ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ മണ്ണിനടിയിലായപ്പോൾ, ഉറ്റവരുടെ മരണം പോലും തിരിച്ചറിയപ്പെടാതെ പോകുമോ എന്ന് ആശങ്കപ്പെട്ട് മോർച്ചറിക്ക് മുന്നിൽ ഒരു കൂട്ടം മനുഷ്യർ നിസ്സഹായരായി നിൽക്കുകയായിരുന്നു. അവർക്കിടയിലേക്കാണ് ഷൈജ എന്ന ആശ പ്രവർത്തക എത്തുന്നത്. മോർച്ചറിയിൽ മൃതദേഹങ്ങളെ തിരിച്ചറിയുമ്പോൾ മനസ് കല്ലാക്കി നിന്നത് ആ നാട്ടുകാരോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. മനക്കരുത്തിന്റെ പെണ്ണടയാളമായ ഈ ആശ പ്രവർത്തകയെ ഓർക്കാതെ വനിതാ ദിനം പൂർണമാകുന്നതെങ്ങനെ.The story of Asha worker Shaija Baby, who identified over a hundred unknown dead bodies in the Wayanad landslide
2024 ജൂലൈ 30 പുലർച്ചെ തന്നെ ഷൈജയ്ക്ക് ഒരു കോൾ വന്നു, ചൂരൽമല ഉരുൾപൊട്ടിയെന്ന വാർത്ത കേട്ട് നടുങ്ങിയെങ്കിലും സമചിത്തത കൈവിടാതെ ആരോഗ്യ വകുപ്പിനെ അറിയിക്കുകയാണ് ഷൈജ ആദ്യം ചെയ്തത്. മറ്റൊന്നും ഓർക്കാതെ തന്റെ നാട്ടുകാർക്ക് വേണ്ടി അവർ മോർച്ചറിയിലേക്കാണ് പോയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തകരും ആളുകളുമെല്ലാം ക്യാംപുകളിൽ സഹായത്തിനെത്തുമെന്ന് ഷൈജയ്ക്ക് അറിയാമായിരുന്നു. എന്നാൽ, മോർച്ചറിയിൽ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് നാട്ടുകാരെ പരിചയമുള്ള ആളെ ആവിശ്യമായിരുന്നു.

ദുരന്തത്തിൽപ്പെട്ട് പല തരത്തിൽ ചിന്നിച്ചിതറിപ്പോയ നൂറിലധികം മൃതദേഹങ്ങളാണ് ഷൈജ അന്ന് തിരിച്ചറിഞ്ഞത്. സ്വന്തം വീട്ടുകാർക്ക് പോലും തിരിച്ചറിയാൻ കഴിയാത്തവരെ പോലും ഷൈജയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ചിന്നിച്ചിതറി കിടക്കുന്ന ശരീരങ്ങൾ പരിശോധിച്ച് ആരാണെന്ന് മനസിലാക്കുക എന്നത് ഭീകരമായ അവസ്ഥയാണ്. അത് അത്രയ്ക്ക് വേണ്ടപ്പെട്ടവർ കൂടിയാകുമ്പോൾ ഭീകരത ഒന്നുകൂടി വർധിക്കും.
‘ഓരോരുത്തരും എന്റെ മുന്നിലുണ്ടായിരുന്നവരല്ലെ.. അവരുടെ ഒരു വളയോ, കയ്യിലെ ക്യൂട്ടക്‌സോ എന്തെങ്കിലുമൊന്ന് കണ്ടാലും എനിക്ക് മനസിലാകുമായിരുന്നു.’ മുണ്ടക്കൈ ദുരന്തത്തിന്റെ കണ്ണ് നനയ്ക്കുന്ന ഓർമകളിലേക്ക് ഒരു നിമിഷം തിരിഞ്ഞ് നോക്കേണ്ടി വന്നു ഷൈജയ്ക്ക്. കേരളമൊന്നാകെ ഉരുൾപൊട്ടലിന്റെ വാർത്തയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ, സ്വന്തമെന്ന് കരുതി സ്‌നേഹിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയായിരുന്നു ഷൈജ ബേബി എന്ന ആശ പ്രവർത്തക.
”അവരെ എനിക്കെങ്ങനെ അറിയാതിരിക്കാൻ കഴിയും, എനിക്കെന്റെ ജീവിതം തിരികെ തന്നവരല്ലെ..” കടബാധ്യത മൂലം 2005ൽ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ കൈകുഞ്ഞുങ്ങളുമായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഷൈജയ്ക്ക് താങ്ങും തണലുമായി നിന്നത് ചൂരൽമലയിലെ നാട്ടുകാരായിരുന്നു. ഭർത്താവ് മരിച്ചപ്പോൾ മുന്നിലുള്ള ജീവിതത്തെ നോക്കി പകച്ച് നിൽക്കുകയായിരുന്നു ഷൈജ. ഇനി മുന്നോട്ട് എന്താണെന്നോ എങ്ങനെയാണെന്നോ അവർക്ക് അറിയുമായിരുന്നില്ല. വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി അത്രകാലം ജീവിച്ചിരുന്ന ഷൈജയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് ചൂരൽമലയാണ്.
പിന്നീട് എഡിഎസ് ആയും സിഡിഎസ് ആയുമെല്ലാം നിരവധി റോളുകളിൽ ഷെെജ ചൂരൽമലക്കാർക്കിടയിൽ ഉണ്ടായിരുന്നു. ആ യാത്രയിൽ ഷൈജ കാണാത്ത വീടുകളോ സംസാരിക്കാത്ത മനുഷ്യരോ ചൂരൽമലയിൽ ഉണ്ടായിരുന്നില്ല. ചൈൽഡ് ലൈനിൽ നിന്ന് 2009 ലാണ് ആശാവർക്കറായി ഷൈജയ്ക്ക് ജോലി കിട്ടുന്നത്. അതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്നവർ ഇന്ന് വിവാഹിതരായി. 2019 ൽ ഉരുൾപൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്.

ഷൈജ ബേബി
ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത 11 ദിവസങ്ങളാണ് ചൂരൽമലുണ്ടായ ഉരുൾപൊട്ടൽ ഷൈജയ്ക്ക് സമ്മാനിച്ചത്. ഉറങ്ങാൻ കിടക്കുമ്പോൾ അലട്ടുന്ന ഉറ്റവരുടെ മുഖങ്ങൾ, നിലവിളികൾ. കണ്ണടയ്ക്കാൻ കഴിയാത്ത ദിനങ്ങളാണ് കടന്ന് പോകുന്നത്. ആരെയും ഒന്നും പറഞ്ഞ് ആശ്വസിപ്പിക്കാനില്ല, മരണത്തെ ഉൾക്കൊള്ളുക എന്നത് മാത്രം, എന്നാൽ ഉറ്റവരുടെ മൃതദേഹം പോലും കാണാൻ കഴിയാതെ പോകുമോ എന്ന ആശങ്കയോടെ തന്റെ മുഖത്തേക്ക് നോക്കുന്നവർക്ക് നേരെ കണ്ണടയ്ക്കാൻ ഷൈജയ്ക്കും കഴിഞ്ഞില്ല. തന്റെ കുടുംബത്തിലെ 9 പേരെ ഉരുളെടുത്തിട്ടും, സ്വന്തം നാട് നാമാവശേഷമായിട്ടും മനോധൈര്യം കൈവിടാതെ ഉണർന്ന് പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞു.
തിരിച്ചറിയാൻ കഴിയാത്ത ഓരോ മൃതദേഹവും മോർച്ചറിയിലെത്തുമ്പോൾ ഉറ്റവരുടെ കണ്ണുകൾ ആശങ്കയോടെ പതിയുന്നത് ഷൈജയുടെ മുഖത്താണ്. തിരിച്ചറിഞ്ഞ് കഴിയുമ്പോൾ മൃതദേഹമെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസം അവരുടെ മുഖത്ത് പ്രതിഫലിക്കും. പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് അങ്ങനെയൊരു ആശ്വാസമെങ്കിലും നൽകാൻ കഴിഞ്ഞതിൽ സംതൃപ്തയാണ് ഷൈജ.
ഓരോ മൃതദേഹം കൊണ്ട് വരുമ്പോഴും നെഞ്ചിങ്ങനെ പെടക്കുന്ന്ണ്ട്. കണ്ണ് നിറയുന്നുണ്ട്, പക്ഷെ ആ ബോഡി അനാഥമായി പോവരുത് എന്നുള്ളത് കൊണ്ട് മനസ് കല്ലാക്കി നിന്നതാണ്. ഷൈജ പറയുന്നു.

ചില മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞ് അവരാരും കാണാതെ മാറി നിന്ന് കരഞ്ഞിട്ടുണ്ട്. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരും, അച്ഛനമ്മമാരെ നഷ്ടപ്പെട്ട മക്കളുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരുടെ എല്ലാം പ്രതീക്ഷ ഞാനായിരുന്നു, ആ നഷ്ടത്തിന് മുന്നിലിരുന്ന് നമുക്ക് കരയാൻ കഴിയില്ലല്ലോ.. ഒരു നെടുവീർപ്പോടെ ഷൈജ ആ കാലത്തെ ഓർത്തു.
നമ്മളെ സ്നേഹിച്ചവും, നമ്മൾ സ്നേഹിച്ചവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചവരും കളി പറഞ്ഞവരുമൊക്കെ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത രൂപത്തിൽ മുന്നിൽ കിടക്കുന്ന അവസ്ഥ ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് ഷൈജ പറയുന്നു. നിസ്സഹായരായ മനുഷ്യരുടെ ഏറ്റവും ദയനീയമായ സമയത്ത് കൂടെ നിൽക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്, അതൊരു നിയോഗവുമാണെന്നോർത്ത് ആത്മാക്കൾക്ക് നിത്യശാന്തി നേരുകയാണ് ഷൈജ.The story of Asha worker Shaija Baby, who identified over a hundred unknown dead bodies in the Wayanad landslide
content summary; The story of Asha worker Shaija Baby, who identified over a hundred unknown dead bodies in the Wayanad landslide
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.