‘കേരളം പണിയുന്ന സ്‌നേഹഭവനങ്ങള്‍’

സര്‍ക്കാരിന് നന്ദി; ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മുണ്ടക്കെ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായവര്‍ക്കുള്ള ഭവനങ്ങൾ ഉൾക്കൊള്ളുന്ന ടൗൺഷിപ്പെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ദുരന്തത്തിൽ മുറിവേറ്റ ഒരുപാട് കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിട്ടത്. നാടിനെയാകെ നടുക്കിയ ദുരന്തം സംഭവിച്ച് എട്ടു മാസങ്ങൾക്ക് ശേഷമാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. കേരളത്തിലാദ്യമായാണ് ഒരു വർഷത്തിനുള്ളിൽ ദുരന്ത ബാധിതർക്കുള്ള പുനരധിവാസം പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിതീവ്ര ദുരന്തമുണ്ടായാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അർഹിക്കുന്ന നഷ്ടപരിഹാരം നൽകാറുണ്ട് എന്നാൽ കേന്ദ്രം കേരളത്തെ തീർത്തും അവഗണിക്കുകയാണ് ചെയ്തത്. കേന്ദ്ര അവഗണനയ്ക്കിടയിലും ദുരിത ബാധിതരെ ചേർത്തു പിടിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. രാജ്യം ഭരിക്കുന്നവർ എന്ത് തന്നാലും ഇല്ലെങ്കിലും കേരളം അതീജിവിക്കുമെന്ന് നമ്മൾ പ്രവർത്തിയിലൂടെ കാണിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പുനരധിവാസം ഇത്ര വേഗം നടപ്പിലാവുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. എല്ലാം നഷ്ടപ്പെട്ടത്തിന്റെ വേദനയും നീറ്റലും ഒരിക്കലും മായില്ല. എന്നാലും ഒരു വീടാണ് ഏറ്റവും വലിയ  സ്വപ്നം അത് പൂർത്തിയാവുന്നതിൽ സന്തോഷമുണ്ടെന്ന് മുണ്ടക്കൈ-ചൂരൽമല നിവാസി ജസീല അഴിമുഖത്തോട് പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ഭാഗത്തുള്ള ഒരുപാട് ആളുകൾ വീട് ലഭിക്കാനുള്ള ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങളുടെ ഒരു ഭാഗം കൂടിയാണല്ലോ അവർ. ആദ്യ ഘട്ടത്തിൽ അല്ലെങ്കിലും ഇനിയുള്ള ഘട്ടത്തിലെങ്കിലും ഇവരും കൂടി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജസീല പറഞ്ഞു.

ഞങ്ങൾക്ക് താത്കാലിക ഭവനം ഒരുക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. എല്ലാ മാസവും 6000 രൂപയോളം വാടകയും അതിന് പുറമേ മൂന്നുറ് രൂപയും ലഭിക്കുന്നതായും ജസീല പറഞ്ഞു. വീടെന്ന സ്വപ്നം പൂർത്തിയായി കഴിഞ്ഞാൽ ഇനി ഉപജീവനമാർഗം കൂടി കണ്ടെത്തേണ്ടതുണ്ട് ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് അതും ഉടനെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജസീല പറഞ്ഞു.

 

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഉയരുക. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ പണിയുക. ഭാവിയില്‍ ഇരുനിലയാക്കാനാകും വിധമാകും വീടിന്റെ അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ടൗൺഷിപ്പിൽ താമസിക്കാൻ ആഗ്രഹിക്കാത്ത കുടുംബങ്ങൾക്ക് വീട് പണിയാനായി 15 ലക്ഷം രൂപയാണ് സർക്കാർ അുവദിച്ചിട്ടുള്ളത്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളും.

ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടമായി, വീട് ലഭിക്കുന്നുവെന്ന സന്തോഷം പോലും ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ലെന്ന് ചൂരൽമല നിവാസി അനീഷ് അഴിമുഖത്തോട് പറഞ്ഞു.

എല്ലാം വേഗത്തിലാക്കി തരാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ചികിത്സയുടെ കാര്യം മുതൽ വാടക വരെ കൃത്യമായി നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അജീഷ് വ്യക്തമാക്കി. ഇപ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും അനീഷ് വ്യക്തമാക്കി.

പുനരധിവാസ പ്രവർത്തനങ്ങളെല്ലാം വേഗത്തിലാക്കുന്നത് സന്തോഷം നൽകുന്നുണ്ട്, വീടെന്ന സ്വപ്നം പൂർത്തിയായി പഴയ പോലെ എല്ലാവരും ഒരുമിച്ച് നിൽക്കുന്ന ആ ജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്ന് അനീഷ്  പറഞ്ഞു.

ചൂരൽമല 12ാം വാർഡിൽ സ്കൂൾ റോഡിലാണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ വീടിനോട് ചേർന്ന് താമസിച്ചിരുന്ന എല്ലാവരും ഇന്ന് ഇല്ലാതായി. എവിടെയാണ് എങ്ങനെയാണ് വീട് ലഭിക്കുക എന്നുള്ള കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് ധാരണയില്ല. അതിന് ശേഷം ആരെയും കാണാനോ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല. ദുരന്തത്തിന് ശേഷം ജീവിത മാർഗം നഷ്ടമായ എനിക്ക് ഡിവൈഎഫ്ഐ ഒരു ജീപ്പ് വാങ്ങി തന്നിരുന്നു തൊള്ളായിരക്കണ്ടി ഭാഗത്ത് ഇപ്പോൾ ജീപ്പ് ഓടിയ്ക്കുകയാണ് താനെന്നും അനീഷ് വ്യക്തമാക്കി.

 

മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് 15ാം കേരളനിയമസഭയുടെ 12ാം സമ്മേളനത്തിൽ നടന്ന ചോദ്യോത്തര വേളയിൽ മാണി സി കാപ്പൻ, മോൻസ് ജോസഫ്, പി ജെ ജോസഫ്, അനൂപ് ജോസഫ് എംഎൽഎമാർക്ക് ജനുവരി 25ന് നൽകിയ മറുപടിയിൽ പുനരധിവാസം എത്ര ഘട്ടങ്ങളിലായി എങ്ങനെ നടപ്പിലാക്കും എന്നെല്ലാം വിശദീകരിച്ചിരുന്നു.

മുണ്ടക്കൈ പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും
മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതായി അന്ന് പറഞ്ഞിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇതിനായി KIIFCONനെ പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്/ എംപ്ലോയര്‍ പ്രതിനിധിയായി നിയമിച്ചതും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ എഞ്ചിനീയറിംഗ് പ്രൊക്വയര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ കരാറുകാരായി നിയമിച്ചതും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ട ലിസ്റ്റിലും , വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെ രണ്ടാം ഘട്ട ലിസ്റ്റിലും ഉള്‍പ്പെടുത്തി ഒരുമിച്ച് പുനരധിവാസം നടപ്പാക്കുക ആണ് സർക്കാർ ലക്ഷ്യം. ടൌണ്‍ഷി പ്പ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് പുനര്‍നിര്‍മ്മാണ സമിതിയും ,
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രമുഖ സ്പോണ്‍സര്‍മാരും അടങ്ങുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയര്‍പേഴ്സണായ ഏകോപന
സമിതിയും രൂപീകരിച്ചിരുന്നു. കൃത്യമായ മാസ്റ്റർ പ്ലാനുകളോടെയാവും മുണ്ടക്കൈയിലെ ടൌൺഷിപ്പ് ഒരുങ്ങുക ചരിവുള്ളതും , നിരപ്പുളളതുമായ പ്രദേശങ്ങൾക്ക് പ്രത്യേകം പ്ലാനുകളാണ് തയ്യാറാക്കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഓരോ വീടിനും 30.79 ലക്ഷം രൂപയാണ് ചിലവാകുന്നതെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

രക്ഷാപ്രവർത്തനം മുതൽ താത്കാലിക പുനരധിവാസം മുതലുള്ള കാര്യങ്ങളിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ആറു മാസത്തെ കറന്റ് ബിൽ, ഗ്യാസ് കണക്ഷൻ, മൂന്ന് മാസം അടിയന്തര സഹായമായി 10,000 രൂപ, ഒരു കുടുംബത്തെ ഒരാൾക്ക് പ്രതിമാസം 300 രൂപ അങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതെന്ന് മുണ്ടക്കൈ പ്രദേശത്തെ ആശപ്രവർത്തകയായ ഷൈജ അഴിമുഖത്തോട് പറഞ്ഞു

ടൌൺഷിപ്പിൽ വരാൻ പോകുന്ന വീടുകളുടെ എണ്ണം ചെറിയ ഒരു സംഖ്യയല്ല. 402 വീടുകളോളമാണ് നിർമ്മിക്കുക. അപേക്ഷ നൽകാനായി കളക്ട്രേറ്റിൽ പോയ സമയത്ത് ടൌൺഷിപ്പിന്റെ ഒരു മാതൃക ഞങ്ങളെ കാണിച്ചിരുന്നു. 1000 സ്ക്വയർ ഫീറ്റുള്ള നല്ലൊരു വീട്. പ്ലാൻ കണ്ടപ്പോൾ തന്നെ സന്തോഷമായി ഞാനും അതിൽ ഉൾപ്പെട്ട ഒരു ഗുണഭോക്താവാണ്. ഓണത്തിന് താക്കോൽ നൽകുമെന്നാണ് അറിയാൻ സാധിച്ചതെന്ന് ഷൈജ വ്യക്തമാക്കി.

ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ആളുകൾക്കും തന്നെ ഓരോ ക്ലസ്റ്ററായിട്ട് വീട് നൽകാനാണ് സർക്കാർ തീരുമാനം. ഭൂമിയുടെ കിടപ്പ് അനുസരിച്ച് ഓരോ ക്ലസ്റ്ററായാവും വീട് നിർമ്മിക്കുക. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത ആളുകളാണ് നിലവിൽ ലിസ്റ്റിന് പുറത്തുള്ളത്. എന്നാൽ അവരെയും കൂടി പരിഗണിക്കേണ്ടത് തന്നെയാണെന്നും ഷൈജ പറഞ്ഞു.

പടവെട്ടികുന്ന് ഭാഗത്തെ താമസക്കാരെ ഈ ദുരന്തം ബാധിച്ചിട്ടില്ല എന്ന് മാത്രമേയുള്ളൂ. എന്നാൽ ഇത്രയും വലിയ ദുരന്തം ബാധിച്ച ഒരു പ്രദേശത്ത് കൂടി നടന്ന് വേണം അവരുടെ വാസസ്ഥലങ്ങളിലേക്ക് എത്താൻ അത് ഒരു മനുഷ്യന് സാധിക്കുമെന്ന് തോന്നുന്നില്ല. ഇവരുടെ കുട്ടികളുടെ മാനസികാരോഗ്യത്തെയും ഇത് കാര്യമായി തന്നെ ബാധിക്കാം അതുകൊണ്ട് തന്നെ നേരിട്ട് ദുരന്തബാധിതരല്ലാത്ത എന്നാൽ ബാധിതരായ ആളുകളെ കൂടി ഇതിൽ ഉൾപ്പെടുത്തണമന്ന് ആഗ്രഹിക്കുന്നുവെന്നും ദുരന്തമുഖത്ത് മുഴുവൻ സമയം പ്രവർത്തിച്ചിരുന്ന ഷൈജ കൂട്ടിച്ചേർത്തു. 26 കോടിയോളം രൂപ കെട്ടി വച്ചാണ് എൽസ്ററൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതെന്നും ഷൈജ വ്യക്തമാക്കി.

content: The Kerala government’s involvement in the Wayanad Mundaki-Chooralmala landslide made rehabilitation faster

This post was last modified on March 27, 2025 6:22 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment