June 04, 2026 |
Avatar
അമൃത സിംഗ്
Share on

കേശവ് കുഞ്ജ് സ്ഥിതി ചെയ്യുന്ന ഭൂമിയും തര്‍ക്കങ്ങളും ആര്‍ എസ് എസിന്റെ ചില ചരിത്രങ്ങളും

ദി കാരവന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ വിവര്‍ത്തനം. ഭാഗം-2

ദി കാരവാന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനം അനുമതിയോടു കൂടി മലയാള പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്നു.  (ഒന്നാം ഭാഗം –രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ)  ദി കാരവാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം; The RSS Does Not Exist;  Mapping the hidden structure of an unaccountable organisation

ഡല്‍ഹിയിലെ ആര്‍ എസ് എസ് ആസ്ഥാനമായ കേശവകുഞ്്ജ് സ്ഥിതിചെയ്യുന്ന ഭൂമി നേരത്തേ ഒരു ഉടമസ്ഥ തര്‍ക്കത്തിന്റെ കേന്ദ്രമായിരുന്നു 1947-ല്‍ ബദ്രിഭഗത് ഝണ്ഡേവാലന്‍ ക്ഷേത്ര സൊസൈറ്റിയില്‍നിന്ന് ആര്‍ എസ് എസിന്റെ രണ്ടാം മേധാവിയായ എം എസ് ഗോള്‍വാള്‍കര്‍ പണയത്തിന് വാങ്ങിയ ഈ ഭൂമി പിന്നീട് ആര്‍ എസ് എസിന്റെ തന്നെ മറ്റൊരു സ്ഥാപനമായ ശ്രീ കേശവ് സ്മാരക് സമിതിക്ക് കൈമാറി. ആദ്യകാലത്ത് ഈ ഭൂമി സര്‍ക്കാരിന്റേതാണ് എന്ന് ചൂണ്ടിക്കാണിച്ച് ഡല്‍ഹി വികസന അഥോറിറ്റി (ഡി.ഡി.എ) ഈ പണയത്തെ ഈ പണയത്തെ എതിര്‍ത്തിരുന്നു. പിന്നീട് ഡി.ഡി.എ കോടതിയില്‍ കേസിന് ഹാജറാകാതിരുന്നതിനാല്‍ എതിര്‍കക്ഷിയുടെ അഭാവത്തില്‍ കോടതി 1990-ല്‍ ക്ഷേത്ര ട്രസ്റ്റിന് അനുകൂലമായി വിധിച്ചു. അന്നുമുതല്‍ ആ പരിസരത്തെ താമസക്കാരെ അവിടെ നിന്ന് ഒഴിയുവാനായി ക്ഷേത്ര ട്രസ്റ്റ് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ എസ് എസില്‍ നിന്നും അവരുടെ അനുബന്ധ സംഘടനകളില്‍ നിന്നും ഭീഷണി നേരിടുകയാണെന്ന് പലരും എന്നോട് പറഞ്ഞു. പക്ഷേ പരസ്യമായി പറയാന്‍ അവര്‍ക്ക് ഭയമാണ്. ‘ക്ഷേത്രത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഭൂമാഫിയയാണിവര്‍’- കുടിയൊഴിപ്പിക്കലിനെ നേരിട്ട് കൊണ്ടിരിക്കുന്നവരില്‍ ഒരാളായ ഓം പ്രകാശ് പറഞ്ഞു.

ആര്‍ എസ് എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുകിട കരാറുകാരാണ് ആ ഭൂമി പതുക്കെ പതുക്കെ വികസിപ്പിച്ചെടുത്തത്. ഇതിന് വേണ്ടി പൊതുജനങ്ങള്‍ക്കിടയില്‍ ധനസമാഹരണം നടത്തുന്നുണ്ട് എന്നകാര്യമൊന്നും പുറത്തറിയിക്കാതെ യാതൊരു തരത്തിലുമുള്ള സാമ്പത്തിക സുതാര്യതയുമില്ലാതെയായിരുന്നു അതവര്‍ വികസിപ്പിച്ചെടുത്തത്. ഈ സമുച്ചയം പ്രവര്‍ത്തിക്കുന്നത് അടഞ്ഞ വാതിലുകള്‍ക്കുള്ളിലാണ്. കര്‍ക്കശമായ കാവലോടെ. മൂന്ന് തവണയാണ് ഞാന്‍ കേശവ് കുഞ്ജ് സന്ദര്‍ശിച്ചിട്ടുള്ളത്. ആദ്യം ഒരു ഗൈഡഡ് ടൂറിന്റെ ഭാഗമായി ഒരോന്നും പരിചയപ്പെടുന്ന ആളുടെ മേല്‍നോട്ടത്തില്‍, രണ്ടാം തവണ ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനോട് സംസാരിക്കാനായി, മൂന്നാം തവണ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍. ആര്‍ എസ് എസിന്റെ പ്രവര്‍ത്തകര്‍ അവരുടെ സൗകര്യത്തിലും അവരുടെ താത്പര്യപ്രകാരവും മാത്രമേ എന്തെങ്കിലും വിവരം കൈമാറുകയുള്ളൂ. മിക്കവാറും അത് അവരുടെ പ്രത്യയശാസ്ത്രം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും. ‘ആര്‍ എസ് എസിനെ മനസിലാക്കണമെങ്കില്‍, മനസിലാക്കുകയല്ല വേണ്ടത്, അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ്’-ആര്‍ എസ് എസ് പ്രവര്‍ത്തകനും ഇന്ത്യ ന്യൂസ് എന്ന സ്ഥാപനത്തിലെ ജേണലിസ്റ്റുമായ ഹരീഷ് ജിതേന്ദ്ര റാത്തോഡ് എന്നോട്ട് പറഞ്ഞു.

1925-ല്‍, നാഗ്പൂരില്‍, ആര്‍ എസ് എസ് ആരംഭിക്കുമ്പോള്‍ മുതല്‍ തന്നെ യൂറോപ്യന്‍ ഫാഷിസത്തില്‍ നിന്നുള്ള പ്രചോദനം അവരുള്‍ക്കൊണ്ടിരുന്നു. ആര്‍ എസ് എസിന്റെ സ്ഥാപകനായ കെ ബി ഹെഡ്ഗേവാറിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ബി എസ് മൂഞ്ചേ ഇറ്റാലിയന്‍ ഏകാധിപതി ബെനീറ്റോ മുസോളനിയെ നേരിട്ട് കണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയിരുന്നു. ഇറ്റലിയിലെ ഫാഷിസ്റ്റ് യൂത്ത് മൂവ്മെന്റിന്റെ മാതൃക അനുകരിക്കുന്നതിന് ഹൈന്ദവനേതാക്കളോട് മൂഞ്ചേ ആവശ്യപ്പെട്ടു. നാത്സി ജര്‍മ്മനിയുടെ ‘വംശാഭിമാന’ത്തെ ഗോള്‍വാള്‍കര്‍ പുകഴ്ത്തിയിട്ടുണ്ട്. ‘വീ ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡെഫൈന്‍ഡ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി-” അടിവേരുവരെ വൈവിധ്യങ്ങളുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ ഒരുമിച്ച് പോകുന്നത് തികച്ചും അസാധ്യമാണെന്ന് ജര്‍മ്മനി കാണിച്ച് തന്നത്, ഹിന്ദുസ്ഥാന്‍ മനസിലാക്കുകയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട പാഠമാണ്.’

‘ഗൂഢാലോചനാ രീതിയിലാണ് ഈ സംഘടനയുടെ സകലപ്രവര്‍ത്തനവും എന്നതാണിതിന്റെ പ്രത്യയശാസ്ത്രം തന്നെ’-ഡല്‍ഹി സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച പ്രൊഫസറും എഴുത്തുകാരനുമായ ഷംസുള്‍ ഇസ്ലാം ചൂണ്ടിക്കാണിച്ചു. ആര്‍ എസ് എസിനെ കുറിച്ചുള്ള ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് പ്രൊഫ. ഷംസുള്‍ ഇസ്ലാം. ആര്‍ എസ് എസിന്റെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ സുരുചി പ്രകാശന്‍ നേരത്തേ പ്രസിദ്ധീകരിച്ചതും പിന്നീട് പിന്‍വലിച്ചതുമായ ‘പരം വൈഭവ് കേ പഥ്് പര്‍’ എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. വിഭജന കാലത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍-സ്വയം സേവകര്‍- മുസ്ലീങ്ങളുടെ വേഷം ധരിച്ച് മുസ്ലീം ലീഗില്‍ നുഴഞ്ഞ് കയറി തന്ത്രപരമായ വിവരങ്ങള്‍ പലതും ചോര്‍ത്തിയിരുന്ന കാര്യം ആ പുസ്തകത്തില്‍ പറയുന്നുണ്ട്. കലാപം ഉണ്ടാക്കാനായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുസ്ലീങ്ങളുടെ വേഷം ധരിച്ച് ഹിന്ദുക്കളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന ആശങ്ക, 1948 മാര്‍ച്ചില്‍ പിന്നീട് ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയായി തീര്‍ന്ന രാജേന്ദ്ര പ്രസാദ്, ആഭ്യന്തര മന്ത്രി വല്ലഭായ് പട്ടേലിന് കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ന് ആ കുടിലമായ ഭൂതകാലത്തിന് മേല്‍ തിളക്കം വരുത്തി സൗമ്യമായ ഒരു സംഘടനയായി അവതരിപ്പിക്കാനാണ് ആര്‍ എസ് എസിന് താത്പര്യം. അവരുടെ വെബ്സൈറ്റില്‍ പാരമ്പര്യത്തെ കുറിച്ച് ‘രാജ്യത്തിന്റ സാംസ്‌കാരിക വേരുകള്‍’ എന്നും ‘ഭാരതത്തിന്റെ ദേശീയ ശോഭ’യെന്നുമൊക്കെ ആര്‍ എസ് എസ് വാചാലമാകുന്നുണ്ട്. ‘ദേശീയ പുനര്‍നിര്‍മ്മാണത്തിലുള്ള മുന്നേറ്റം’ എന്നാണ് ആര്‍ എസ് എസ് സ്വയം വിളിക്കുന്നത്. ‘ഒരു ദേശീയ സ്വഭാവവും മാതൃഭൂമിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണവും അച്ചടക്കവും സ്വയം നിയന്ത്രണവും ധൈര്യവും നായകത്വവും’ പരിപാലിക്കുമെന്നും അവര്‍ പറയുന്നു. ഇതെല്ലാം സാധിക്കുക ‘ഹിന്ദു സമൂഹത്തിന്റെ അടിത്തറ’ ശക്തിപ്പെടുത്തിക്കൊണ്ട് വേണമെന്നും ആര്‍ എസ് എസ് പറയുന്നു. മോദി ഭരണത്തിന്‍ കീഴില്‍ അവരുടെ ലക്ഷ്യങ്ങളില്‍ പലതും നേടിയെടുക്കാന്‍ ബി ജെ പി അവരെ സഹായിച്ചു. 1992-ല്‍ ഹിന്ദുത്വ തകര്‍ത്ത ബാബ്രിപള്ളിയുടെ അവശിഷ്ടങ്ങള്‍ മേല്‍ രാമക്ഷേത്രം പണിയായി അവര്‍ക്ക് സാധിച്ചു. രേഖകളില്ലാത്ത ഹിന്ദുക്കളെ സംരക്ഷിച്ചുകൊണ്ട് മുസ്ലീങ്ങളുടെ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സൗകര്യപ്രദമായ ഉപകരണമായ പൗരത്വ (ഭേദഗതി) നിമയം പാസാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ യൂണിയനില്‍ ചേരുമ്പോള്‍ ജമ്മുകശ്മീരുമായി ഒപ്പുവച്ച കരാറിനെ അട്ടിമറിച്ചുകൊണ്ട് 370 ചട്ടത്തെ അനധികൃതമായി റദ്ദാക്കാന്‍ അവര്‍ക്ക് സാധിച്ചു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ലോകവീക്ഷണം രൂപപ്പെടുത്തുകയും തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് താഴെത്തട്ടിലുള്ള പിന്തുണ നല്‍കുകയും രാജ്യത്തിന്റെ നയപരമായ കാര്യങ്ങളെ സ്വാധീനിക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രധാന പദവികളില്‍ അവരുടെ പ്രവര്‍ത്തകരെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോഴും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയേ ഇല്ല എന്ന് ആര്‍ എസ് എസ് ശഠിക്കുന്നു. തങ്ങളുടെ ചോരപുരണ്ട ഭൂതകാലത്തില്‍ വെള്ളപൂശി വര്‍ഗ്ഗീയതോ ബ്രാഹ്‌മണിക്കല്‍ മൂല്യബോധമോ ഇല്ലാത്തവരാണ് തങ്ങളെന്ന് ഭാവിക്കാനാണ് അവരുടെ ശ്രമം. ഒരു സാംസ്‌കാരിക സംഘടനയാണ് തങ്ങളുടേത് എന്നാണ് ആര്‍ എസ് എസ് പറയുന്നത്. എന്നാല്‍ ഒരു സൊസൈറ്റി എന്ന നിലയിലോ, ട്രസ്റ്റ് ആയോ സന്നദ്ധ പ്രവര്‍ത്തക സംഘടനയായോ ആര്‍ എസ് എസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വാസ്തവത്തില്‍ അവര്‍ ഒരു രേഖകളിലും നിലനില്‍ക്കാത്ത ഒരിടത്തും രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയാണ്. അതിന്നര്‍ത്ഥം രാജ്യത്ത് മറ്റുള്ളവര്‍ക്ക് ബാധകമായ ഏതുതരത്തിലുള്ള പൊതു പരിശോധനാരീതിയില്‍ നിന്നും ആര്‍ എസ് എസിന് ഒഴിഞ്ഞ് നില്‍ക്കാനാകും എന്നാണ്. അവര്‍ക്ക് രാജ്യത്തെ സര്‍ക്കാരിന് മുന്നില്‍ പോലും അവരുടെ വരുമാനം വെളിപ്പെടുത്തേണ്ടതില്ല. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്, ആദായ നികുതി നിയമം, കേന്ദ്ര ചരക്ക് സേവന നികുതി (ജി.എസ്.റ്റി) നിയമം, കമ്പിനി നിയമം എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നോണ്‍പ്രോഫിറ്റ് സ്ഥാപനങ്ങളും ട്രസ്റ്റുകളും കമ്പനികളും സംസ്‌കാരിക സ്ഥാപനങ്ങളും എങ്ങനെയാണ് നികുതികള്‍ അടയ്ക്കേണ്ടത് എന്നും അവരുടെ വരുമാനം സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടത് എന്നും വിവരിക്കുന്നുണ്ട്.  The land where Keshav Kunj is located and the controversies surrounding it, and some histories of RSS

തുടരും.

(നാളെ: സാമ്പത്തിക പരിശോധനകളും നികുതിയും നിയമങ്ങളും ബാധകമല്ലാത്ത ആര്‍ എസ് എസ്)

കാരവാന്‍ മാഗസിന്റെ സ്റ്റാഫ് റൈറ്റര്‍ ആണ് അമൃത സിംഗ്‌

വിവര്‍ത്തനം: ശ്രീജിത്ത് ദിവാകരന്‍

 

Content Summary; The land where Keshav Kunj is located and the controversies surrounding it, and some histories of RSS

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×