അണമുറിയാത്ത സ്നേഹം ചൊരിഞ്ഞാണ് വിഎസിന്റെ ജന്മനാടായ ആലപ്പുഴ പ്രിയനേതാവിനെ യാത്രയാക്കുന്നത്. വഴിനീളെ മണിക്കൂറുകളോളം കാത്തുനിന്നും അവസാനമായി മുദ്രാവാക്യം വിളിച്ചുമാണ് പ്രിയനേതാവിന്റെ തട്ടകമായിരുന്നു പുന്നപ്രയും അമ്പലപ്പുഴയും സമരനായകന് ആദരവ് അർപ്പിക്കുന്നത്. പുന്നപ്രയിലെ സന്ധ്യയും കുടുംബവും തങ്ങളുടെ പ്രിയനേതാവിന് ആദരം അർപ്പിച്ചതാവട്ടെ ദൂരങ്ങൾ താണ്ടി വന്ന ജനസാഗരത്തിന് ഒരു നേരത്തെക്കെങ്കിലും ഭക്ഷണം ഒരുക്കികൊണ്ടാണ്.
പുന്നപ്രയിൽ ഹോട്ടൽ നടത്തുകയാണ് സന്ധ്യയും കുടുംബവും. വിഎസിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് ഹോട്ടലിന് അവധി നൽകിയാണ് സന്ധ്യ ഈ കർത്തവ്യം ഏറ്റെടുക്കുന്നത്. സാറിനെ അവസാനമായി കാണാൻ ദൂരങ്ങൾ താണ്ടി വരുന്നതല്ലേ, അവർ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുതെന്ന് കരുതിയെന്ന് സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് മരിച്ച സന്ധ്യ സ്വന്തമായൊരു വരുമാനമെന്ന ലക്ഷ്യത്തോടെയാണ് വീട്ടിലെ ഊണ് എന്ന രീതിയിൽ ഹോട്ടൽ ആരംഭിക്കുന്നത്. പാലക്കാട് ഉൾപ്പടെ കേരളത്തിലെ ദൂര ജില്ലകളിൽ നിന്ന് ആളുകൾ വിഎസിനെ കാണാൻ എത്തുന്നത്. സന്ധ്യയ്ക്ക് ഒപ്പം തന്നെ സഹോദരന്റെ ശ്രദ്ധയിലും പെട്ടിരുന്നു. അതുകൊണ്ട് സഹോദരി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുമ്പോൾ അയാൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ പൂർണ്ണ പിന്തുണയുമായി കുടുംബവും സന്ധ്യയ്ക്കൊപ്പം കൂടി.
ഇന്നലെയും ഇന്നുമായി നൂറുകണക്കിന് ആളുകളാണ് സന്ധ്യയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങിയത്. അവരുടെ മനസും വയറും നിറയുന്നതിനൊപ്പം തങ്ങളുടെ നേതാവിന് വേണ്ടി കടമ നിർവഹിച്ച ചാരുതാർത്ഥ്യമാണ് സന്ധ്യയ്ക്കും കുടുംബത്തിനും. ഞങ്ങളുടെ നേതാവല്ലേ ഇതു ഞങ്ങളുടെ കടമയല്ലേയെന്നാണ് സന്ധ്യയുടെ സഹോദരൻ തിരികെ ചോദിക്കുന്നത്. വിഎസ് എന്ന നേതാവിനെ പോലെ ആ നാടും സ്നേഹം പകരുകയാണ്. അവർ ചോദിക്കും ഞങ്ങളുടെ നേതാവല്ലേ അപ്പോൾ ഞങ്ങളിത് ചെയ്യണ്ടേ.
content summary: The residents of Punnapra arranged food for those who came to attend VS’s funeral