ബൗദ്ധികതയുടെ അദൃശ്യതലങ്ങളിലൂടെ ഇന്ത്യയില്‍/ കേരളത്തില്‍ ജാതിയുടെ അധീശമനസ് എങ്ങനെയാണ് ലക്ഷ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ മണ്ണൂത്തി ഹോർട്ടികൾച്ചർ ക്യാമ്പസ് യൂണിയൻ പുറത്തിറക്കിയ ഈ കാര്‍ട്ടൂണ്‍. രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും കലയുമെല്ലാം ജാതിയുടെ പ്രവര്‍ത്തന മേഖലകളാണ്. KSU cartoon against reservation
ശ്രദ്ധേയമായ ഒരു കാര്യം ഈ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തങ്ങളുടെ കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ജാതി സംവരണം നിര്‍ത്തലാക്കണമെന്ന പ്രഖ്യാപിത നിലപാടുള്ള ആര്‍എസ്എസ്-ബിജെപി വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി അല്ല. നിയമമിര്‍മാണത്തിലൂടെ സംവരണം ഭരണഘടനാതത്വമാക്കി മാറ്റിയ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു ആണ് എന്നതാണ്.
ഈ കാര്‍ട്ടൂണ്‍ രചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത് ഗീബല്‍സിയന്‍ ഫാസിസ്റ്റ് തന്ത്രമാണ്. വെറുപ്പും വിദ്വേഷവും ഹിംസയുമാണ് അതിന്റെ ഉള്ളടക്കം. ജാതിഘടനയുടെ കുഴമറിച്ചില്‍! സംവരണം മൂലം തകര്‍ന്നടിഞ്ഞ മുന്നാക്കക്കാര്‍. ഘടനയുടെ മുകള്‍ത്തട്ടായി മാറി സര്‍വസ്വവും സ്വന്തമാക്കിയ ആദിവാസികള്‍! എന്തൊരു ആത്മവഞ്ചനയാണിത്. ജാതി ഹിന്ദുക്കള്‍ക്ക് ആത്മക്ഷതമുണ്ടാക്കി അവരിലെ ആഭിജാത്യ ബോധത്തെയും ശൗര്യത്തെയും തട്ടിയുണര്‍ത്തിയും വൈകാരികമായി ചലിപ്പിച്ചും അവരെ ഒന്നിപ്പിച്ച് സംവരണ വിരുദ്ധ കലാപത്തിന് തയ്യാറാക്കുകയാണ് കാര്‍ട്ടൂണ്‍. ലക്ഷ്യം സംവരണമില്ലാത്ത ഇന്ത്യയാണ്; ഹിന്ദു രാഷ്ട്രം.
ഈ കാര്‍ട്ടൂണില്‍ കാണുന്നതുപോലെ കേരളത്തിലെ മുന്നാക്കക്കാര്‍ സര്‍വ്വ നാശത്തിലാണോ? ഒരിക്കലുമല്ല. ഇന്നും കേരളത്തിലെ സമ്പത്തും അധികാരങ്ങളും പദവികളും വിജ്ഞാനവുമെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ജാതിഘടനയുടെ മുകള്‍ത്തട്ടിലാണ്. മുന്നാക്കക്കാരില്‍ തന്നെയാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ 15 ശതമാനുള്ള നായര്‍ സമുദായത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭിക്കേണ്ട പ്രാതിനിധ്യത്തേക്കാള്‍ 36.36 ശതമാനം കൂടുതല്‍ ലഭിക്കുന്നുണ്ടെന്നാണ് 2024 ജൂലൈ രണ്ടിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തുവിട്ട സര്‍വ്വീസിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്ക് പറയുന്നത്. ഇത് 23 ശതമാനമുള്ള ഈഴവര്‍ക്കൊപ്പവും 26 ശതമാനമുള്ള മുസ്ലിങ്ങള്‍ക്ക് ഏറെ മുകളിലുമാണ്. അര്‍ഹമായ വിഹിതം ലഭിക്കാത്ത സാമൂഹ്യ വിഭാഗങ്ങളുമുണ്ട്.
എന്നിട്ടും എന്‍എസ്എസ് നേതൃത്വം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് നായര്‍ സമുദായം അവഗണിക്കപ്പെടുന്നുവെന്നും തങ്ങള്‍ പിന്നിലായിരിക്കുന്നുവെന്നുമാണ്. പരിഹാരം സംവരണമില്ലാതാക്കലും. മന്നം നയിച്ച സവര്‍ണ നവോഥാനത്തിന്റെ ബാക്കിപത്രമാണിത്. 2024 ജൂണ്‍ മൂന്നിന് കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ മാനവ ഐക്യവേദി എന്ന ഹിന്ദുത്വ സംഘടനയുടെ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് നായര്‍, ബ്രാഹ്‌മണ, ക്ഷത്രിയ, അമ്പലവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും 15 ശതമാനം സംവരണം നല്‍കണമെന്നാണ്.
അതേ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2006 ല്‍ തന്നെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തകമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം സാമ്പത്തികസംവരണം വ്യവസ്ഥ ചെയ്യുകയും 2013 ജനുവരി 13 ന് കേരള ഹൈക്കോടതി അതംഗീകരിക്കുകയും കേരളം അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്. അതിന്റെ പിന്നാലെയാണ് 2017 നവംബര്‍ ആറിന് പിണറായി സര്‍ക്കാര്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതൊന്നും ജാതി ഹിന്ദുക്കളെ സംതൃപ്തരാക്കാന്‍ പര്യാപത്മല്ലെന്നാണ് അവരുടെ ഓരോ നീക്കവും വ്യക്തമാക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 ജനുവരി രണ്ടാം വാരത്തില്‍ മുന്നാക്ക ജാതിക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചപ്പോള്‍ അത് മനുവാദികളുടെ ചരിത്ര വിജയമായി. ഈ പ്രഖ്യാപനത്തില്‍ പങ്കാളിയായ കേന്ദ്രമന്ത്രിയും എന്‍ഡിഎയുടെ ദലിത് മുഖവും എല്‍പിജെ നേതാവുമായ രാംവിലാസ് പാസ്വാന്‍ പറഞ്ഞത് മുന്നോക്ക ജാതിക്കാരുടെ സംവരണത്തോടുള്ള എതിര്‍പ്പ് ഇനിയെങ്കിലും അവസാനിക്കുമെന്നാണ്. എല്‍ജെപി മാത്രമല്ല ദലിത് രാഷ്ട്രീയ പാര്‍ട്ടികളായ ബിഎസ്പിയും ആര്‍പിഐയും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുകയുണ്ടായി. ചില ദലിത് സാമൂഹ്യ പ്രസ്ഥാനങ്ങള്‍ മാത്രമാണ് സാമ്പത്തിക സംവരണത്തെ എതിര്‍ത്തത്. എന്നാല്‍ ജാതി സംവരണത്തിന്റെ സുരക്ഷയ്ക്കായി സാമ്പത്തിക സംവരണത്തെ തുണച്ചവര്‍ക്ക് തെറ്റി. സംവരണമില്ലാത്ത ഇന്ത്യയിലേക്കുള്ള ശക്തമായൊരു ചുവട്വെപ്പു മാത്രമായിരുന്നു ജാതി ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സംവരണം.
നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന 10 ശതമാനം സാമ്പത്തിക സംവരണം 1992 ല്‍ സുപ്രിം കോടതി തള്ളിക്കളഞ്ഞപ്പോള്‍ അതിനോട് വിയോജിച്ചവരുടെ മുന്‍നിരയില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും മുന്‍ പ്രധാനമന്ത്രി വി പി സിംഗും, ഇടതുപക്ഷ നേതാവ് ഇഎംഎസ്സും, ദലിത് നേതാവ് രാംവിലാസ് പാസ്വാനുമുണ്ടായിരുന്നു. അവരില്‍ സംവരണമില്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് സാമ്പത്തിക സംവരണത്തിനു വേണ്ടി നില കൊണ്ടത് സംഘപരിവാര്‍ പ്രതിനിധിയായിരുന്ന അദ്വാനി മാത്രമായിരുന്നു.
സാമ്പത്തിക സംവരണം ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. കാര്‍ട്ടൂണ്‍ വരച്ച് കാട്ടുന്ന സംവരണമില്ലാത്ത ഇന്ത്യ സംഘപരിവാര്‍ അജണ്ടയാണ്. എണ്‍പതുകളുടെ അവസാനം വടക്കേ ഇന്ത്യയിലാകെ ആളിപ്പടര്‍ന്ന സംവരണ വിരുദ്ധ കലാപങ്ങള്‍ക്ക് മുന്നില്‍ സംഘപരിവാര്‍ മാത്രമല്ല, കോണ്‍ഗ്രസുമുണ്ടായിരുന്നുവെന്ന കാര്യം മറക്കരുത്. ഇടതുപക്ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കേരളത്തില്‍ സംവരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ സംഘപരിവാറിനു പകരം ഇഎംഎസ്സും ഇടതുപക്ഷവും പ്രതിസ്ഥാപിക്കപ്പെടുന്നുവെന്നത് അപകടകരമാണ്. പിന്നാക്ക-ദലിത് വിഭാഗങ്ങളിലേക്ക് ഇപ്പോള്‍ തന്നെ പടര്‍ന്നു കയറിയിരിക്കുന്ന സംഘപരിവാറിന് അവരെ തന്നെ ആശ്രയിച്ച് സംവരണം ഇല്ലാതാക്കാനുള്ള ഉറപ്പാണത്. KSU cartoon against reservation
Content summary; KSU college magazine includes a cartoon against reservation, which aligns with the basic agenda of the Sangh Parivar