Don’t you see I am mounted on my funeral pyre.
M.K.Gandhi
Every condition laid down by Gandhi for giving up
His fast is…..against the Hindus.
Nathuram Godse.
‘Gandhi – ko? Marne do.
Hum ko ? Makan do.’
(Let Gandhi die. Give us shelter)
Refugee Slogan.
ഗാന്ധി വധത്തിന്റെ ഗൂഢാലോചനയുടെ ചരിത്രപരമായ ഏറ്റവും കൃത്യമായ വിവരണമായി മനോഹര്‍ മാല്‍ഗോങ്കറുടെ ദിമെന്‍ ഹൂ കില്‍ഡ് ഗാന്ധി’ എന്ന പുസ്തകം കണക്കാക്കപ്പെടുന്നു ഗാന്ധിവധത്തിന്റെ ചരിത്രമെഴുതിയ മനോഹര്‍ മാല്‍ഗോങ്കറുടെ ഈ വിഖ്യാത ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 50 വര്‍ഷം തികയുകയാണ്.
ഗാന്ധി വധവും അതിന്റെ ഗൂഢാലോചനയും വിചാരണയുള്‍പ്പടെയുള്ള വിവാദമായ സംഭവങ്ങള്‍ അവതരിപ്പിച്ച സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ മറനിക്കുന്ന ചരിത്രത്തിന്റെ പുനരാവിഷ്‌കാരമായ മനോഹര്‍ മാല്‍ഗോങ്കര്‍ എഴുതിയ ‘The Men who Killed Gandhi ‘ എന്ന ചരിത്ര ഗ്രന്ഥം പുറത്ത് വന്നിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ഗാന്ധി വധത്തിന്റെ ഗൂഢാലോചനയുടെ ചരിത്രപരമായ ഏറ്റവും കൃത്യമായ വിവരണമായാണ് ഈ പുസ്തകം കണക്കാക്കപ്പെടുന്നത്. മൗണ്ട് ബാറ്റന്‍ പ്രഭു ഇന്ത്യയിലെ വെസ്രോയിയായി വരുന്നത് മുതല്‍ ചെങ്കോട്ടയില്‍ നടന്ന ഗാന്ധി വധക്കേസിന്റെ കുറ്റ വിചാരണ വരെയുള്ള ചരിത്ര സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് മനോഹര്‍ മാല്‍ങ്കോക്കറുടെ ഈ പുസ്തകം.
ദ മെന്‍ ഹൂ കില്‍ഡ് ഗാന്ധി കവര്‍ പേജും, മനോഹര്‍ മാല്‍ഗോങ്കറും
ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന, ആ കേസിന്റെ എവിടെയും പ്രസിദ്ധീകരിക്കാത്ത, പ്രാധാന്യമുള്ള അപൂര്‍വമായ സര്‍ക്കാര്‍ രേഖകളും ഫോട്ടോകളും ആദ്യമായി വെളിച്ചം കാണുന്നത് മാല്‍ഗോങ്കറുടെ ഈ ചരിത്രഗ്രന്ഥത്തിലൂടെയാണ്. ഗൂഡാലോചനക്കാലത്തെ കൊലയാളികളുടെ യാത്രകള്‍, താമസിച്ച ഹോട്ടലുകള്‍, അവരുമായി സന്ധിച്ചവരുടെ വിശദാംശങ്ങള്‍ എന്നിവ രേഖകളും ഫോട്ടോകള്‍ സഹിതം ഈ പുസ്തകത്തില്‍ നല്‍കിയിരിക്കുന്നു. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുമ്പോഴാണ് ഈ ചരിത്ര പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചതെന്ന അപൂര്‍വ്വതയും ഇതിനുണ്ട്. അത് കൊണ്ട് തന്നെ വിവാദമാകാനിടയുള്ള ബി.ആര്‍. അബേദ്ക്കറുടെ കേസിലെ ഇടപെടല്‍, കേസില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ പിന്നീടുള്ള കുറ്റസമ്മതങ്ങള്‍ എന്നിവ മല്‍ഗോക്കര്‍ ആദ്യ പതിപ്പില്‍ ഒഴിവാക്കി. പിന്നീട് ഇംഗ്ലീഷടക്കം 6 ഭാഷകളില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു.
ആരാണ് ഗാന്ധിയെ വധിച്ചത്? എന്തുകൊണ്ട്? എന്ന വിഷയം ചരിത്രകാരന്മാരും പണ്ഡിതന്മാരും നിരന്തരം എഴുതിയിട്ടുണ്ട് ഇപ്പോഴും എഴുതുന്നുമുണ്ട്. ഉത്തരം, വ്യക്തമായും, നാഥുറാം ഗോഡ്സെയില്‍ അവസാനിക്കുന്നില്ല. എന്തുകൊണ്ടാണ് താന്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്ന് വെടിയുണ്ടകള്‍ പായിച്ചതെന്ന് ഗോഡ്സെ കോടതിയില്‍ വാദം നടക്കുമ്പോള്‍ പറയുകയുണ്ടായി. ‘ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ നയത്തിനും പ്രവര്‍ത്തനത്തിനും നാശം വരുത്തിയ വ്യക്തിക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന് ഞാന്‍ പറയുന്നു,” എന്നാണ് നാഥുറാം ഗോഡ്സെ കോടതിയില്‍ പറഞ്ഞത്. ഈ ലോകം മുഴുവനും മഹാനായി ആദരിക്കുന്ന മഹാത്മാ ഗാന്ധിയെ വധിച്ചതിന് ഘാതകന് അയാളുടെ കാരണങ്ങളുണ്ടായിരുന്നു. നാഥുറാം ഗോഡ്‌സേയെ അന്ധമായി ആരാധിക്കുന്ന മതഭ്രാന്തന്മാര്‍ അത് ഇപ്പോഴും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാല്‍ഗോങ്കറുടെ ഈ പുസ്തകം വിലയിരുത്തുന്നത് അതിന്റെ കാര്യകാരണങ്ങളല്ല. മറിച്ച് രേഖകളുടെ പിന്‍ബലത്തോടെ ആ ഹത്യയിലേക്ക് എത്തിച്ചേര്‍ന്ന വഴികളും പോലീസിന്റെ പിടിപ്പുകേടും അനാസ്ഥയും എങ്ങനെ ഒരു മഹദ് വ്യക്തിയുടെ ജീവനെടുക്കാന്‍ വഴിയൊരുക്കിയെന്നത് രേഖകള്‍ സഹിതം തെളിവായി അവതരിപ്പിക്കുകയാണ്. ഗാന്ധി വധിക്കപ്പെട്ട് 20 വര്‍ഷം കഴിഞ്ഞ് മനോഹര്‍ മാല്‍ഗോങ്കര്‍ പ്രശസ്തമായ ‘ലൈഫ്'(TIME LIFE) മാസികയുടെ 1968 ഫെബ്രുവരി ലക്കത്തിലാണ് ഈ വിഷയം ലേഖന രൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനത്തിന്റെ അത്ഭുതകരമായ പ്രതികരണങ്ങളാണ് ഈ വിഷയം ഒരു പുസ്തകമാക്കാന്‍ മാല്‍ഗോങ്കറെ പ്രേരിപ്പിച്ചത്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഗാന്ധി വധത്തിന്റെ ഗൂഡാലോചന അന്വേഷിച്ച ഏകാംഗ കമ്മീഷനായ ജസ്റ്റീസ് ജീവന്‍ ലാല്‍ കപൂറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. പോലിസിന്റെ ഗുരുതരമായ വീഴ്ചയാണ് ഗാന്ധിജി കൊല്ലപ്പെടാന്‍ കാരണമെന്ന നിശിതമായ വിമര്‍ശനം കപൂര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതിനെ ശരിവെയ്ക്കുന്ന വ്യാഖ്യാനവും രേഖകളുമാണ് മല്‍ഗോങ്കറുടെ നീണ്ട ഗവേഷണത്തിന് ശേഷം എഴുതിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ചരിത്ര പ്രസിദ്ധമായ നവ്ഖാലി യാത്രയ്ക്ക് ശേഷം ഗാന്ധിജി ഡല്‍ഹിയില്‍ എത്തി ബിര്‍ളാ ഹൗസില്‍ താമസിച്ചു. ഇന്ത്യാ വിഭജനത്തിന് ശേഷം കരാറനുസരിച്ച്, ഇന്ത്യ പാക്കിസ്ഥാന് നല്‍കേണ്ട തുക ഉടനെ ല്‍കുക, ഇന്ത്യയില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്ന മുസ്ലിംങ്ങള്‍ക്ക് സംരക്ഷണം നല്‍കി അവരുടെ സ്വത്തുകള്‍ തിരികെ നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിറുത്തി 1948 ജനുവരി 13 ന് ആരംഭിച്ച ഉപവാസം 5 ദിവസം നീണ്ടു നിന്നു. പ്രധാന ആവശ്യങ്ങളെല്ലാം സാധിക്കുമെന്ന് ‘ പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ എഴുതി ഒപ്പിട്ട് കൊടുത്ത ശേഷം മാത്രമാണ് ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാന ഉപവാസം അവസാനിപ്പിച്ചത്.
ഗാന്ധിയെ വധിക്കാൻ ഗോഡ്സേ ഉപയോഗിച്ച ബറൈറ്റ കൈത്തോക്ക്
1947 ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പൂനെയില്‍ ഒരു ഗൂഡാലോചന രൂപം കൊള്ളാന്‍ തുടങ്ങി. തീവ്ര ഹിന്ദു പ്രസ്ഥാനമായ ‘ഹിന്ദു മഹാസഭ’ യിലെ ആറു പേര്‍ രഹസ്യയോഗം ചേര്‍ന്ന് രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തി. ‘ഹിന്ദു രാഷ്ട്ര’ യെന്ന മറാത്തി പത്രത്തിന്റെ എഡിറ്റര്‍ നാഥുറാം വിനായക് ഗോഡ്‌സെ, ആ പത്രത്തിന്റെ പ്രസാധകനായ നാരായണ്‍ ആപ്‌തേ, ഒരു കള്ളായുധക്കച്ചവടക്കാരനായ ദിംഗബര്‍ ബാഡ്‌ജേ, ഒരു ഗസ്റ്റ് ഗൗസ് ഉടമയായ വിഷ്ണു കാക്കറെ, മദന്‍ ലാല്‍ പാഹ്വ എന്ന അഭയാര്‍ത്ഥി, ഗോഡ്‌സേയുടെ സഹോദരനായ ഗോപാല്‍ എന്നിവരായിരുന്നു അംഗങ്ങള്‍. എല്ലാവരും വിരുദ്ധ സ്വഭാവക്കാരായിരുന്നെങ്കിലും ഒരു കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരായിരുന്നു. ‘മഹാത്മാഗാന്ധി ഹിന്ദുക്കളുടെ ശത്രുവാണ്. ഗാന്ധിയെ ഉന്‍മൂലനം ചെയ്‌തേ തീരൂ’. വര്‍ഗ്ഗീയ വിദേഷത്തിന്റെ ക്രൂരത ഏറെ അനുഭവിച്ച ഒരാള്‍ മാത്രമേ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. മദന്‍ ലാല്‍ പാഹ്വ. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഒരു അഭയാര്‍ത്ഥിയായിരുന്നു അയാള്‍. വര്‍ഗീയ കലാപത്തില്‍ അയാളുടെ അച്ഛന്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന് ധനസഹായം നല്‍കണമെന്ന ഗാന്ധിജിയുടെ ആവശ്യം കോണ്‍ഗ്രസിലെ ദേശീയ നേതൃത്വം അംഗീകരിച്ചത് എരിതീയില്‍ എണ്ണ ഒഴിച്ചപോലെ അവരുടെ ഗാന്ധി വിരോധം ആളിക്കത്താന്‍ കാരണമായി.
1948 ജനുവരി 20 ന് ഗാന്ധിജിയെ വധിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിന് പദ്ധതിയുമായി ഡല്‍ഹിയില്‍ ബിര്‍ളാ ഹൗസില്‍ എത്തി. ബിര്‍ളാ ഹൗസിലെ പ്രാര്‍ഥന യോഗത്തില്‍ ദിംഗബര്‍ ബാഡ്‌ജേ വെടി വെയ്ക്കാനും, വെടിവെച്ചാലുടന്‍ മദന്‍ ലാല്‍ ബോംബ് എറിയാനുമായിരുന്നു പ്ലാന്‍. എന്നാല്‍ വെടി വെയ്ക്കാന്‍ നിയുക്തനായ ദിംഗബര്‍ ബാഡ്‌ജേ തന്റെ ഒളിസ്ഥലത്തേക്ക് കേറുമ്പോള്‍ കണ്ടത് ഒറ്റക്കണ്ണനായ മുറിയുടമയേയാണ്. അത് ഒരു ചീത്ത ശകുനമായി അന്ധവിശ്വാസിയായ അയാള്‍ക്ക് തോന്നി. അയാള്‍ ഉടനെ വെടി വെയ്ക്കുന്നതില്‍ നിന്നു പിന്‍മാറി. പിന്നിട് അക്ഷമനായ മദന്‍ ലാല്‍ പാഹ്വ ബോംബ് പൊട്ടിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പോലീസ് മദന്‍ലാലിനെ പിടി കൂടി. അങ്ങനെ ആദ്യ വധശ്രമം പരാജയപ്പെട്ടു. ഗൂഡാലോചനയിലെ ബാക്കിയുള്ളവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.
ഗാന്ധി വധത്തില്‍ മാപ്പ് സാക്ഷിയാക്കപ്പെട്ട ദിഗംബര്‍ ബാഡ്‌ജെ
1947 ഓഗസ്റ്റ് 15 ന് ശേഷം വര്‍ഗീയ കലാപങ്ങളുടെ വെളിച്ചത്തില്‍ ബോംബെ, പുനൈ എന്നിവിടങ്ങളിലെ ഹിന്ദു തീവ്രവാദികളുടെ നീക്കങ്ങള്‍ രഹസ്യ പോലീസ് സൂക്ഷമായി നിരീക്ഷിച്ചിരുന്നു. ഒരോ രഹസ്യ ഫയലുകളിലും ഗോഡ്‌സെ, കാര്‍ക്കറെ , ആപ്‌തേ തുടങ്ങിയവരുടെ എല്ലാ ചലനങ്ങളും നീക്കങ്ങളും മുറയ്ക്ക് ഡല്‍ഹിയിലേക്ക് അയച്ചു കൊടുത്തിരുന്നു. ‘അങ്ങേയറ്റം അപകടകാരി’ എന്നായിരുന്നു നാരായണ്‍ ആപ്‌തേയെ സി. ഐ. ഡി. ഫയലില്‍ വിശേഷിപ്പിച്ചിരുന്നത്. കൂടാതെ ഹിന്ദു തീവ്രവാദികളുടെ ഏറ്റവും ആരാധ്യനായ നേതാവ് വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് ഇവരുമായുള്ള ഗാഡബന്ധവും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിയുടെ നേരെ നടന്ന ബിര്‍ളാ ഹൗസിലെ ആദ്യ വധശ്രമം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായ ഡല്‍ഹി ഡി. ഐ. ജി. സഞ്ജീവി ഈ സംഭവം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. അറസ്റ്റ് ചെയ്ത മദന്‍ലാല്‍ പാഹ്വയില്‍ നിന്ന് കിട്ടിയ വിവരം വെച്ച് ഡല്‍ഹി രഹസ്യാന്വേഷണ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഫയലുകളില്‍ ഉള്ള പേരുകള്‍ ഒത്ത് നോക്കിയാല്‍ മാത്രം മതിയായിരുന്നു. ഗാന്ധി വധത്തിലെ ഗൂഡാലോചനക്കാരെ മുഴുവന്‍ പിടി കൂടാന്‍. പക്ഷേ, അതുണ്ടായില്ല. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും നാംഥുറാം ഗോഡ്‌സേ ആ ദൗത്യം ഒറ്റയ്ക്ക് എറ്റെടുത്തിരുന്നു.
‘ഡല്‍ഹി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സഞ്ജീവിയുടെ ഭാഗത്തുള്ള വിവിധ വീഴ്ചകളും പിഴവുകളും പിന്നിട് ഗാന്ധിവധത്തിലെ ഗൂഡാലോചന അന്വേഷിച്ച കപൂര്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
‘ബോംബ് കേസിന്റെ അന്വേഷണത്തില്‍ എന്തെങ്കിലും ബുദ്ധിപരമായ താല്‍പര്യം കാണിക്കാന്‍ ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ കാണിച്ചതായി അന്വേഷണത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളൊന്നും സൂചിപ്പിക്കുന്നില്ല എന്ന് കപൂര്‍ കമ്മീഷന്‍ നിരീക്ഷിച്ചു. ‘കൊലപാതകത്തിനു ശേഷം, ഇന്ത്യയിലുടനീളമുള്ള ശുഷ്‌കാന്തിയുള്ള പ്രവര്‍ത്തനത്തിലേക്ക് പൊടുന്നനെ പോലീസ് ഉണര്‍ന്നു, ദുരന്തത്തിന് മുമ്പ് അത് ഇല്ലായിരുന്നു. കപൂര്‍ കമ്മീഷന്‍ പറയുന്നു. 1948 ജനുവരി 30 ന് 5 മണി കഴിഞ്ഞ് ഗാന്ധിജി കൂടെയുള്ള സഹായികളായ മനു, ആഭ എന്നീ രണ്ടു പെണ്‍കുട്ടികളോടൊപ്പം ബിര്‍ളാ ഹൗസിലെ പ്രാര്‍ത്ഥനാ വേദിയിലേക്ക് നടന്നു വരികയായിരുന്നു ഗാന്ധിജി. ‘കാക്കി വേഷമണിഞ്ഞ ഒരു തടിച്ച ചെറുപ്പക്കാരന്‍ ബാപ്പു വരുന്ന ഇടനാഴിലേക്ക് മുന്നോട്ട് കേറി വരുന്നത് മനു കണ്ടു. രാജ്യത്തിന് വേണ്ടി പ്രയോജനകരമായ വല്ല സേവനവും ഗാന്ധിജി ചെയ്തിട്ടുണ്ടെങ്കില്‍ അതിനായി അദ്ദേഹത്തെ വന്ദിക്കാന്‍ നാഥുറാം ഗോഡ്‌സേ തീരുമാനിച്ചിരുന്നു. കൈത്തോക്ക് കൈത്തലങ്ങളില്‍ മറച്ചു പിടിച്ച് അയാള്‍ അടുത്തെത്തിയ ഗാന്ധിജിയുടെ മുന്നില്‍ അരയോളം കുനിഞ്ഞു എന്നിട്ട് പറഞ്ഞു. ‘നമസ്‌തേ ഗാന്ധിജി’. ബാപ്പുവിന്റെ പാദം ചുംബിക്കാന്‍ അയാള്‍ ശ്രമിക്കുകയാണെന്ന് കരുതിയ മനു പറഞ്ഞു.’ സഹോദരാ, ബാപ്പു ഇപ്പോള്‍ തന്നെ പത്ത് മിനിറ്റ് വൈകി. ആ നിമിഷം നാഥു റാം മനുവിനെ തള്ളി മാറ്റി അയാളുടെ വലതു കൈയ്യിലെ ബെറെറ്റ കൈത്തോക്കിലെ കാഞ്ചി വലിച്ചു. 3 തവണ. മൂന്ന് വെടിയൊച്ചകള്‍ ആ പ്രാര്‍ത്ഥനാ മൈതാനത്തെ നിശബ്ദയെ ഭഞ്ജിച്ചു കൊണ്ട് ഉയര്‍ന്നു. തന്റെ പ്രിയപ്പെട്ട ബാപ്പു കൂപ്പിയ കൈകളോടെ പതുക്കെ നിലത്തേക്ക് വീഴുന്നത് മനു കണ്ടു. രക്തം ഖദര്‍ തുണിയില്‍ പടര്‍ന്ന് തുടങ്ങിയ ശുഷ്‌ക്കരമായ ആ ശരീരം താഴോട്ടു വീഴുമ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ പതുക്കെ ‘ഹേ റാം’ എന്ന് ഉരുവിടുന്നത് മനുകേട്ടു. അപ്പോള്‍ സമയം വൈകീട്ട് 5 മണി കഴിഞ്ഞ് 17 മിനിറ്റായിരുന്നു. 77 വര്‍ഷം മുന്‍പ് ഇതേ ദിവസം മഹാത്മാവ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുമ്പോള്‍ അദ്ദേഹത്തിന് 78 വയസ്സായിരുന്നു.
ഗാന്ധി വധവുമായി ബന്ധപ്പെട്ട് ടൈംസിന്റെ വാര്‍ത്ത
നാഥുറാം രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. അയാളെ തോക്കോടു കൂടി അറസ്റ്റ് ചെയ്തു. ബാക്കി പ്രതികളെ പോലീസ് ഒരു മാസത്തിനുള്ളില്‍ പിടി കൂടി. നാഥുറാം ഗോഡ്‌സേ, നാരായണ്‍ ആപ്‌തേ, വിഷ്ണു കാര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പാഹ്വ, ദിഗംബര്‍ ബാഡ്‌ജേ, അയാളുടെ ഭൃത്യന്‍ ശങ്കര്‍ കിസ്‌നിയ, ഗൂഡാലോചനക്ക് സഹായങ്ങള്‍ നല്‍കിയ പാര്‍ച്ചുറെ തുടങ്ങിയവരെ പ്രതികളാക്കി വിചാരണയ്ക്കായ് മെയ് 27 ന് ഡല്‍ഹിയിലേക്ക് അയച്ചു. ഈ പ്രതികള്‍ കൂടാതെ ഒരു വിശിഷ്ട വ്യക്തി കൂടി ഗാന്ധി വധകേസില്‍ പ്രതിയായി. 64 വയസ്സായ വീര്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന ഹിന്ദുരാഷ്ട്ര നേതാവ്.
ഗാന്ധി വധം അനേഷിച്ച ബോംബയിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജെ. ഡി. നഗർവാല
ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത് 26 വര്‍ഷം ബ്രിട്ടീഷുകാരുടെ തടവില്‍ കഴിഞ്ഞ വി.ഡി. സവര്‍ക്കര്‍ സ്വതന്ത്ര ഇന്ത്യയില്‍ ഈ കേസിന്റെ വിചാരണ സമയത്ത് ഒരു വര്‍ഷം മുഴുവന്‍ ജയിലില്‍ കഴിഞ്ഞു. കേസ് അന്വേഷിച്ച ബോംബയിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജെ. ഡി. നഗര്‍വാലയാണ് സവര്‍ക്കറെ പ്രതിയാക്കിയത്. മറ്റൊരു പ്രതിയായ മദന്‍ ലാല്‍ പാഹ്വ വധത്തിന് മുന്‍പ് സവര്‍ക്കറെ സന്ദര്‍ശിച്ചിരുന്നു. മറ്റ് പ്രതികളെല്ലാം സവര്‍ക്കറുടെ ആരാധകരായിരുന്നു എന്നതും കാരണമാക്കിയാണ് നഗര്‍വാല സവര്‍ക്കറെ പ്രതിയാക്കിയത്. അതൊരു ദുര്‍ബലമായ തെളിവായിരുന്നു. അന്നത്തെ ബോംബെ പ്രവശ്യയിലെ ആഭ്യന്തര മന്ത്രിയായ മൊറാര്‍ജി ദേശായിയോട് നാഗര്‍വാല സവര്‍ക്കറെ അറസ്റ്റ് ചെയ്യാന്‍ സമ്മതം ചോദിച്ചപ്പോള്‍ മൊറാര്‍ജി നിഷധിച്ച് കോപത്തോടെ പൊട്ടിത്തെറിച്ചു.’നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഈ പ്രദേശം മുഴുവന്‍ കത്തിയെരിയാന്‍ ഞാനാഗ്രഹിക്കുമെന്ന് നിങ്ങള്‍ കരുതുന്നോ?
സവര്‍ക്കറെ പ്രതിയാക്കുന്നതിനെ എതിര്‍പ്പുള്ള ദേശീയ നേതാക്കളും ഉണ്ടായിരുന്നു. മാല്‍ഗോങ്കറുടെ പുസ്തകത്തില്‍ ആദ്യ പതിപ്പില്‍ ഇല്ലാത്ത ഒരു സംഭവം പിന്നിടുള്ള പതിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സവര്‍ക്കറെ പ്രതിയാക്കിയതിനെ കുറിച്ച് ബി.ആര്‍ അബേദ്ക്കര്‍ സവര്‍ക്കറുടെ അഭിഭാഷകനായ പൂനെയിലെ അഭിഭാഷകന്‍ ബോപട്ക്കറുമായി ഡല്‍ഹിയില്‍ വെച്ച് നടന്ന സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്.
While in Delhi for the trial. Bhopathar had been put up in the Hindu Mahasabha. office. Bhopatkar had found it a little puzzling that while specific charges had been made against all the other accused. there was no specific charges against his client. He was pondering about his delence strategy when one morning. He was told that he was wanted on the telephone, os he went up to the oon m whhthe teeplonr wa kept, picked up the receiver and identified himself. His caller was Dr. Bhimrao Ambedkar, who merely said: ‘Please meet me this evenng at the sixth mile stone the Mathura road,’ but before Bhopatkar could say anything more put down the receiver.
That evening, when Bhopathar had himself driven to the place indicated he fond Ambedkar already waiting. He motioned to Bhopatkar to get into his car he Ambedkar himself, was driving, A few minutes later, he stopped the car and tolk Bhopatkar: There is no real charge against your client; quite worthless evidence been concocted. Several members of the cabinet were strongly against it. , but no avail. Even Sardar Patel could not go against these orders. But, take it from me, there just is no case. You will win.’ Who Jawaharlal Nehru?… But why? ( Page 284).
മാല്‍ഗോങ്കര്‍ തന്റെ പുസ്തകത്തില്‍ ഇത് ഉദ്ധരിച്ചിട്ടുള്ളത് 1989 ല്‍ സവര്‍ക്കര്‍ സ്മാരക കമ്മറ്റി പ്രസിദ്ധീകരിച്ച സമാഹാരത്തിലെ ഒരു വോള്യത്തില്‍ നിന്നാണ്. പക്ഷേ ഒരു അറിയപ്പെടുന്ന അഭിഭാഷകന്റെ പങ്കാളിത്തമുള്ള സംഭാഷണമായതിനാല്‍ , ഇത് വരെ ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി ഇപ്പോഴും ഈ വസ്തുത നിലനില്‍ക്കുന്നു.
ഗാന്ധിവധം വിചാരണ നടത്തിയ സ്‌പെഷൽ ജഡ്ജി – ആത്മചരൺ
ഡല്‍ഹി റെഡ് ഫോര്‍ട്ടിലെ വിശാലമായ ഒരു ഹാളില്‍ സ്‌പെഷല്‍ ജഡ്ജി ആത്മാ ചരണ്‍ മുന്‍പാകെ വിചാരണ നടന്നു. സവര്‍ക്കര്‍ അടക്കം 8 പ്രതികള്‍. കൊലക്കുറ്റം ഗൂഡാലോചന, തോക്കും സ്‌ഫോടകവസ്തുക്കളും കൈവശം വെയ്ക്കുക എന്നിവയായിരുന്നു കുറ്റങ്ങള്‍. രാഷ്ട്രീയ ലക്ഷ്യമിട്ട് നടത്തിയ ഈ കൊലക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും ഗോഡ്‌സേ വാദിച്ചു. വധിക്കാനുപയോഗിച്ച ആയുധം കരസ്ഥമാക്കുന്ന വേളയില്‍ നാരായണ്‍ ആപ്‌തേ ഗ്വാളിയോറില്‍ സന്നിഹിതനായിരുന്നു എന്ന് തെളിഞ്ഞതിനാല്‍ ഗോഡ്‌സേയോടൊപ്പം ആപ്‌തേക്കും മരണ ശിക്ഷ- തൂക്കു ശിക്ഷ- ലഭിച്ചു. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും തള്ളിപ്പോയി. മഹാത്മാഗാന്ധിയുടെ രണ്ട് പുത്രന്മാര്‍ ചേര്‍ന്ന് ജവഹര്‍ ലാല്‍ നെഹറുവിന് ഒരു ദയാഹര്‍ജി മരണശിക്ഷ വിധിച്ചവര്‍ക്ക് വേണ്ടി നല്‍കിയെങ്കിലും അത് അംഗീകരിച്ചില്ല.
ഗാന്ധി വധക്കേസിലെ പ്രതികൾ
പിൻ നിര : ശങ്കർ കിസ്നിയ, ഗോപാൽ ഗോഡ്സെ, മദൻ ലാൽ പാഹ്വ, ദിഗംബർ ബാഡ്ജേ
മുൻനിരയിൽ: നാരായൺ ആപ്തേ , വിനായക സവർക്കർ, നാഥുറാം ഗോഡ്സെ, വിഷ്ണു കാക്കറെ.
ദിഗംബര്‍ ബാഡ്‌ജേ കോടതിയില്‍ മാപ്പു സാക്ഷിയായി. വീര്‍ സവര്‍ക്കറെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. ബാക്കി പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. പിന്നീട് ശങ്കര്‍ കിസ്‌നിയ, പാച്ചുറേ എന്നിവര്‍ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവായി. 1949 നവംബര്‍ 15 ന് നാഥുറാം ഗോഡ്‌സേയും, നാരായണ്‍ ആപ്‌തേയും തൂക്കിലേറ്റപ്പെട്ടു. തന്റെ രാഷ്ട്രീയ എതിരാളിയായ മഹാത്മാ ഗാന്ധി വധിക്കപ്പെട്ട്, പതിനെട്ട് വര്‍ഷത്തിന് ശേഷം, 1966 ഫെബ്രുവരി 26 ന് എന്നുംവിവാദ പുരുഷനായിരുന്ന വിനായക സവര്‍ക്കര്‍ അന്തരിച്ചു.
ഗാന്ധിജിയുടെ ഭൗതിക ശരീരം ഔദോഗിക ബഹുമതിയോടെ ദർശനത്തിനായി ഡൽഹിയിൽ ബിർളാ ഹൗസിൽ
ഗാന്ധിവധത്തെക്കുറിച്ച് ഒരു ഇന്ത്യക്കാരന്‍ എഴുതിയ മികച്ച ഗവേഷണ ഗ്രന്ഥങ്ങളിലൊന്നാണ് മനോഹര്‍ മല്‍ഗോങ്കറുടെ ഈ ചരിത്ര ഗ്രന്ഥം. ഗാന്ധിവധക്കേസിലെ നാല് പ്രതികളെ, കാക്കറെ , ഗോപാല്‍ ഗോഡ്‌സെ, മദന്‍ ലാല്‍ പാഹ്വ, ദിംഗബര്‍ ബാഡ്‌ജേ എന്നിവരെ അവരുടെ ശിക്ഷ കഴിഞ്ഞ്, നേരിട്ട് കണ്ട് സംസാരിച്ച മല്‍ഗോങ്കര്‍ അത് വരെ പുറത്ത് പറയാത്ത പല വസ്തുകളും അവരില്‍ നിന്ന് ശേഖരിച്ചു. നാഥുറാം ഗോഡ്‌സേയുടെ കയ്യക്ഷരത്തില്‍ സ്വന്തം കുറിപ്പുകളും, മറ്റ് രേഖകളും ഗോപാല്‍ ഗോഡ്‌സേ വഴി ലഭ്യമായതിനാല്‍ ഗാന്ധിവധവുമായി ബന്ധപ്പെട്ട രേഖകള്‍ പലതും ആദ്യമായി പുസ്തകത്തിലൂടെ വെളിച്ചം കണ്ടു. കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്റെ പുസ്തകത്തെ ആധികാരികമായി പിന്‍തുണക്കുന്നതായി മല്‍ഗോങ്കര്‍ എഴുതുന്നു. ഇംഗ്ലീഷിലെ തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ നോവലിസ്റ്റ്’ എന്ന് ആര്‍ കെ നാരായണ്‍ ഒരിക്കല്‍ വിശേഷിപ്പിച്ച എഴുത്തുകാരനായിരുന്നു മനോഹര്‍ മാല്‍ഗോങ്കര്‍. അദ്ദേഹത്തിന്റെ കൃതികള്‍ നിരവധി യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ദ ഫിക്ഷണല്‍ വേള്‍ഡ് ഓഫ് മനോഹര്‍ മല്‍ഗോങ്കര്‍ ‘ എന്ന പുസ്തകത്തിന്റെ രചയിതാവായ എ പദ്മനാഭന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ‘ഒരു പ്രധാന ഇന്‍ഡോ-ഇംഗ്ലീഷ് നോവലിസ്റ്റ് എന്ന നിലയില്‍ ഇതുവരെ നിരൂപകശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു എഴുത്തുകാരന്‍ എന്നാണ്.
മുല്‍ക് രാജ് ആനന്ദ്, ഖുശ്വന്ത് സിംഗ്, കമലാ മാര്‍ക്കണ്ഡ്യ തുടങ്ങിയ എഴുത്തുകാരുടെ സമകാലിനനായ മനോഹര്‍ മല്‍ഗോങ്കര്‍ നല്‍കിയ സംഭാവനകള്‍ ഇനിയും ഇന്ത്യന്‍ സാഹിത്യ ലോകത്ത് അംഗീകരിക്കപ്പെട്ടിട്ടില്ല.
ബ്രിട്ടീഷ് ഭരണത്തെ അടിസ്ഥാനമാക്കി നോവലുകള്‍ എഴുതിയ ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാളായിരുന്നു മല്‍ഗോങ്കര്‍. ഗോവയില്‍ വേരുകളുള്ള ഒരു രാജകുടുംബത്തില്‍ 1913 ജൂലൈ 12 ന് കര്‍ണാടകയിലെ ബല്‍ഗാമില്‍ ജനിച്ച മനോഹര്‍ മാല്‍ഗോങ്കര്‍ ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ബിരുദം നേടി. പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം മറാത്താ ലൈറ്റ് ഇന്‍ഫന്‍ട്രിയിലും കൌണ്ടര്‍ ഇന്റലിജന്‍സിലും രണ്ടാം ലോകമഹായുദ്ധസമയത്ത് ആര്‍മിയുടെ ജനറല്‍ സ്റ്റാഫിലും ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് ഉയര്‍ന്നു. പട്ടാള സേവനത്തിന് ശേഷം പിന്നീട് കച്ചവടത്തിലേക്കും കൃഷിയിലേക്കും തിരിഞ്ഞു. സ്വതന്ത്ര പാര്‍ട്ടിയില്‍ സജീവമായിരുന്ന അദ്ദേഹം 1970-കളില്‍ രണ്ടുതവണ പാര്‍ലമെന്റില്‍ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. ചരിത്രം, സൈന്യം, ഇന്ത്യാവിഭജന കാലത്തെ വര്‍ഗീയ രാഷ്ട്രീയം എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. 1978 ല്‍ ബോളിവുഡിലെ വന്‍ഹിറ്റായി മാറിയ ‘ഷാലിമാര്‍’ എന്ന ഹിന്ദി സിനിമയുടെ കഥയും തിരക്കഥയും എഴുതിയത് മാല്‍ഗോങ്കറായിരുന്നു. ധര്‍മ്മേന്ദ്ര നായകനായ ഈ ചിത്രത്തില്‍ ഹോളിവുഡ് നടന്മാരായ റെക്‌സ് ഹാരിസനും ജോണ്‍ സാക്‌സനും അഭിനയിച്ചു. ഈ സിനിമ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചിലവേറിയ ചലചിത്രങ്ങളിലൊന്നാണ്. ഇതിന്റെ ഇംഗ്ലീഷ് ചിത്രം ‘റൈഡേഴ്‌സ് ഓഫ് ദ സെക്രഡ് സ്റ്റോ’ എന്ന പേരില്‍ പിന്നീട് ഹോളിവുഡില്‍ പുറത്ത് വന്നു. പിന്നീട് ഇതിന്റെ തിരനാടകം ഷാലിമാര്‍ എന്ന പേരില്‍ നോവലായി മാല്‍ഗോക്കര്‍ പ്രസിദ്ധീകരിച്ചു. 2010 ജൂണ്‍ 14 ന് ബല്‍ഗാമില്‍ വെച്ച് തന്റെ 97ാം വയസ്സില്‍ മാല്‍ഗോങ്കര്‍ അന്തരിച്ചു. The Men who-killed Gandhi by-Manohar Malgonkar, the book about assassination of mahatma gandhi
Content Summary; The Men who-killed Gandhi by Manohar Malgonkar, the book about assassination of mahatma gandhi