April 19, 2025 |

അദാനി കേസിൽ യുഎസ് നിയമ സഹായം ആവശ്യപ്പെട്ടിട്ടില്ല, മറുപടി നൽകി ഇന്ത്യൻ നിയമ മന്ത്രാലയം

ദി ​ഹിന്ദുവിന് ലഭിച്ച വിവരാവകാശ നിയമപ്രകാരമാണ് എസ്ഇസി ഇന്ത്യയുടെ നിയമ സഹായം തേടിയിട്ടില്ലെന്ന് വ്യക്തമായത്

അ​ദാനി ഗ്രൂപ്പ് മേധാവി ​ഗൗതം അദാനിയ്ക്കും അനന്തിരവനുമെതിരെയുള്ള കേസിൽ യുഎസ് നിയമ സഹായം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഇന്ത്യൻ നിയമ മന്ത്രാലയം. കൈക്കൂലി കേസിൽ ​ഗൗതം അദാനിയ്ക്കും അനന്തിരവനും സമൻസ് അയക്കുന്നതിൽ നിയമ മന്ത്രാലയത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നുവെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെ വാദം. ദി ​ഹിന്ദുവിന് ലഭിച്ച വിവരാവകാശ നിയമപ്രകാരമാണ് എസ്ഇസി ഇന്ത്യയുടെ നിയമ സഹായം തേടിയിട്ടില്ലെന്ന് വ്യക്തമായത്. നിയമ സഹായം തേടിയിരുന്നതായി എസ്ഇസി ന്യൂയോർക്ക് കോടതിയെ അറിയിച്ചിരുന്നു എന്നാൽ എസ്ഇസി അവകാശപ്പെടുന്ന സമയത്തോ മൂന്ന് ദിവസത്തിനുള്ളിലോ സഹായ അഭ്യർത്ഥനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നിയമകാര്യ വകുപ്പ് പറഞ്ഞു.

2024 നവംബറിലാണ് സോളാർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ അദാനിയും അനന്തരവൻ സാഗറും ഒരു പദ്ധതി ആസൂത്രണം ചെയ്തതായാണ് എസ്ഇസിയുടെ ആരോപമം. 2021ൽ അദാനി ഗ്രീൻ എനർജി പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഇരുവരും യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായി എസ്ഇസി ആരോപിച്ചു. അമേരിക്കയിലും അന്തർദേശീയമായും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൈക്കൂലി നൽകുന്നതിന് സൗകര്യമൊരുക്കിയെന്ന് ആരോപിച്ച് അസൂർ പവറിന്റെ മുൻ ഡയറക്ടറായ സിറിൽ കാബനേസിനെതിരെ, വിദേശ അഴിമതി നടപടി നിയമം (FCPA) ലംഘനത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിനും ഗൂഢാലോചനകൾക്കും നേതൃത്വം നൽകിയെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അഭിഭാഷകൻ അദാനിയ്ക്കും മറ്റ് ഏഴ് പേർക്കുമെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എഫ്സിപിഎ നിയമം ലംഘിക്കുവാൻ ​ഗൂഡാലോചന നടത്തിയെന്ന് അവകാശപ്പെട്ട് ഇവരിൽ അഞ്ച് പേ‌‍ർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ശിക്ഷ നടപ്പാക്കൽ താത്കാലികമായി നിർത്തി വച്ചിരുന്നു. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് അദാനി ​ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്.

265 മില്യണ്‍ ഡോളറിന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ടതും നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടതുമായ കേസുകളാണ് ഇവര്‍ക്കെതിരെ നിലവിലുള്ളത്. ഇരുവരും അമേരിക്കയില്‍ ഇല്ലാത്തതിനാലും അമേരിക്കന്‍ ജില്ലാ കോടതിക്ക് ഈ കേസ് സംബന്ധിച്ച പരാതികള്‍ ഔദ്യോഗികമായി ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും കൈമാറുന്നതിന് സാധിക്കാത്തതിനാലുമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയതെന്നായിരുന്നു യു.എസ് എസ്.ഇ.സിയുടെ വാദം. കൈക്കൂലി കേേസുമായി ബന്ധപ്പെട്ട് അദാനി ​ഗ്രൂപ്പിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും തെറ്റാണെന്നും കാണിക്കാനുള്ള എല്ലാ നിയമ വഴികളും തേടുമെന്ന് അദാനി ഗ്രൂപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. ​ഗൗതം അദാനിയെയും അനന്തിരവനെയും രക്ഷിക്കാനാണ് ട്രംപ് ഫോറിൻ കറപ്റ്റ് പ്രാക്ടീസെസ് ആക്റ്റിൽ ഭേദ​ഗതി വരുത്തിയതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. അദാനിയ്ക്ക് എതിരെയുള്ള കേസ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില പാർലമെന്റം​ഗങ്ങൾ കത്തയക്കുകയും ചെയ്തിരുന്നു.

content summary: The Law Ministry asserts that the US did not request its assistance in serving summons to Adani.

Leave a Reply

Your email address will not be published. Required fields are marked *

×