January 18, 2025 |

ലക്ഷ്യം സിപിഎമ്മിനെ മോശമാക്കല്‍ ചിന്താ ജെറോം

പാര്‍ട്ടി സമ്മേളനങ്ങളില്‍ അസ്വസ്ഥപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരാണ് ഇതെല്ലാം ചെയ്യുന്നത്

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ ചില്ല് കുപ്പിയില്‍ വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് കടുത്ത സോഷ്യല്‍ മീഡിയ ആക്രമണമാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ചിന്താ ജെറോമിനെതിരെ നടക്കുന്നത്. ഡിസംബര്‍ 11നാണ് കൊല്ലം ജില്ലാ സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്‍ ചില്ല് കുപ്പിയിലാണ് അംഗങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയത്. പിന്നാലെ ചിന്താ ജെറോം കുപ്പിയില്‍ വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും കുടിക്കുന്നത് ബിയര്‍ ആണെന്ന തരത്തില്‍ വ്യാജ പ്രചാരണം നടക്കുകയും ചെയ്തു. സംഭവത്തില്‍ ചിന്താ ജെറോം അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെ: chintha jerome

‘സമ്മേളനത്തിലായത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അധികം ശ്രദ്ധ നല്‍കിയിരുന്നില്ല. സമ്മേളനങ്ങളില്‍ ചില്ല് കുപ്പികളില്‍ വെള്ളം നല്‍കുന്നത് പിന്തുടര്‍ന്ന് വരുന്ന ഒരു രീതിയാണ്. സമ്മേളനങ്ങളില്‍ മാത്രമല്ല, വീടുകളില്‍ പോലും ചില്ല് കുപ്പിയില്‍ ചൂട് വെള്ളം ഒഴിച്ചുവെക്കാറില്ലേ. വേദിയില്‍ ചൂട് വെള്ളം കൊണ്ടുവന്നത് ഒഴിഞ്ഞ ചില്ല് കുപ്പിക്കകത്താണ്. ഞങ്ങള്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ അത് വീഡിയോ എടുക്കുന്നുണ്ടായിരുന്നു. വീഡിയോ ഞങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ടായിരുന്നു. വേദിയിലുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത്. പിന്നീട് ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് ശരിയായ കാര്യമല്ല. വാസ്തവ വിരുദ്ധമായ കുപ്രചരണങ്ങള്‍ നടത്തുന്നത് തെറ്റായ കാര്യമാണ്. ഞാനിതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരണം പങ്കുവെച്ചിരുന്നു’.

‘ഇത് സിപിഎമ്മിന് നേരെ നടക്കുന്ന ആക്രമണമാണ്. കാരണം സിപിഎമ്മിന്റെ ജില്ലാ സമ്മേളനമെന്ന് പറയുന്നത് ഏറ്റവും മാതൃകാപരമായ വിധത്തില്‍ കൊല്ലത്ത് നടക്കുകയാണ്. ജില്ലാ സമ്മേളനം നടത്തുന്നതിന് കുറച്ച് സവിശേഷതകളുണ്ട്. ഒന്ന് എന്ന് പറയുന്നത് ഇത് ആദ്യത്തെ ജില്ലാ സമ്മേളനമാണ്. മറ്റൊന്ന്, സംസ്ഥാന സമ്മേളനത്തിന് വേദിയാകാന്‍ പോകുന്ന ജില്ല കൂടിയാണ് കൊല്ലം. മൂന്നാമത്തെ പ്രത്യേകതയെന്തെന്നാല്‍ പാര്‍ട്ടിയുടെ സ്വന്തം സ്ഥലത്ത് വെച്ചാണ് ഈ സമ്മേളനം നടക്കുന്നത്. വളരെ മാതൃകാപരമായ സമ്മേളനമാണ് നടക്കുന്നത്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളെക്കുറിച്ചുമുള്ള പ്രമേയങ്ങള്‍ അവിടെ വന്നിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി മേഖലയെക്കുറിച്ചും അങ്ങനെ പല കാര്യങ്ങളെക്കുറിച്ചും സംസാരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതൊന്നും ചര്‍ച്ചയാക്കാതെ സമ്മേളനത്തെ എങ്ങനെയെങ്കിലും മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ മോശമാക്കി ചിത്രീകരിക്കാന്‍ ഒന്നും കിട്ടാതെ വന്നപ്പോഴാണ് ചില്ല് കുപ്പിയില്‍ വെള്ളം കുടിക്കുന്നതെടുത്ത് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. വളരെ അസംബന്ധമാണെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രചരണമാണിത്’.

‘പാര്‍ട്ടിയുടെ നേതൃനിരയിലുള്ള നേതാക്കളെല്ലാം ഇവിടെയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ് ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തിനുണ്ട്. ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. ഈ ആരോപണങ്ങളെല്ലാം മനപ്പൂര്‍വ്വമാണ്. എനിക്കെതിരെയുള്ള ആരോപണങ്ങളല്ല. പാര്‍ട്ടിയെ മോശപ്പെടുത്താനായി നടത്തുന്ന ആരോപണങ്ങളാണ് ഇവയൊക്കെയും. പാര്‍ട്ടി സമ്മേളനങ്ങളില്‍ അസ്വസ്ഥപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരാണ് ഇതെല്ലാം ചെയ്യുന്നത്’, ചിന്താ ജെറോം അഴിമുഖത്തോട് പറഞ്ഞു.

Post Thumbnail
പൊള്ള വാഗ്ദാനങ്ങളുടെ ഇരുപതാണ്ട്വായിക്കുക

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കാതെ ചില്ല് കുപ്പിയില്‍ വെള്ളമെത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സമ്മേളനവേദിയില്‍ ചില്ല് കുപ്പിയിലെ കുടിവെള്ള വിതരണം ചര്‍ച്ചയായതോടെ ചില്ല് കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളമെത്തിക്കുകയാണ് പിന്നീട് ഉണ്ടായത്. chintha jerome

Content Summary: The goal is to portray CPM in a negative light, chintha jerome

Chintha Jerome CPM beer bottle controversy kerala 

×