ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ നൂറുകടന്നു. 104 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കെർ കൗണ്ടിയിലെ പെൺകുട്ടികളുടെ ക്യാമ്പിൽ നിന്ന് മാത്രമായി 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ 28 പേരും ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾ ആയിരുന്നു. ക്യാമ്പ് മിസ്റ്റികിലെ 10 പെൺകുട്ടികളെയും ഒരു കൗൺസിലറെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കെർ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു
ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങളുടെ അഗാധമായ അനുശോചനം പങ്കുവെക്കുന്നുവെന്നും കൗണ്ടി ഷെരീഫ് വ്യക്തമാക്കി. ദുരന്തത്തിൽ 41 പേരെ കണ്ടെത്താനുണ്ടെന്ന് ടെക്സസ് മേയർ ഗ്രെഗ് ആബട്ട് പറഞ്ഞു. ക്രിസ്റ്റ്യൻ സമ്മർ ക്യാമ്പിലുണ്ടായിരുന്ന 27 പെൺകുട്ടികളിൽ 10 പേരും കൗൺസലറും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച ടെക്‌സസിലെത്തും. അതിനിടെ, ചൊവ്വാഴ്‌ചയും കനത്ത മഴയുണ്ടാകുമെന്ന് ഗവർണർ മുന്നറിയിപ്പുനൽകി. ടെക്സസിലെ വെള്ളപ്പൊക്കത്തെയും അതിനെത്തുടർന്നുണ്ടായ മരണങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഭയാനകം’ എന്നും ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് വിശേഷിപ്പിച്ചത്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ് നാശനഷ്ടം കുറയ്ക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. ഓസ്റ്റിൻ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായും 15 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രാവിസ് കൗണ്ടിയിൽ ഏഴ് പേരും വില്യംസൺ കൗണ്ടിയിൽ രണ്ട് പേരും മരിച്ചതായി ഔദ്യോഗിക വൃത്തം സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ ട്രാവിസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ ദുരിതബാധിതർക്ക് പിന്തുണ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ന്നദ്ധപ്രവർത്തകരും താമസക്കാരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വീടുകളിൽ പൈപ്പ് വെള്ളം ലഭ്യമാവാത്ത സാഹചര്യമായിരുന്നതിനാൽ വളണ്ടിയർമാരാണ് താമസക്കാർക്ക് ഭക്ഷണവും കുപ്പിവെള്ളവും എത്തിച്ചു നൽകിയത്. ഇത് രാഷ്ട്രീയ പകപോക്കലിനോ എതിർപ്പുകൾക്കോ ഉള്ള സമയമല്ലെന്ന് ടെക്സസിലെ റിപബ്ലിക്കൻ നേതാവ് വ്യക്തമാക്കി. ഈ സമയത്ത് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് നമ്മൾ ചിന്തിക്കണമെന്നും. അടുത്ത തവണ പ്രളയം വന്നാൽ എന്തെല്ലാം അടിയന്തര നടപടികളാണ് നമ്മൾ സ്വീകരിക്കേണ്ടതെന്ന് പരിശീലിക്കണമെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി. കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചും, വെള്ളപ്പൊക്കത്തിന് മുമ്പ് വേനൽക്കാല ക്യാമ്പുകൾ ഒഴിപ്പിക്കാത്തതിന്റെ കാരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതുവരെ കാത്തിരിക്കുമെന്ന് സെൻട്രൽ ടെക്സസിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായുള്ള തിരച്ചിലിന് മേൽനോട്ടം വഹിക്കുന്ന അധികാരികൾ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നത്.
അടുത്ത നടപടികളിൽ ഒന്ന് മതിയായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടോ എന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് ചില ക്യാമ്പുകൾ ഒഴിഞ്ഞുപോകുകയോ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അന്വേഷിക്കുന്നതായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പുകൾ അയക്കുകയും സ്വീകരിക്കുകയും ചെയ്ത രീതിയെക്കുറിച്ചും അധികൃതർ പരിശോധിക്കും. എന്നാൽ, ക്യാമ്പുകളിലെ പല ക്യാബിനുകളും സിഗ്നൽ കുറവുള്ള പ്രദേശങ്ങളിൽ ആയിരുന്നു. ഇതാവാം വെല്ലുവിളിയായി തീർന്നതെന്നും അധികൃതർ വിലയിരുത്തി. ചില ക്യാമ്പുകൾക്ക് അപകട മുന്നറിയിപ്പ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രളയത്തിന് മുമ്പായി ഒരു ക്യാമ്പിൽ നിന്ന് നൂറുകണക്കിന് ക്യാമ്പർമാരെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റാനും അവർക്ക് സാധിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്രയും ശക്തമായ മഴ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധികാരികളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പറഞ്ഞു. തങ്ങൾക്ക് മുന്നറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും ചില താമസക്കാർ പറഞ്ഞു.
content summary: The death toll from Texas flooding has surpassed 100, with over 5 million people still affected by the floods