യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ലിയോ പതിനാലാമനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അമേരിക്കകാരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂ ഓർലിയാൻസിലെ ക്രിയോൾ വംശജരുടെ പിന്തുടർച്ചക്കാരനാണ് പോപ്പ് ലിയോ എന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ അറിവ് അമേരിക്കക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. പുതിയ മാർപാപ്പയോട് കൂടുതൽ അടുപ്പവും അമേരിക്കക്കാർക്ക് അനുഭവപ്പെടാനും തുടങ്ങി.
പോപ്പിന്റെ പിതാവിനെക്കുറിച്ചുള്ള പുതിയൊരു കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിക്കാഗോയിലെ അദ്ദേഹത്തിന്റെ മുത്തച്ഛൻ ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ഒരു ത്രികോണ പ്രണയത്തിലെ നായകനായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
1900 കളുടെ തുടക്കത്തിൽ ചിക്കാഗോയിലെ യൂറോപ്യൻ കുടിയേറ്റക്കാരായ ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പൂർവ്വികരുടെ പേരുകളും ജീവിതവും കാലക്രമേണ എങ്ങനെ മാറിയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
1876 ജൂൺ 24 ന് ഇറ്റലിയിലെ സിസിലിയിൽ ജനിച്ച സാൽവറ്റോർ ജിയോവന്നി റിഗ്ഗിറ്റാനോ 1900 കളുടെ തുടക്കത്തിൽ യുഎസിലേക്ക് പലായനം ചെയ്യുകയായിരുന്നു. യുഎസിൽ നിന്ന് മികച്ച വിദ്യാഭ്യാസം നേടിയ സാൽവറ്റോർ ഇല്ലിനോയിസിലെ ക്വിൻസിയിലും പിന്നീട് ചിക്കാഗോയിലും സ്പാനിഷ് ഭാഷ അധ്യാപകനായും സംഗീത അധ്യാപകനായും ജോലി ചെയ്തു.
1914 ൽ ചിക്കാഗോയിൽ വച്ച് ഡെയ്‌സി ഹ്യൂസിനെ വിവാഹം കഴിച്ചു. എന്നാൽ 1917 ൽ സാൽവറ്റോറിന് മറ്റൊരു പ്രണയബന്ധം ഉണ്ടാവുകയായിരുന്നു. ഫ്രഞ്ച് കുടിയേറ്റക്കാരിയായ സുസാൻ ഫോണ്ടെയ്‌നുമായാണ് സാൽവറ്റോർ പ്രണയത്തിലായത്. തുടക്കത്തിൽ സാൽവറ്റോറും സൂസനും ഈ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. എന്നാൽ ഇത് സത്യമാണെന്ന് മനസിലാക്കിയ സാൽവറ്റോറിന്റെ ആദ്യ ഭാര്യ ഡെയ്‌സി പിന്നീട് അദ്ദേഹത്തിൽ നിന്നും വേർപിരിഞ്ഞാണ് താമസിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് സൂസനും സാൽവറ്റോറും കാനഡയിലേക്കും അവിടെ നിന്നും ഡെട്രോയിറ്റിലേക്കും ഒടുവിൽ ന്യൂയോർക്കിലെ ലക്കവാനയിലേക്കും താമസം മാറി. അവിടെ വെച്ച് 1917 ജൂലൈ 23 ന് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു . അമ്മയുടെ അവസാന നാമം സ്വീകരിച്ചുകൊണ്ട് അവൾ അവന് ജോൺ സെന്റി പ്രെവോസ്റ്റ് എന്ന് പേരിട്ടു. അദ്ദേഹമാണ് പിന്നീട് പോപ്പ് ലിയോയുടെ അമ്മാവനായത്.
സാൽവറ്റോറും സൂസാനും ഒടുവിൽ പ്രെവോസ്റ്റ് എന്ന കുടുംബപ്പേര് സ്വീകരിക്കുകയായിരുന്നു. സാൽവറ്റോർ തന്റെ പേര് മാറ്റി ജോൺ പ്രെവോസ്റ്റ് എന്ന് മാറ്റുകയും ചെയ്തു. ശേഷം സൂസൻ ചിക്കാഗോയിലേക്ക് മടങ്ങുകയും 1920 ൽ പോപ്പ് ലിയോ പതിനാലാമന്റെ പിതാവായ ലൂയിസ് പ്രെവോസ്റ്റിന് ജന്മം നൽകുകയും ചെയ്തു.
സാൽവറ്റോർ ഡെയ്‌സി ഹ്യൂസിനെ വിവാഹമോചനം ചെയ്തോ അതോ സൂസനെ ഔദ്യോഗികമായി വിവാഹം കഴിച്ചോ എന്ന് വ്യക്തമല്ല. പക്ഷേ അവരുടെ ബന്ധം വളരെക്കാലം നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
1960ൽ ജോൺ പ്രെവോസ്റ്റിന്റെ (സാൽവറ്റോർ) ചരമക്കുറിപ്പിൽ അദ്ദേഹത്തെ സൂസനിന്റെ അർപ്പണബോധമുള്ള ഭർത്താവ് എന്നും ജോൺ സി.യുടെയും ലൂയിസ് എമ്മിന്റെയും പിതാവ് എന്നും വിശേഷിപ്പിച്ചിരുന്നു. 1979 ൽ 83-ാം വയസ്സിൽ ഡെട്രോയിറ്റിൽ വെച്ചാണ് സൂസൻ പ്രെവോസ്റ്റ് മരിക്കുന്നത്. ലൂയിസ്, ജോൺ, റോബർട്ട് പ്രെവോസ്റ്റ് (പോപ്പ് ലിയോ പതിനാലാമൻ) എന്നിവരുടെ സ്നേഹനിധിയായ മുത്തശ്ശിയായിരുന്നു സൂസൻ പ്രെവോസ്റ്റ് എന്ന് പിന്നീട് ഗവേഷകർ കണ്ടെത്തുകയായിരുന്നു.
Content Summary: The story behind Pope Leo XIV’s surname