പേര് അന്വര്‍ത്ഥമാക്കുന്ന ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ് (The Seed of the sacred fig) എന്ന സിനിമ ഇറാനിലെ ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കര്‍ ആയ മുഹമ്മദ് റെസൊലുഫിനെ (Mohammad Raosulof) എട്ടു വര്‍ഷത്തെ തടവിലേക്കാണ് നയിച്ചത്. റെസൊലുഫ് ഇപ്പോള്‍ ജര്‍മ്മനിയില്‍ അഭയം തേടിയിരിക്കുകയാണ്. ഇറാനിയന്‍ ഭരണകൂടത്തിന്റെ തിയോക്രസിക്കെതിരെ ആദ്യമായല്ല റെസൊലുഫ് സിനിമകളിലൂടെ പ്രതികരിക്കുന്നത്. ഇത്തവണ, സിനിമയില്‍ അസാധാരണമായ അഭിനയം കാഴ്ചവെച്ച താരങ്ങളും പെട്ടു. ഇറാന്‍ വിട്ട് പുറത്തുപോകാന്‍ അവര്‍ക്കും അധികാരമില്ല. സിനിമയില്‍ കാര്യമായ റോളുള്ള, നടിയും സംവിധായികയുമായ Soheila Golestani തന്നെ ഹിജാബ് വിരുദ്ധ ആക്ടിവിസ്‌റ് ആണ്. ഈ വര്‍ഷത്തെ ഓസ്‌കറില്‍, ബെസ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിംസ് വിഭാഗത്തില്‍ ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ് മത്സരിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നുള്ള എന്‍ട്രി. കാനിലും സ്‌പെഷ്യല്‍ ജൂറി പ്രൈസ് നേടിയിരുന്നു.
![]()
എത്ര ശാന്തമായ പ്രക്ഷുബ്ധതയാണ് ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്! തികച്ചും സ്റ്റില്‍ ആയ ഇന്‍ഡോര്‍ കാമറ ഇമാന്റെ കുടുംബത്തിലെ അന്തഃസംഘര്‍ഷങ്ങളെ എത്ര വിദഗ്ധമായാണ് ചിത്രീകരിക്കുന്നത് – പതിയെ, പതിയെ, ഒരു തിരക്കുമില്ലാതെ. ഹ്രസ്വമായ ചോദ്യങ്ങള്‍. അവയിലുള്ള ജനാധിപത്യബോധവും, രാഷ്ട്രീയവും. വീട്ടിലായാലും, രാജ്യത്തായാലും നിഷേധിക്കപ്പെടുന്ന അടിസ്ഥാനാവകാശങ്ങള്‍ക്ക് ഒരേ മുഖമാണ്. ‘എല്ലാം നുണയാണ്’ എന്ന് പറയുന്ന ഇമാനോട്, ‘ഞാനും ജീവിക്കുന്നത് ഈ രാജ്യത്താണ്’ എന്ന് പറയുന്നുണ്ട് മകളായ റെസ്വാന്‍. ബാബയുടെ കണ്ണില്‍ നോക്കി, അയാള്‍ ജീവിക്കുന്ന നുണകളെ വെല്ലുവിളിക്കുന്ന പോലെ.
ഇറാന്‍ റെവൊല്യൂഷനറി കോര്‍ട്ടിലെ ജഡ്ജ് ആവുക എന്നതും, അതുറപ്പാക്കുന്ന ഉയര്‍ന്ന ജീവിതവും, അന്തസ്സും ഇമാന്റെയും (Missagh Zareh) ഭാര്യ നജ്മേ (Soheila Golestani)യുടെയും വലിയ സ്വപ്നം തന്നെയാണ്. എന്നാല്‍ ടെഹ്‌റാനിലെ തെരുവുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വീട്ടിലെ ജനാലയ്ക്കപ്പുറത്തെ വെറും കാഴ്ചകളും സോഷ്യല്‍ മീഡിയ റീലുകളും, അല്ല അവരുടെ മക്കളായ റെസ്വാനും (Mahsa Rostami) സനക്കും (Setareh Maleki). അസമത്വത്തിനും, അടിമത്തത്തിനും എതിരെ സ്വതന്ത്രമായി പ്രതികരിക്കുന്ന പുതുതലമുറയില്‍ സംവിധായകന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. പുറമെ സ്‌നേഹവും ബഹുമാനവുമൊക്കെ കാവല്‍ നില്‍ക്കുന്ന, അല്ലെങ്കില്‍ ഉത്തമ ഭാര്യയായി നജ്മേ പോറ്റി വളര്‍ത്തുന്ന പാട്രിയാര്‍ക്കിയെ എത്ര എളുപ്പത്തിലാണ് അവര്‍ വലിച്ചു കീറുന്നത്. അശാന്തമായ ഒരു രാജ്യം, അവിടുത്തെ ഒരു വീടിനകത്തേക്ക് സന്നിവേശിപ്പിക്കുമ്പോള്‍, പ്രതികരിക്കുന്ന ചെറുപ്പക്കാരെ കുറ്റപത്രം പോലും വായിക്കാന്‍ അനുവദിക്കാതെ, ശിക്ഷിക്കാനും, കൊല്ലാനും ഒക്കെ ഉത്തരവിടേണ്ടി വരുന്ന, ടെഹ്‌റാനിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജഡ്ജിന്റെ വീടല്ലാതെ മറ്റൊരു ഉത്തമമായ ചോയ്സ് ഉണ്ടോ മുഹമ്മദ് റെസൊലുഫിന്?
ഈ സിനിമ രഹസ്യമായാണ് ഇറാനില്‍ ചിത്രീകരിച്ചത്. ഔട്‌ഡോര്‍ സീനുകള്‍ കുറവാണ്. അവസാനം പേരിനു മാത്രം കുറച്ചുണ്ട്. അതുകൊണ്ട് ക്യാമറാമാന്‍ Pooyan Aghababaei ഇമാന്റെ വീടിന്റെ ഓരോ കോണും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നജ്മേയും ഇമാനും മാറുന്ന മക്കളെക്കുറിച്ച് സംസാരിച്ചിരിക്കുമ്പോള്‍, ഇമാന്റെ കാലിനിടയിലൂടെ, മിന്നായം പോലെ ഒരു കാര്‍ പോവുന്നുണ്ട്. തൊട്ടടുത്ത് ഒരു മങ്ങിയ ജനല്‍. അസാധ്യ ഷോട്ട്.

മുഹമ്മദ് റെസൊലുഫ്
ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗിലെ സ്ത്രീ കഥാപാത്രങ്ങള്‍ അവരുടെ അമര്‍ഷങ്ങള്‍ പ്രകടിപ്പിക്കുന്നത് അകത്തളങ്ങളിലാണ്. അതില്‍ തലമുറകളുടെ പ്രതിഫലനം ഉണ്ട്. കഷ്ടപ്പെട്ട് നിലനിര്‍ത്തുന്ന ബന്ധങ്ങളിലെ വിശ്വാസത്തിന്റെ അടിത്തറ ഇളകുമ്പോള്‍ ബേസിന്‍ ഉരച്ചുകഴുകി കരയുന്ന നജ്മേ, സംശയിക്കപ്പെടുമ്പോള്‍ ഫിറ്റ്‌നസ് ബൈക്ക് ആഞ്ഞുചവിട്ടി റെസ്വാന്‍, ചെറിയ കുഞ്ഞായ, അങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന സനയിലേക്കെത്തുമ്പോള്‍ കളി കാര്യമാവുന്നു. സിനിമയുടെ ഈ തേര്‍ഡ് ആക്ടില്‍, അതുവരെയുള്ള, പേസ് വിട്ട് ഒരു ത്രില്ലര്‍ മൂഡിലേക്കു കയറുന്നുണ്ട് ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്. നഷ്ടപ്പെട്ട തോക്ക് ഒരു പ്രതീകമാകുമ്പോള്‍, പേടിയില്ലാത്തവര്‍ക്ക് എന്തിനാണ് തോക്ക് എന്ന ചോദ്യമൊക്കെ എത്ര പ്രസക്തമാണ്!
അധികാര മോഹത്തിലും, തിയോക്രസിയിലും കുരുങ്ങി, പതിയെ ബാക്കിയുള്ള മനുഷ്യത്വവും നഷ്ടപ്പെടുന്ന ഇമാനും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള അന്തരം കുറഞ്ഞു കുറഞ്ഞു വരുമ്പോള്‍, നീലമുടിയും, നെയില്‍പോളിഷിട്ട വിരലുകളും സ്വപ്നം കാണുന്ന പെണ്‍കുട്ടികള്‍ ഒരു റേസില്‍ എന്ന പോലെ മുന്നോട്ടു കുതിക്കുന്നത് കാണാം. രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് വിരുദ്ധ സമരത്തിന്റെ സംഘര്‍ഷാവസ്ഥകളും, കസ്റ്റഡി മരണങ്ങളും പരാമര്‍ശിക്കപ്പെടുന്ന ഇടങ്ങളില്‍ ഈ സിനിമ കാണിക്കുന്ന, അമര്‍ഷമുള്ള പക്വത റെസൊലൂഫിനോടുള്ള ആരാധന കൂട്ടി. അവസാനം കുറച്ചു ഡ്രാമ കയറി വരുന്നതൊഴിച്ചാല്‍, സീഡ് ഓഫ് ദി സേക്രഡ് ഫിഗ് സംസാരിക്കുന്നത് മുഴുവന്‍ കൃത്യമായ ഫോക്കസ് ഉള്ള രാഷ്ട്രീയമാണ്. ഫ്രെയ്മുകള്‍ക്കപ്പുറത്തേക്കാണ് ഈ സിനിമ പ്രേക്ഷകരെ നയിക്കുന്നത്. ഉത്തരവാദിത്തബോധമുള്ള സ്‌ക്രിപ്റ്റും, കഥാപാത്രങ്ങളോട് തികച്ചും കൂറ് പുലര്‍ത്തിയ അഭിനേതാക്കളും. സ്ലോ ബര്‍ണിങ് സംവിധാനശൈലിയും ഈ ഇറാനിയന്‍ സിനിമയെ, ആഴത്തില്‍ പതിപ്പിക്കുന്നു. സീഡ് ഓഫ് ദി സേക്രഡ് ഫിഗ് ആമസോണ്‍ പ്രൈമില്‍ കാണാം. The seed of the sacred fig against the Iranian regime
Content Summary: The seed of the sacred fig against the Iranian regime