June 18, 2025 |
Avatar
അമർനാഥ്‌
Share on

ഷാര്‍ജയെന്ന ക്രിക്കറ്റ് സ്വപ്ന ലോകവും; ഏഷ്യന്‍ ക്രിക്കറ്റ് കീഴടക്കിയ അബുള്‍ റഹ്‌മാന്‍ ബുഖാദിറും

ജയവും പരാജയവും മാറി മറിഞ്ഞ മത്സരങ്ങള്‍ ഷാര്‍ജ ഗ്രൗണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയയാണ്‌

ഷാര്‍ജയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രം അറബിക്കഥകള്‍ പോലെ വിസ്മയിപ്പിക്കുന്നതാണ്. അതിസമ്പത്ത് മൂടിയ, പണവും പ്രശസ്തിയും വാനോളം ലഭിച്ച ഗ്ലാമര്‍ ലോകമായി ഷാര്‍ജയിലെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ ഒരു കാലത്ത് തലയുയര്‍ത്തി നിന്നു. മുന്‍പില്ലാത്ത വിധം ക്രിക്കറ്റിനും കളിക്കാര്‍ക്കും വാരിക്കോരി പണവും പ്രശസ്തിയും നേടിക്കൊടുത്ത ആ ക്രിക്കറ്റിന്റെ സുവര്‍ണ്ണ നാളുകളായിരുന്ന ആ അറബിക്കഥകള്‍ ആരംഭിച്ചത് നാല്‍പ്പത്തൊന്ന് വര്‍ഷം മുന്‍പ് ഏപ്രില്‍ 6 നായിരുന്നു. ആ വിസ്മയങ്ങള്‍ ഏതാണ്ട് അവസാനിച്ചെങ്കിലും, ത്രസിപ്പിച്ച, അവസാന നിമിഷം വരെ ജയവും പരാജയവും മാറി മറിഞ്ഞ ഏകദിന ക്രിക്കറ്റിലെ ചില മത്സരങ്ങള്‍ നടന്ന ഷാര്‍ജ ഗ്രൗണ്ടിലെ ആ നിമിഷങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ എന്നും പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയയാണ്.

നാല്‍പ്പത്തൊന്നു വര്‍ഷം മുന്‍പ്, 1984 ഏപ്രില്‍ 6 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യത്തെ ഏകദിന മത്സരം നടന്നത്. നാല് പതിറ്റാണ്ട് മുന്‍പ് ഇതേ ദിവസം പ്രഥമ ഏഷ്യന്‍ കപ്പിലെ ആദ്യ ഏകദിന മത്സരത്തിലെ ശ്രീലങ്കന്‍ ഫാസ്റ്റ് ബോളര്‍ വിനോദന്‍ ജോണ്‍ പാക്കിസ്ഥാന്‍ ബാറ്റ്മാനായ ഓപ്പണര്‍ മൊഹിസീന്‍ ഖാന് നേരെ ആദ്യ പന്ത് എറിഞ്ഞതോടെ മണലാരണ്യത്തിലെ ക്രിക്കറ്റ് മത്സരങ്ങള്‍ ആദ്യമായി ഷാര്‍ജയില്‍ ആരംഭിച്ചു. ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന, പിന്നീട് ലോകക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധ നേടിയ കളിക്കളമായി മാറിയ ഷാര്‍ജ ക്രിക്കറ്റിന്റെ എളിയ തുടക്കമായിരുന്നു ആ ഏകദിന മാച്ച്.

ആറ് പതിറ്റാണ്ട് മുന്‍പ് അറേബ്യയിലെ ഡമാസ്‌കസ് കീഴടക്കിയ ലോറന്‍സ് ഓഫ് അറേബ്യയെപോലെ ഏഷ്യന്‍ ക്രിക്കറ്റിനെ കീഴടക്കിയ അബ്ദുള്‍ റഹ്‌മാന്‍ ബുക്കാദിര്‍ എന്ന പ്രസിദ്ധനായ UAE വ്യവസായിയായിരുന്നു ഇതിന്റെ ശില്‍പ്പി. ക്രിക്കറ്റിന്റെ വിത്തുകള്‍ മരുഭൂമിയില്‍ വിതച്ചാലും തളിര്‍ക്കുമെന്ന് ഷാര്‍ജയില്‍ തെളിയിച്ച വ്യക്തി. ലോറന്‍സ് ഓഫ് അറേബ്യയെപ്പോലെ ശരിക്കും ബുക്കാദിര്‍ ഓഫ് അറേബ്യ എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭ’.

CBFS founder

CBFS ൻ്റെ ശിൽപ്പി അബ്ദുൾ റഹ്മാൻ ബുക്കാദിർ

1981 ലെ ഏപ്രില്‍ മാസത്തിലായിരുന്നു അബ്ദുള്‍ റഹ്‌മാന്‍ ബുക്കാദിര്‍ 44 കൊല്ലം മുന്‍പ് ഷാര്‍ജയിലെ മണലാരണ്യത്തില്‍ ഒരു ക്രിക്കറ്റ് മഹാമേളയ്ക്ക് തുടക്കമിട്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം ഏഷ്യാ വന്‍കരയില്‍ ക്രിക്കറ്റിന്റെ ഏറ്റവും പ്രശസ്തമായ വേദിയായി ഷാര്‍ജ ഉയര്‍ന്നു.

ഒരു കടുത്ത ക്രിക്കറ്റ് പ്രേമിയായ അബ്ദുള്‍ റഹ്‌മാന്‍ ബുക്കാദീറിന്റെ ലക്ഷ്യം ഏറെ ഉയര്‍ന്ന് ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ജനപ്രീതി നേടിയ, ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയായി മാറി ഷാര്‍ജ എന്ന യുഎ.ഇയിലെ നഗരം. അടുത്ത ദശാബ്ദം വരെ ഏകദിന ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും ആവേശകരമായ അനേകം മത്സരങ്ങള്‍ക്ക് ഷാര്‍ജ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. വിവ് റിച്ചാഡ്‌സിനെപ്പോലുള്ള ലോകോത്തര ബാറ്റ്‌സ്മാനും റിച്ചാഡ് ഹാഡ്‌ലീയേപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളറും ഷാര്‍ജയില്‍ കളിക്കാനെത്തി.

മാല്‍ക്കം മാര്‍ഷലിനെ തുടര്‍ച്ചയായ പന്തുകളില്‍ ഇന്ത്യയുടെ ശ്രീകാന്ത്, ഫോറും സിക്‌സും പറത്തിയതും അടുത്ത പന്തില്‍ മാല്‍ക്കം മാര്‍ഷല്‍ ശ്രീകാന്തിന്റെ കുറ്റി തെറിപ്പിച്ചതും കണ്ട് ഇന്ത്യന്‍ കാണികള്‍ അമ്പരപ്പോടെ നിന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായ പാക്കിസ്ഥാന്റെ വസിം അക്രം ഒരു ഫൈനലില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ ഓസ്ട്രലിയന്‍ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റ് പിഴുതെറിഞ്ഞ് ഹാട്രിക്ക് നേടി ഓസ്ട്രലേഷ്യന്‍ കപ്പ് പാക്കിസ്ഥാന് രണ്ടാമതും നേടി കൊടുത്തതും ഷാര്‍ജയില്‍ വെച്ചായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ സച്ചിന്‍ തെണ്ടുല്‍ക്കറും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ ഷെയിന്‍ വോണും ഷാര്‍ജയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മുത്തയ്യ മുരളീധരനെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറ നേരിടുന്നത് ഷാര്‍ജ കണ്ടു. കൊക്കക്കോള കപ്പില്‍ ജയസൂര്യയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യക്കെതിരെ 161 പന്തില്‍ 189 റണ്‍സ് എടുത്തത് കണ്ട് ഷാര്‍ജ സ്റ്റേഡിയത്തിലെ ഇന്ത്യക്കാര്‍ തരിച്ചിരുന്നു.

ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെല്ലാം അണിനിരക്കാന്‍ കൊതിച്ച ക്രിക്കറ്റ് വേദിയായിരുന്നു ഷാര്‍ജയിലെ ടൂര്‍ണമെന്റുകള്‍. ഉയര്‍ന്ന പ്രതിഫലവും വിജയികള്‍ക്ക് ഭീമമായ സമ്മാനത്തുകയുമായിരുന്നു. ഷാര്‍ജയില്‍ നടന്ന ടൂര്‍ണ്ണമെന്റുകളില്‍ വിതരണം ചെയ്തിരുന്നത്. ഇന്നത്തെപ്പോലെ IPL ലീഗ് മാച്ചുകളോ T20 ക്രിക്കറ്റോ ഇല്ലാത്ത ആ കാലത്ത് ഒരൊറ്റ ടൂര്‍ണ്ണമെന്റ് വിജയിച്ചാല്‍ ഒരു സീസണില്‍ ഒരു വര്‍ഷം കളിക്കുന്ന പ്രതിഫലം ഒരു കളിക്കാരന് ഷാര്‍ജയില്‍ നിന്ന് കിട്ടുമായിരുന്നു. ബാറ്റിംഗിനിടയില്‍ പന്ത് സ്റ്റേഡിയത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിലുള്ള ഒരു പ്രത്യേക അടയാളത്തില്‍, പന്ത് അടിച്ച് കൊള്ളിച്ചാല്‍ വന്‍ തുക സമ്മാനം കിട്ടുന്ന സംവിധാനം വരെ ഷാര്‍ജ ക്രിക്കറ്റില്‍ ഉണ്ട്. കൂടാതെ വ്യക്തിപരമായി, ക്രിക്കറ്റ് പ്രേമികളായ ബിസിനസുകാര്‍ നല്‍കുന്ന വിലപിടിച്ച സമ്മാനങ്ങള്‍ വേറെയും. 1986 ല്‍ ഇന്ത്യയ്‌ക്കെതിരെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയ പാക്കിസ്ഥാന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജാവേദ് മിയാന്‍ ദാദിന് ഒരു സ്വര്‍ണ്ണ വാള്‍ സമ്മാനമായി നല്‍കിയാണ് ക്രിക്കറ്റ് പ്രേമിയായ ഒരു ഷാര്‍ജ വ്യവസായി അഭിനന്ദിച്ചത്.

CBFS logo

CBFS ലോഗോ

ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റില്‍ ചരിത്ര വിജയങ്ങള്‍ നേടിയ, ആധുനിക ക്രിക്കറ്റിന്റെ ഏഷ്യയിലെ ഏറ്റവും മികച്ച, വേദിയായ് ഷാര്‍ജ മാറി. മണലാരണ്യത്തിലെ ഈ അത്ഭുത വിജയത്തിന് കാരണം ഒരേയൊരു വ്യക്തിയായിരുന്നു. അബ്ദുള്‍ റഹ്‌മാന്‍ ബുക്കാദിര്‍. അടുത്ത സുഹൃത്തുക്കള്‍ ARB യെന്ന് അദ്ദേഹത്തെ വിളിച്ചു. അറേബ്യയിലെ കെറി പാര്‍ക്കര്‍ എന്ന് മാധ്യമങ്ങളും വിശേഷിപ്പിച്ചു.

70 കളുടെ മധ്യത്തില്‍ ക്രിക്കറ്റിനെ മികച്ചൊരു എന്റര്‍ടെയിന്‍മെന്റും പണമൊഴുകുന്ന സ്രോതസുമാക്കി മാറ്റിയ മാധ്യമ രാജാവായിരുന്നു ഓസ്‌ട്രേലിയക്കാരന്‍ കെറി പാക്കര്‍. 1977 ല്‍ ഓസ്‌ട്രേലിയയില്‍ കെറി പാര്‍ക്കര്‍ നടത്തിയ വേള്‍ഡ് സീരിസ് ക്രിക്കറ്റ് അതുവരെയുള്ള ക്രിക്കറ്റ് സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. നിറമുള്ള വേഷങ്ങള്‍, വെളുത്ത പന്ത്, രാത്രി ഫ്‌ലഡ്‌ലിറ്റ് വെളിച്ചത്തില്‍ കളി’ ലോക ക്രിക്കറ്റ് വര്‍ണ്ണശബളമായി മാറുകയായിരുന്നു. കോടിക്കണക്കണക്കിന് പണമൊഴുകുന്ന വ്യവസായിക മുഖം ക്രിക്കറ്റില്‍ തുറന്നത് കെറി പാക്കറായിരുന്നു. ഭീമമായ പരസ്യ വരുമാനവും ടെലിവിഷന്‍ സംപ്രക്ഷണാവകാശവും നേടിയയതിനാല്‍ അതില്‍ പങ്കെടുത്ത കളിക്കാര്‍ക്ക് അന്ന് വരെ ചരിത്രത്തിലില്ലാത്ത ഉയര്‍ന്ന പ്രതിഫലം ലഭിച്ചു.

first malayalam advertisement in sharjah stadium

ഷാർജ സ്‌റ്റേഡിയത്തിലെ ഏക മലയാള പരസ്യ ബോർഡ്

സമാനമായി മണലാരണ്യത്തെ ഏഷ്യന്‍ ക്രിക്കറ്റിന്റെ പറുദീസയാക്കിയ പരിവര്‍ത്തനമായിരുന്നു ഉപഭൂഖണ്ഡത്തിലെ ഷാര്‍ജയില്‍ നടന്നത്. 1960 കളില്‍ കറാച്ചിയില്‍ ഉപരിപഠനത്തിന് പോയ എമിറിറ്റ്‌സുകാരന്‍ അബ്ദുള്‍ റഹ്‌മാന്‍ ബുക്കാദിര്‍ അവിടെ വെച്ച് ക്രിക്കറ്റ് കളിയില്‍ ആകൃഷ്ടനായി. ഒരു ജഡ്ജിയുടെ മകനായ ബുക്കാദിര്‍ കറാച്ചിയിലെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പാക്കിസ്ഥാനിലെ ആദ്യത്തെ മികച്ച ബാറ്റ്‌സ്മാന്‍ ഹനീഫ് മുഹമ്മദിനോട് വലിയ ആരാധനയായിരുന്നു അദ്ദേഹത്തിന്. പഠനം കഴിഞ്ഞ് വിശാലമായ ഒരു ബിസിനസ്സ് സാമ്രാജ്യം സ്ഥാപിക്കാന്‍ ബുക്കാദിര്‍ എമിറേറ്റ്സിലേക്ക് മടങ്ങിയപ്പോള്‍, അദ്ദേഹം ക്രിക്കറ്റ് കൂടെ കൊണ്ടുപോയി. ബുക്കാദിര്‍ പഠനം കഴിഞ്ഞ് ഷാര്‍ജയില്‍ തിരിച്ചെത്തിയത് കടുത്ത ക്രിക്കറ്റ് പ്രേമിയായിട്ടായിരുന്നു. അക്കാലത്തെ ക്രിക്കറ്റ് താരങ്ങളായ ഹനീഫ് മുഹമ്മദിനെ കൂടാതെ, ടൈഗര്‍ പട്ടൗഡിയും റിച്ചി ബെനഡും പീറ്റര്‍ മേയൊക്കെ അദ്ദേഹത്തിന്റെ ആരാധനാ പാത്രങ്ങളായിരുന്നു.

ഷാര്‍ജയില്‍ തന്റെ ബിസിനസ് വന്‍ രീതിയില്‍ വളര്‍ന്നതോടൊപ്പം ക്രിക്കറ്റ് പ്രേമവും വളര്‍ന്നു വികസിച്ചു. ക്രിക്കറ്റ് ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനപ്രീതിയാര്‍ജിച്ചതോടെ 1974 ല്‍ അദ്ദേഹം പ്രദേശിക ക്രിക്കറ്റ് കളിക്കാരെ സംഘടിപ്പിച്ച് ‘ബുക്കാദിര്‍ ലീഗ്’ എന്ന പേരില്‍ ഒരു ക്രിക്കറ്റ് മത്സരം നടത്തി. ഒരു സ്റ്റേഡിയം പോലും ഷാര്‍ജയില്‍ ഇല്ലാത്തതിനാല്‍ റോയല്‍ എയര്‍ ഫോഴ്‌സിന്റെ ബെയ്‌സിലുള്ള മൈതാനത്താണ് നടത്തിയത്.

sharjah cricket score board

ഷാർജയിലെ ആദ്യകാല സ്ക്കോർബോർഡ്

1976 ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പറായ വസീം ബാരി നയിച്ച പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ ക്രിക്കറ്റ് ടീമായി ഷാര്‍ജയില്‍ വിമാനമിറങ്ങി. മജീദ് ഖാന്‍, ആസിഫ് മസൂദ്, സഹീര്‍ അബ്ബാസ്, ഇമ്രാന്‍ ഖാന്‍, സലാഹുദ്ദീന്‍, ഗുലാം അബ്ബാസ്, മുദാസര്‍ നാസര്‍ എന്നിവരും ഉള്‍പ്പെട്ട മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍, പിഐഎ ടീം ബുഖാദിറിന്റെ അതിഥികളായിരുന്നു, രണ്ട് മത്സരങ്ങളും ഷാര്‍ജയിലെ ഒരു മണല്‍ മൈതാനത്തിന് നടുവില്‍ സിമന്റ് പിച്ചിലാണ് നടന്നത്.

‘ഓരോ ഓവര്‍ കഴിയുമ്പോഴും സിമന്റ് പിച്ചിന് മുകളിലൂടെ പറന്നുപോകുന്ന മണല്‍പ്പൊടി തുടച്ചുമാറ്റാന്‍ അമ്പയര്‍മാര്‍ക്ക് ചൂല്‍ നല്‍കിയിരുന്നു’ എന്ന് ഫാസ്റ്റ് ബൗളര്‍ ആസിഫ് മസൂദ് ഓര്‍മ്മിക്കുന്നു. രണ്ടാമത്തെ മത്സരത്തില്‍, ഏകദേശം 5000 പേര്‍ വരെ കാണികളായി എത്തിയ മജീദിന്റെയും (108) മുദാസറിന്റെയും (105) സെഞ്ച്വറികള്‍ പിഐഎയെ 345 റണ്‍സിലേക്ക് എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ ഇലവന്‍ 88-4 (28 ഓവര്‍) ആയിരുന്നു, അതില്‍ മുന്‍ പിഡബ്ല്യുഡി ബാറ്റ്‌സ്മാന്‍ മഹ്‌മൂദ്-ഉല്‍-ഹസന്റെ 41 റണ്‍സും ഉള്‍പ്പെടുന്നു, മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും ആരാധകര്‍ മത്സരം കാണാന്‍ എത്തിയിരുന്നു.

യു.എ.ഇ.ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ സാന്നിധ്യത്തില്‍ രണ്ടാം മത്സരം നടന്നതോടെ മണലാരണ്യത്തില്‍ പ്രധാന കായിക ഇനമായി ക്രിക്കറ്റ് മാറി. ഈ മത്സര ദിവസത്തിന് മുമ്പുള്ള ആഴ്ചകളില്‍ കളിക്ക് വലിയ പ്രചാരണം ലഭിച്ചിരുന്നു. മത്സരത്തിന്റെ അവസാനം പിഎഎ സംഘടിപ്പിച്ച ഒരു അത്താഴവിരുന്നില്‍, കളിക്കാര്‍ക്ക് 7000 ദിര്‍ഹം (ഇന്നത്തെ 1,6000 ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചു – മുദാസര്‍ നാസര്‍ 2000, വസീം ബാരി 1500, ഇമ്രാന്‍ ഖാന്‍ 500 ദിര്‍ഹം ലഭിച്ചു. മജിദ് ഖാന് 3000 ദിര്‍ഹം- സമ്മാനത്തുകയായി ലഭിച്ചു.

Arjuna Ranatunga bating

ആദ്യത്തെ ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ അർജ്ജുന രണത്തുംഗ ബാറ്റ് ചെയ്യുന്നു

1981 ല്‍ ബുക്കാദിര്‍ കുറെക്കൂടി മികച്ച രീതിയില്‍ ഷാര്‍ജയിലെ ഒരു മൈതാനത്ത് ക്രിക്കറ്റ് പിച്ച് ഉണ്ടാക്കി. ഒരു പ്രദര്‍ശന മത്സരം നടത്താനായിരുന്നു പ്ലാന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ലണ്ടനില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് മുഹമ്മദിനെ സമീപിച്ച് ബുക്കാദിര്‍ തന്റെ പദ്ധതി അവതരിപ്പിച്ചു. ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരം ഷാര്‍ജയില്‍ സംഘടിപ്പിക്കുക. രണ്ട് രാജ്യങ്ങളിലേയും പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തി ഒരു മാച്ച്. ഔദ്യോഗികമായി ക്രിക്കറ്റ് ബോര്‍ഡുകളുടെ അനുമതി വേണ്ടാത്ത ഒരു പ്രദര്‍ശന മത്സരം. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വിരമിച്ച മുതിര്‍ന്ന രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കാം. ആശയം നല്ലതാണെങ്കിലും മണലാരണ്യത്തില്‍ കളി കാണാന്‍ ആളെ കിട്ടുമോ? ആസിഫ് ഇക്ബാലിന്റെ സംശയമതായിരുന്നു. ഉറച്ചുനിന്ന ബുക്കാദിറിന്റെ ആത്മവിശ്വാസം ഉള്‍ക്കൊണ്ട് ആസിഫ് ഇക്ബാല്‍ പാക്കിസ്ഥാനിലേക്ക് പറന്നു.

പാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരിലൊരാളായ ജാവേദ് മിയാന്‍ ദാദിനെ സമീപിച്ചു പാക്കിസ്ഥാന്‍ താരങ്ങളുടെ സഹകരണം ഉറപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ കളിക്കാരെ ഗവാസ്‌കറുടെ ബന്ധുവും, വിരമിച്ച കളിക്കാരനുമായ മാധവ് മന്ത്രിയെ സ്വാധീനിച്ച് ഇന്ത്യന്‍ ടീമിലെ ചില കളിക്കാരെ ഷാര്‍ജയില്‍ കളിക്കാന്‍ ധാരണയാക്കി. ഷാര്‍ജയിലെ മൈതാനത്ത് താല്‍ക്കാലികമായി ഗാലറി കെട്ടിപ്പൊക്കി. പരിമിതമായിരുന്നു സൗകര്യങ്ങള്‍. ഗള്‍ഫിലെ പത്രങ്ങളിലും റസ്‌റ്റോറന്റുകളിലും കളിയുടെ പരസ്യങ്ങള്‍ നല്‍കി. ക്രിക്കറ്റേഴ്‌സ് ബനിഫിറ്റ് സീരിസ് ഫണ്ട് (CBFS) എന്ന് പേരിട്ട 15 അംഗ കമ്മിറ്റിയായിരുന്നു ഇതിന്റെ സംഘാടകര്‍.
ടിക്കറ്റ് വില 25 ദിര്‍ഹം. (ഏകദേശം ഇന്നത്തെ 600 ഇന്ത്യന്‍ രൂപ)

മുഖ്യ സംഘാടകനായ ആസിഫ് ഇക്ബാല്‍ അപ്പോഴും ആശങ്കയിലായിരുന്നു. കളി കാണാന്‍ ആളെ കിട്ടുമോ? ഇത് ഇന്ത്യയോ പാക്കിസ്ഥാനോ അല്ലല്ലോ?’ 1981 ഏപ്രില്‍ 3 ന് രാത്രി – ആസിഫ് ഇക്ബാലിന് സമ്മര്‍ദ്ദം കാരണം ഉറക്കം വന്നില്ല. ‘കളി കാണാന്‍ ആരെങ്കിലും വരുമോ എന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു,” ഇപ്പോള്‍ ലണ്ടനില്‍ താമസമുറപ്പിച്ച 82കാരനായ ഇക്ബാല്‍ ആ നിമിഷം ഓര്‍ത്തു. ഞാനും മറ്റ് ചിലരും രാവിലെ 6:30- ന് ഗ്രൗണ്ടിലായിരുന്നു. ഞങ്ങള്‍ വാഹനമോടിക്കുമ്പോള്‍, ഗ്രൗണ്ടിന് സമീപം കാറുകളുടെ നിരകളും ഗേറ്റുകളില്‍ നീണ്ട ക്യൂകളും കണ്ടു. അത് അതിശയകരമായിരുന്നു. കെട്ടിപ്പൊക്കിയ സ്‌കാഫോള്‍ഡിംഗ് തകര്‍ന്നുവീഴുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു.” അകത്തുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പുറത്തുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.”

ആസിഫ് ഇക്ബാലിനേ അമ്പരിപ്പിച്ചു കൊണ്ട് രാവിലെ മുതല്‍ താല്‍ക്കാലിക സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റെടുക്കാന്‍ നീണ്ട ക്യൂ പ്രതൃക്ഷപ്പെട്ടു. സ്റ്റേഡിയത്തില്‍ 8000 പേര്‍ക്ക് മാത്രമേ ഇരിപ്പിടം ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ എതാണ്ട് അത്രയാളുകള്‍ തന്നെ കളികാണാന്‍ പറ്റാതെ നിരാശരായി മടങ്ങി.

javed miandad and sunil gavaskar

1981ൽ നടന്ന അനൗദ്യോഗിക ക്രിക്കറ്റ് മത്സരത്തിലെ ക്യാപ്റ്റൻമാർ ജാവേദ് മിയാൻ ദാദും സുനിൽ ഗവാസ്ക്കറും ഷാർജ ഗ്രൗണ്ടിൽ

1981 ഏപ്രില്‍ 4 ന് ഷാര്‍ജയില്‍ ആദ്യത്തെ അനൗദ്യോഗിക ഏകദിനം നടന്നു. ഗവാസ്‌കര്‍ XI നും മിയാന്‍ ദാദ് XI എന്ന് പേരിട്ട രണ്ട് ടീമുകള്‍ ഏറ്റുമുട്ടി. വിരസമായ ആ മത്സരത്തില്‍ 45 ഓവര്‍ മത്സരത്തില്‍ 139 റണ്‍സെടുത്ത ഗവാസ്‌ക്കര്‍ XI നെ രണ്ടാമത് ബാറ്റ് ചെയ്ത മിയാന്‍ ദാദ് XI തോല്‍പ്പിച്ചു. കളിയും സൗകര്യങ്ങളും മറ്റ് കാര്യങ്ങളും ശരാശരിയാണെങ്കിലും മത്സര വിജയികള്‍ക്ക് ലഭിച്ചത് വന്‍ സമ്മാനത്തുകയായിരുന്നു. ജേതാവായ മിയാന്‍ ദാദ് XI ന് 25,000 ഡോളര്‍, ഗവാസ്‌ക്കര്‍ XIന് 15,000 ഡോളര്‍. മാന്‍ ഓഫ് ദി മാച്ചായ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ തസ്ലിം അരിഫിനും ഗവാസ്‌ക്കര്‍ക്കും വിലപിടിപ്പുള്ള കളര്‍ ടെലിവിഷന്‍ സെറ്റുകള്‍ ലഭിച്ചു.

കൂടാതെ വിരമിച്ച കളിക്കാര്‍ക്കുള്ള CBFS ന്റെ വക 50,000 ഡോളര്‍ ചെക്കുകള്‍ പാക്കിസ്ഥാന്‍ കളിക്കാരായ ഹനീഫ് മുഹമ്മദിനും അസിഫ് ഇക്ബാലിനും ലഭിച്ചു. തന്റെ സേവനത്തിന് പ്രതിഫലമായി 20,000 ഡോളര്‍ മാധവ് മന്ത്രിക്കും ലഭിച്ചു. സമ്മാനങ്ങളുടെ പെരുമഴയും സമ്മാനത്തുകയുടെ വലുപ്പവും എല്ലാം വാര്‍ത്താ പ്രാധാന്യം നേടി. അതോടെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളുടെയും ശ്രദ്ധ ഷാര്‍ജയിലേക്ക് തിരിഞ്ഞു.

ലണ്ടനിലേക്ക് തിരികെ പോകും മുന്‍പ്, നന്ദി പറയാനെത്തിയ ആസിഫ് ഇക്ബാല്‍ ബുക്കാദിറിനോട് പറഞ്ഞു. ‘ഈ ക്രിക്കറ്റ് മത്സരം എല്ലാ വര്‍ഷവും സംഘടിപ്പിക്കണം. രാജ്യത്തിന് വേണ്ടി കളിച്ച ക്രിക്കറ്റ് കളിക്കാരെ ആദരിക്കാന്‍ ഇതുവഴി സാധിക്കും. ബുക്കാദിറിന് സമ്മതമായിരുന്നു. താങ്കള്‍ സംഘാടകനാവുക. എങ്കില്‍ ഇത് നടത്താം’ അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി CBFS ന്റെ ജനനമായിരുന്നു അത്. ഷാര്‍ജയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായതോടെ CBFS ക്രിക്കറ്റ് ബോര്‍ഡുകളുടെ അംഗീകാരം നേടി.

മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ അടയാളമായി, മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി ഒരു ഫണ്ട് സ്ഥാപിക്കുക എന്ന ആശയം മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ആസിഫ് ഇക്ബാലിനൊപ്പം ബുഖാദിറും ആവിഷ്‌കരിച്ചു. 22 വര്‍ഷത്തിനിടെ 200-ലധികം ക്രിക്കറ്റ് താരങ്ങള്‍ക്കായി ഏകദേശം 10 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു. തുടക്കത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ഫണ്ട്, എന്നാല്‍ പിന്നീട് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെയും തിരഞ്ഞെടുത്ത് ആദരിച്ചു.

first tournament advertisement

1981 ൽ ആദ്യമായി ഷാർജയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൻ്റെ പരസ്യം

സിബിഎഫ്എസ് ഇപ്പോഴത്തെയും പഴയകാല താരങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി – അവര്‍ക്ക് ആഡംബരപൂര്‍ണ്ണമായ ആതിഥ്യം വാഗ്ദാനം ചെയ്തു – ആഡംബരപൂര്‍ണ്ണമായ ക്വാസി-സ്പാനിഷ് മാര്‍ബെല്ല ക്ലബ്ബില്‍ താമസം; ഭാര്യമാരെ ഷാര്‍ജ, ദുബായ് ഷോപ്പിംഗ് മാളുകളിലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന മെഴ്സിഡസ് ബെന്‍സസ്; ആഡംബരപൂര്‍ണ്ണമായ വിരുന്നുകള്‍ – എല്ലാമുണ്ട് ഷാര്‍ജയിലെ ലക്ഷ്വറിവീടുകളില്‍.

ഷാര്‍ജ സ്റ്റേഡിയത്തിലെ വി.ഐ.പി. ഇരിപ്പിടങ്ങളില്‍ ബോളിവുഡിലെ താര രാജാക്കന്മാരായ ഫിറോസ് ഖാന്‍, അനില്‍ കപൂര്‍, മിഥുന്‍ ചക്രവര്‍ത്തിയും, ഇതിഹാസമായ രാജ് കപൂര്‍ മുതല്‍ പിന്നീട് ഹോളിവുഡിനെ ഇളക്കി മറിച്ച പ്രതിഭ റാം ഗോപാല്‍ വര്‍മ്മ വരെ കളികാണാനെത്തി. സര്‍വ്വാദരണീയയായ ഗായിക ലതാമങ്കേഷ്‌ക്കര്‍ വരെ ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗാലറിയില്‍ കാണികളെ നോക്കി കൈവീശി. ക്രിക്കറ്റ് കളികാണാന്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന ബോളിവുഡ് താരങ്ങളായ സീനത്ത് അമനും, മന്ദാകിനി തുടങ്ങിയ ഗ്ലാമര്‍ താരങ്ങളെ നേരിട്ട് ഗാലറിയില്‍ കണ്ട് കാണികള്‍ സായൂജ്യമടഞ്ഞു.

ബോളിവുഡ് താരങ്ങളെക്കാള്‍ ആകര്‍ഷിച്ച മറ്റൊരാളുണ്ടായിരുന്നു. അയാള്‍ VVIP ഇരിപ്പിടത്തില്‍ തന്റെ സംഘവുമൊന്നിച്ച് കളി ആസ്വദിക്കുന്നത് ലൈവ് ക്രിക്കറ്റ് പ്രക്ഷേപണത്തിലൂടെ ലോകം മുഴുവന്‍ കണ്ടു. ദുബായ് ആസ്ഥാനമായി ബോംബെ അധോലോകം നിയന്ത്രിച്ച ദാവൂദ് ഇബ്രാഹിം ആയിരുന്നു ആ ക്രിക്കറ്റ് പ്രേമി. ഷാര്‍ജ ക്രിക്കറ്റ് വേദിയില്‍ തന്റെ അന്നത്തെ വലം കൈയായ ചോട്ടാ രാജനൊത്ത് കളികള്‍ കാണുന്ന ദാവൂദ് ഷാര്‍ജ ഗ്രൗണ്ടിലെ അക്കാലത്തെ സ്ഥിരം സാന്നിധ്യമായിരുന്നു.

austral-asia cup

1986 ൽ ഷാർജയിൽ നടന്ന ആദ്യത്തെ ഓസ്ട്രലേഷ്യ കപ്പ് ചാമ്പ്യൻമാരായ പാക്കിസ്ഥാൻ ടീം കപ്പുമായി

1983 ലെ ഇന്ത്യയുടെ പ്രൊഡ്യന്‍ഷല്‍ ലോകകപ്പ് ക്രിക്കറ്റ് വിജയം ഏഷ്യയിലെ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിയെഴുതി. അതോടെ മറ്റെല്ലാ കായിക ഇനങ്ങളെയും പുറംതള്ളി കൊണ്ട് ക്രിക്കറ്റിന് വന്‍ പ്രചാരം ലഭിച്ചു. ആ സമയത്ത് നിലവില്‍ വന്ന ഏഷ്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (എസിസി) ഏഷ്യയിലെ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ വേദിയായി ആദ്യം ഉയര്‍ന്നുവന്ന പേര് ഷാര്‍ജയായിരുന്നു. അറബ് രാജ്യങ്ങളില്‍ ക്രിക്കറ്റിന് പ്രചാരം ലഭിക്കാനും ഒരു നിഷ്പക്ഷ വേദിയെന്ന നിലയിലും ഷാര്‍ജ ഏറ്റവും അനുയോജ്യമായിരുന്നു. ഇന്ത്യാക്കാരും പാക്കിസ്ഥാന്‍കാരും കളി കാണാന്‍ എത്തുമെന്നത് പ്രദര്‍ശന മത്സരത്താല്‍ മനസിലായതോടെ ആദ്യത്തെ ഏഷ്യന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ACC ഷാര്‍ജയെ തിരഞ്ഞെടുത്തു.

നാല്‍പ്പത്തൊന്നു വര്‍ഷം മുന്‍പ്, 1984 ഏപ്രില്‍ 6 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏഷ്യന്‍ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരം നടന്നു. റോത്ത്മാന്‍സ് കപ്പ് എന്നറിയപ്പെട്ട ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പാക്കിസ്സ്ഥാനും ശ്രീലങ്കയും തമ്മിലുള്ള കളിയാണ് ഷാര്‍ജയിലെ ആദ്യ ഔദ്യോഗിക ഏകദിന മത്സരം. റൗണ്ട് റോബിന്‍ മാതൃകയിലായിരുന്നു മത്സരങ്ങള്‍. എല്ലാ ടീമുകളും പരസ്പരം കളിക്കുക.

Surrender Khanna

1984 ൽ ഷാർജയിൽ നടന്ന ആദ്യ ഏഷ്യാ കപ്പിൽ മാൻ ഓഫ് ദി സീരീസ് ആയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സുരീന്ദർ ഖന്നയുടെ പ്രകടനം

പാക്കിസ്ഥാന്‍ ബാറ്റ്മാനായ ഓപ്പണര്‍ മൊഹിസീന്‍ ഖാന് നേരെ ശ്രീലങ്കന്‍ ഫാസ്റ്റ് ബോളര്‍ വിനോദന്‍ ജോണ്‍ ആദ്യ പന്ത് എറിഞ്ഞതോടെ ക്രിക്കറ്റിലെ ഏറ്റവും പണമൊഴുക്കുന്ന, സ്വപ്നതുല്യമായ ഷാര്‍ജയി െ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിച്ചു… പാക്കിസ്ഥാനെ സഹീര്‍ അബ്ബാസും ദിലീപ് മെന്‍ഡീസ് ശ്രീലങ്കയേയും നയിച്ചു. വിഖ്യാതനായ ഇംഗ്ലണ്ടിന്റെ ഡിക്കി ബേര്‍ഡും, ഇന്ത്യയിലെ സ്വരൂപ് കൃഷ്ണനുമായിരുന്നു അമ്പയര്‍മാര്‍. ടോസ് നേടിയ മെന്‍ഡീസ് പാക്കിസ്ഥാനെ ബാറ്റ് ചെയ്യാനയച്ചു.

പാക്ക് ഓപ്പണര്‍മാര്‍ മൊഹിസിന്‍ ഖാനും സാദത്ത് അലിയും തുടക്കം ഭംഗിയാക്കി 59 റണ്‍സ് കുട്ടുകെട്ടില്‍ നേടി. എന്നാല്‍ യുവ ക്രിക്കറ്ററായ അര്‍ജുന രണതുംഗയുടെ സ്പിന്‍ ആക്രമണത്തില്‍ പാക്ക് ബാറ്റ്‌സ്മാന്‍മാര്‍ പതറി. ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നറിയപ്പെട്ട സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ പാക്ക് ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ് 68 പന്തില്‍ 47 റണ്ണടിച്ചു. രണ്ട് സിക്‌സും ഒരു ഫോറും അടിച്ച് പാക്ക് ആരാധകരെ പുളകിതരാക്കിയെങ്കിലും 46 ഓവറില്‍ 187 റണ്‍സില്‍ പാക്കിസ്ഥാനെ ശ്രിലങ്ക ഒതുക്കി. ശ്രീലങ്ക വലിയ ആവേശമൊന്നും കാട്ടാതെ 43.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ പാക്ക് സ്‌കോര്‍ മറികടന്നു. അവരുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ റോയ് ഡയസ് 57 റണ്‍സെടുത്ത് മുന്നില്‍ നിന്നു നയിച്ചു വിജയത്തിലേക്ക് എത്തിച്ചു.

ഷാര്‍ജയില്‍ ഏകദിന ക്രിക്കറ്റില്‍ വിജയം നേടുന്ന ആദ്യത്തെ ടീമായി ശ്രീലങ്ക. റോയ് ഡയസ് ആദ്യത്തെ മാന്‍ ഓഫ് ദി മാച്ചും. ഇന്ത്യ പാക്കിസ്ഥാനെ ഷാര്‍ജയില്‍ ആദ്യമായി ഏകദിനത്തില്‍ നേരിടുന്നത് ഏഷ്യാ കപ്പിലായിരുന്നു. ഗവാസ്‌ക്കറുടെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് ഓപ്പണര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സുരീന്ദര്‍ ഖന്ന 57 റണ്‍സെടുത്തു. സുരീന്ദര്‍ ഖന്ന രണ്ട് സിക്‌സും 3 ഫോറുമടിച്ചു. മറുപടിയായി ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 134 റണ്‍സിന് പുറത്തായി. 35 റണ്‍സെടുത്ത മൊഹിസീന്‍ ഖാന്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. റോജര്‍ ബിന്നിയും രവി ശാസ്ത്രിയും മൂന്ന് വിക്കറ്റുകള്‍ വീതം എടുത്തു. രണ്ട് മാച്ചിലും 50 റണ്‍സടിച്ച സുരിന്ദര്‍ ഖന്ന ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി.

india first asia cup champions

1984 ആദ്യത്തെ ഏഷ്യ കപ്പ് ചാമ്പ്യൻമാരായ ഇന്ത്യ

ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ ആദ്യത്തെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ട്രോഫി ഉയര്‍ത്തിയപ്പോള്‍ ഷാര്‍ജ ക്രിക്കറ്റില്‍ ഇന്ത്യന്‍ വസന്തം ആരംഭിക്കുകയായിരുന്നു. വിജയിയായ ഇന്ത്യന്‍ ടീമിന് 50,000 US ഡോളര്‍ തുക ഒന്നാം സമ്മാനമായി ലഭിച്ചു. (ഏതാണ് ഇന്നത്തെ 42 ലക്ഷം രൂപ) മികച്ച കളിക്കാരനുള്ള 5,000 US ഡോളര്‍ സുരിന്ദ്രര്‍ ഖന്നക്കും കിട്ടി. ഒരു വിക്കറ്റ് കീപ്പര്‍ പരമ്പരയിലെ കേമനാവുക എന്ന അപൂര്‍വ്വ സംഭവവും അന്ന് ഷാര്‍ജയില്‍ കണ്ടു.

അതോടെ ഷാര്‍ജ ക്രിക്കറ്റ് കളിക്കാരുടെ ഇഷ്ട വേദിയായി മാറി. നിഷ്പക്ഷ വേദിയായതിനാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെന്നതും ഒരു ഘടകമായിരുന്നു. അതോടെ ഷാര്‍ജ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാന ക്രിക്കറ്റ് വേദിയായി മാറി.

ലോകക്രിക്കറ്റിലെ ഏറ്റവും പണമൊഴുകുന്ന വേദിയായി ഷാര്‍ജ. വിജയികള്‍ക്ക് സമ്മാനതുക 75,000 ഡോളറായി ഉയര്‍ന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഒരു കളി ജയിപ്പിച്ചതിന് കിട്ടിയത് വിലയേറിയ ടെയോട്ട സിഡ കാര്‍. നാല് സിക്‌സടിച്ച ഇംറാന്‍ ഖാന് സമ്മാനമായി മറ്റൊരു ടെയോട്ട കാര്‍ ലഭിച്ചു. 40 പന്തില്‍ 50 അടിച്ച തെണ്ടുല്‍ക്കര്‍ നേടിയത് 3,000 ഡോളര്‍ (71,000 രൂപ ) മാന്‍ ഓഫ് ദി സീരിയസ് സഞ്ജയ് മഞ്ചേക്കര്‍ക്ക് ലഭിച്ചത് 3,5000 ഡോളര്‍ (90,000) രൂപ. കൂടാതെ ഷാര്‍ജയിലെ കോടിശ്വരന്മാരായ വ്യവസായികള്‍ നല്‍കുന്ന വില പിടിച്ച സമ്മാനങ്ങള്‍ വേറെ. വിരമിച്ച ക്രിക്കറ്റ് കളിക്കാര്‍ക്ക് CBFS ആദരിച്ച് നല്‍കുന്ന ഉയര്‍ന്ന തുകയും ഷാര്‍ജ ക്രിക്കറ്റിന്റെ മാത്രം പ്രത്യേകതയായിരുന്നു. ഷാര്‍ജയിലുണ്ടായിരുന്ന ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി ഫീല്‍ഡ് സോബേഴ്‌സ് ഇതൊക്കെ കണ്ട് പറഞ്ഞു. ‘സൈക്കിള്‍ വാങ്ങാനുള്ള പണമാണ് അന്ന് ഞങ്ങള്‍ക്കൊക്കെ ലഭിച്ചത്. പാഡ് കെട്ടി വീണ്ടും ക്രീസിലിറങ്ങാന്‍ തോന്നുന്നു’.

16,000 സീറ്റുള്ള സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന ഇന്ത്യാ – പാക്ക് മത്സരങ്ങള്‍ കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇരച്ചെത്തി. പരമ്പരാഗത ശത്രുക്കളായ ഇന്ത്യ-പാക്കിസ്ഥാന്‍ കളികള്‍ തീവ്ര വീറും വാശിയിലേക്ക് ഉയര്‍ന്നതില്‍ ഷാര്‍ജ ക്രിക്കറ്റ് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അത് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വഴിയൊരുക്കി. പത്രങ്ങള്‍ ക്രിക്കറ്റിലെ ഈ ശത്രുത വളര്‍ത്തുന്നതില്‍ നല്ല പങ്കുവഹിച്ചു.

first austral-asia cup

1986 ൽ ഷാർജയിൽ നടന്ന ആദ്യത്തെ ഓസ്ട്രലേഷ്യ കപ്പ് ചാമ്പ്യൻമാരായ പാക്കിസ്ഥാൻ ടീം കപ്പുമായി

1985 ല്‍ ഷാര്‍ജയില്‍ നടന്ന റോത്ത്മാന്‍സ് കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമായിരുന്നു ടൂര്‍ണമെന്റിലെ മറ്റ് രണ്ട് ടീമുകള്‍. ഷാര്‍ജയില്‍ ഇന്ത്യന്‍ ടീം വിമാനമിറങ്ങുന്നതിന് 12 നാള്‍ മുന്‍പ് ഓസ്ട്രലിയയിലെ മെല്‍ബണില്‍ പാക്കിസ്ഥാനെ 8 വിക്കറ്റിന് ഫൈനലില്‍ ഇന്ത്യ തോല്‍പ്പിച്ച് ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് കപ്പ് നേടിയിരുന്നു. ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഷാര്‍ജയില്‍ വീണ്ടും പാക്കിസ്ഥാനുമായി ഏറ്റുമുട്ടി. ഓസ്‌ട്രേലിയയില്‍ ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് കപ്പില്‍ ഫൈനലിലടക്കം രണ്ട് കളികളിലും ഇന്ത്യ പാക്കിസ്ഥാനെ നിഷ്പ്രയാസം തോല്‍പ്പിച്ചു. ആ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പ്രതികാരബുദ്ധിയുമായാണ് പാക്കിസ്ഥാന്‍ ഷാര്‍ജയില്‍ എത്തിയത്. ക്യാപ്റ്റനായിരുന്ന ജാവേദ് മിയാന്‍ ദാദിനെ മാറ്റി പകരം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ കൂടിയായ ഇംറാന്‍ ഖാനായിരുന്നു പാക്കിസ്ഥാനെ നയിച്ചത്. അതിലവര്‍ ഇത്തവണ വിജയിക്കുമെന്ന് തോന്നിയതായിരുന്നു ഇന്ത്യാ-പാക്ക് മത്സരത്തിന്റെ ആദ്യ പകുതി.

1983 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ആവര്‍ത്തിച്ചുള്ള പരിക്ക് കാരണം ഇമ്രാന്‍ ഖാന്‍ പന്തെറിഞ്ഞിരുന്നില്ല, ബാറ്റ്‌സ്മാനും ക്യാപ്റ്റനുമെന്ന നിലയിലും അദ്ദേഹം അന്ന് ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ട് നിന്നിരുന്ന ഇമ്രാന്‍ വീണ്ടും ബൗള്‍ ചെയ്യാന്‍ ആരംഭിച്ചത് ഷാര്‍ജയിലെ ഈ മത്സരത്തിലാണ്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ വിട്ടു.

ആദ്യ പന്തില്‍ തന്നെ ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ ഓപ്പണര്‍ രവി ശാസ്ത്രിയെ എല്‍ബിഡബ്ല്യയുവില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. രവി ശാസ്ത്രി ഓസ്‌ട്രേലിയയിലെ ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് കപ്പില്‍ പരമ്പരയിലെ ‘ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായിരുന്നു’ അന്നത്തെ ഇന്ത്യന്‍ ടീമിന്റെ യുവ ഓള്‍റൗണ്ടറും. ഇതിനം വൈസ് ക്യാപ്റ്റനായ രവി ശാസ്ത്രി ഇതിനകം ടീമിന്റെ നെടുംതൂണായി മാറിയിരുന്നു.

അല്‍പ്പകാലത്തെ വിശ്രമമൊന്നും തന്റെ ബൗളിംഗിനെ തെല്ലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട്, ഇന്ത്യ റണ്‍സ് എടുക്കും മുന്‍പ് ശാസ്ത്രിയെ പുറത്താക്കി ഇമ്രാന്‍ ഖാന്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. 0 -1 വിക്കറ്റ്. വസിം അക്രത്തിനെ ബൗണ്ടറി പായിച്ച് ബാറ്റിംങ്ങ് തുടങ്ങിയ ഓപ്പണര്‍ ശ്രീകാന്ത് ഇമ്രാനെറിഞ്ഞ പന്ത് ഹുക്ക് ചെയ്തത് സ്‌ക്വയര്‍ ലെഗില്‍ സലിം മാലിക്കിന്റെ കയ്യില്‍ ഒതുങ്ങി. സ്‌ക്കോര്‍ 12 ന് 2 വിക്കറ്റ്. ഇമ്രാന്‍ അപാര ഫോമിലേക്ക് ഉയരുകയായിരുന്നു. നാല് പന്തില്‍ 2 റണ്‍സ് മാത്രം എടുത്ത ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ദിലീപ് വെങ്ങ് സര്‍ക്കാര്‍ പതറിത്തുടങ്ങിയിരുന്നു. ഇമ്രാന്റെ ഒരു മികച്ച ബൗണ്‍സര്‍ വെങ് സര്‍ക്കാരുടെ ബാറ്റിലുരസി പാക്ക് വിക്കറ്റ് കീപ്പര്‍ അഷറഫ് അലിയുടെ കൈയിലൊതുങ്ങി. സ്‌കോര്‍ 20 ന് – 3.

sunil gavaskar

1986 ഓസ്ട്രലേഷ്യ കപ്പിൽ സുനിൽ ഗവാസ്കർ

ഇന്ത്യന്‍ ക്യാപ്റ്റനും ഏറ്റവും അനുഭവ സമ്പത്തുള്ള ലോകത്തിലെ അന്നത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ സുനില്‍ ഗവാസ്‌ക്കറെ നിലയുറപ്പിക്കും മുന്‍പേ ഇറാന്‍ പുറത്താക്കി. ഇന്‍ സിംഗറില്‍ ബാറ്റില്‍ ഉരസി വിക്കറ്റ് കീപ്പര്‍ അഷറഫലിയുടെ രണ്ടാമത്തെ ക്യാച്ചിലൊതുങ്ങി ഗവാസ്‌ക്കര്‍ പുറത്തായി. ഗാലറികളില്‍ പാക്കിസ്ഥാന്‍ കാണികളുടെ ആവശം ഇരമ്പിക്കേറി. ഇന്ത്യ 28 – 4. ലോകകപ്പിലെ ഇന്ത്യന്‍ വിജയ ശില്‍പ്പിയായ, എത് ഫാസ്റ്റ് ബോളറേയും നിഷ്പ്രയാസം നേരിടുന്ന, മൊഹിന്ദര്‍ അമര്‍നാഥിന്റെ കുറ്റി ഇമ്രാന്‍ തെറിപ്പിച്ച് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. ഒരറ്റത്ത് യുവ ബാറ്റ്‌സ്മാന്‍ അസറുദ്ദീന്‍ പതറാതെ പിടിച്ചുനിന്നു. ലോകകപ്പ് നായകന്‍ കപില്‍ ദേവ് ബാറ്റ് ചെയ്യാന്‍ ക്രീസില്‍ വരുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 38 ന് 5. പതറാതെ നിലയുറപ്പിച്ച കപില്‍, അസറുദ്ദീന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 80 ല്‍ എത്തിയപ്പോള്‍ സ്പിന്നര്‍ തൗസീഫ് അഹമ്മദ് കപില്‍ ദേവിന്റെ കുറ്റി പിഴുതു.

47 റണ്‍സെടുത്ത അസറുദ്ദിന്‍ ടോപ്പ് സ്‌കോററായി. കപില്‍ 30 റണ്‍സെടുത്തു. ഓള്‍ റൗണ്ടര്‍ മദന്‍ലാല്‍ ഇമ്രാന്റെ മറ്റൊരു മികച്ച പന്തില്‍ വിക്കറ്റ് കീപ്പര്‍ അഷറഫ് അലിക്ക് ക്യാച്ച് നല്‍കികൊണ്ട് പുറത്തായി. ഇന്ത്യന്‍ വാലറ്റത്തെ അക്രവും മുദസ്സര്‍ നാസറും ചേര്‍ന്ന് പുറത്താക്കി. ഷാര്‍ജയില്‍ ഏറ്റവും ചെറിയ സ്‌ക്കോറില്‍ 125 റണ്‍സില്‍ ഇന്ത്യ പുറത്തായി. ഇമ്രാന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് 14 ന് 6 വിക്കറ്റ് -10 -2-14-6 നേടി കമെന്റര്‍മാരുടെയും പാക്ക് ആരാധകരുടേയും പ്രശംസ നേടി. ഇന്ത്യന്‍ കാണികള്‍ നിരാശയിലമര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ അനുകൂലികള്‍ ഗാലറികളില്‍ വിജയഭേരി മുഴക്കി.

wasim akram

1986 നവംബറിൽ ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീകാന്തിനെ പുറത്താക്കിയ വാസിം അക്രത്തിൻ്റെ ആഹ്ലാദം

ജയമുറപ്പിച്ച് ഇന്ത്യയുടെ ചെറിയ സ്‌കോര്‍ പിന്‍തുടരാനെത്തിയ പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ മോഹിസീന്‍ ഖാനും മുദസര്‍ നാസറും ബൗണ്ടറിയടിച്ച് ആത്മവിശ്വാസത്തോടെ ബാറ്റിംഗ് ആരംഭിച്ചു. അവസാനം കളിച്ച രണ്ട് മാച്ചുകളിലും പാക്കിസ്ഥാനെ തോല്‍പ്പിച്ചു എന്നത് മാത്രം കൈമുതലായാണ് നേരിയ പ്രതീക്ഷയോടെ ഈ ചെറിയ സ്‌കോറില്‍ പാക്കിസ്ഥാനെ കീഴടക്കാന്‍ ഗവാസ്‌ക്കറും സംഘവും ഇറങ്ങിയത്. പക്ഷേ, പാക്കിസ്ഥാനില്ലാത്ത ഒന്ന് ഗവാസ്‌ക്കറിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. ‘വിട്ടു കൊടുക്കാതെ പോരാടുകയെന്ന ആത്മവിശ്വാസം’. 1983 ജൂണ്‍ 5 ലെ ലോകകപ്പ് ഫൈനലില്‍ തങ്ങള്‍ നേടിയ ചെറിയ സ്‌കോറായ 183 ല്‍ അജയ്യരായ വെസ്റ്റ് ഇന്‍ഡീസിനെ 140 ല്‍ ഒതുക്കി ലോകകപ്പ് നേടിയപ്പോള്‍ ഉണ്ടായ, പോരാടാനുള്ള അതേ ‘ആത്മവിശ്വാസം ‘

പാക്കിസ്ഥാന്റെ സ്‌കോര്‍ 13 ല്‍ എത്തിയപ്പോള്‍ റണ്ണിനായി ഓടിയ മൊഹിസിനെ ഓഫ് സൈഡില്‍ നിന്ന് പന്ത് പിടിച്ച് മൊഹിന്ദര്‍ അമര്‍നാഥ് എറിഞ്ഞ ഡയറക്റ്റ് ത്രോവില്‍ റണ്‍ ഔട്ടാക്കി ഇന്ത്യ ആദ്യ പ്രഹരം നല്‍കി. പുതിയ ബാറ്റ്‌സ്മാന്‍ റമീസ് രാജ ബൗണ്ടറിയടിച്ച് മുദസ്സറിന് പിന്‍തുണ നല്‍കിയെങ്കിലും റോജര്‍ ബിന്നിയുടെ പന്ത് മുദസര്‍ സ്ലിപ്പിന് മുകളിലൂടെ പായിക്കാന്‍ ശ്രമിച്ചപ്പോള്‍ സുനില്‍ ഗവാസ്‌കര്‍ ഒറ്റക്കൈയില്‍ മനോഹരമായ ഡൈവിങ് ക്യാച്ച് എടുത്ത് പുറത്താക്കി. സ്‌കോര്‍ 2- 35.

പിന്നീട് പാക്കിസ്ഥാന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. സ്റ്റേഡിയത്തിലെ ഇരമ്പുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് രവി ശാസ്ത്രി ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ജാവേദ് മിയാന്‍ദാദിനെ പൂജ്യത്തിന് പുറത്താക്കി ഇത്തവണയും ഗവാസ്‌ക്കര്‍ തന്നെ സ്ലിപ്പില്‍ തന്റെ രണ്ടാമത്തെ ക്യാച്ച് എടുത്തു. പുതിയ ബാറ്റ്‌സ്മാന്‍ വിക്കറ്റ് കീപ്പര്‍ അഷറഫ് അലിയെ ശിവരാമകൃഷ്ണന്റെ പന്തില്‍ വെങ്‌സര്‍ക്കാര്‍ പിടിച്ച് പൂജ്യത്തിന് തന്നെ പുറത്താക്കി. പാക്ക് ആരാധകരുടെ വന്‍ ആര്‍പ്പുവിളികള്‍ക്കും നിലയ്ക്കാത്ത കയ്യടികള്‍ക്കും ഇടയില്‍ തന്റെ രാവിലത്തെ പ്രകടനം ബാറ്റ് കൊണ്ട് ആവര്‍ത്തിക്കാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ക്രീസില്‍ എത്തി. (പാക്ക് ഡ്രസ്സിങ് റൂമില്‍ നിന്ന് ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇമ്രാന്‍ പറഞ്ഞത്രെ,’ Main abhi match khatam kar kay aata hoon”I will finish the game in no time’). പക്ഷേ, സ്റ്റേഡിയത്തെ ഞെട്ടിച്ച് കൊണ്ട് ശിവരാമ കൃഷ്ണന്റ രണ്ടാമത്തെ പന്തില്‍, ക്രീസില്‍ നിന്ന് കേറിയടിക്കാന്‍ ശ്രമിച്ച ഇമ്രാനെ വിക്കറ്റ് കീപ്പര്‍ സദാനന്ദ് വിശ്വനാഥ് സ്റ്റമ്പ് ചെയ്തു പൂജ്യത്തിന് പുറത്താക്കി. 5 – 41 അപകടം മണത്ത പാക്കിസ്ഥാന്‍ റമീസും പാക്കിസ്ഥാന്റെ പുതിയ വാഗ്ദാനമായ ബാറ്റ്‌സ്മാന്‍ സലിം മാലിക്കും പതറിത്തുടങ്ങി. ശാസ്ത്രിയുടെ പന്തില്‍ തന്റെ മൂന്നാമത്തെ ക്യാച്ച് എടുത്ത് ഗവാസ്‌ക്കര്‍ സലിം മാലിക്കിനെ പുറത്താക്കി 76 – 6. ടോപ്പ് സ്‌കോററായ റമീസ് രാജയെ കപിലിന്റെ പന്തില്‍ ഗവാസ്‌ക്കര്‍ തന്റെ നാലാമത്തെ ക്യാച്ച് എടുത്ത് പുറത്താക്കി പാക്കിസ്ഥാന്റെ വിജയ പ്രതീക്ഷകളെ തകര്‍ത്തു.

imran khan and ravi sasthri

1985 ൽ റോത്ത്മാൻസ് കപ്പിൽ ഇംറാൻ ഖാൻ രവി ശാസ്ത്രിക്കെതിരെ ബൗൾ ചെയ്യുന്നു

രവി ശാസ്ത്രിയും ശിവരാമകൃഷ്ണനും ഓസ്ട്രലിയയില്‍ കാഴ്ചവെച്ച സ്പിന്‍ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. കാണികള്‍ We Want Sixer, We Want Sixer ഗാലറിയില്‍ പാക്ക് ആരാധകര്‍ അലറിക്കൊണ്ടിരിക്കെ അവസാന ബാറ്റ്‌സ്മാനായ തൗസീഫിനെ കപില്‍ദേവ് ക്ലിന്‍ ബൗള്‍ഡാക്കി വിജയമുറപ്പിച്ചു. ഇന്ത്യ ഒരിക്കല്‍ കൂടി പാക്കിസ്ഥാനെ അടിയറ പറയിച്ചു നാണം കൊടുത്തി. 6 വിക്കറ്റെടുത്ത ഇമ്രാന്‍ കളിയിലെ കേമനായി എന്നതു മാത്രമായിരുന്നു പാക്കിസ്ഥാന് ആശ്വസിക്കാനുണ്ടായ ഏക കാര്യം.

ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 3 വിക്കറ്റിന് തോല്‍പിച്ച് ഷാര്‍ജയില്‍ 4 നേഷന്‍സ് റോത്മാന്‍സ് കപ്പ് ചാമ്പ്യന്‍മാരായി. ഈ വിജയത്തോടെ ഷാര്‍ജയില്‍ അജയ്യരായി ഇന്ത്യന്‍ ടീം. അതോടെ ഇന്ത്യന്‍ – പാക്കിസ്ഥാന്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ഒരു യുദ്ധമായി മാറി പുതിയ ദിശയില്‍ കളികളില്‍ വീറും വാശിയും തുടങ്ങുകയായിരുന്നു.

1986 ലെ ആദ്യത്തെ ഓസ്‌ട്രേലേഷ്യാ കപ്പ് ഫൈനലില്‍ നടന്ന ഇന്ത്യാ പാക്ക് മത്സരം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാടകീയമായി അവസാനിച്ച ഏറ്റവും മികച്ച മത്സരമായി. എല്ലാ തോല്‍വികള്‍ക്കും പാക്കിസ്ഥാന്‍ ഈ മത്സരത്തിലൂടെ ഇന്ത്യയോട് പകരം വീട്ടി. ഇമ്രാന്‍ ഖാനായിരുന്നു പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍. 38 വര്‍ഷം മുന്‍പ് ബദ്ധവൈരികള്‍ ഏറ്റുമുട്ടിയ ഷാര്‍ജ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ഒരു ഏപ്രില്‍ 18 നാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജാവേദ് മിയാന്‍ ദാദ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഒരു തലമുറയെ മുറിവേല്‍പ്പിച്ച്, അവസാന പന്തില്‍ സിക്‌സറടിച്ച് ചരിത്ര വിജയം നേടിയത്. അതാണ് പാക്കിസ്ഥാന് അന്താരാഷ്ട ക്രിക്കറ്റില്‍ ആദ്യമായി ഒരു പ്രധാനപ്പെട്ട ഏകദിന കിരിടം നേടി കൊടുത്തത്.

kerry packer

കെറി പാർക്കർ

”ഇന്ന് അത് ഓര്‍ക്കുമ്പോള്‍ പോലും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല,’ ആ മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കപില്‍ ദേവ് വര്‍ഷങ്ങള്‍ക്ക് ശേഷം വസീം അക്രമുമായുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ആ ദിവസത്തെ കളിയെ അനുസ്മരിച്ചു. ‘ആ തോല്‍വി അടുത്ത നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം തകര്‍ത്തു”കപില്‍ പറഞ്ഞു. പിന്നിട് ഷാര്‍ജയില്‍ നടന്ന തുടര്‍ച്ചയായ 6 കളികളിലും പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചു. 5 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ പിന്നീട് ഷാര്‍ജയില്‍ 1991 ലെ വില്‍സ് ട്രോഫിയില്‍ ഒരു കളിയില്‍ പാക്കിസ്ഥാനെ ഇന്ത്യയ്ക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ യുഗം ആരംഭിച്ചിരുന്നു. പിന്നീട് ഇന്ത്യ ഷാര്‍ജയില്‍ പാക്കിസ്ഥാനെ ഒരിക്കലും ഭയന്നില്ല.

1998 ഏപ്രിലില്‍ ഷാര്‍ജയില്‍ നടന്ന കൊക്കക്കോള കപ്പില്‍ ‘മരുഭൂമിയിലെ കൊടുംങ്കാറ്റ്’ എന്നറിയപ്പെട്ട മത്സരം. ഫൈനലിലേക്ക് എത്താന്‍ ഇന്ത്യക്ക് മികച്ച റണ്‍റേറ്റ് വേണ്ട മത്സരത്തില്‍ ഓസ്ട്രലിയക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സച്ചിന്‍ പറഞ്ഞു.’ ഞാനുണ്ടാകും അവസാനം വരെ, ഇന്ത്യ ഫൈനല്‍ കളിക്കും.’ കളി പുരോഗമിച്ചപ്പോള്‍ സച്ചിന്റെ ബാറ്റിങ്ങിന്റെ ചൂട് ഷെയിന്‍ വോണ്‍ അടക്കമുള്ള ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ അറിഞ്ഞു.

sachin tendulkar bating

1998 ഷാർജയിൽ കൊക്കൊക്കോള കപ്പിൽ സച്ചിൻ്റെ പ്രകടനം

മത്സരം പുരോഗമിക്കവേ മരുഭൂമിയിലെ മണല്‍ക്കാറ്റ് ആഞ്ഞടിച്ചതോടെ കളി നിന്നു. കളി ഉപേക്ഷിച്ചാല്‍ ഇന്ത്യ പുറത്താകും. മണല്‍ക്കാറ്റ് അടങ്ങും വരെ സച്ചിന്‍ ഹെല്‍മെറ്റ് അഴിക്കാതെ, ബാറ്റ് താഴെ വെയ്ക്കാതെ കാത്തിരുന്നു. വീണ്ടും കളി തുടങ്ങിയപ്പോള്‍ വിജയലക്ഷ്യം മാറി. ജയിക്കാന്‍ 46 ഓവറില്‍ 276 റണ്‍സ്. ഫൈനലിലെത്താന്‍ 237.

ചുട്ടു പഴുത്ത ഷാര്‍ജ ഗ്രൗണ്ടില്‍ സച്ചിന്‍ സൂര്യനെപ്പോലെ കത്തിജ്ജ്വലിച്ചു. 131 പന്തില്‍ 143 റണ്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സും. ഓസ്‌ട്രേലിയ ചാമ്പലായി. ഫൈനലിലേക്ക് എത്തി. ജയത്തിലേക്ക് കുതിക്കുമ്പോള്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ സച്ചിന്‍ പുറത്തായി. മത്സരം ഇന്ത്യ തോറ്റെങ്കിലും റണ്‍റേറ്റില്‍ ഫൈനലില്‍ എത്തി.

രണ്ട് നാള്‍ കഴിഞ്ഞ് ഫൈനല്‍ 1997 ഏപ്രില്‍ 24. അന്ന് സച്ചിന്‍ തെണ്ടുല്‍ക്കറുടെ 25-ാം ജന്മദിനമായിരുന്നു.’ഫൈനലില്‍ ജയിച്ച് മതി പിറന്നാളാഘോഷം’
ഫൈനല്‍ മുന്‍പത്തെ കളിയുടെ തനിയാവര്‍ത്തനമായി. സച്ചിനെന്ന ഒറ്റയാന്‍ ഷാര്‍ജ സ്റ്റേഡിയത്തില്‍ സംഹാര താണ്ഡമാടി 12 ഫോര്‍, 3 സിക്‌സ്, 131 പന്തില്‍ 134 റണ്‍സ്. ഓസ്‌ട്രേലിയ ഒന്നും ചെയ്യാനാവാതെ സച്ചിന്റെ കളി നോക്കിനിന്നു. അവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കിക്കൊണ്ട് പിന്നീട് സച്ചിന്‍ പുറത്തായി. പക്ഷേ, വീണ്ടും വിക്കറ്റ് അമ്പയര്‍ക്കായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ സച്ചിന്‍ വീണ്ടും പുറത്തായി. പക്ഷേ ഇന്ത്യ കപ്പ് നേടി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ചതായി സച്ചിന്റെ ഈ രണ്ട് ഇന്നിംഗ്‌സും ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു.

1990 കളുടെ അവസാനത്തില്‍ ഷാര്‍ജയില്‍ ഒത്തുകളി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. ഒന്നും തെളിയിക്കപ്പെട്ടില്ലെങ്കിലും, അന്താരാഷ്ട്ര ടീമുകള്‍ വേദിയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ തുടങ്ങി – 2000 കളുടെ തുടക്കത്തില്‍ അത് നിഷ്പക്ഷ ടെസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നുവെങ്കിലും ഏറ്റവും വലിയ തിരിച്ചടി 2001 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ ടീമിനെ അവിടെ കളിക്കുന്നതില്‍ നിന്ന് വിലക്കിയതാണ്. ആ തിരിച്ചടിയില്‍ നിന്ന് ഷാര്‍ജ ഒരിക്കലും കരകയറിയില്ല. കാനഡയിലെ ടൊറൊന്റെയും സിംഗപ്പൂരും ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയായതോടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഷാര്‍ജയെ ഒഴിവാക്കി. പിന്നീട് ദുബായിലും അബുദാബിയിലും സ്റ്റേഡിയമുയര്‍ന്നതോടെ ഷാര്‍ജ അവര്‍ക്ക് വഴിമാറി കൊടുത്ത് പഴയ പ്രതാപത്തിന്റെ നിഴലിലായി.

davood ibrahim

1990 ഷാർജ കപ്പിൽ ദാവൂദ് ഇബ്രാഹിം കളി കാണുന്നു

1994 ല്‍ ഷാര്‍ജയില്‍ ഇന്ത്യയ്ക്കെതിരായ ഓസ്ട്രേഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഇന്ത്യന്‍ വാതുവെപ്പുകാരന്‍ പാകിസ്ഥാന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ആമിര്‍ സൊഹൈലിനെ സമീപിച്ചതായി ആരോപണമുയര്‍ന്നു. സ്‌കോര്‍ 10 എത്തുന്നതിനുമുമ്പ് വിക്കറ്റ് നഷ്ടപ്പെട്ടതിനും ഓപ്പണിംഗ് പങ്കാളി സയീദ് അന്‍വറിനെ റണ്ണൗട്ടാക്കിയതിനും സൊ ഹൈലിന് 2,500,000 രൂപ വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. വാതുവെപ്പുകാരന്‍ ടീമിലെ മറ്റുള്ളവരെയും ബന്ധപ്പെട്ടതായി പിന്നീട് വാര്‍ത്ത പുറത്തുവന്നു.

ഷാര്‍ജയില്‍ ചില മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് CBFS ചെയര്‍മാന്‍ അബ്ദുള്‍റഹ്‌മാന്‍ ബുഖാദിര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ‘ഷാര്‍ജ ക്രിക്കറ്റിന്റെ സല്‍പേര് ഇല്ലാതാക്കുക എന്നതാണ് ഈ ആരോപണങ്ങളുടെ ലക്ഷ്യം,’ ബുഖാദിര്‍ പറഞ്ഞു. ‘ഞങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു സ്വതന്ത്ര പാനല്‍ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു,’ ബുക്കാദിര്‍ പറഞ്ഞു. ഷാര്‍ജ പോലീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥനും ബ്രിട്ടനില്‍ നിന്നുള്ള ഒരു നിയമ വിദഗ്ധനും പാനലില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ലക്ഷ്യം വച്ചുള്ളതല്ല അന്വേഷണം. മറ്റെല്ലാവരെയും പോലെ, ഒത്തുകളിയുടെ ഈ വൈറസ് ക്രിക്കറ്റിലേക്ക് എങ്ങനെ വ്യാപിച്ചുവെന്ന് അറിയാന്‍ ഞങ്ങള്‍ക്കും ആകാംക്ഷയുണ്ട്,’ ബുക്കാദിര്‍ കൂട്ടിച്ചേര്‍ത്തു.

Javed Miandad's performance in the 1986 Australasia Cup final

1986 ഓസ്ട്രലേഷ്യ കപ്പ് ഫൈനലിൽ ജാവേദ് മിയാൻദാദിൻ്റെ പ്രകടനം

2000-ല്‍ മാച്ച് ഫിക്‌സിംഗ് അഴിമതിയെത്തുടര്‍ന്ന് ഷാര്‍ജയിലെ മത്സരങ്ങളും ഇല്ലാതാകുന്നതുവരെ, 15,000 ഡോളര്‍ തൊട്ട് 50,000 ഡോളര്‍ വരെ CBFS ക്രിക്കറ്റ് കളിക്കാര്‍ക്ക് ലഭിച്ചു. 2024 മാര്‍ച്ച് 17 വരെയുള്ള കണക്കനുസരിച്ച് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം 302 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് (ഏകദിനങ്ങള്‍, ടെസ്റ്റ്, ടി20 മത്സരങ്ങള്‍ ഉള്‍പ്പെടെ) ആതിഥേയത്വം വഹിച്ചിട്ടുണ്ട്, ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്ന വേദിയായി ഷാര്‍ജ. 2002 ഏപ്രില്‍ 1 ന് ഷാര്‍ജയിലെ താജ് എന്റര്‍ടെന്‍മെന്റ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി ടെന്‍ സ്‌പോര്‍ട്‌സ് എന്ന ടിവി ചാനല്‍ സ്ഥാപിച്ചതും അബ്ദുള്‍ റഹ്‌മാന്‍ ബുക്കാദിറാണ്.

ഒരു പ്രധാന പദവിയിലുള്ള ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വാതുവെയ്പ്പ് അപവാദത്തെക്കുറിച്ച് പറഞ്ഞത് ”ആ സമയത്ത് ഇന്ത്യയും പാകിസ്ഥാനും ഷാര്‍ജയില്‍ കളിക്കേണ്ടത് വലിയൊരു ലക്ഷ്യത്തിനാണെന്ന് അവര്‍ ഞങ്ങളെ വിശ്വസിപ്പിച്ചു, CBFC ഫണ്ട് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തികമായി സഹായമാകുമെന്ന് ഞങ്ങള്‍ കരുതി. എല്ലാം നിയമാനുസൃതമാണെന്ന് ഞങ്ങള്‍ വിശ്വസിച്ചു. അതിനു മുന്‍പ് ഈ കാര്യങ്ങളില്‍ ഒരിക്കലും അഴിമതി വിരുദ്ധ കേസുകളൊന്നും ഉണ്ടായിരുന്നില്ല, അതിനാല്‍ ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചോ സംഭാവന നല്‍കിയവരെക്കുറിച്ചോ ഞങ്ങള്‍ അന്വേഷിച്ചില്ല..

ഷാര്‍ജ ക്രിക്കറ്റില്‍ നിന്നുള്ള ലാഭം ക്രിക്കറ്റിന്റെ വികസനത്തിനായി ഉപയോഗിക്കുന്നില്ലെന്നും അത് സിബിഎഫ്എസിലെ ആളുകളിലേക്ക് എത്തുകയാണെന്ന ആരോപണങ്ങളും പിന്നീട് ഉയര്‍ന്നു.

”ഞങ്ങള്‍ ലാഭം നേടിയാലും ഇല്ലെങ്കിലും, അര്‍ഹരായ ക്രിക്കറ്റ് കളിക്കാര്‍ക്ക് 2 മില്യണ്‍ ഡോളറിലധികം ആനുകൂല്യങ്ങള്‍ ഞങ്ങള്‍ നല്‍കി. പങ്കാളിത്ത ഫീസ് എന്ന നിലയില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മികച്ച തുക നല്‍കിയിട്ടുണ്ട്, കൂടാതെ ടീമുകളുടെ യാത്ര, ബോര്‍ഡിംഗ്, താമസം എന്നിവയുടെ ചെലവുകള്‍ ഞങ്ങള്‍ വഹിച്ചു. മൈതാനത്തിന്റെയും സ്റ്റേഡിയത്തിന്റെയും നിക്ഷേപവും പരിപാലനവും ഓരോ പരിപാടിയുടെയും സംഘടനാ ചെലവുകളും കണക്കിലെടുക്കുമ്പോള്‍, ഷാര്‍ജ ക്രിക്കറ്റില്‍ നിന്ന് ഞാനോ മറ്റാരെങ്കിലുമോ CBFC ല്‍ നിന്ന് ലാഭം നേടിയിട്ടില്ല. ക്രിക്കറ്റിന് വേണ്ടി ഇത്രയധികം നിലനിന്ന CBFC ന് സമാനമായ മറ്റൊരു സ്ഥാപനം നിങ്ങള്‍ പറയാമോ. ”അബ്ദുള്‍ റഹ്‌മാന്‍ ബുഖാദിര്‍ ഈ ആരോപണങ്ങളോട് ഇങ്ങനെ പ്രതികരിച്ചു.

miandad, abdul rahman bukhatir, asif iqbal

ബുക്കാദിനും ആസിഫ് ഇക്ബാലും മിയാൻ ദാദി നോടൊപ്പം

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഒരു കളിക്കാരന് ജീവിതം നിലനിര്‍ത്താന്‍ പ്രയാസമായിരുന്ന സമയത്ത്, നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് CBFC സഹായകരമായിരുന്നു. ഷാര്‍ജയില്‍ മത്സരങ്ങളില്‍ ക്രിത്രിമം നടന്നു എന്നത് ഉറപ്പാണ്. ഒരുപക്ഷേ, ബുക്കാദിറും CBFC ഉം അറിയാതെ നടന്ന ആ അഴിമതി നിര്‍ഭാഗ്യവശാല്‍ വിരമിച്ച ക്രിക്കറ്റ് കളിക്കാര്‍ക്ക് കിട്ടേണ്ട പല നേട്ടങ്ങളും ഇല്ലാതാക്കി.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിലപിടിച്ച IPL കാലം വന്നു. കളിക്കാര്‍ക്ക് വേണ്ടി കോടികളുടെ ലേലം നടക്കുന്നു. ദേശീയ ടീമില്‍ കളിച്ചില്ലെങ്കിലും ഒരു കളിക്കാരന് പണവും പ്രശസ്തിയും നേടാവുന്ന ഒന്നായി ഐപിഎല്‍ മാറിക്കഴിഞ്ഞു. എങ്കിലും ചരിത്രത്തില്‍ എല്ലാ ക്രിക്കറ്റ് പ്രേമികളുടെ മനസിലും ഒരു നൊസ്റ്റാള്‍ജിയയായി, ഷാര്‍ജ ക്രിക്കറ്റ് ഒരു അറബിക്കഥ പോലെ വിസ്മയമായി ഇപ്പോഴുമുണ്ട്. the dream world of sharjah cricket and abdul rahman bukhatir

Content Summary: the dream world of sharjah cricket and abdul rahman bukhatir

Leave a Reply

Your email address will not be published. Required fields are marked *

×