February 13, 2025 |

‘പ്രിയ റഫാ, നീ ചരിത്രമാണ്, ലോക ടെന്നീസിന്റെ അഭിമാനമുയര്‍ത്തിയവന്‍’

നീ ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കേ, വികാരഭരിതനാകും മുമ്പേ എനിക്ക് ചിലത് പറയാനുണ്ട്.

ലോക ടെന്നീസ് ചരിത്രത്തിലെ ഇതിഹാസ താരമായ റഫാല്‍ നഡാല്‍ പ്രൊഫഷണല്‍ ടെന്നീസ് രംഗത്ത് നിന്ന് വിടവാങ്ങുമ്പോള്‍ നഡാലിന്, എല്ലാക്കാലത്തും അദ്ദേഹത്തിന്റെ പ്രമുഖ എതിരാളിയും ഉജ്ജ്വല ടെന്നീസ് താരവുമായിരുന്ന റോജര്‍ ഫെഡറല്‍ അയച്ച കത്ത് ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നു. ടെന്നീസിലെ ഏറ്റവും വലിയ മാന്യന്മാരായി കണക്കാക്കപ്പെടുന്ന രണ്ട് ലോകോത്തര താരങ്ങള്‍ പരസ്പരം പുലര്‍ത്തുന്ന ബഹുമാനത്തിന്റേയും ആദരവിന്റേയും സ്‌നേഹത്തിന്റേയും വലിയ മാതൃകകളിലൊന്നായാണ് ഈ കത്തിനെ ആരാധകര്‍ കണക്കാക്കുന്നത്. the letter sent to Nadal by Roger Federel.

തന്നെ പലവട്ടം തോല്‍പ്പിച്ചിട്ടുള്ള നഡാലിനോടുള്ള വലിയ ആദരവും ആരാധനയും ഫെഡററുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. 15 വട്ടം ഫ്രഞ്ച് ഓപണ്‍ നേടിയിട്ടുള്ള റഫാ നഡാല്‍ ചരിത്രമാണെന്നും ലോക ടെന്നീസിന്റെ അഭിമാനമുയര്‍ത്തിയ ആളാണെന്നും ടെന്നീസ് കോര്‍ട്ടിലെ നഡാലിന്റെ ചലനങ്ങള്‍ വരെ തന്റെ ആരാധനയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഫെഡറര്‍ പറയുന്നു.

nadal and rafeal

റഫാല്‍ നഡാല്‍ റോജര്‍ ഫെഡറല്‍

കത്തിന്റെ പൂര്‍ണരൂപം.

വാമോസ് റഫാ!!

നീ ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കേ, വികാരഭരിതനാകും മുമ്പേ എനിക്ക് ചിലത് പറയാനുണ്ട്.

നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യം പറഞ്ഞ് തുടങ്ങാം: നീയെന്നെ തോല്‍പ്പിച്ചിട്ടുണ്ട് ഒരുപാട് തവണ. ഞാന്‍ നിന്നെ തോല്‍പ്പിച്ചതിലും എത്രയോ അധികം തവണ. മറ്റാര്‍ക്കും ഒരിക്കലും സാധിക്കാത്ത വിധം നീയെന്നെ വെല്ലുവിളിച്ചു. ക്ലേ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ നിന്റെ വീട്ടുമുറ്റത്തേയ്ക്ക് പ്രവേശിക്കുന്നത് പോലെ തോന്നും. പിടിച്ച് നില്‍ക്കുകയെങ്കിലും വേണമെങ്കില്‍ കഠിനമായി യത്‌നിക്കാന്‍ നീയെന്നെ നിര്‍ബന്ധിതനാക്കി. എന്റെ കളിയെ കുറിച്ച് സൂക്ഷ്മ വിചിന്തനം ചെയ്യാന്‍ നീയെന്നെ പ്രേരിപ്പിച്ചു എന്തിന് ചെറിയ ഒരു മുന്‍ തൂക്കം പ്രതീക്ഷിച്ച്, എന്റെ റാക്കറ്റിന്റെ പിടിയുടെ വലിപ്പം വരെ ഞാന്‍ മാറ്റി.

ഞാന്‍ അന്ധവിശ്വാസങ്ങളുള്ള ആളൊന്നുമല്ല. പക്ഷേ നീയതിനെ ഒക്കെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തി. നിന്റെ മൊത്തത്തിലുള്ള പരിപാടികള്‍. നിന്റെയാ ചടങ്ങുകള്‍. പട്ടാളക്കാര്‍ അണിനിരക്കുന്നത് പോലെ വെള്ളക്കുപ്പികള്‍ അടുക്കി വയ്ക്കുന്നത്, മുടിയൊതുക്കുന്നത്, അടിവസ്ത്രം വലിച്ചിടുന്നത്..എല്ലാമാകട്ടെ വന്‍ ശ്രദ്ധയോടെയും. രഹസ്യമായി ഞാനതെല്ലാം ഇഷ്ടപ്പെട്ടിരുന്നു. കാരണം അത് തികച്ചും അനുപമമായിരുന്നു നീയുമതേ.

rafeal

ശരി, ആദ്യകാലത്ത് ചിലപ്പോള്‍ അങ്ങനെ ആകില്ല. 2004ലെ ഓസ്‌ട്രേലിയന്‍ ഓപണിന് ശേഷം ഞാന്‍ ലോക ഒന്നാം നമ്പര്‍ താരമായി. ഞാന്‍ ലോകത്തിന്റെ നെറുകയിലെത്തി എന്നെനിക്ക് തോന്നി. ശരിക്കും ഞാന്‍ ലോകത്തിന്റെ നെറുകയില്‍ തന്നെയായിരുന്നു. രണ്ട് മാസത്തിന് ശേഷം മിയാമിയിലെ (യു.എസ് ഓപണ്‍) കോര്‍ട്ടില്‍ ചുവന്ന, കൈയ്യില്ലാ കുപ്പായവും ഇട്ട്, ബൈസെപ് മസിലൊക്കെ കാണിച്ച്, നീയെത്തി എന്നെ നിസ്സന്ദേഹം തോല്‍പ്പിക്കുന്നത് വരെ. മയ്യോകയില്‍ (റഫേല്‍ നഡാലിന്റെ ജന്മസ്ഥലമായ സ്പാനിഷ് ദ്വീപ്) നിന്നൊരു അസാമാന്യ പതിഭാശാലിയായ ഒരു പയ്യന്‍ എത്തിയിട്ടുണ്ട്, കാലഘട്ടത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭയാണ്, വൈകാതെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കും എന്നൊക്കെ തരത്തില്‍ നിന്നെ കുറിച്ച് അത് വരെ പരന്നിരുന്ന കഥകളൊക്കെ വെറും തള്ളുകളല്ല എന്നെനിക്ക് ബോധ്യമായി.

നമ്മള്‍ നമ്മുടെ യാത്രയുടെ തുടക്കത്തിലായിരുന്നു. ഇപ്പോഴിതാ അതിന്റെ അവസാനവും. ഇരുപത് കൊല്ലങ്ങള്‍ക്ക് ശേഷം, റഫാ, ഒരു കാര്യമെനിക്ക് പറയാതെ വയ്യ. എത്രയെത്ര മഹത്തായ നേട്ടങ്ങളാണ് നീ എത്തി പിടിച്ചത്! 14 ഫ്രഞ്ച് ഓപണ്‍ കിരീടങ്ങള്‍ സഹിതം! ചരിത്രപരമാണ്. നീ നിന്റെ രാജ്യമായ സ്‌പെയ്‌നിന്റെ അഭിമാനമുയര്‍ത്തി. കൂടെ ടെന്നീസ് ലോകത്തിന്റെ തന്നെ അഭിമാനവും.

നമ്മളൊരുമിച്ച് പങ്കിട്ട ഓര്‍മ്മകളെ കുറിച്ച് ഞാനെപ്പോഴും ആലോചിക്കും. നമ്മളൊരുമിച്ച് ഈ കായിക വിനോദത്തെ ഉയര്‍ത്തിയ കാലം. പകുതി പുല്ലും പകുതി കളിമണ്ണമുള്ള ഗ്രൗണ്ടിലെ ആ മത്സരം, എല്ലാക്കാലത്തേയും റിക്കോര്‍ഡായ 50,000ത്തില്‍ അധികം, കാണികള്‍ക്ക് മുന്നില്‍ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ മത്സരം..എല്ലായിപ്പോഴും പരസ്പരം മാനസികമായി തകര്‍ത്തുകൊണ്ടേയിരുന്നു, കോര്‍ട്ടില്‍ പരസ്പരം തളര്‍ത്തി, ചിലപ്പോള്‍ സമ്മാനദാന ചടങ്ങുകളില്‍, അക്ഷരാര്‍ത്ഥത്തില്‍, പരസ്പരം താങ്ങി നിര്‍ത്തി.

2016ല്‍ റഫാ നഡാല്‍ അക്കാദമി സ്ഥാപിക്കുന്നതിന് സഹായിക്കാന്‍ മയ്യോക്കയിലേയ്ക്ക് നിയെന്നെ ക്ഷണിച്ചതില്‍ എനിക്ക് ഇപ്പോഴും നന്ദിയുണ്ട്. നിനക്ക് കുറച്ച് വിനയം കൂടുതലായതിനാല്‍ അവിടേയ്ക്ക് എത്താല്‍ എന്നെ നിര്‍ബന്ധിക്കുന്നതിന് നിനക്ക് മടിയുണ്ടായിരുന്നുവെന്ന് എനിക്കറായാം. പക്ഷേ ആ അവസരം നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ക്ക് എല്ലാക്കാലത്തും നീ മാതൃകയായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ കുട്ടികള്‍ നിന്റെ അക്കാദമിയില്‍ പഠിക്കുന്നതില്‍ എനിക്കും മിര്‍ക്കയ്ക്കും വലിയ സന്തോഷമായിരുന്നു. അവര്‍ക്ക് അവിടം വലിയ ഇഷ്ടമാവുകയും അവരവിടെ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു മറ്റ് ആയിരക്കണക്കിന് ചെറുപ്പക്കാരായ കളിക്കാരേ പോലെ തന്നെ. ഒറ്റക്കാര്യത്തിലേ എനിക്ക് പേടിയുണ്ടായിരുന്നുള്ളൂ എന്റെ മക്കള്‍ (നിന്നെ പോലെ) ഇടത് കയ്യന്മാരായി തിരിച്ച് വരുമോ എന്ന്!

പിന്നെ ലണ്ടന്‍ 2022 ലാവര്‍ കപ്പ്. എന്റെ അവസാനത്തെ മാച്ച്. അന്ന് എന്റെ കൂടെ എതിരാളിയായിട്ടല്ല, എന്റെ ഡബ്ള്‍സ് പങ്കാളിയായി നീയുണ്ടായിരുന്നുവെന്നത് എനിക്ക് പറഞ്ഞറിയാക്കാന്‍ പറ്റാത്ത സന്തോഷമാണ്. ആ രാത്രി, ആ ടെന്നീസ് കോര്‍ട്ടില്‍ കണ്ണൂനീര്‍ പങ്കിടാന്‍ നീ കൂടിയുണ്ടായിരുന്നത് എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നായി എല്ലാ കാലത്തും നിലനില്‍ക്കും.

rafeal and nadal

2022-ൽ റോജർ ഫെഡറർ വിരമിച്ച മത്സരത്തിന് ശേഷം കളിക്കളത്തിൽ ഇരുന്ന് കരയുന്ന ഫെഡററും നഡാലും

റഫാ, നിന്റെ ഐതിഹാസികമായ ടെന്നീസ് യാത്രയുടെ അവസാന നിമിഷങ്ങളില്‍ നീ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നെനിക്കറിയാം. അതെല്ലാം തീരുമ്പോള്‍ നമുക്ക് സംസാരിക്കാം. ഇപ്പോള്‍ നിന്റെ ജീവിത വിജയത്തില്‍ വലിയ പങ്ക് വഹിച്ച, കുടുംബാംഗങ്ങളേയും ടീം അംഗങ്ങളേയും അനുമോദിക്കട്ടെ. പിന്നെ, നിന്റെ ഈ പഴയ സുഹൃത്ത് എല്ലായിപ്പോഴും, നീയിനി ചെയ്യാന്‍ പോകുന്ന ഏത് കാര്യത്തിനും, ഉച്ചത്തിലാര്‍പ്പ് വിളിച്ച് പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. the letter sent to Nadal by Roger Federel.

അപ്പോള്‍ റഫാ!!

എല്ലായിപ്പോഴും നല്ലത് വരട്ടേ,

നിന്റെ ആരാധകന്‍, റോജര്‍

നവംബര്‍ 19, 2024

content summary; When Rafael Nadal, the legendary star in the history of world tennis, is leaving the professional tennis scene, the letter sent to Nadal by Roger Federel.

×