2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി നടന്നിരിക്കുന്ന ഒരു അപ്രതീക്ഷിത ട്വിസ്റ്റ് ആണ് സെലിബ്രിറ്റികളായ കലാകാരന്മാരുടെ വീണ്ടുവിചാരങ്ങള്‍, പ്രത്യേകിച്ച് ലാറ്റിനോ സമൂഹത്തില്‍. ഈ വിഷയത്തില്‍ എടുത്തു പറയേണ്ടത് ലാറ്റിനോ സംഗീതജ്ഞനായ നിക്കി ജാമിന്റെ നിലപാട് മാറ്റങ്ങളാണ്. ട്രംപിനെ പിന്തുണച്ചിരുന്ന നിക്കി, തന്റെ മുന്‍നിലപാട് തിരുത്തിയിരിക്കുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കുള്ള പിന്തുണ നിക്കി പിന്‍വലിക്കുമ്പോള്‍, അത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ലാറ്റിനോ സെലിബ്രിറ്റികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന മാറ്റത്തെയാണ് കാണിക്കുന്നത്.
നിക്കി ജാമിന്റെ പിന്തുണയും പിന്‍വലിക്കലും
റെഗ്ഗെടണ്‍ ഹിറ്റുകളിലൂടെ സുപ്രസിദ്ധനായ നിക്കി ജാം, സെപ്റ്റംബറില്‍ ട്രംപ് റാലിയില്‍ ചുവന്ന മാഗ തൊപ്പി ധരിച്ച് എത്തി തന്റെ പിന്തുണ പ്രഖ്യിപിച്ചിരുന്നു. പക്ഷേ, പിന്നീട് നടന്നൊരു റാലിയില്‍ പ്യൂര്‍ട്ടോ റിക്കോയെക്കുറിച്ച് ഒരു ഹാസ്യനടന്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം, ‘പ്യൂര്‍ട്ടോ റിക്കോയെ ബഹുമാനിക്കണം’ എന്ന പ്രസ്താവന ഉയര്‍ത്തിക്കൊണ്ട് നിക്കി ജാം ട്രംപിനുള്ള തന്റെ പിന്തുണ പരസ്യമായി പിന്‍വലിച്ചു. ഈ മാറ്റം ജാമിന്റെ വ്യക്തിപരമായ നിലപാടിനെ സൂചിപ്പിക്കുന്നതു മാത്രമല്ല, അനീതികളോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്ന പ്യൂര്‍ട്ടോ റിക്കന്‍, ലാറ്റിനോ സെലിബ്രിറ്റികള്‍ക്കിടയില്‍ വളരുന്ന കൂട്ടായ വികാരത്തെ പ്രതിഫലിപ്പിക്കുകകൂടിയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിന്തുണ നല്‍കുകയോ ട്രംപിന്റെ വാചോടോപങ്ങളെ അപലപിക്കുകയോ ചെയ്തിട്ടുള്ള ജെന്നിഫര്‍ ലോപ്പസ്, റിക്കി മാര്‍ട്ടിന്‍, ബാഡ് ബണ്ണി എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ പ്യൂര്‍ട്ടോറിക്കന്‍ കലാകാരന്മാരുടെ വിയോജിപ്പിന്റെ പശ്ചാത്തലത്തിലാണ് നിക്കി ജാമിന്റെ നിലപാട് മാറ്റവും. ഈ പ്രവണത, ആഴത്തിലുള്ള സാംസ്‌കാരിക അടിത്തറയും അതുപോലെ വലിയ തോതില്‍ സോഷ്യല്‍ മീഡിയ സ്വാധീനവുമുള്ള ലാറ്റിനോ കലാകാരന്മാരുടെ രാഷ്ട്രീയ ഇടപെടലില്‍ സാധ്യമായ ഒരു വഴിത്തിരിവാണ് സൂചിപ്പിക്കുന്നത്.
സെലിബ്രിറ്റികളുടെ പിന്തുണ നല്‍കുന്ന കരുത്ത്
ലാറ്റിനോ സെലിബ്രിറ്റികളുടെ സ്വാധീനം കുറച്ചുകാണാന്‍ കഴിയില്ല, പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പില്‍. ലോപ്പസ്, മാര്‍ട്ടിന്‍, ബാഡ് ബണ്ണി എന്നിവരെപ്പോലുള്ള കലാകാരന്മാര്‍ മൊത്തത്തില്‍ 390 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് സ്വന്തമായുള്ളവരാണ്. ഇവരിലൂടെ കമലയ്ക്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഒരു വലിയ വിഭാഗം യുവ വോട്ടര്‍മാരിലേക്ക് തന്റെ പ്രചാരണം എത്തിക്കാനുള്ള അവസരം നല്‍കുകയാണ്. ട്രംപ് പ്രധാനമായും ലക്ഷ്യം വയ്ക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന വിഭാഗമാണ് യുവവോട്ടര്‍മാര്‍.
സെലിബ്രിറ്റികളുടെ പിന്തുണ വോട്ടര്‍മാരുടെ താത്പര്യത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ചും പരമ്പരാഗത രാഷ്ട്രീയത്തോട് വൈമനസ്യം പുലര്‍ത്തുന്ന യുവാക്കള്‍ക്കും ലാറ്റിനോ വോട്ടര്‍മാര്‍ക്കും ഇടയില്‍. പ്രചാരണ തന്ത്രജ്ഞന്‍ മാറ്റ് ബാരെറ്റോ സൂചിപ്പിക്കുന്നത് പോലെ, ഈ സെലിബ്രിറ്റികള്‍ക്ക് ‘സാംസ്‌കാരിക മൂല്യനിര്‍ണ്ണയക്കാരായി’ പ്രവര്‍ത്തിക്കാന്‍ കഴിയും, ചര്‍ച്ചകള്‍ സുഗമമാക്കുകയും കമ്മ്യൂണിറ്റികള്‍ക്കുള്ളില്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്ന രീതികളില്‍ പിന്തുണ സമാഹരിക്കുകയും ചെയ്യുന്നു.
പ്യൂര്‍ട്ടോ റിക്കോയുടെയും ലാറ്റിനോ വോട്ടര്‍മാരുടെയും പശ്ചാത്തലം
ഈ പിന്തുണയുടെ സമയം നിര്‍ണായകമാണ്. പ്രത്യേകിച്ച് കടുത്തൊരു മത്സരം നടക്കുമ്പോള്‍. ട്രംപിന്റെ റാലിയില്‍ നടത്തിയ അഭിപ്രായങ്ങള്‍ സ്വാധീനമുള്ള പ്യൂര്‍ട്ടോ റിക്കന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഒരു സംഘടിത നീ്ക്കത്തിനുള്ള സാഹചര്യമാണ് ഒരുക്കികൊടുത്തത്. പ്യൂര്‍ട്ടോ റിക്കോയെക്കുറിച്ചുള്ള നിന്ദ്യമായ പരാമര്‍ശങ്ങള്‍ പലരെയും രോഷാകുലരാക്കുക മാത്രമല്ല, പ്യൂര്‍ട്ടോ റിക്കക്കാര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇടയില്‍ ഐക്യദാര്‍ഢ്യത്തിന്റെ വികാരങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
ഇതുവരെ ഏതെങ്കിലും രാഷ്ട്രീയത്തോട് പ്രത്യേക താത്പര്യം പുലര്‍ത്താതിരുന്ന ബാഡ് ബണ്ണിയില്‍ നിന്ന് അപ്രതീക്ഷിത പിന്തുണയാണ് കമല ഹാരിസിന് ലഭിച്ചിരിക്കുന്നത്. കമലയക്ക് നേരിട്ട് പിന്തുണ പ്രഖ്യാപിക്കാതെയാണ് ബണ്ണിയുടെ നിലപാട് സ്വീകരിക്കല്‍. ഒരു സ്ഥാനാര്‍ത്ഥിയോട് പരസ്യമായി പിന്തുണ ആഹ്വാനം നടത്താതെ തന്നെ സെലിബ്രിറ്റികള്‍ക്ക് രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നു കൂടിയാണ് ബണ്ണിയെ പോലുള്ളവരുടെ നിലപാട് സ്വീകരിക്കലുകള്‍ വ്യക്തമാക്കുന്നത്.
ആധികാരികതയും ഇടപഴകലും
സെലിബ്രിറ്റികളുടെ പിന്തുണയുടെ ഫലപ്രാപ്തി അവര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ് ആശ്രയിക്കുന്നത്. വോട്ടര്‍മാര്‍ കൂടുതല്‍ വിവേചനാധികാരം കാണിക്കുന്നു; അവരുടെ അനുഭവങ്ങളോടും മൂല്യങ്ങളോടും പ്രതിധ്വനിക്കുന്ന പൊതു വ്യക്തികളുമായി അവര്‍ അടുപ്പം സൂക്ഷിക്കുന്നു. രാഷ്ട്രീയ തന്ത്രജ്ഞര്‍ പ്രസക്തമായ വിഷയങ്ങളില്‍ സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്, പ്രത്യേകിച്ച് പ്യൂര്‍ട്ടോ റിക്കോ പോലുള്ള സമൂഹങ്ങള്‍ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ താരശക്തി ഉപയോഗിക്കുന്നുണ്ട്. കമല ഹാരിസിന്റെ കാമ്പെയ്ന്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി അവര്‍ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനു വിപരീതമായി, അത്ലറ്റുകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഉള്‍പ്പെടെ വിവിധ പൊതു വ്യക്തികളില്‍ നിന്നുള്ള പിന്തുണ നേടാനാണ് ട്രംപ് ശ്രമിക്കുന്നത്. ഈ ഇരട്ട തന്ത്രം രാഷ്ട്രീയത്തിലെ ഒരു പുതു പ്രവണതയെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയ പിന്തുണയ്‌ക്കൊപ്പം സാമൂഹത്തില്‍ സ്വാധീനമുള്ള സെലിബ്രിറ്റികളില്‍ നിന്നുള്ള പിന്തുണയും സ്ഥാനാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായി വരുന്നു.
പ്രത്യാഘാതങ്ങള്‍
ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളും ലാറ്റിനോ സെലിബ്രിറ്റികളുടെ സജീവ ഇടപെടലും മൂലം വഷളായ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സെലിബ്രിറ്റി സ്വാധീനം എങ്ങനെ കാണുന്നു എന്നതില്‍ കാര്യമായ മാറ്റത്തിന് 2024 സാക്ഷ്യം വഹിക്കുമെന്ന് സൂചിപ്പിക്കുന്നു. വിദഗ്ധര്‍ സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്; സെലിബ്രിറ്റികളുെട പിന്തുണ നേടുകയെന്നത് പരമപ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം, അവര്‍ക്ക് വോട്ടര്‍മാരുടെ ധാരണകള്‍ രൂപപ്പെടുത്തുന്നതിലും അണിനിരത്താനുള്ള ശ്രമങ്ങളിലും നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും.
ഓരോ വോട്ടും പ്രാധാന്യമുള്ള അതിനിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍, സ്വാധീനമുള്ള വ്യക്തികളുടെ ഇടപെടല്‍ നിര്‍ണായകമാണെന്ന് തെളിയിക്കാനാകും, പ്രത്യേകിച്ച് ഗണ്യമായ ലാറ്റിനോ വോട്ടര്‍മാര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍. നിക്കി ജാം, ബാഡ് ബണ്ണി എന്നിവരെപ്പോലുള്ള സെലിബ്രിറ്റികളില്‍ നിന്നുള്ള പ്രതികരണം ലാറ്റിനോ കമ്മ്യൂണിറ്റിയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ ബോധത്തെ ചിത്രീകരിക്കുന്നു, കലാകാരന്മാരുടെ ശബ്ദങ്ങള്‍ക്ക് വിനോദത്തിനപ്പുറം നാഗരിക ഇടപെടലിന്റെ മേഖലയിലേക്ക് പ്രതിധ്വനിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്നു.
2024 തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സെലിബ്രിറ്റികളുടെ നീക്കങ്ങള്‍ കൂടുതല്‍ നിര്‍ണായകമാണ്. നിക്കി ജാം ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചതും പ്രമുഖ ലാറ്റിനോ കലാകാരന്മാരില്‍ നിന്ന് കമല ഹാരിസിന് കൂടുതല്‍ പിന്തുണ കിട്ടുന്നതും ഒരു പുതിയ രാഷ്ട്രീയ ഉണര്‍വിന്റെ നിര്‍ണായക നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. പൊതുജനാഭിപ്രായം സ്വാധീനിക്കാനും വോട്ടര്‍മാരെ അണിനിരത്താനുമുള്ള സെലിബ്രിറ്റികളുടെ കഴിവ്, പോരാട്ടത്തിന്റെ ഇരുവശത്തും നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും നല്‍കുന്നുണ്ട്. ഈ കളി കൂടുതല്‍ മുറുകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായൊരു കാര്യം, രാഷ്ട്രീയത്തില്‍ കലാ-സാംസ്‌കാരിക നായകരുടെ സ്വാധീനം നിര്‍ണായക ഘടകമാണെന്നതാണ്. പ്രത്യേകിച്ചും നിര്‍ണായക സംസ്ഥാനങ്ങളുടെ പിന്തുണ നിര്‍ണ്ണയിക്കുന്നതില്‍ വോട്ടര്‍മാരുടെ താത്പര്യങ്ങള്‍ പ്രധാനമാകുമ്പോള്‍. The Shifting Landscape of Celebrity Influence in U.S. Politics
Content Summary; The Shifting Landscape of Celebrity Influence in U.S. Politics