June 04, 2026 |

‘ദിവസം 40,000 രൂപ വരെ ചെലവാകും, പിന്നെ ഞങ്ങള്‍ എങ്ങനെ ജീവിക്കും’; മണ്ണെണ്ണ വിലയില്‍ നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍

ഓരോ ഗ്രാമങ്ങളിലും മത്സ്യസംഭരണ ശാലകള്‍ വേണം

”40 കുതിരശക്തിയുള്ള വള്ളത്തിന്റെ എന്‍ജിന്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 25 ലിറ്റര്‍ മണ്ണെണ്ണ എങ്കിലും വേണം. ഒരു ദിവസം ആറ് മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 150 ലിറ്ററോളം മണ്ണെണ്ണ വേണ്ടിവരും. ഒരു മാസത്തേക്ക് വലിയൊരു തുക ഇന്ധനത്തിന് തന്നെ വേണം. പിന്നെ എങ്ങനെയാ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുക?” കൊച്ചിയിലെ മത്സ്യത്തൊഴിലാളിയായ രാജു അഴിമുഖത്തോട് പ്രതികരിച്ചു.

വരുമാനത്തിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി നീക്കിവെക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നു. ഇതിന് പുറമെയാണ് പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ മണ്ണെണ്ണ വില ലിറ്ററിന് 52 രൂപ വര്‍ധിച്ച് 103 രൂപയില്‍ നിന്ന് 153.59 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം വള്ളങ്ങള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി, സംസ്ഥാന സര്‍ക്കാര്‍ 25 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ധനവ്.

”ചെറുവള്ളങ്ങളും മണ്ണെണ്ണയാണ് ഉപയോഗിക്കുന്നത്. മണ്ണെണ്ണ വിപണിയില്‍ ഉണ്ടെങ്കിലും വിലക്കയറ്റമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
നേരത്തെ ഡീസലും പെട്രോളും മണ്ണെണ്ണയുമെല്ലാം ഒരേ വിലയില്‍ ആയിരുന്നു. എന്നാലിപ്പോള്‍ മണ്ണെണ്ണയ്ക്ക് മാത്രം വില കുതിച്ചുകയറി. മണ്ണെണ്ണയ്ക്ക് കൃത്രിമ ക്ഷാമം വരുത്തി വില ഉയര്‍ത്തുകയാണ്” രാജു പറയുന്നു.

50 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് പ്രതിദിനം ഏകദേശം 40,000 രൂപ വരെ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളവും തമിഴ്‌നാടും മാത്രമാണ് മത്സ്യബന്ധനത്തിനായി ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളാകട്ടെ ഡീസലാണ് ഉപയോഗിക്കുന്നത്. ആ ഡീസലിനാകട്ടെ സബ്‌സിഡിയും ഉണ്ട്. തഴിനാടിനേലും ഇരട്ടി വിലയാണ് കേരളത്തില്‍ മണ്ണെണ്ണയ്ക്ക്. ഇവിടെ ഒരു മാസത്തേക്ക് 129 ലിറ്റര്‍ മണ്ണെണ്ണയാണ് സബ്‌സിഡിയായി മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടുക.

മണ്ണെണ്ണയുടെ വില വര്‍ധന കാരണം വലിയ എഞ്ചിന്‍ ബോട്ടുകളില്‍ പലതും പെട്രോളിലേക്കും ഡീസലിലേക്കും മാറി. മണ്ണെണ്ണയ്ക്ക് പുറമെ പെട്രോളിനും ഡീസലിനും വില വര്‍ധനയുണ്ടായിട്ടുണ്ട്. മത്സ്യലഭ്യത കുറഞ്ഞ ഒരു കാലഘട്ടമാണിത്.

”കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചാറ് മാസമായി കടലില്‍ മത്തിയാണ് അടുത്തിടെ വരെ ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇവയുടെ ലഭ്യതയും കുറഞ്ഞു. ചൂട് കൂടിയതാകാം കാരണമെന്നാണ് പറയപ്പെടുന്നത്. ഇതോടെ മത്തിയുടെ വിലയും ഉയര്‍ന്നു. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ് നിലവിലെ വില” മത്സ്യത്തൊഴിലാളി ഷാജി അഴിമുഖത്തോട് വ്യക്തമാക്കി.

എന്നാല്‍ കിട്ടുന്ന മത്സ്യത്തിന് ന്യായവില ലഭിക്കുന്നില്ലെന്ന പരാതി നിലവിലുണ്ട്. ഇതിനിടയിലാണ് മണ്ണെണ്ണ പ്രതിസന്ധി കൂടി ഉണ്ടാകുന്നത്. ഇതിലൂടെ മത്സ്യമേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും വള്ളങ്ങളുടെ ഉടമകളും നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്.

നെല്ല്, കൊപ്ര തുടങ്ങിയ വിഭവങ്ങള്‍ സംഭരിച്ച് വയ്ക്കുന്നത് പോലെ മത്സ്യം ശേഖരിച്ച് വയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണം കാലങ്ങളായി ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്, ഓരോ ഗ്രാമങ്ങളിലും മത്സ്യസംഭരണ ശാലകള്‍ വേണമെന്നാണ്. ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ മീന്‍ ലഭ്യത ഇല്ലാതെ വരുന്ന സാഹചര്യങ്ങളില്‍ സംഭരിച്ച് വച്ചവ നമുക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

മത്സ്യമേഖലയിലുള്ളവരെ പ്രധാനമായും ചൂഷണം ചെയ്യുന്നത് ലേലം നടത്തുന്നവരാണെന്ന ആക്ഷേപവും ശക്തമാണ്. ”ഞങ്ങളുടെ കൈയില്‍ നിന്നും ലേലക്കാര്‍ 100 രൂപയ്ക്കായിരിക്കും മത്സ്യം വാങ്ങുന്നത്. അവര്‍ പിന്നീട് അതേ മത്സ്യം 300 രൂപയ്ക്ക് വരെ വില്‍ക്കുന്നു. ഇത് പക്ഷേ ഞങ്ങള്‍ അറിയുക പോലുമില്ല. മത്സ്യലഭ്യത കൂടുതലുള്ളപ്പോള്‍ കടലില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന മത്സ്യങ്ങള്‍ പെട്ടെന്ന് വിറ്റഴിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സ്‌റ്റോറേജ് സംവിധാനമില്ലാത്തത് കൊണ്ടുതന്നെ ഇടനിലക്കാര്‍ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞങ്ങളത് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിലൂടെ വലിയ ചൂഷണമാണ് ലേലക്കാര്‍ മത്സ്യത്തൊഴിലാളികളോട് ചെയ്യുന്നത്” രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാര്‍ മത്സ്യമേഖലയെ അവഗണിക്കുകയാണെന്ന ആരോപണവും ശക്തമാണ്. വേണ്ടത്ര ഗൗരവത്തോടെ സര്‍ക്കാര്‍ മത്സ്യമേഖലയെ കാണുന്നില്ലെന്നാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്.

”മത്സ്യമേഖലയെ കരകയറ്റാന്‍ സര്‍ക്കാരിന് എളുപ്പമാണ്. എന്നിട്ടും എന്തുകൊണ്ടോ അവരത് ചെയ്യുന്നില്ല. സ്‌റ്റോറേജിങ് സംവിധാനത്തിലും വിപണനത്തിലും സര്‍ക്കാരും മത്സ്യഫെഡും യാതൊരു ഇടപെടലും നടത്തുന്നില്ല. കേരളത്തില്‍ 222 മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളുണ്ട്. ഇവയെല്ലാം എല്‍ഡിഎഫും യുഡിഎഫും ഭാഗിച്ചെടുത്തിരിക്കുകയാണ്. ഈ സഹകരണ സംഘങ്ങള്‍ വഴി ഓരോ ഗ്രാമത്തിലും എത്ര വള്ളങ്ങളുണ്ടെന്ന കണക്ക് സര്‍ക്കാരിന് എടുക്കാവുന്നതേയുള്ളൂ. മത്സ്യത്തിന് പ്രതീക്ഷിക്കുന്ന വില ലഭിക്കാത്ത സാഹചര്യത്തില്‍ അവ സ്‌റ്റോക്ക് ചെയ്ത് വയ്ക്കാനുള്ള സംവിധാനത്തിനായി സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍കൈ എടുക്കേണ്ടതാണ്” ഷാജി അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.

Content Summary: The increase in kerosene prices has adversely affected the livelihood of the fishing community

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×