തടവുപുള്ളികള്‍ക്ക് ഉപ്പ് കറിയില്‍ ഇട്ടല്ലാതെ നേരിട്ട് കൊടുക്കണ്ടെന്ന് നിര്‍ദേശം നല്‍കിയതായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഉപ്പ് നേരിട്ട് കൊടുത്ത് തുടങ്ങിയതെന്ന് കേരളത്തിലെ മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”പണ്ട് ഒരു എംടെക് കാരന്‍ തടവുപുള്ളിയായി ജയിലില്‍ വന്നിരുന്നു. അയാള്‍ മൂന്ന് ഗ്രാം ഉപ്പ് എല്ലാവര്‍ക്കും വേണമെന്ന് പറഞ്ഞു. മറ്റ് തടവുകാര്‍ക്ക് കിട്ടുന്ന ഉപ്പും ഇയാള്‍ വാങ്ങിയെടുത്തു. രണ്ട് സഹതടവുകാരുടെ സഹായത്തോടെ ശേഖരിച്ച ഉപ്പ് മുഴുവന്‍, ജാമറിന്റെ മുകളില്‍ വച്ചു. ഉപ്പ് അലിഞ്ഞ് ജാമറിന് അകത്ത് കടന്നതോടെ 20 ലക്ഷം രൂപയുടെ ജാമര്‍ കേടായി. തുടര്‍ന്ന് കറിയില്‍ ഇട്ടല്ലാതെ നേരിട്ട് ഉപ്പ് കൊടുക്കണ്ടയെന്ന് നിര്‍ദേശം കൊടുത്തു. എന്നാല്‍ പിന്നീട് ആ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തി. കോടതി പറഞ്ഞു, ഉപ്പ് മനുഷ്യന്റെ ജന്മാവകാശമാണ് കൊടുത്തേ പറ്റൂവെന്ന് ഉത്തരവ് ഇറക്കി.
ഈ മാര്‍ഗം തന്നെയാണ് ഗോവിന്ദസ്വാമിയും പരീക്ഷിച്ചത്. ഉപ്പ് ശേഖരിച്ച് ജയിലഴികള്‍ക്ക് താഴെ ഇട്ടുകൊടുത്തു. രണ്ട് മാസം കൊണ്ട് ക്രമേണ കമ്പികള്‍ തുരുമ്പിച്ച് തനിയെ വിട്ടുപോന്നു. ഇതിന് ശബ്ദമൊന്നും ഉണ്ടാകുകയുമില്ലല്ലേ. ഉപ്പ് മനുഷ്യന്റെ ജന്മാവകാശമാണെന്ന് ഹൈക്കോടതി പറഞ്ഞാല്‍ പിന്നെ അതില്‍ എന്ത് ചെയ്യാനാണ്” അലക്‌സാണ്ടര്‍ ജേക്കബ് ചോദിക്കുന്നു.
മഹാരാഷ്ട്രയിലെയും യുപിയിലെയും സന്യാസിമാര്‍ പല കേസുകളിലായി ജയിലില്‍ വന്ന കാലത്ത് ഇവരുടെ താടി ഷേവ് ചെയ്യാന്‍ ശ്രമിച്ചു. അതോടെ അവര്‍ സുപ്രീംകോടതിയില്‍ കേസുമായി പോയി. എന്നാല്‍, താടി വടിപ്പിക്കുന്നതല്ല ജയിലധികൃതരുടെ ജോലിയെന്നും സന്യാസിയായതിനാല്‍ താടി വളര്‍ത്തുന്നത് തടയാന്‍ പാടില്ലെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. അതോടെ ജയില്‍ പുള്ളികളുടെ താടി വടിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അധികാരമില്ലാതായി.
ഗോവിന്ദ സ്വാമി ജയില്‍ ചാടിയത് എങ്ങനെയാണെന്നുള്ള വിശദമായ ക്ലാസാണ് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ മറ്റ് തടവുകാര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇനി നടക്കുന്ന മുഴുവന്‍ ജയില്‍ ചാട്ടങ്ങളുടെയും കാരണക്കാര്‍ മാധ്യമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. The court mandated that prisoners be given salt directly
Content Summary: The court mandated that prisoners be given salt directly