March 19, 2025 |

ചോരവാര്‍ന്ന് കര്‍ഷകന് ദാരുണാന്ത്യം; ഇറ്റലിയിലെ തൊഴില്‍ രംഗം വാഴുന്നത് ഇന്ത്യന്‍ ഗുണ്ടകളോ?

തൊഴില്‍ രംഗം നിയന്ത്രിക്കുന്നത് അധോലോക മാഫിയ

സ്‌ട്രോബറി തോട്ടത്തില്‍ ജോലിക്കെത്തിയതായിരുന്നു പഞ്ചാബ് സ്വദേശിയായ സത്‌നാംസിങ്. ഇന്ത്യക്കാരന്റെ കാര്‍ഷിക കമ്പനിയില്‍ സ്‌ട്രോബറി പഴങ്ങള്‍ പാക്ക് ചെയ്യുന്ന ജോലിയായിരുന്നു സിങിന്. കഴിഞ്ഞമാസം പച്ചക്കറി സംസ്‌കരണ ശാലയിലെ പണിക്കിടെ അദ്ദേഹത്തിന്റെ കൈ വൈന്‍ഡിംഗ് മെഷീനില്‍ കുടുങ്ങി. കൈപത്തി അറ്റുവീണു. ഇതറിഞ്ഞ തൊഴിലുടമ സിങിനെ അറ്റുപോയ കൈപ്പത്തി സഹിതം ഒരു വാനില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. വിവരമറിഞ്ഞു അദ്ദേഹത്തിന്റെ ഭാര്യ ഭര്‍ത്താവിനെ കണ്ടെത്തുമ്പോഴേക്കും രക്തം വാര്‍ന്ന് അവശനായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ചോരവാര്‍ന്ന് മരണമടഞ്ഞു. പിന്നാലെ ഇറ്റലിയില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. Death Of An Indian Worker In Italy.

വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത സിങ് കുടുംബവുമായി ഇറ്റലിയിലേക്ക് കുടിയേറിയത് മികച്ച ശമ്പളമടക്കമുള്ളവ പ്രതീക്ഷിച്ചായിരുന്നു. ഇറ്റലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത് ഇന്ത്യന്‍ ഏജന്‍സികളുടെ ആളുകളാണ്. ഇന്ത്യക്കാരുടെ തന്നെ കാര്‍ഷിക കമ്പനിയിലേക്ക് എന്ന് കൂടി കേട്ടപ്പോള്‍ സിങിന് കൂടുതല്‍ ധൈര്യം വന്നു. പക്ഷെ ഒരിക്കലും ലഭിക്കാത്ത സ്ഥിരമായ വര്‍ക്ക് പെര്‍മിറ്റിനായി 13,000 യൂറോ ഇറ്റലിയിലെ ഇന്ത്യന്‍ ഗുണ്ടാ മാഫിയകള്‍ക്ക് നല്‍കിയിരുന്ന, കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികളില്‍ ഒരാള്‍ മാത്രമായിരുന്നു മരിക്കും വരെ അയാള്‍.

സിങിന്റെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങളുടെ ഫലമായി മറനീക്കി പുറത്ത് വന്നത് തൊഴിലിന്റെ പേരില്‍ അടിമകളാക്കപ്പെട്ട ഇന്ത്യക്കാരുടെ ദുരിതാവസ്ഥകളാണ്. അവയെല്ലാം ചെയ്തിരിക്കുന്നതാവട്ടെ ഇറ്റലിയില്‍ തന്നെയുള്ള ഇന്ത്യന്‍ ഗുണ്ടാമാഫിയകളാണെന്നതും ഞെട്ടിക്കുന്നതാണ്. ഇറ്റലിയില്‍ എത്തികഴിയുമ്പോഴാണ് വര്‍ക്ക് പെര്‍മിറ്റ് ഇനിയും ശരിയായിട്ടില്ലെന്നത് പലരും അറിയുന്നത്. ഇത് ലഭിക്കും വരെ
സൗജന്യമായി ജോലി ചെയ്യാനാണ് ഇവരോട് ഇന്ത്യന്‍ മാഫിയ ആവശ്യപ്പെടുന്നതെന്നാണ് ഇറ്റലി പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഇത്തരത്തില്‍ ആഴ്ചയില്‍ ഏഴു ദിവസവും ദിവസേന പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്ത് സ്വന്തം വര്‍ക്ക് പെര്‍മ്മിറ്റിനായി കാത്തിരിക്കുകയാണ് ഈ തൊഴിലാളികള്‍. ഇത്തരം തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷയും തൊഴിലുടമകള്‍ നല്‍കുന്നില്ല. രോഗം, അപകടം തുടങ്ങിയ അവസരങ്ങളില്‍ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും നല്‍കാറില്ല. ഇതിന്റെ പരിണിത ഫലമായിരുന്നു സിങിന്റെ മരണം.

അധോലോക മാഫിയ കാപറാലാറ്റോ

ഇറ്റലിയിലെ തൊഴില്‍ രംഗം നിയന്ത്രിക്കുന്നത് അധോലോക മാഫിയകളാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. കുടിയേറ്റക്കാരും തദ്ദേശീയരുമായ കര്‍ഷകത്തൊഴിലാളികള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.

‘കാപറാലാറ്റോ ‘ എന്നാണ് ഈ സംഘത്തിന്റെ പേര്.

2016 ല്‍ തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂറിലധികം നിര്‍ബന്ധിതമായി ജോലിചെയ്തതിനാല്‍ മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഒരു ഇറ്റാലിയന്‍ സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കാപറാലാറ്റോ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇന്നും അത് സജീവമാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തില്‍ സത്‌നാംസിംഗിന്റെ കാലുകള്‍ക്കും പൊട്ടലുണ്ടായിരുന്നു. സിംഗിന്റെ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ചു ഹെലിക്കോപ്റ്ററര്‍ എത്തിയെങ്കിലും റോമിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും വൈകിയിരുന്നു. അമിതമായ രക്തസ്രാവത്താല്‍ പരിക്ഷീണനായ സത്‌നാംസിംഗ് രണ്ടു ദിവസത്തിനകം മരിക്കുകയും ചെയ്തു. മുപ്പത്തിയൊന്നുകാരനായ സത്‌നാംസിംഗ് നാലുവര്‍ഷം മുമ്പാണ് പഞ്ചാബില്‍ നിന്ന് ജോലി തേടി ഇറ്റലിയിലെത്തിയത്. അതിക്രൂരമായ ഈ സംഭവത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി നടുക്കം പ്രകടിപ്പിക്കുകയും തൊഴിലുടമയുടെ പവൃത്തിയെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

തൊഴിലുടമയുടെ മനോഭാവം അതിക്രൂരവും വെറുപ്പുളവാക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനി പ്രതികരിച്ചു. മനുഷ്യത്വരഹിതമായ ഇത്തരം നടപടികള്‍ ഇറ്റലിക്കുതന്നെ അപമാനകരമാണ്. തൊഴില്‍ രംഗത്തെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിനെ അഭിസംബോധന ചെയ്തുകൊണ്ട് മെലോനി പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയില്‍ കര്‍ഷകര്‍ക്കുള്ള പങ്കിനെ കുറച്ചുകാണാനാവില്ലെന്നും അവര്‍ പറഞ്ഞു. തൊഴില്‍ മന്ത്രി മറീന കാല്‍ഡെറോണ്‍ രാജ്യത്തെ കുടിയേറ്റത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരേ, കൂടുതല്‍ പരിശോധനകള്‍ ഉണ്ടാവുമെന്നും നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും പ്രസ്താവനയിറക്കിയിട്ടുണ്ട്. കാര്‍ഷികമായ ജോലികളിലെ ചൂഷണണത്തിനെതിരേ നടപടിയുണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി ഫ്രാന്‍സിസ്‌കോ ലോലോബ്രിജിത്തയും ഉറപ്പു നല്‍കിയിരിക്കയാണ്.

അധോലോക മാഫിയ കാപറാലാറ്റോ

English Summary: The Gruesome Death Of An Indian Worker In Italy — And The True Crimes Of Undocumented Labor

×