നിലവിലുള്ള സംഘടനകൾക്ക് ജനാധിപത്യമോ തുറസോ ഇല്ല
അമ്മയ്ക്കും ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എല്ലാം ബദലായി ജനാധിപത്യ ഉള്ളടക്കമുള്ള പുതിയ സംഘടന വൈകാതെ തന്നെ രൂപപ്പെടുമെന്ന് സംവിധായനും നിർമ്മാതാവുമായ ആഷിഖ് അബു പറഞ്ഞു. അഴിമുഖത്തിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഷിഖ്. മട്ടാഞ്ചേരി മാഫിയ എന്നത് സംഘപരിവാറിന്റെ പ്രചരണമാണെന്നും ആഷിഖ് പറഞ്ഞു. alternative organization in the film industry
ചോദ്യം: എന്താണ് സിനിമ രംഗത്തെ പുതിയ സംഘടനയുടെ ലക്ഷ്യം ? ആരാണ് ഈ സംഘടനയുടെ നേതൃത്വം ?
ആഷിഖ്: മലയാള സിനിമ രംഗത്തെ ജനാധിപത്യവത്കരിക്കുകയാണ് ലക്ഷ്യം. തൊഴിലിടമെന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട ഒരു മേഖലയായി സിനിമ രംഗം മാറണം. സിനിമ രംഗത്തെ കുറിച്ച് ഭരണകൂടവുമായി, സർക്കാർ സംവിധാനങ്ങളുമായി ചർച്ച നടത്തുകയും നയം രൂപീകരിക്കുകയും ചെയ്യേണ്ടത് ഇത്തരത്തിലുള്ള സംഘടനയാണ്. അങ്ങനെയൊരു സംഘടനയെ കുറിച്ചുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. അതിന് ഇപ്പോൾ സംഘടന രൂപപ്പെട്ടിട്ടില്ല. അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും എഴുത്തുകാരും മറ്റ് സങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവരും എല്ലാം ചേർന്നുള്ള സംഘടനയാണോ പ്രത്യേകം സംഘടനകളാണോ എന്നും തീരുമാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തിയ കുറിച്ച് പേരുടെ പേരാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്നത്. എന്നാൽ ഞങ്ങളാരുമാകില്ല ഈ സംഘടനയെ നയിക്കുന്നത്. അതിന്റെ നേതൃത്വമായി മാറാൻ പോകുന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ആളുകളായിരിക്കും. അത് സംവിധായകരോ പ്രശസ്തരോ ഒന്നുമാകണമെന്നില്ല. സംഘടനയെ മുന്നോട്ട് നയിക്കാൻ ശേഷിയുള്ള ആളുകളാകണം. സംഘടനയ്ക്ക് നിയമാവലിയും പ്രവർത്തനരീതിയും വേണം. കാലാകാലങ്ങളിൽ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് സ്ഥിരം സംവിധാനങ്ങൾ വേണം. ഇത്തരത്തിലുള്ള ബൈലോയുടെ രൂപീകരണവും കൂടുതൽ സിനിമ പ്രവർത്തകരുമായുള്ള കൂടിയാലോചനയുമാണ് ഇപ്പോൾ നടക്കുന്നത്. അധികം വൈകാതെ തന്നെ സംഘടന നിലവിൽ വരും.
ചോദ്യം: നിലവിലുള്ള സംഘടനകൾക്ക് എന്താണ് കുഴപ്പം? തൊഴിലാളികൾക്ക് വേണ്ടി ഫെഫ്കയെ രൂപപ്പെടുത്തിയ ബി ഉണ്ണികൃഷ്ണനെ പോലുള്ളവരുടെ നേതൃത്വം നല്ലതല്ലേ?
ആഷിഖ്: ബി ഉണ്ണികൃഷ്ണനല്ല, വിനയന്റെ നേതൃത്വത്തിലാണ് സിനിമ മേഖലയിലെ തൊഴിലാളികളെ സംഘടനിപ്പിക്കാൻ ആരംഭിച്ചതും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചതും. ബി ഉണ്ണികൃഷ്ണൻ വർഷങ്ങളോളം ഫെഫ്കയുടെ നേതൃത്വത്തിൽ തുടരുകയായിരുന്നു. ആ സംഘടനയ്ക്ക് ജനാധിപത്യമോ തുറസോ ഇല്ല. സിനിമ മേഖലകളിലെ തൊഴിലാളികൾ അംഗീകൃത തൊഴിലാളി യൂണികനുകൾക്ക് കീഴിലാണ് പ്രവർത്തിക്കേണ്ടത്. ബി എം എസ് ഇപ്പോഴേ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്തുകൊണ്ടാണ് സി ഐ റ്റി യുവും എ ഐ റ്റി സിയും ഐ എൻ.റ്റി.യു.സിയും ഒന്നും ഇല്ലാത്തത്? ബഹുരാഷ്ട്ര കുത്തക കമ്പിനികളിൽ വരെ തൊഴിലാളി യൂണിയൻ ആരംഭിക്കാൻ ധൈര്യവും ശേഷിയുമുള്ള സി ഐ റ്റി യു അടക്കമുള്ള സംഘടകൾ മലയാള സിനിമിയിലേയ്ക്ക് പ്രവേശിക്കാതിരിക്കുകയും ബി എം എസിന് മാത്രം യൂണിയൻ ഉണ്ടാവുകയും ചെയ്യുന്നത് ആരുടെ താത്പര്യമാണ്? ബി ഉണ്ണികൃഷ്ണനെ പോലുള്ള ആളുകളാണ് സിനിമ മേഖലയിൽ അംഗീകൃത തൊഴിലാളി സംഘടനകൾ പ്രവർത്തിക്കുന്നതിന് തടസമായി നിൽക്കുന്നത്. അത് തൊഴിലാളികളുടെ താത്പര്യത്തിന് എതിരാണ്.
ചോദ്യം: നിലവിൽ ഹേമകമ്മിറ്റി ഉയർത്തിയ വിട്ട ചർച്ചകളുടെ തുടർച്ചകളാണ് മലയാള സിനിമയിൽ നടക്കുന്നത്. അമ്മയെ പോലുള്ള സംഘടനകളുടെ തലപ്പത്ത് ആരോപണ വിധേയരായ ആളുകൾ വന്നത് കൊണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ടു. തൊഴിൽ മേഖല എന്ന നിലയിൽ സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാണോ പുതിയ സംഘടന? സ്ത്രീകൾ അടക്കമുള്ളവരുടെ തൊഴിൽ സാഹചര്യം ഇതുവഴി മെച്ചപ്പെടുമോ?
ആഷിഖ്: തൊഴിൽ സാഹചര്യം അടിയന്തിരമായി മെച്ചപ്പെടുത്തണമെന്ന് തന്നെയാണ് നിലവിലുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം മറ്റേതൊരു വ്യവസായത്തേപ്പോലേയും സിനിമ മേഖലയിലും ആവശ്യമാണ്. തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം. സ്ത്രീകൾക്ക് സുരക്ഷിതമായും സമാധാനമായും തുല്യപരിഗണനയോടെയും പ്രവർത്തിക്കാൻ സാധിക്കണം. ഇത് തന്നെയാണ് പുതിയ സംഘടനയുടെ താത്പര്യം. നിലവിലുള്ള സംഘടനകൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നതാണ് ഹേമകമ്മിറ്റി റിപ്പോർട്ടിന ശേഷം ഉണ്ടായിട്ടുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സർക്കാർ സിനിമമേഖലയുമായി നടത്തുന്ന ചർച്ചകളിൽ ഇപ്പോൾ ഈ മേഖലയെ പ്രതിനിധീകരിക്കുന്നത് തൊഴിലാളികളുടെ, സിനിമ മേഖലയുടെ താത്പര്യം സംരക്ഷിക്കാത്തവരാണ്. നയരൂപീകരണത്തിൽ ഇടപെടേണ്ടവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടരാണ്.
ചോദ്യം: സിനിമ മേഖലയിൽ പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് സത്യമാണോ?
ആഷിഖ്: ആരാണ് ഈ പവർ ഗ്രൂപ്പിലെ അംഗങ്ങൾ എന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ വിഷമമാണ്. എന്നാൽ പവർ ഗ്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വിവിധ സംഘടനകളുടെ നേതൃത്വങ്ങൾ വഹിക്കുന്നവർ ചേർന്ന് അവരുടെ താത്പര്യങ്ങൾ നടത്തിയെടുക്കാൻ പരസപരം സഹായിച്ചും സഹകരിച്ചും പ്രർത്തിക്കുമ്പോഴാണ് പവർ ഗ്രൂപ്പുകൾ ഉണ്ടാകുന്നത്. ഇതിന്റെ സ്വാധീന ശക്തി സിനിമ മേഖലയിലുണ്ട് എന്നത് സത്യമാണ്.
ചോദ്യം: ആഷിഖ് ഒക്കെ മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ് എന്നാണല്ലോ പറയുന്നത്
ആഷിഖ്: ഞാൻ മാത്രമല്ല, മമ്മൂട്ടി വരെ ഇതിന്റെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഇത് കൃത്യമായും ഒരു സംഘപരിവാർ നരേഷനാണ്. കൊച്ചി കേന്ദ്രീകരിച്ച് ഒരു സംഘം ചെറുപ്പക്കാർ സിനിമയിൽ പ്രവർത്തിക്കുകയും അവർ രാഷ്ട്രീയ ജാഗ്രതയോടെ പ്രതികരിക്കുകയും ചെയ്യുന്നതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. പൗരത്വ ബില്ലിനെ തുടർന്ന് രാജ്യം മുഴുവൻ നടന്നിരുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ സിനിമ പ്രവർത്തർ പ്രതിഷേധിച്ചതിന് ശേഷമാണ് മട്ടാഞ്ചേരി മാഫിയ എന്ന തരത്തിൽ സംഘപരിവാർ പ്രചരണം ആരംഭിച്ചത. ചില സ്ഥാപിത താത്പര്യക്കാർ ആ പ്രചരണത്തിന് പിന്തുണയും നൽകുന്നു.
content summary; The leadership of the alternative organization in the film industry will be decided democratically: Ashiq Abu