July 17, 2025 |
Avatar
അമർനാഥ്‌
Share on

‘ദൈവ നാമത്തില്‍’; ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ മരണവും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് 33 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ബിനോ ലൂസിയാനി അന്തരിച്ചു

മുപ്പത്തിമൂന്ന് ദിനങ്ങള്‍ മാത്രം ജീവിച്ച് കത്തോലിക്ക സഭക്ക് വേണ്ടി രക്തസാക്ഷിയായ പ്രതിഭാശാലിയും പണ്ഡിതനും പുഞ്ചിരിക്കുന്ന മാര്‍പാപ്പ എന്നറിയപ്പെട്ട ജോണ്‍ പോള്‍ ഒന്നാമന്റെ മരണത്തിലെ ദുരൂഹതകള്‍ നാല്‍പ്പത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷവും, വത്തിക്കാന്റെ അകത്തളങ്ങളില്‍ നിലനില്‍ക്കുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.

പോപ്പസിയുടെ ചരിത്രത്തിലെ തീരാക്കളങ്കമായ, ഒരു അസ്വാഭാവിക മരണത്തിന്റെ കഥയാണത്.

‘പോപ്പിനെ തെരഞ്ഞെടുത്തവര്‍
തന്നെ അവനെ പരിഹസിക്കും.
അവര്‍ അവനെ നിശബ്ദനാക്കും.
അവന്റെ അതിയായ ദയയും
സ്നേഹപൂര്‍വ്വമായ സ്വഭാവവും
അവനെ മരണത്തിലേക്ക് നയിക്കും’
ഭയചകിതരായ അവര്‍ അവനെ രാത്രി കൊലപ്പെടുത്തും.
:നോസ്ത്രഡാമസിന്റെ പ്രവചനങ്ങള്‍.

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പ, ‘പുഞ്ചിരിക്കുന്ന പോപ്പ്’ എന്നറിയപ്പെടുന്ന അല്‍ബിനോ ലൂസിയാനി, മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് മുപ്പത്തിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം റോമില്‍ വത്തിക്കാനിലെ തന്റെ കിടപ്പു മുറിയില്‍ മരണപ്പെട്ടു… മാര്‍പാപ്പയുടെ മൃതദേഹം കണ്ടെത്തിയ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ആ ദിവ്യമരണത്തില്‍ അസാധാരണമായ ദുരൂഹതകള്‍ ഉയര്‍ത്തി. പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ വത്തിക്കാനില്‍ സ്ഥാനമേറ്റു. പുതിയ പോപ്പായ ജോണ്‍ പോള്‍ രണ്ടാമനെ ലോകം വാഴ്ത്തിത്തുടങ്ങിയ അതേ സമയത്ത് തന്നെ വത്തിക്കാനുള്ളില്‍ ചില ചോദ്യങ്ങള്‍ രൂപംകൊണ്ടു. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെന്ന ആല്‍ബിനോ ലൂസിയാനി മരണസമയത്ത് എങ്ങനെ ഒറ്റക്കായ്? എങ്ങനെ മരിച്ചു? എപ്പോള്‍ മരിച്ചു?

pope John paul 1

ജോൺ പോൾ ഒന്നാമൻ മാർപാപ്പ

ആറ് വര്‍ഷത്തിന് ശേഷം, 1984 ല്‍ ഇതേ ചോദ്യങ്ങളുമായി ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ഡേവിഡ് യാലപ്പ് ‘ദൈവനാമത്തില്‍: പോപ്പ് ജോണ്‍ പോളിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു അന്വേഷണം’ എന്ന തന്റെ പുസ്തകവുമായി രംഗത്ത് വന്നു. പോപ്പിനെ വിഷം നല്‍കി വധിച്ചതാണെന്ന് യാലപ്പ് പുസ്തകത്തിലൂടെ തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. യാലപ്പിന്റെ ചോദ്യങ്ങള്‍ക്ക് വത്തിക്കാന് മറുപടിയില്ലായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ മതസ്ഥാപനത്തിന്റെ നേതാവായിരുന്ന മാര്‍പ്പാപ്പ ജോണ്‍ പോള്‍ ഒന്നാമന്റെ ദുരൂഹ മരണത്തിന്റെ പിറകിലെ ചോദ്യങ്ങള്‍, നിശബ്ദമായി ഇപ്പോഴും വത്തിക്കാന്റെ ഇടനാഴികളിലുണ്ട്. നാല്‍പ്പത്തേഴ് വര്‍ഷങ്ങളായിട്ടും അതിനുത്തരം കിട്ടാതെ!

1978 ഓഗസ്റ്റിലെ, അവസാന ശനിയാഴ്ച, വൈകുന്നേരം വത്തിക്കാനിലെ സ്‌ക്വയറില്‍ തടിച്ചുകൂടിയ, ജനാവലിയുടെ ആകാംക്ഷ വളരെ വലുതായിരുന്നു. വത്തിക്കാനിലെ ചിമ്മിനിയിലായിരുന്നു അവരുടെ കണ്ണുകള്‍. കത്തോലിക്ക സഭയുടെ ലോകത്തിലെ ഏറ്റവും വലിയ മതാദ്ധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ – കോണ്‍ക്ലേവ് നടക്കുകയാണ്. വെളുത്ത പുക ആ ചിമ്മിനിയിലൂടെ ഉയര്‍ന്നാല്‍ അത് സംഭവിച്ചു എന്നര്‍ത്ഥം. അവരുടെ 20 ദിവസമായുള്ള കാത്തിരിപ്പിന്റെ അവസാനമായി ആ നിമിഷം ഒടുവില്‍ വന്നെത്തി.

വത്തിക്കാനിലെ ദര്‍ശന ബാല്‍ക്കണിയില്‍ മുതിര്‍ന്ന കര്‍ദ്ദിനാളായ ഡീക്കന്‍ ഫെലിച്ചി പ്രതൃക്ഷപ്പെട്ടു. സമയം വൈകിട്ട് 7.18. ശ്വാസമടക്കിപ്പിടിച്ച ജനസമുദ്രം നോക്കി നില്‍ക്കെ കര്‍ദിനാള്‍ ഫെലീച്ചി പ്രഖ്യപിച്ചു, ‘നമുക്കൊരു പോപ്പുണ്ടായിരിക്കുന്നു. കര്‍ദിനാള്‍ അല്‍ബിയോ ലൂസിയാനി’. ലൂസിയാനി എന്ന പേര് കേട്ടതോടെ വത്തിക്കാന്‍ സ്‌ക്വയറില്‍ ആര്‍പ്പുവിളികളുയര്‍ന്നു. കൈകള്‍ ഉയര്‍ത്തിക്കൊണ്ട് ഫെലീച്ചി കൂട്ടിച്ചേര്‍ത്തു, ‘അദ്ദേഹം ജോണ്‍ പോള്‍ ഒന്നാമന്‍ എന്നറിയപ്പെടും.

pope John paul 1

വത്തിക്കാന്‍ സ്‌ക്വയര്‍ ശബ്ദമുഖരിതമായിരിക്കവേ പൊടുന്നനെ പുതിയ പാപ്പയായ ‘അല്‍ബിനോ ലൂസിയാനി’ ബാല്‍ക്കണിയില്‍ പ്രതൃക്ഷപ്പെട്ടു. ലോക ജനതയുടെ അഞ്ചിലൊന്ന് ജനങ്ങളുടെ പുതിയ ആത്മീയ നേതാവാണ് അദ്ദേഹം. പുതുതായി സ്ഥാനമേറ്റ പോപ്പുമാര്‍ ചെയ്യുന്ന ആദ്യത്തെ വിശുദ്ധ കര്‍മ്മം അദ്ദേഹം അപ്പോള്‍ നിര്‍വ്വഹിച്ചു അനുഗ്രഹവചസ്സുകള്‍ ‘Urbi etorbi’ (നഗരത്തിനും ലോകത്തിനും). അവിടെ കൂടിയ പതിനായിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ പുതിയ പോപ്പിന്റെ അനുഗ്രഹ ആശീര്‍വാദങ്ങള്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. ഒരു നിമിഷം അദ്ദേഹം അപ്രതൃക്ഷനായി. പിന്നെ വത്തിക്കാനിലെ സുരക്ഷാ സേന, സ്വിസ്സ് ഗാര്‍ഡുകളുടെ അകമ്പടിയോടെ തിരികെ വന്നു. തന്റെ മുന്നിലുള്ള വിശ്വാസികളുടെ നേരെ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ തന്റെ കൈകള്‍ വീശി. ജനക്കൂട്ടം ആര്‍പ്പുവിളികളോടെ കയ്യടിച്ചു.

1978 ഓഗസ്റ്റ് 26, റോമന്‍ കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി അല്‍ബിയോ ലൂസിയാനിയെന്ന 65 കാരനായ ജോണ്‍ പോള്‍ മാര്‍പാപ്പ ഒന്നാമന്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ ലോകത്തിന് മുന്‍പില്‍ നിന്നു. ‘പുഞ്ചിരിക്കുന്ന പാപ്പ’ എന്ന് വിളിക്കപ്പെട്ട അല്‍ബിനോ ലൂസിയാനിയെന്ന ജോണ്‍ പോള്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പേപ്പല്‍ കോണ്‍ക്ലേവിലെ ഒരു അംഗം പറഞ്ഞു, ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നു. പക്ഷേ, ആ തീരുമാനം എത്ര കൃത്യമായിരുന്നുവെന്ന് ബോധ്യമായി. തീര്‍ച്ചയായും അദ്ദേഹം ദൈവത്തിന്റെ സ്വന്തം സ്ഥാനാര്‍ത്ഥി തന്നെ!’

pope pulpit

വത്തിക്കാനിലെ പോപ്പിൻ്റെ പ്രസംഗവേദി

ഉത്തര ഇറ്റലിയിലെ കനേല്‍ ദി അഗോര്‍ഡോ എന്ന ഗ്രാമത്തില്‍ 1912 ഒക്ടോബര്‍ 17 ന് ഒരു നിര്‍ദ്ധന കുടുംബത്തിലാണ് അല്‍ബിനോ ലൂസിയാനി ജനിച്ചത്. അല്‍പ്പകാലം സൈനിക സേവനം, സെമിനാരി പഠനം, അത് കഴിഞ്ഞ് 23-ാം വയസ്സില്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. താന്‍ പഠിച്ച ബെല്ലൂണ സെമിനാരിയില്‍ അദ്ധ്യാപകനായി. 1941ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പഠനം വിജയകരമായ രീതിയില്‍ പൂര്‍ത്തിയാക്കി. അദ്ദേഹം 1973ല്‍ വെനീസിലെ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം മാര്‍പാപ്പയായി സ്ഥാനമേറ്റു.

തികഞ്ഞ ഒരു പണ്ഡിതനായിരുന്ന ലൂസിയാനി ലളിത ജീവിതം നയിക്കുന്ന ഒരാളായിരുന്നു. ബിഷപ്പായിരുന്നപ്പോള്‍ മുന്‍കൂര്‍ സമ്മതം ഇല്ലാതെ വൈദികര്‍ക്കും സാധാരണക്കാര്‍ക്കും അദ്ദേഹത്തെ കാണാമായിരുന്നു. വെനോറ്റയില്‍ ബിഷപ്പായിരിക്കെ അന്നത്തെ പോപ്പ് പോള്‍ ആറാമന്‍ വെനീസിലെ പാത്രിയാര്‍ക്കീസായി ലൂസിയാനിയെ നിയമിച്ചു. തനിക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത ആ പദവി അദ്ദേഹം ആദ്യം നിരസിച്ചു. പക്ഷേ റോമില്‍ നിന്ന് നിരന്തരമായ സമ്മര്‍ദം കാരണം അദ്ദേഹത്തിന് വെനീസിലേക്ക് പോകേണ്ടി വന്നു. വെനോറ്റെയിലെ ജനങ്ങള്‍ യാത്രയപ്പില്‍ 10 ലക്ഷം ലിറ സമ്മാനമായി നല്‍കിയത് അദ്ദേഹം നിരസിച്ചു. അര്‍ഹരെ കണ്ടെത്തി അത് അവര്‍ക്ക് തന്നെ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ‘അഞ്ച് ലിറ പോലും ഇല്ലാതെയാണ് ഞാന്‍ വന്നത്. അഞ്ച് ലിറ പോലുമില്ലാതെ തന്നെ എനിക്ക് തിരികെ പോകണം’ അദ്ദേഹം യാത്രയയപ്പില്‍ പറഞ്ഞു.

ഏത് വിഷയവും, മാറുന്ന കാഴ്ചപ്പാടുകളില്‍ ചിന്തിച്ച് ശരിയും തെറ്റും കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കത്തോലിക്കാ സഭക്ക് തീരാ തലവേദന സൃഷ്ടിച്ച ജനന നിയന്ത്രണം, ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള സഭയുടെ നിലപാട് എന്നിവയില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ നടപ്പ് പുരോഹിതവീക്ഷണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

emblem of pope

പോപ്പിൻ്റെ ചിഹ്നം

സിസ്റ്റെയിന്‍ ചാപ്പലില്‍ നടക്കുന്ന റോമന്‍ കോണ്‍ക്ലേവിലൂടെ വളരെ രഹസ്യസ്വഭാവമുള്ള വോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. 80 വയസ്സിന് താഴെയുള്ള കര്‍ദിനാള്‍മാരാണ് പുരാതനവും അതീവ രഹസ്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുക. മത്സരാര്‍ത്ഥികള്‍ ഒരിക്കലും പരസ്യപ്രസ്താവന നടത്തില്ല എന്നതാണ് പോപ്പിന്റെ തിരഞ്ഞെടുപ്പിലെ പ്രത്യേകത. നിലവില്‍ 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 252 കര്‍ദിനാള്‍മാരാണ് ഉള്ളത്. ഇവരില്‍ 138 പേര്‍ക്ക് പുതിയ പോപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. വിശദമായ ദേഹ പരിശോധനയും ഉണ്ട്. അര്‍ഹതയില്ലാത്തവര്‍ അകത്ത് കടക്കാതിരിക്കാന്‍ സിസ്റ്റൈന്‍ ചാപ്പലിനു പുറത്ത് വത്തിക്കാന്റെ സുരക്ഷാഭടന്മാരായ സ്വിസ് ഗാര്‍ഡുകള്‍ വിശദമായ പരിശോധനയിലൂടെ ഉറപ്പിക്കുന്നു. അവര്‍ കോണ്‍ക്ലേവ് ഏരിയാ മുഴുവന്‍ പരിശോധിച്ച്, ടേപ്പ് റിക്കോഡര്‍, വീഡിയോ ഉപകരണങ്ങള്‍, ക്യാമറ എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തും.

അന്തരിച്ച പോപ്പ് പോള്‍ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി എഴുതി വെച്ചിരുന്നു. 80 കഴിഞ്ഞ കര്‍ദ്ദിനാളുമാര്‍ ആരും ആ സ്ഥാനത്തേക്ക് മത്സരിക്കരുത്. കോണ്‍ക്ലേവിന് മുന്‍പ് കര്‍ദ്ദിനാള്‍മാര്‍ ഒരു പ്രതിജ്ഞയെടുക്കണം. വോട്ടിംഗ് സംബന്ധിച്ച് ഒരു വിവരവും ചര്‍ച്ച ചെയ്യരുത്. ആരുടെയും ഫോട്ടോ എടുക്കരുത്. അതിനര്‍ത്ഥം വ്യക്തമാണ്. തന്റെ അജഗണത്തെ ആ നല്ല ഇടയന് വലിയ വിശ്വാസം പോരായിരുന്നു.

പരിശുദ്ധ വോട്ടെടുപ്പിന് മുന്‍പ് വത്തിക്കാന്‍ ഗായക സംഘം പരിശുദ്ധാതാവിനോടുള്ള പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അത് കഴിഞ്ഞപ്പോള്‍ നൂറ്റിപതിനൊന്ന് കര്‍ദിനാള്‍മാരെ മുറിയിലേക്ക് ആനയിച്ചു. അല്‍പ്പസമയത്തിനകം മൈക്കലാഞ്ചലോയുടെ അനശ്വരമായ ചുമര്‍ ചിത്രങ്ങള്‍ അലങ്കരിക്കുന്ന പൗളിന്‍ ചാപ്പലിന്റെ വാതില്‍ അടഞ്ഞു. ഇനി പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്ത് കഴിഞ്ഞ് മാത്രമേ ആ വാതിലുകള്‍ തുറക്കൂ. ടൈം മാഗസിന്‍ എഴുതിയ പോലെ ‘ലോകത്തിലെ ഏറ്റവും രഹസ്യ വോട്ടെടുപ്പിനുള്ള സമയം ഇതാ സമാഗതമായി’.

ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ ഒന്നിലധികം റൗണ്ടുകളില്‍ വോട്ട് ചെയ്യും. ഈ പ്രക്രിയ ചിലപ്പോള്‍ ദിവസങ്ങളോളം തുടര്‍ന്നേക്കാം. 30 ബാലറ്റുകള്‍ക്ക് ശേഷവും നിര്‍ണായക ഫലം ലഭിച്ചില്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചിത ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പിന്റെ ഫലസൂചന സംബന്ധിച്ച് പുറംലോകം അറിയുന്നത് വത്തിക്കാന്റെ ചിമ്മിനിയില്‍ നിന്നുയരുന്ന പുക നോക്കിയാണ്. ഓരോ വോട്ടിന് ശേഷവും ബാലറ്റുകള്‍ കത്തിക്കും. ദിവസവും രണ്ട് തവണ ഇപ്രകാരം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയാണ് പോപ്പിനെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് അര്‍ത്ഥമാക്കുന്നത്. കറുത്ത പുക ഉയര്‍ന്നാല്‍ കാത്തിരിക്കണമെന്നും, വെളുത്ത പുക ഉയര്‍ന്നാല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുത്തുവെന്നുമാണ് അര്‍ത്ഥം. പുക കറുപ്പും വെളുപ്പുമാക്കാന്‍ ബാലറ്റ് പേപ്പറിനൊപ്പം കെമിക്കല്‍ തിരികള്‍ കത്തിക്കും.

പുതിയ പോപ്പ് ആരാണെന്നുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും പൊടിപൊടിച്ചു നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫ്ലോറന്‍സിലെ കര്‍ദ്ദിനാളായ ബെല്ലിനിയായിരിക്കും അടുത്ത മാര്‍പാപ്പയെന്ന് അഭ്യൂഹങ്ങള്‍ പരന്നു. പുതിയ പോപ്പിന്റെ ഗുണഗണങ്ങള്‍ പ്രധാനമാണ്. പ്രത്യാശയുടെ ശുഭ ചിന്തകളോടെ ലോകത്തെ സമീപിക്കുന്ന ഒരു വ്യക്തിയായിരിക്കണം. ക്രിസ്തീയ വിശ്വാസങ്ങള്‍ ഇതര മതക്കാര്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുന്ന മതനേതാവായിരിക്കരുത്. മത സൗഹാര്‍ദ്ദം പുലര്‍ത്തുന്ന, സാമൂഹിക പ്രശ്നങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു നല്ല ഇടയനായിരിക്കണം.

pope

1978 ൽ അധികാരത്തിൽ വന്ന 3 മാർപാപ്പമാർ.
പോൾ മാർപാപ്പ , ജോൺ പോൾ ഒന്നാമൻ, ജോൺ പോൾ രണ്ടാമൻ

കോണ്‍ക്ലേവിന് മുന്‍പ് വത്തിക്കാന്‍ പുറത്തിറക്കിയ സാധ്യതാ കര്‍ദ്ദിനാളുമാരുടെ ജീവിതക്കുറിപ്പുകളില്‍ ഏറ്റവും ചെറുതായിരുന്നു അല്‍ബേനിയോ ലൂസിയാനിയുടേത്. ഇടയ്ക്ക് അടുത്ത പോപ്പാകാനുള്ള പേരുകളില്‍ ലൂസായാനിയുടെ പേര് അടിക്കടി പ്രതൃക്ഷട്ടെങ്കിലും മാധ്യമങ്ങള്‍ അതിന് ചെവി കൊടുത്തില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം അജ്ഞാതനായിരുന്നു. വത്തിക്കാന്‍ പുറത്തുവിട്ട ഹ്രസ്വമായ ജീവിതക്കുറിപ്പില്‍ ശ്രദ്ധേമായ ഒരു വാചകം ഇതായിരുന്നു ‘ദരിദ്രരോടൊപ്പം (എന്നാല്‍ ഇടതുപക്ഷമല്ല) ഇത് വായിച്ച ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ലൂസിയാനി പറഞ്ഞു ‘ പോപ്പാകാനുള്ള C ലിസ്റ്റിലാണ് ഞാന്‍’.

എന്നാല്‍ റോമന്‍ കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ, പോപ്പിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും ‘കാബിനറ്റ്’ ആയി പ്രവര്‍ത്തിക്കുന്ന റോമന്‍ ക്യൂറിയയും ഇറ്റലിക്ക് വെളിയിലുള്ള കര്‍ദിനാളുമാരും ലൂസിയാനിയെ കുറിച്ച് നല്ല മതിപ്പ് പുലര്‍ത്തിയിരുന്നു. ലൂസിയാനിയെ കുറിച്ച് അറിയാത്തവര്‍ മാതൃഭാഷ മാത്രമറിയാവുന്ന, ഇറ്റലിക്ക് വെളിയില്‍ ഒരിക്കലും യാത്ര ചെയ്യാത്ത ഒരാളായി അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗ്രീസ്, ഇംഗ്ലീഷ്, ലാറ്റിന്‍ മാതൃഭാഷയായ ഇറ്റാലിയന്‍ എന്നിവ അനായാസമായി കൈകാര്യം ചെയ്യാന്‍ ലൂസിയാനിക്കറിയാമായിരുന്നു. വിപുലമായ സൗഹാര്‍ദ്ദ വലയമുണ്ടായിരുന്ന ലൂസിയാനി ബ്രസീലടക്കം എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും കത്തോലിക്കരും – അല്ലാത്തവരുമായ ഉന്നതരുമായി സുഹൃദ്ബന്ധത്തിലുമായിരുന്നു.

ആദ്യ വോട്ടിംഗില്‍ തന്നെ ലൂസിയാനി 23 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. അതോടെ കര്‍ദ്ദിനാളുമാരുടെ ശ്രദ്ധ ലൂസിയാനിയിലേക്ക് തിരിഞ്ഞു. ഒന്നാം സ്ഥാനം നേടിയ വലതുപക്ഷക്കാരനായ ജനോവയുടെ ആര്‍ച്ച് ബിഷപ്പ് ഗിസ്സപ്പെ സീരി 25 വോട്ട് നേടി. വത്തിക്കാന്റെ പല പുരോഗമനാശയങ്ങള്‍ക്കും നേരെ പടനയിച്ച സീരി താന്‍ പോപ്പാവുമെന്ന് ഉറച്ചു വിശ്വസിച്ചു.

ഓരോ വോട്ടെടുപ്പ് കഴിയുമ്പോഴും ബാലറ്റു പേപ്പര്‍ പുരാതനമായ അടുപ്പില്‍ ഇട്ട് കത്തിച്ചു. കറുത്ത പുക ചിമ്മിനിയിലൂടെ മാനത്തേക്ക് ഉയര്‍ന്നു. പുതിയ പോപ്പ് ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന സൂചന നല്‍കിക്കൊണ്ട് കട്ടിപ്പുക പ്രവഹിച്ചു കൊണ്ടിരുന്നു. രണ്ടും മൂന്നും വട്ടം വോട്ടെടുപ്പ് കഴിഞ്ഞ് നാലാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ സമയം 6.05 PM. ഫലം പ്രഖ്യാപിച്ചു. അല്‍ബിനോ ലൂസിയാനിക്ക് 99 വോട്ട്. ഗിസ്സപ്പെ സീരിക്ക് 11 വോട്ട്. കര്‍ദിനാളുമാരുടെ കരഘോഷങ്ങള്‍ ഉയര്‍ന്നപ്പോള്‍ വോട്ടെടുപ്പിന്റെ അവസാനവും പോപ്പിനെ പ്രഖ്യാപിക്കുന്ന ആദ്യ പടി ചടങ്ങിന്റെ സമയമായി. റോമന്‍ കുരിയയുടെ ആരാധനക്രമം നടത്തുന്ന ‘മാസ്റ്റേഴ്സ് ഓഫ് സെറിമണി അവിടെ അണിനിരന്നു. വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിച്ചിരുന്ന, കര്‍ദ്ദിനാള്‍ ചാള്‍സ് മെയിന്‍ വില്ലെ – ലൂസിയാനിയുടെ ഇരിപ്പിടത്തെ സമീപിച്ചു.

വില്ലെ ചോദിച്ചു. ‘പോപ്പായി താങ്കള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ കാനോന്‍ തിരഞ്ഞെടുപ്പ് താങ്കള്‍ അംഗീകരിക്കുന്നോ?’
ലൂസിയാനി പറഞ്ഞു. ‘എന്റെ പേരിലുള്ള നിങ്ങളുടെ പ്രവൃത്തി ദൈവം ക്ഷമിക്കട്ടെ’ പിന്നെ പറഞ്ഞു. ‘ഞാന്‍ അംഗീകരിക്കുന്നു’
‘ഏത് പേരില്‍ അറിയപ്പെടാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?’ വില്ലെ ചോദിച്ചു.
‘ജോണ്‍ പോള്‍ ഒന്നാമന്‍’ ലുസിയാനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

St Peter's basilica

സെൻ്റ് പീറ്റേഴ്സ് ബസിലിക്ക, റോം

വത്തിക്കാനിലെ 264-ാം മാര്‍പാപ്പയായി അല്‍ബിനോ ലൂസിയാനിയെന്ന ജോണ്‍ പോള്‍ ഒന്നാമനായി ലോകത്തിലെ ഏറ്റവും വലിയ സഭയുടെ നേതാവായി അവരോധിക്കപ്പെട്ടു. ‘പേപ്പല്‍ ചരിത്രത്തില്‍ ഇരട്ട പേര് സ്വീകരിക്കുന്ന ആദ്യത്തെ പോപ്പെന്ന പദവിയുമായി ലോകത്തിലെ കത്തോലിക്ക സഭകളെ നല്ലൊരു ഭാവിയിലേക്ക് നയിക്കാന്‍ ആ നല്ല ഇടയന്‍ വത്തിക്കാനിലെ ബാല്‍ക്കണിയില്‍ നിന്നു
‘പോപ്പ് ജോണിന്റെ ഹൃദയവിശാലതയും അറിവും എനിക്കില്ല. പോപ്പ് പോളിന്റെ സംസ്‌കാര സമ്പന്നതയും തയ്യാറെടുപ്പും എനിക്കില്ല. എന്നിട്ടും അവര്‍ നിന്ന സ്ഥലത്താണ് ഞാന്‍ ഇപ്പോഴും നില്‍ക്കുന്നത്. സഭയെ ആത്മാര്‍ത്ഥമായി സേവിക്കാമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ പ്രാര്‍ത്ഥന കൊണ്ടെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ’
അദ്ദേഹം തന്റെ മുന്നിലുള്ള ജനലക്ഷങ്ങളോട് പറഞ്ഞു.
വത്തിക്കാന്‍ സ്‌ക്വയറില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ ആ പരിശുദ്ധ വാക്കുകള്‍ അവരുടെ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങി.

1978 സെപ്റ്റംബര്‍ 29, വെള്ളിയാഴ്ച. റോമിന് അന്ന് സാധാരണ ദിവസം മാത്രമായിരുന്നു. അന്ന് അതിരാവിലെ, 4.30 ന് സിസ്റ്റര്‍ വിന്‍സെന്‍സ ഒരു ഫ്ലാസ്‌കില്‍ കാപ്പികൊണ്ടുവന്നു പോപ്പിന്റെ പഠനമുറിയിലെ മേശയില്‍ വെച്ചു. എന്നിട്ട് പോപ്പിന്റെ കിടപ്പുമുറിയിലെ വാതിലില്‍ മുട്ടി. ‘ Good Morning Holly Father’ എന്ന് പതിവ് അഭിവാദനങ്ങള്‍ പറഞ്ഞു. 1959 ല്‍ വെനെറ്റോയില്‍ ലൂസിയാനി ബിഷപ്പായ കാലം മുതല്‍ സിസ്റ്റര്‍ വിന്‍സെന്‍സ അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തു വരുന്നു. പതിവിന് വിപരീതമായി പോപ്പിന്റെ പ്രത്യഭിവാദനം കേള്‍ക്കാതെയായപ്പോള്‍ വിന്‍സെന്‍സ വീണ്ടും ശക്തമായി കതകില്‍ മുട്ടി. താന്‍ ജോലി ചെയ്യാന്‍ തുടങ്ങിയ 19 വര്‍ഷത്തിലൊരിക്കല്‍ പോലും ലൂസിയാനി വൈകിയുണര്‍ന്നിട്ടില്ല വിന്‍സെന്‍സ ഓര്‍ത്തു. അപകടസൂചന മനസിലെത്തിയപ്പോള്‍ കതക് ശക്തിയായി തള്ളിതുറന്ന വിന്‍സെന്‍സ കണ്ടത് കിടക്കയില്‍ ഇരിക്കുന്ന, ചലനമറ്റ അല്‍ബിനോ ലൂസിയാനിയെയാണ്. കണ്ണട മുഖത്ത് വെച്ചിരുന്നു. കയ്യില്‍ ചില പേപ്പറുകള്‍ പിടിച്ചിരുന്നു. ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിച്ച പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നില്ല. പകരം കഠിന വേദന അനുഭവിച്ച ഭാവം. തല വലത്തോട്ട് തിരിഞ്ഞും പല്ലുകള്‍ കാണും വിധം ചുണ്ടുകള്‍ അകന്നിരുന്നു.

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ജീവന്‍ വെടിഞ്ഞിരിക്കുന്ന സത്യം വിന്‍സെന്‍സ ഒരു ഞെട്ടലോടെ അറിഞ്ഞു. ഉടനെ അവര്‍ മുറിയിലെ ബെല്ലടിച്ച് പോപ്പിന്റെ രണ്ട് സെക്രട്ടറിമാരേയും ഉണര്‍ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ സെക്രട്ടറിമാരായ ഫാദര്‍ ലോറന്‍സിയും ഫാദര്‍ മാഗിയും എത്തി. ഫാദര്‍ ലോറന്‍സിയോ ലൂസിയാനിയുടെ ശരീരം പരിശോധിച്ചു. എല്ലാം അവസാനിച്ചതായി സെക്രട്ടറിമാര്‍ മനസിലാക്കി. തുടര്‍ന്ന് മൃതശരീരം പരിശോധിച്ച ഡോക്ടര്‍ ബുസ്സോനെറ്റി മാരകമായ ‘മയോ കാര്‍ഡിയല്‍ ഇന്‍ഫാക്ഷനാണ് മരണകാരണമെന്ന് വ്യക്തമാക്കി. കാര്യങ്ങള്‍ അപ്പോഴേക്കും സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ വില്ലെ ഏറ്റെടുത്തു.

ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ കോണ്‍ക്ലേവാണ് ലൂസിയാനിയെ തെരഞ്ഞെടുത്തത്. പേപ്പല്‍ ചരിത്രത്തില്‍ ഒരു മാര്‍പാപ്പയും സ്ഥാനരോഹണത്തിന് ശേഷം ഇത്ര പെട്ടെന്ന് മരിച്ചിട്ടില്ല. ഇതിലും ചെറിയ കാലം ജീവിച്ച ഒരു പോപ്പിനെ, 400 വര്‍ഷം പിറകോട്ട് പോയാലാണ് കാണാനാവുക. 1605 ല്‍, 17 നാള്‍ മാത്രം ജീവിച്ച മെഡിസി ലിയോ പതിനൊന്നാമന്‍.

personal chapel of pope

വത്തിക്കാനിലെ മാർപ്പാപ്പയുടെ സ്വകാര്യ ചാപ്പൽ

വാര്‍ത്തകള്‍ വത്തിക്കാനില്‍ പടര്‍ന്നു തുടങ്ങിയെങ്കിലും ഔദ്യോഗികമായി വത്തിക്കാന്‍ റേഡിയോവോ വാര്‍ത്താ വിഭാഗമോ മാര്‍പാപ്പയുടെ മരണം പുറത്ത് വിട്ടില്ല. വത്തിക്കാനില്‍ കളികള്‍ ആരംഭിക്കുകയായിരുന്നു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ ചാള്‍സ് മെയിന്‍ വില്ലെ പോപ്പിന്റെ പഠനമുറിയില്‍ ഇരുന്ന് ഫോണിലൂടെ പലരുമായി ബന്ധപ്പെട്ടു. ആദ്യമായി സിസ്റ്റര്‍ വിന്‍സെന്‍സെകൊണ്ട് ആദ്യം കണ്ട വസ്തുതകള്‍ ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചു. പോപ്പിന്റെ വസതിയിലെ അന്തേവാസികളോട് തന്റെ അനുമതി കിട്ടാതെ ഒരു കാര്യവും പുറത്ത് പറയരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു.

ലൂസിയാനി കഴിച്ചിരുന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് പഠന മുറിയുടെ മേശയില്‍ വെച്ചിരുന്നതും, പോപ്പിന്റെ കയ്യില്‍ ഉണ്ടായിരുന്ന കടലാസുകളും വില്ലെ എടുത്തു മാറ്റി. പോപ്പിന്റെ മേശപ്പുറത്തിരുന്ന അവസാനത്തെ ഒസ്യത്തും മാറ്റപ്പെട്ടു. ”പോപ്പിന്റെ കണ്ണടയും ചെരുപ്പുകളും അപ്രത്യക്ഷമായി പിന്നീട് അവയൊന്നും ആരും കണ്ടിട്ടില്ല.

കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയമായ ശേഷം, രണ്ടേമുക്കാല്‍ മണിക്കൂറിന് ശേഷം 7. 27 ന് വത്തിക്കാന്‍ റേഡിയോ ആ ദുഖഃവാര്‍ത്ത ലോകത്തിനെ അറിയിച്ചു. ‘ജോണ്‍ പോള്‍ മാര്‍പാപ്പ ഇനി നമ്മുടെ കൂടെയില്ല. ഇന്ന് രാവിലെ, 1978 സെപ്റ്റംബര്‍ 29, 5.30 ന് പോപ്പ് മരിച്ചു. പോപ്പിന്റെ സ്വകാര്യ ചാപ്പലില്‍ അദ്ദേഹത്തെ കാണാതെ വന്നപ്പോഴാണ് പോപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി അദ്ദേഹത്തെ അന്വേഷിച്ച് മുറിയില്‍ ചെന്നത്. അവിടെ കിടക്കയില്‍ അദ്ദേഹം മരിച്ചനിലയില്‍ കിടക്കുകയായിരുന്നു. ലൈറ്റ് അണച്ചിരുന്നില്ല. എന്തോ വായിച്ചിരുന്നതുപോലെ. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ഡോ. നെനാറ്റോ ബുസോനെറ്റി മരണം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ഏതാണ്ട് 11 മണിയോടെയാണ് മരണം നടന്നിരിക്കുന്നത്. പെട്ടെന്നുള്ള മരണമായിരുന്നു. ഗുരുതരമായ മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനാണ് മരണ കാരണമെന്ന് പറയപ്പെടുന്നു.’ വത്തിക്കാന്‍ റേഡിയോ പറഞ്ഞു.

‘പോപ്പിന്റേത് സ്വാഭാവിക മരണമല്ലെന്ന് വിശ്വസിക്കാവുന്ന കാരണങ്ങള്‍ ഇതിനകം പ്രതൃക്ഷമായി കഴിഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്താതെ മയോ കാര്‍ഡിയല്‍ ഇന്‍ഫക്ഷനാണ് പോപ്പിന്റെ മരണകാരണമെന്ന് വിശ്വസിക്കാന്‍ ആരും തയാറായില്ല. വത്തിക്കാന്റെ നിയമങ്ങള്‍ക്ക് പോസ്റ്റുമോര്‍ട്ടം വിരുദ്ധമാണന്ന കാരണം പറഞ്ഞ് റോമന്‍ ക്യൂറിയ അത് പ്രതിരോധിച്ചു. ഇതോടെ പോപ്പിന്റെ മരണകാരണത്തിന്റെ ദുരൂഹത ഒന്നുകൂടി വളര്‍ന്നു വലുതായി. ജോണ്‍ പോള്‍ ഒന്നാമനെ വധിച്ചതാണോ ? എങ്ങനെ? എന്തിന്? എന്ന ചോദ്യങ്ങള്‍ വത്തിക്കാനിലും പുറത്തും വ്യാപിച്ചു.

സാമ്പത്തിക തട്ടിപ്പ്, ബ്ലാക്ക് മെയില്‍, മാഫിയ, പരസ്പരം ബന്ധപ്പെട്ട അഴിമതി എന്നിവയെക്കുറിച്ചുള്ള വിചിത്രമായ കഥകള്‍ പോപ്പിന്റെ മരണത്തിന് പിന്നില്‍ പതിയിരുപ്പുണ്ടായിരുന്നുവെന്ന് വത്തിക്കാനില്‍ കുറച്ച് പേര്‍ക്കറിയാമായിരുന്നു.

വത്തിക്കാന്റെ സാമ്പത്തിക മേഖലയിലെ അഴിമതികള്‍ നന്നായി മനസിലാക്കിയിരുന്ന ഒരാളായിരുന്നു ലൂസിയാനി. പോപ്പാവുന്നതിന് മുന്‍പ് തന്നെ ലൂസിയാനിക്ക് റോമിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വിവരം ലഭിച്ചിരുന്നു. വത്തിക്കാന്‍ ബാങ്കിന്റെ അധിപനായ ബിഷപ്പ് പോള്‍ മാര്‍സിങ്കസ് ബാങ്കില്‍ ചെയ്യുന്നതിലെ ക്രമക്കേടുകള്‍, അതിലെ പരാതികള്‍ എന്നിവ അദ്ദേഹം വ്യക്തമായി മനസിലാക്കിയിരുന്നു. വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളിലെ വമ്പന്‍ സ്രാവായ ബിഷപ്പ് പോള്‍ മാര്‍ സിങ്കസ് 1972 ല്‍ താന്‍ വെനീസിന്റെ പാത്രീയാക്കീസായിരിക്കെ വെനോറ്റെയിലെ കത്തോലിക്കാ ബാങ്കിന്റെ ഷെയറുകള്‍ താനറിയാതെ, മിലാനിലെ ബാങ്കറായ റോബര്‍ട്ടോ കാല്‍വിക്ക് വിറ്റതടക്കമുള്ള കാര്യങ്ങള്‍. ആ സമയത്താണ് ഇറ്റലിയിലെ ‘ലാ സ്റ്റാമ്പ’ പത്രത്തില്‍ ‘ധനവും വത്തിക്കാന്റെ ശക്തിയും’ എന്ന ലേഖനം വന്നത്. അതില്‍ പുതിയ പോപ്പായ ലൂസിയാനി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നം വിശദമായി അക്കമിട്ട് നിരത്തിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി അതില്‍ നിര്‍ദേശിച്ചിരുന്നു. ‘വത്തിക്കാന്‍ ബഡ്ജറ്റുകള്‍’ പ്രസിദ്ധീകരിക്കുക താന്‍ ചിന്തിച്ച ആശയങ്ങള്‍ തന്നെയാണ് ഈ ലേഖനം സ്ഥികരീക്കുന്നത്.

1978 ഓഗസ്റ്റ് 27 ന്, അതായത് പോപ്പായി സ്ഥാനമേറ്റതിന്റെ പിറ്റേന്നാള്‍ ദിവസം രാത്രി ഡിന്നര്‍ കഴിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ വില്ലെയോട് ലൂസിയാനി പെട്ടെന്ന് പറഞ്ഞു. ‘വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് പെട്ടെന്നൊരു അന്വേഷണം നടത്തണം. വത്തിക്കാന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമാനമായൊരന്വേഷണം. ഓരോ ഇടപാടുകളേയും പറ്റി വിശദമായ ഒരു പഠനം. ഒരു പ്രസ്ഥാനവും, ഒരു സമ്മേളനവും, ഒരു വിഭാഗവും ഒഴിവാക്കാന്‍ പാടില്ല’ ലൂസിയാനി കര്‍ക്കശമായി അതിന് നിര്‍ദേശം നല്‍കി. അങ്ങനെ റോമന്‍ കത്തോലിക്കാ സഭ പാവങ്ങളുടെ സഭയായിരിക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്ന അല്‍ബിനോ ലൂസിയാനി വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളില്‍ സമഗ്രമായ ഒരു അന്വേഷണത്തിന് ആരംഭം കുറിച്ചു.

പുതിയ മാര്‍പാപ്പ വത്തിക്കാന്‍ ബാങ്കിനെ നോട്ടമിട്ട് കഴിഞ്ഞെന്ന് ബിഷപ്പ് പോള്‍ മാര്‍ സിങ്കസ് ഇതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. അമേരിക്കയിലെ ഇല്ലനോയ്സിലെ നീസറോവില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആറടി മൂന്നിഞ്ച് പൊക്കമുള്ള ബലിഷ്ഠനായ, മാര്‍സിങ്കസ് കുപ്രസിദ്ധരായ മാഫിയ കൊള്ളസംഘം അഴിഞ്ഞാടുന്ന സിസറോ നഗരത്തില്‍ നിന്നുവന്ന, പഠിച്ച് പടിപടിയായി ഉയര്‍ന്ന് റോമിലെത്തിയ വ്യക്തിയാണ്. ലൂസിയാനോ പഠിച്ച സെമിനാരിയില്‍ തന്നെ പഠിച്ച അയാള്‍ ചിക്കാഗോയില്‍ വികാരി ജീവിതം ആരംഭിച്ച് അവിടത്തെ കര്‍ദിനാളിന്റെ സഹായത്തില്‍ 1959 ല്‍ റോമിലെത്തി. സ്പാനിഷ് ഇറ്റാലിയന്‍ ഭാഷയിലുള്ള അയാളുടെ പ്രാവീണ്യം അന്നത്തെ പോപ്പ് പോളിന്റെ ശ്രദ്ധയില്‍ പെട്ടു. റോമിലെ ഒരു രൂപതാ സന്ദര്‍ശനത്തില്‍ പോപ്പ് ജനത്തിരക്കില്‍ കുരുങ്ങിയപ്പോള്‍ മാര്‍സിങ്കസ് രക്ഷകനായി അവതരിച്ചു. ആജാനബാഹുവായ അയാള്‍ അസാധ്യ മെയ്വഴക്കത്തോടെ ജനങ്ങളെ വകഞ്ഞുമാറ്റി പോപ്പിന് വഴിയൊരുക്കി. ആ സംഭവത്തോടെ അയാള്‍ പോപ്പിന്റെ അനൗദ്യോഗിക സുരക്ഷാ ഉദ്യോഗസ്ഥനും പരിഭാഷകനുമായി. പിന്നീട് പോപ്പ് പോള്‍ ആറാമന്‍ അയാളെ ബിഷപ്പാക്കി. ഉടനെ തന്നെ അയാള്‍ വത്തിക്കാന്‍ ബാങ്കിന്റെ സെക്രട്ടറിയുമായി.

Bishop marcinkus

ബിഷപ്പ് മാർസിങ്കസ് വത്തിക്കാൻ ബാങ്കിൻ്റെ അധിപൻ

120 മില്യന്‍ ഡോളറുകള്‍ ആസ്തിയുള്ള വത്തിക്കാന്‍ ബാങ്കിന്റെ സര്‍വാധികാരിയായി അയാള്‍ ഭരണമാരംഭിച്ചു. ഈ കാലഘട്ടത്തിലെ സാമ്പത്തിക തിരിമറികളാണ് ലൂസിയാനിയുടെ കണ്ണില്‍പ്പെട്ടതും. വത്തിക്കാന്‍ ബാങ്കിന്റെ അവിഹിതമായ സാമ്പത്തിക അഴിമതികളെ കുറിച്ച് ന്യൂസ് വീക്ക് മാഗസിന്‍ എഴുതിയ ലേഖനത്തില്‍ മാര്‍സിങ്കസ് നീക്കം ചെയ്യപ്പെടുമെന്ന് തങ്ങളുടെ വത്തിക്കാന്‍ വാര്‍ത്താസ്രോതസ് വഴി ലേഖനത്തില്‍ ഉദ്ധരിച്ചു. മാര്‍സിങ്കസിനെ ബാങ്കില്‍ നിന്ന് മാത്രമല്ല വത്തിക്കാനില്‍ നിന്നുതന്നെ പുറത്താക്കാനാണ് പുതിയ പോപ്പിന്റെ ലക്ഷ്യം എന്ന സൂചനകള്‍ ലേഖനം നല്‍കി. അത് വാസ്തവവുമായിരുന്നു.

വത്തിക്കാന്‍ ബാങ്കില്‍ നിന്ന് പുറത്താക്കപ്പെടേണ്ടവരും. പദവികളില്‍ നിന്ന് ഇളക്കി പ്രതിഷ്ഠിക്കേണ്ടവരുടെ പോപ്പ് നല്‍കിയ നീണ്ട ലിസ്റ്റ് ഇതിനകം സ്റ്റേറ്റ് സെക്രട്ടറി വില്ലെയുടെ കയ്യിലെത്തിയിരുന്നു. ഇവരില്‍ കര്‍ദിനാളുമാരും വൈദികരും ഉണ്ടായിരുന്നു. പുറത്താക്കപ്പെട്ടാല്‍ പിന്നീടുണ്ടാവുക കാനോന്‍ നിയമമനുസരിച്ച് ഇവരെല്ലാം സഭാഭ്രഷ്ടരാകും. വില്ലെ എതിര്‍ത്ത് നോക്കിയെങ്കിലും പോപ്പ് വഴങ്ങിയില്ല.

ധനവും അധികാരവും മോഹിച്ച് ഇറ്റലിയില്‍ എത്തിയ P 2 ( P എന്നാല്‍ Propaganda ) സ്വയം വിശേഷിപ്പിക്കുന്ന ഒരു നിഗൂഢ സംഘം ഇതിനകം വത്തിക്കാനുള്ളില്‍ കേറിപ്പറ്റിയെന്ന് ജോണ്‍ പോള്‍ മാര്‍പാപ്പ മനസ്സിലാക്കിയിരുന്നു. കര്‍ദിനാളുമാരും ബിഷപ്പുമാരും അവരുടെ സ്വാധീന വലയത്തിലും വരുതിയിലുമായി കഴിഞ്ഞിരുന്നു. ഈജിയന്‍ തൊഴുത്തായി മാറിക്കഴിഞ്ഞ വത്തിക്കാനെ വൃത്തിയാക്കാനുള്ള വിപുലമായ പദ്ധതിയുമായാണ് ലൂസിയാനി തന്റെ പേപ്പല്‍ യാത്ര ആരംഭിച്ചത്.
അദ്ദേഹം ഒരു സുഹൃത്തിനോട് പറഞ്ഞു. ‘വത്തിക്കാനില്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ക്ഷാമം. സത്യസന്ധതയ്ക്കും ഒരു കപ്പ് നല്ല കാപ്പിക്കും’.

ലൂസിയാനിയുടെ മുന്‍ഗാമിയായ പോപ്പ് പോള്‍ ആറാമന്റെ കാലത്ത് തന്നെ സഭയുടെ ഭരണ സിരാകേന്ദ്രമായ കുരിയായില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ബദ്ധവൈരം പൊട്ടിപ്പുറപ്പെട്ട് പുറത്ത് വന്നിരുന്നു. പോപ്പിന്റെ സാമര്‍ത്ഥ്യം കാരണം അവ പൊതുജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കപ്പെട്ടു.

വത്തിക്കാന്‍ ബാങ്കിന്റെ തലവനായ ആര്‍ച്ച്ബിഷപ് പോള്‍ സി. മാര്‍സിങ്കസ്, ഒരു ഇറ്റാലിയന്‍ ബാങ്കര്‍, അമേരിക്കന്‍ ജയിലിലുള്ള ഒരു സിസിലിയന്‍ ഫിനാന്‍സിയര്‍, തന്റെ രാജ്യത്തില്‍ നിന്ന് ഒളിച്ചോടിയ ഒരു രഹസ്യ ഫ്രീമേസണ്‍ ലോഡ്ജിന്റെ തലവന്‍ എന്നിവര്‍ ചേര്‍ന്ന, ബാങ്കിന്റെ അധോലോക ഇടപാടുകള്‍ നടത്തുന്ന സംഘടിത ഗ്രൂപ്പിന് പുതിയ പോപ്പ് ഭീഷണിയാണ്’ ബാങ്കിന്റെ അന്വേഷണം മുന്നോട്ട് പോയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരും. അത് പാടില്ല. ജോണ്‍ പോള്‍ ഒന്നാമന്‍ പോപ്പ് എന്ന പ്രതിബന്ധം ഇല്ലാതായാല്‍ ഇവരുടെ ഭാവി അപകടം ഒഴിവായി സുരക്ഷിതമാകും.

കൂടാതെ മാര്‍സിങ്കസിന്റെ കൂടെ, വത്തിക്കാന്‍ ബാങ്കിന്റെ അവിഹിത ഇടപാടുകള്‍ നടത്തിയിരുന്ന പങ്കാളിയായ ഇറ്റലിയിലെ അംബ്രാസിയോ ബാങ്കിന്റെ ചെയര്‍മാനായ റോബര്‍ട്ടോ കാല്‍വി, ന്യൂയോര്‍ക്കിലെ സിസിലിയന്‍ ബാങ്കിന്റെ ഉടമ മൈക്കിള്‍ സിണ്ടോന ഇവരെല്ലാം അസ്വസ്ഥരും, സമ്മര്‍ദ്ദത്തിലുമായി. ഒരു കാര്യം ഉറപ്പാണ്, പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്റെ ഭരണം തുടര്‍ന്നാല്‍ തങ്ങള്‍ക്ക് ഭീഷണിയാണ്. അന്വേഷണം മുന്നോട്ടുപോയാല്‍ തങ്ങള്‍ സാമ്പത്തിക കുറ്റത്തിന് തീര്‍ച്ചയായും അഴിയെണ്ണും. പോപ്പ് മരിച്ചാല്‍ തങ്ങള്‍ രക്ഷപ്പെടും, ഏറെ നേടുകയും ചെയ്യും.

ഒടുവില്‍ അത് സംഭവിച്ചു. 1978 സെപ്റ്റംബര്‍ 29 ന്, മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് 33 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ബിനോ ലൂസിയാനി അന്തരിച്ചു.
മരണസമയം – അജ്ഞാതം
മരണകാരണം – അജ്ഞാതം

ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ഡേവിഡ് യാലപ്പിന്റെ ശ്രദ്ധ വത്തിക്കാനിലെ പോപ്പിന്റെ മരണത്തിന്റെ ദുരുഹതകളിലേക്ക് തിരിഞ്ഞു. മാര്‍പാപ്പയുടെ മൃതദേഹം കണ്ടെത്തിയതിനെ ചുറ്റിപ്പറ്റിയുള്ള യഥാര്‍ത്ഥ സാഹചര്യങ്ങള്‍ മറച്ചുവെച്ചതില്‍ അസ്വസ്ഥരായ വത്തിക്കാന്‍ സിറ്റിയില്‍ താമസിക്കുന്ന ചില വ്യക്തികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡേവിഡ് യാലപ്പ് ഈ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. പോപ്പിന്റെ മരണസമയത്ത് നടന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തികളില്‍ നിന്ന് തന്നെ കേട്ട വസ്തുതകള്‍ വിശകലനം ചെയ്താണ് ഡേവിഡ് യാലപ്പ് തന്റെ പുസ്തകമെഴുതിയത്. ജോണ്‍ പോള്‍ ഒന്നാമന്‍ പോപ്പ് കൊല്ലപ്പെട്ടുവെന്ന് തനിക്ക് പൂര്‍ണ്ണമായും ബോധ്യമുണ്ടെന്ന് മൂന്നു വര്‍ഷത്തെ ഗവേഷണവും അന്വേഷണവും കൊണ്ട് തന്റെ പുസ്തകത്തിലൂടെ അദ്ദേഹം സ്ഥാപിച്ചു.

David yallop

ഡേവിഡ് യാലപ്പ്

നേരത്തെ പറഞ്ഞ കാരണങ്ങളാലാണ് ലൂസിയാനി വധിക്കപ്പെട്ടതെങ്കില്‍ അതിനു പിന്നിലെ കാരണങ്ങള്‍ക്ക് നിരവധി ഘടകങ്ങളുണ്ടെന്ന് ഡേവിഡ് യാലപ്പ് പറയുന്നു. പോപ്പിന്റെ വധം നിഗൂഢമായിരിക്കണം. വത്തിക്കാനില്‍ വെച്ച് പോപ്പിനെ വെടിവെച്ചാല്‍ അത് അന്വേഷണത്തിന് വഴി തെളിക്കും. സംഭവത്തിന് വളരെ പ്രചാരം ലഭിക്കും. ഈ പാവം വിശുദ്ധനെ അപായപ്പെടുത്താനുള്ള കാരണങ്ങളിലേക്ക് തീവ്രമായ അന്വേഷണം വ്യാപിക്കും. അതുകൊണ്ട് മരണം പെട്ടെന്നാകണം. ലോകം മരണകാരണം തിരക്കരുത്. ആകാംക്ഷ ഒട്ടും പാടില്ല.

അതിന് ഉചിതമായ ഒരു വഴിയേ ഉള്ളൂ. വിഷം നല്‍കുക! യാതൊരു ലക്ഷണവും അടയാളവും കാണിക്കാത്ത വിഷപ്രയോഗം നടത്തുക. ഇത്തരം ധാരാളം മയക്കു മരുന്നുകളുണ്ട്. അതിലൊന്നാണ് ‘ഡിജിറ്റാലിസ്’. അരുചിയോ മണമോ ഇല്ലാത്ത ഇത് ഭക്ഷണത്തില്‍ കൂടെ ഉള്ളില്‍ ചെന്നാല്‍ മരണം ഉറപ്പാണ്. ഇത് കഴിച്ച വ്യക്തിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചാലും ഹൃദയാഘാതമായി വിലയിരുത്തും. പോസ്റ്റുമോര്‍ട്ടം വത്തിക്കാനിലെ അപ്പസ്തോലിക്കല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണഘടനയില്‍ പറയുന്നു. ലൂസിയാനിയുടെ കിടപ്പുമുറിയില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മരുന്നായ എഫാര്‍ട്ടിലിന്റെ ഒരു ചെറിയ കുപ്പി സൂക്ഷിച്ചിട്ടുണ്ട്. അര ടീസ്പൂണ്‍ എഫാര്‍ട്ടില്‍ ഡിജിറ്റാലിസ് ചേര്‍ത്താല്‍ ഒരാള്‍ക്കും കണ്ടുപിടിക്കാനാവില്ല. പോപ്പിന്റെ വാസസ്ഥലത്ത് എത്തിപ്പെടാന്‍ പറയത്തക്ക തടസ്സങ്ങളൊന്നുമില്ല. മരുന്നുകളാകട്ടെ ആര്‍ക്കും എത്തിപ്പെടാവുന്ന വിധത്തില്‍ അലസമായാണ് സൂക്ഷിച്ചിരിക്കുന്നത്.’ ഡേവിഡ് യാലപ്പ് എഴുതി. ജോണ്‍ പോള്‍ ഒന്നാമന്‍ പോപ്പ് കൊല്ലപ്പെട്ടത് തന്നെ. ഡിജിറ്റാലിസ് എന്ന മരുന്നിന്റെ ഒരു മാരകമായ ഡോസാണ് ആ ജോലി ചെയ്തതെന്ന് അദ്ദേഹം തന്റെ പുസ്തകത്തിലൂടെ സ്ഥാപിച്ചു.

പോപ്പിന്റെ മരണം പ്രഖ്യാപിച്ച ശേഷം വത്തിക്കാന്‍ പ്രക്ഷേപണം ചെയ്ത ബുള്ളറ്റിനില്‍ പറഞ്ഞത്. 5.30 ന് സെക്രട്ടറി മാഗി പോപ്പിനെ അന്നത്തെ ദിവ്യബലിയില്‍ സഹായിച്ചു എന്നാണ്. മറ്റൊരു ബുള്ളറ്റിനില്‍ പറഞ്ഞത് മരണസമയത്ത് പോപ്പ് Imitation of Christ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു. വാസ്തവത്തില്‍ അങ്ങനെ ഒരു പുസ്തകം പോപ്പിന്റെ കിടപ്പുമുറിയിലോ മറ്റെവിടെയോ ഇല്ല. പോപ്പിന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു ശേഷം ആ മുറിയില്‍ നിന്ന് അപ്രത്യക്ഷമായ പോപ്പിന്റെ കയ്യില്‍ ഉണ്ടായിരുന്ന കുറിപ്പുകള്‍, ഒസ്യത്ത്, കണ്ണട, ചെരുപ്പുകള്‍ എന്നിവയുടെ കൂടെയും ഈ പുസ്തകം ഉണ്ടായിരുന്നില്ല. കാരണം ലൂസിയാനിയുടെ സ്വന്തം പുസ്തകത്തിന്റെ കോപ്പി വെനീസിലായിരുന്നു. പരസ്പര വിരുദ്ധമായ, ഇല്ലാത്ത കഥകള്‍ മെനഞ്ഞ് ലോകത്തെ ധരിപ്പിക്കാന്‍ നടത്തിയ ഈ ശ്രമങ്ങളൊക്കെ വിരല്‍ചൂണ്ടുന്നത് എന്തിലേക്കാണ്?

Pope john paul 1

അൽബിനോ ലുസിയാനിയെന്ന മാർപാപ്പ ജോൺ പോൾ ഒന്നാമൻ ( 1912-1978)

ആദ്യ ദിവസം തന്നെ പൊതുദര്‍ശനത്തിന് വെച്ച പോപ്പിന്റെ ഭൗതിക ശരീരം കാണാനെത്തിയത് മൂന്ന് ലക്ഷം വിശ്വാസികള്‍. ‘ശരീരം കണ്ട് മടങ്ങുന്നവര്‍ ആക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.’ ആരാണ് അങ്ങയോട് ഈ ക്രൂരകൃത്യം ചെയ്തത്? ആരാണ് അങ്ങയെ കൊന്നത് ?’ യാലപ്പ് എഴുതുന്നു.

കര്‍ദിനാള്‍ വില്ലെയുടേയും റോമന്‍ കുരിയ അംഗങ്ങളുടെയും പെരുമാറ്റങ്ങള്‍ വിചിത്രമായി തുടര്‍ന്നു. വത്തിക്കാനില്‍ ഒളിക്കാന്‍ എന്തൊക്കെയോ ഉണ്ടെന്ന് ഇത് തെളിയിച്ചു.

ഓവര്‍ഡോസ് മരുന്ന് അബദ്ധവശാല്‍ കഴിച്ചതാണ് പോപ്പിന്റെ മരണ കാരണമെന്ന ഒരു വിചിത്ര വിശദീകരണവും വത്തിക്കാനിലെ അകത്തളങ്ങളില്‍ പ്രചരിച്ചു.
‘അദ്ദേഹം (സ്റ്റേറ്റ് സെക്രട്ടറി വില്ലെ) എന്നോട് പറഞ്ഞത് പോപ്പ് അവിചാരിതമായി ഓവര്‍ ഡോസ് മരുന്ന് കഴിച്ചു. അതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ അത് പരസ്യമാകും. പരിശുദ്ധ പിതാവിന് അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ആരും വിശ്വസിക്കണമെന്നില്ല. ചിലര്‍ അത് ആത്മഹത്യയാണെന്ന് വ്യാഖ്യാനിച്ചേക്കാം. മറ്റു ചിലര്‍ അത് കൊലപാതകമാക്കും. അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു’ പോപ്പിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് റോമില്‍ തങ്ങിയ ഒരു കര്‍ദിനാള്‍ എന്നോട് പറഞ്ഞതാണ് ഇത് യാലപ്പ് എഴുതി.

‘1975 മുതല്‍ അല്‍ബിനോ ലൂസിയാനിയുടെ പേഴ്സണല്‍ ഡോക്ടറായിരുന്ന പ്രൊഫ. ജിയോ വന്നി റാമ ഇത് പാടെ നിഷേധിച്ചു.’ ഇത് വിശ്വസനീയമല്ല, അദ്ദേഹം വളരെ ശ്രദ്ധയുള്ള രോഗിയായിരുന്നു. ഒരിക്കലും കൂടുതല്‍ മരുന്ന് ചോദിക്കാറില്ലായിരുന്നു. റാമ പറഞ്ഞു.’ യാലപ്പ് എഴുതി.

ഇമിനിയോ കമ്പനി നിര്‍മ്മിച്ച ‘പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്റെ അവസാന ദിവസം’ എന്ന ഡോക്യുമെന്റിറിയില്‍ ലൂസിയാനിയുടെ സഹോദരന്‍ പോപ്പിന്റെ മരണത്തെക്കുറിച്ചുള്ള, സംശയങ്ങളും കഥകളും പാടെ നിഷേധിച്ചു. എല്ലാം തെറ്റാണ്. പ്രത്യേകിച്ച് ആ ഇംഗ്ലീഷ് എഴുത്തുകാരന്റെതടക്കം. (യാലപ്പ്) പത്രപ്രവര്‍ത്തകര്‍ വെറുതെ അപവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെത് ഒരു സാധാരണ മരണം മാത്രം. ഞങ്ങളുടെ കുടുംബത്തില്‍ ഇത് പോലെ പെട്ടെന്നുള്ള മരണങ്ങള്‍ ധാരാളം സംഭവിച്ചിട്ടുണ്ട് അയാള്‍ പറഞ്ഞു. പക്ഷേ, ഈ കാര്യത്തില്‍ എനിക്ക് നൂറു ശതമാനം ഉറപ്പ് തരാന്‍ കഴിയില്ല. കാരണം ആ രാത്രിയില്‍ ഞാന്‍ അവിടെ ഇല്ലായിരുന്നു’ അയാള്‍ പറഞ്ഞു.

pope john paul 1 dead body

ജോൺ പോൾ മാർപാപ്പയുടെ ഭൗതിക ശരീരം

1978 സെപ്റ്റംബര്‍ 29, വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് പോപ്പിന്റെ ഭൗതികശരീരം എമ്പാം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു. എമ്പാം ചെയ്തു കഴിഞ്ഞാല്‍ ശരീരത്തിലെ വിഷ സാന്നിധ്യം ഒരു പോസ്റ്റുമോര്‍ട്ടത്തിനും കണ്ടെത്താനാവില്ല. അപകടഘട്ടങ്ങളില്‍ മാത്രം തെളിയുന്ന അപായ ലൈറ്റ് വത്തിക്കാനിലെ പേപ്പല്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ രാത്രി മുഴുവന്‍ തെളിഞ്ഞിട്ടും പോപ്പിന്റെ മുറിയില്‍ ആരും സഹായവുമായി അന്ന് എത്തിയില്ല എന്നതും ശ്രദ്ധേയമായിരുന്നു.

മാര്‍പാപ്പമാരെ പോസ്റ്റുമാര്‍ട്ടം നടത്താന്‍ സഭാച്ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന വത്തിക്കാന്റെ വാദം ഇതിനകം ഇറ്റാലിയന്‍ പത്രങ്ങള്‍ പൊളിച്ചടുക്കി. 1830 നവംബര്‍ 30 ന് മരിച്ച പിയൂസ് എട്ടാമന്‍ മാര്‍പാപ്പയെ പോസ്റ്റുമോര്‍ട്ടം ചെയ്തതാണെന്ന് തെളിവുസഹിതം പത്രങ്ങള്‍ എഴുതി.

റോമിലെ വിമത ആര്‍ച്ച് ബിഷപ്പായ മാര്‍സൈല്‍ ലെഫെ വെറെയുടെ അനുയായി ആബട്ട് ഡൂക്കാസ് പറഞ്ഞു, ‘വത്തിക്കാനില്‍ അധിവസിക്കുന്ന സകല പിശാചുക്കളേയും പരിഗണിച്ചാലും, ലൂസിയാനിയുടേത് സാധാരണ മരണമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.’

ഒക്ടോബര്‍ 3 ന് മൃതശരീരം അടക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് വത്തിക്കാനിലെ ഉന്നതരും ഒരു സംഘം ഡോക്ടര്‍മാരും എല്ലാവരെയും പള്ളിയില്‍ നിന്ന് പുറത്താക്കി വാതിലടച്ചു. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിന് വത്തിക്കാന്‍ തയ്യാറായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ അനുമാനിച്ചു. ഇതിന്റെ ഫലം പ്രഖ്യാപിച്ചാല്‍ പോപ്പിനെ വധിച്ചതാണോ എന്ന ലോകത്തിന്റെ ആശങ്കയ്ക്കും വിശ്വാസികളുടെ ഭയത്തിനും വിരാമമാകും.

പക്ഷേ, ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയും വത്തിക്കാന്‍ നടത്തിയില്ല. മൃതശരീരം അടക്കം ചെയ്ത് കഴിയും വരെ വാര്‍ത്താ മാധ്യമങ്ങള്‍ എത്ര ശ്രമിച്ചിട്ടും വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നിന്ന് ഒരക്ഷരം പുറത്ത് വന്നില്ല. ഒടുവില്‍ ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി ANSA ആ രഹസ്യം പുറത്തുവിട്ടു. എമ്പാം ചെയ്ത മൃതശരീരത്തിന്റെ സ്ഥിതിവിവരങ്ങള്‍ അറിയാനുള്ള ഒരു പരിശോധനയാണ് നടന്നത്. അതായത് പ്രതീക്ഷിച്ച പോലെ, അത് പോസ്റ്റുമോര്‍ട്ടമല്ല. ഒടുവില്‍ മാര്‍പാപ്പമാരുടെ അവസാനത്തെ വിശുദ്ധ വിശ്രമ സങ്കേതമായ സെന്റ് പീറ്റേഴ്സിലെ രഹസ്യ അറയ്ക്കുള്ളിലെ മാര്‍ബിള്‍ കല്ലറയില്‍, സൈപ്രസ്, ലെഡ്, എബണി എന്നീ മൂന്ന് ശവപ്പെട്ടികളില്‍ വെച്ച മൃതദേഹം വായു കടക്കാത്ത വിധം സീല് ചെയ്ത് അവിടെ സ്ഥാപിച്ചു. 65 കാരനായ ജോണ്‍ പോള്‍ മാര്‍പാപ്പ ഒന്നാമന്‍ അവസാനിച്ചു എന്നാല്‍ മരണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ തുടര്‍ന്നു.

വത്തിക്കാന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സ്ഫോടനാത്മകവും നാടകീയവുമായ ചില വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഡേവിഡ് യാലപ്പിന്റെ ‘ദൈവനാമത്തില്‍: പോപ്പ് ജോണ്‍ പോളിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു അന്വേഷണം’ പോപ്പ് മരണപ്പെട്ട് ആറ് വര്‍ഷത്തിന് ശേഷം 1984 ല്‍ പുറത്തുവന്നപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകത്തെ കുറിച്ച് വത്തിക്കാന്റെ പ്രതികരണം വന്നു. ‘അസംബന്ധം’ വെറും ഉഹാപോഹങ്ങള്‍’. എന്നാല്‍ പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് വത്തിക്കാന്‍ മറുപടി നല്‍കിയില്ല. പല ഭാഷകളിലായി പുസ്തകം 60 ലക്ഷം കോപ്പികള്‍ വിറ്റുപോയി. 15 ആഴ്ച ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ‘ദൈവനാമത്തില്‍ എന്ന പുസ്തകം ഒന്നാം സ്ഥാനം നേടി.

devid yallop book

ഒരു വര്‍ഷത്തിന് ശേഷം യാലപ്പ് മുന്നോട്ടുവന്നു ഒരു പരസ്യ പ്രസ്താവന നടത്തി. തന്റെ പുസ്തകത്തിലെ രണ്ട് ചോദ്യങ്ങള്‍ തെറ്റാണെന്ന് വത്തിക്കാന്‍ തെളിയിച്ചാല്‍ തനിക്ക് പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന റോയല്‍റ്റി ഒരു കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് നല്‍കാമെന്ന് പ്രഖ്യാപിച്ചു. ഇവയാണ് ആ ചോദ്യങ്ങള്‍’:

1. അല്‍ബിനോ ലൂസിയാനിയുടെ മൃതശരീരം ആരാണ് ആദ്യം കണ്ടത് എന്നതിനെ കുറിച്ച് തന്റെ പുസ്തകത്തിലെ വിവരണം തെറ്റാണെന്ന് തെളിയിക്കുക
2. മരണമടഞ്ഞപ്പോള്‍ പോപ്പിന്റെ കയ്യില്‍ ഉണ്ടായിരുന്ന പേപ്പറുകളെ കുറിച്ച് ഞാന്‍ എഴുതിയത് തെറ്റാണെന്ന് തെളിയിക്കുക.

ലോകം മുഴുവന്‍ ശ്രദ്ധിച്ച ഡേവിഡ് യാലപ്പിന്റെ ആ വെല്ലുവിളി ഇപ്പോള്‍ 267-ാം മത്തെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോഴും, 47 വര്‍ഷത്തിന് ശേഷവും ആരും ഏറ്റെടുക്കാതെ അത് നിലനില്‍ക്കുന്നു. The death of pope john paul 1 and unanswered questions 

Content Summary: The death of pope john paul 1 and unanswered questions

Leave a Reply

Your email address will not be published. Required fields are marked *

×