറുപ്പ് പടര്‍ത്തി ഭിന്നിപ്പിക്കുക.
ഒന്നാമത്തേതും രണ്ടാമത്തേതുമായ ശ്രമങ്ങള്‍ അവര്‍ ആദ്യമേ ആരംഭിച്ച് കഴിഞ്ഞു. മൂന്നാമത്തേത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയില്‍ പലവട്ടം പ്രയോഗിച്ചുവെങ്കിലും ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ രൂപത്തിലാണ് കാണുന്നത്. അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂഡല്‍ഹി സീറ്റില്‍ ബി.ജെ.പി മത്സരിപ്പിക്കുന്നത് മുന്‍ എം.പി കൂടിയായ പര്‍വേശ് വര്‍മ്മയെ ആണ്. ഡല്‍ഹിയില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കാലം മുതല്‍ തുടര്‍ച്ചയായ വര്‍ഗ്ഗീയ പ്രസ്താവനകളിലൂടെ ബി.ജെ.പിയുടെ പ്രത്യക്ഷ മുസ്ലീം വിരുദ്ധ മുഖങ്ങളില്‍ ഒരാളാണ് പര്‍വേശ് വര്‍മ്മ. അതുപോലെ തന്നെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജി സീറ്റില്‍ മുന്‍ എം.പി.രമേഷ് ബിധൂരിയേയും ബി.ജെ.പി പ്രഖ്യാപിച്ചു. ലോകസഭയില്‍ മുതിര്‍ന്ന നേതാവ് ഡാനിഷ് അലിയെ കൂട്ടിക്കൊടുപ്പുകാരന്‍, മുക്കാല്‍, തീവ്രവാദി മൊല്ലാക്ക എന്നിങ്ങനെയൊക്കെ ആക്ഷേപവാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ച, മുഖ്യമന്ത്രി അതിഷിയെ വ്യക്തിപരമായി അപമാനിച്ച ബി.ജെ.പിയിലെ ലക്ഷണം തികഞ്ഞ വര്‍ഗ്ഗീയ-വിദ്വേഷവാദിയാണ് രമേഷ് ബിധൂരി.
എന്നാല്‍ 2020 ലെ തിരഞ്ഞെടുപ്പില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ ഡല്‍ഹിയില്‍ മുസ്ലീം വിരുദ്ധ പ്രചരണമാക്കി മാറ്റുവാന്‍ ബി.ജെ.പി ശ്രമിച്ചുവെങ്കിലും ആംആദ്മി പാര്‍ട്ടി അതില്‍ നിന്ന് മാറി നടക്കുകയായിരുന്നു. മുസ്ലീം സമൂഹത്തെ ‘രാജ്യദ്രോഹികള്‍’ എന്നും ‘ദേശവിരുദ്ധര്‍’ എന്നെല്ലാം മുദ്രകുത്തി വോട്ടര്‍മാര്‍ക്കിടയില്‍ മതപരമായ വിടവ് സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കാതെ ആംആദ്മി പാര്‍ട്ടി ശ്രദ്ധിക്കുകയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തുവെങ്കിലും ഡല്‍ഹി കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ സംഘട്ടനമാണ് തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായത്.
ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ പരസ്പരം അകറ്റുന്നതിന് അപ്പുറത്ത് പുതിയ തന്ത്രങ്ങള്‍ ബി.ജെ.പിക്ക് ആവിഷ്‌കരിക്കേണ്ടി വരും. ഡല്‍ഹി നഗരത്തിലെ ദരിദ്രജന കോടികളില്‍ ഒരു വലിയ ശതമാനം ബീഹാറില്‍ നിന്നും കിഴക്കന്‍ യു.പിയില്‍ നിന്നുമുള്ളവരാണ്. പൂര്‍വ്വാഞ്ചലികള്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ ആംആദ്മി പാര്‍ട്ടിയുടെ പിന്തുണക്കാരായതിനാല്‍ പഞ്ചാബികള്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍ എന്നിവരെ കേന്ദ്രീകരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഡല്‍ഹി വോട്ടര്‍മാരില്‍ 40 ശതമാനവും പൂര്‍വ്വാഞ്ചലികള്‍ ആണെങ്കില്‍ പഞ്ചാബികള്‍ 20 ശതമാനവും ജാട്ട്,ഗുജ്ജര്‍ വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ 12 ശതമാനവുമാണ്. ഡല്‍ഹിയിലെ സിഖ് രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായ ഗുരുദ്വാര രഖബ്ഗഞ്ചിലേക്കുള്ള അടുത്ത ദിവസങ്ങളിലെ അമിത്ഷായുടെ സന്ദര്‍ശനം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ജാട്ട് നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രികൂടിയായ സഹേബ് സിങ്ങ് വര്‍മ്മയുടെ മകന്‍ പര്‍വേശിനെ കെജ്രിവാളിനെതിരെ നിര്‍ത്തിയും ഗുജ്ജര്‍ നേതാവ് കൂടിയായ ബിധൂരിയെ അതിഷിക്കെതിരെ നിര്‍ത്തിയും അവരെ ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലെ മുഖ്യമുഖങ്ങളാക്കിയതും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തന്നെ.
മോഡി ബ്രാന്‍ഡ്, ആംആദ്മി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍, വര്‍ഗ്ഗീയ/ജാതീയ ചേരി തിരിവ് എന്നീ മൂന്ന് സ്ഥിരം തന്ത്രങ്ങള്‍ക്ക് അപ്പുറത്ത് ബി.ജെ.പിയുടെ പ്രതീക്ഷ കോണ്‍ഗ്രസ് നേടുന്ന വോട്ടുകളാകും. നിലവിലുള്ള സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള സ്ഥിരം പോരാട്ടത്തിനിടയില്‍ കോണ്‍ഗ്രസ് നേടുന്ന ഓരോ വോട്ടും തങ്ങള്‍ക്ക് ഗുണമാകുമെന്ന് അവര്‍ ലക്ഷ്യമിടുന്നു. ആം ആദ്മിയിലേക്ക് പോകാവുന്ന ന്യൂനപക്ഷ/മതേതര വോട്ടുകള്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.the bjp came up with a strategy to dominate the app
Content Summary: the bjp came up with a strategy to dominate the app