November 07, 2024 |

ടാറ്റ കുടുംബം; ജംഷഡ്ജി മുതല്‍ നോയല്‍ വരെ

സമ്പന്നമായ ചരിത്രവും വാഗ്ദാനമായ ഭാവിയുമുള്ള ടാറ്റ കുടുംബം ഇന്ത്യന്‍ വ്യവസായത്തിന്റെ ഒരു മൂലക്കല്ലാണ്

ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ജീവിതം 2024 ഒക്ടോബര്‍ 9 ന് 86 ആം വയസ്സില്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ അവസാനിച്ചു. നവീകരണത്തിന്റെയും നേതൃത്വത്തിന്റെയും ജീവകാരുണ്യത്തിന്റെയും അദ്ദേഹത്തിന്റെ പാരമ്പര്യം ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, ഇന്ത്യന്‍ വ്യവസായ ഭൂപടത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള പവര്‍ഹൗസാക്കി മാറ്റിയും, വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ അതിനെ ഗുണപരമായി നയിക്കുകയും, കോര്‍പ്പറേറ്റ് ഉത്തരവാദിത്തത്തിനും സാമൂഹിക സ്വാധീനത്തിനും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ആദരണീയനായ വ്യവസായിയാണ് രത്തന്‍ ടാറ്റ.

1937 ഡിസംബര്‍ 28-ന് ജനിച്ച രത്തന്‍ ടാറ്റ ഇന്ത്യയിലെ പ്രമുഖ വ്യവസായി കുടുംബങ്ങളില്‍ ഒരംഗമാണ്. ടാറ്റ കുടുംബത്തിന്റെ വംശപരമ്പര 19-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. ടാറ്റ പാരമ്പര്യത്തിന് അടിത്തറയിട്ടത് നുസര്‍വാന്‍ജി ടാറ്റ(1822-1886)യാണ്. ഭാവി തലമുറയ്ക്ക് വേദിയൊരുക്കാന്‍ മുന്‍കൈയെടുത്ത, വരുന്ന കാലത്തേക്ക് കുറിച്ച് വ്യക്തമായ പദ്ധതിയുള്ള സംരംഭകനായിരുന്നു നുസര്‍വാന്‍ജി. ജീവന്‍ബായ് കവാസ്ജിയെയാണ് ടാറ്റയെ വിവാഹം കഴിച്ചത്. അവര്‍ക്ക് അഞ്ച് മക്കളായിരുന്നു: ജംഷെഡ്ജി, രത്തന്‍ബായ്, മനേക്ബായ്, വീര്‍ബൈജി, ജെര്‍ബായ് ടാറ്റ. ഓരോ മക്കളും ടാറ്റ കുടുംബത്തിന്റെ പൈതൃകത്തിന് പലവിധത്തിലുള്ള സംഭാവനകള്‍ നല്‍കി. എങ്കിലും ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ മുന്‍നിര ശക്തിയായി നിലകൊണ്ടത് ജംഷഡ്ജി ടാറ്റയാണ് (1839-1904).

ജംഷെഡ്ജി ടാറ്റ എന്ന മാര്‍ഗദര്‍ശി
ജംഷെഡ്ജി ടാറ്റയുടെ സംരംഭകത്വ യാത്ര 1870-കളില്‍ മധ്യ ഇന്ത്യയില്‍ ഒരു ടെക്‌സ്‌റ്റൈല്‍ മില്ലിലൂടെയാണ് ആരംഭിക്കുന്നത്, അത് ഒരു വലിയ വ്യവസായ സാമ്രാജ്യമായി പരിണമിക്കുകയായിരുന്നു. തുണി വ്യാപരത്തിനപ്പുറത്തേക്ക് വ്യാപിച്ച അദ്ദേഹത്തിന്റെ സംഭാവനകള്‍ ‘ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ്’ എന്ന് വിശേഷണത്തിന് ജംഷ്ഡ്ജി ടാറ്റയെ അര്‍ഹനാക്കി. ടാറ്റ സ്റ്റീല്‍ കമ്പനി സ്ഥാപിക്കുക, മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിക്കുക, ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിക്കുക എന്നിവ അദ്ദേഹത്തിന്റെ അഭിലാഷ പദ്ധതികളായിരുന്നു. ഈ ശ്രമങ്ങള്‍ ഇന്ത്യയുടെ ഉരുക്ക്, ഊര്‍ജ്ജ മേഖലകള്‍ക്ക് അടിത്തറ പാകുകയും വരും തലമുറകള്‍ക്ക് പ്രയോജനം ചെയ്യുന്നതരത്തില്‍ വിദ്യാഭ്യാസ മികവിന്റെതായൊരു പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്തു.

അടുത്ത തലമുറ: സര്‍ ദോറാബ്ജിയും, സര്‍ രത്തന്‍ ടാറ്റയും
ജംഷെഡ്ജിയുടെ മൂത്ത മകനായ സര്‍ ദോറാബ്ജി ടാറ്റ (1859-1932) ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യവസായിയാണ്. ഇന്ത്യയുടെ വ്യാവസായിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 1910-ല്‍ അദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു. വ്യാവസായിക വളര്‍ച്ചയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതക്കുള്ള അംഗീകരമായിരുന്നു അത്. കുട്ടികളില്ലെങ്കിലും, കുടുംബത്തിന്റെ ബിസിനസ്സ് പാരമ്പര്യം ഉയര്‍ത്തുന്നതിനും അത് കൂടുതല്‍ വിപുലീകരിക്കുന്നതിനുമായി ദൊറാബ്ജി തന്റെ ജീവിതം സമര്‍പ്പിച്ചു. ജംഷഡ്ജിയുടെ ഇളയ മകന്‍ സര്‍ രത്തന്‍ ടാറ്റയും(1871-1918) കുടുംബത്തിന്റെ മുന്നോട്ടു യാത്രയ്ക്ക് ഗണ്യമായ സംഭാവന നല്‍കി. അദ്ദേഹത്തിനും ഭാര്യ നവജ്ഭായി സെറ്റിനും സ്വന്തമായി കുട്ടികളില്ലായിരുന്നുവെങ്കിലും രത്തന്‍ ടാറ്റയുടെ പാരമ്പര്യം തന്റെ ദത്തുപുത്രനായ നേവല്‍ ടാറ്റയിലൂടെ തുടരാന്‍ സാധിച്ചു.

നേവല്‍ ടാറ്റ: തലമുറകള്‍ക്കിടയിലുള്ള പാലം
നേവല്‍ എച്ച്. ടാറ്റ (1904-1989), സര്‍ രത്തന്‍ ടാറ്റയും നവജ്ബായ് സെറ്റും ദത്തെടുത്തത് ടാറ്റ കുടുംബത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായി മാറിയ ഒരു കുഞ്ഞിനെയായിരുന്നു. ടാറ്റ കുടുംബത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങള്‍ സ്വാധീനം ചെലുത്തിയ ജീവിതമായിരുന്നു നേവലിന്റെത്. കുടുംബത്തിന്റെ ബിസിനസ്സിനും സാമൂഹിക ക്ഷേമത്തിനുമുള്ള ഉത്തരവാദിത്തബോധം നേവലില്‍ അതുവഴി പകര്‍ന്നു കിട്ടി. സൂനൂ കമ്മീസാരിയാത്തിനെയാണു നേവല്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രത്തന്‍, ജിമ്മി ടാറ്റ എന്നീ രണ്ട് ആണ്‍മക്കളുണ്ടായി. സൂനൂവില്‍ നിന്നുള്ള വിവാഹമോചനത്തിനുശേഷം, നേവല്‍, സിമോണ്‍ ഡുനോയറിനെ വിവാഹം കഴിച്ചു, ആ ബന്ധത്തിലുള്ളതാണ് നോയല്‍ ടാറ്റ. നേവല്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ നിര്‍ണായക വ്യക്തിത്വമാണ്. ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നയിക്കുകയും അടുത്ത തലമുറയ്ക്കായി സാഹചര്യങ്ങള്‍ ഒരുക്കി വയ്ക്കുകയും ചെയ്തു.

രത്തന്‍ ടാറ്റ: നേതൃത്വത്തിന്റെ പുതിയ യുഗം
ടാറ്റ ഗ്രൂപ്പിനായി തന്റെ ജീവികതം സമര്‍പ്പിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ. 1961 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1991 മുതല്‍ 2012 വരെ അദ്ദേഹം ഗ്രൂപ്പിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തില്‍ ഗണ്യമായ പരിവര്‍ത്തനവും വളര്‍ച്ചയുമാണ് ടാറ്റ ഗ്രൂപ്പിന് ഉണ്ടായതത്. ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, കോറസ് സ്റ്റീല്‍ തുടങ്ങിയ ഗ്രൂപ്പിന്റെ നാഴികക്കല്ലായ ഏറ്റെടുക്കലുകള്‍ നടത്തി ടാറ്റ ഗ്രൂപ്പ് അതിന്റെ ആഗോള കാല്‍പ്പാടുകള്‍ വിപുലീകരിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. രത്തന്‍ ടാറ്റ ഒരു വ്യവസായി മാത്രമായിരുന്നില്ല; ധാര്‍മ്മിക ആചാരങ്ങള്‍, സുസ്ഥിരത, സാമൂഹിക ക്ഷേമം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കിയ ഒരു ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രത്തന്‍ സവിശേഷവും ആഴത്തിലുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി, വിദ്യാഭ്യാസം മുതല്‍ ആരോഗ്യ പരിപാലനം വരെയുള്ള വിവിധ സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ട്രസ്റ്റുകളിലൂടെ അദ്ദേഹം ആവുന്നത്ര സഹായങ്ങള്‍ നല്‍കി.

രത്തന്‍ ടാറ്റയുടെ സ്വാധീനം അദ്ദേഹത്തിന്റെ സഹോദരന്‍ ജിമ്മി ടാറ്റയിലും അവരുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയിലും വ്യക്തമായി ഉണ്ടായിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം, മുംബൈയിലെ ടാറ്റ പാലസിലെ ഫാമിലി എസ്റ്റേറ്റില്‍ മുത്തശ്ശി നവജ്ബായി സെറ്റിന്റെ സംരക്ഷണയിലാണ് രത്തനും ജിമ്മിയും വളര്‍ന്നത്. മുത്തശ്ശിയുടെ കൂടെയുള്ള ജീവിതം കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള ശക്തമായ ബോധവും സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും രത്തനില്‍ വളര്‍ത്തി.

ദ ക്വയറ്റ് കോണ്‍ട്രിബ്യൂട്ടര്‍: ജിമ്മി ടാറ്റ
രത്തന്റെ ഇളയ സഹോദരന്‍ ജിമ്മി ടാറ്റ പൊതുസമൂഹത്തില്‍ നിന്ന് അകന്നു നിന്ന വ്യക്തയാണ്. കുടുംബ ബിസിനസില്‍ സജീവമാകുന്നതിനു പകരം വ്യക്തിപരമായ കാര്യങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിസിനസ് ലോകത്തു നിന്നു മാറി നില്‍ക്കാനുള്ള ജിമ്മിയുടെ തീരുമാനം ടാറ്റ ഗ്രൂപ്പിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ മുന്‍കൈ എടുക്കാന്‍ രത്തനെ അനുവദിച്ചു. അതേസമയം, ബിസിനസിന്റെ കാര്യത്തില്‍ ടാറ്റ കുടുംബാംഗങ്ങള്‍ക്ക് സ്വീകരിക്കാവുന്ന വൈവിധ്യമാര്‍ന്ന പാതകളും ഇത് എടുത്തുകാണിച്ചു.

ദ റൈസിംഗ് സ്റ്റാര്‍: നോയല്‍ ടാറ്റ
രത്തന്റെയും ജിമ്മിയുടെയും അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റ ടാറ്റ ഗ്രൂപ്പിലെ ഒരു പ്രമുഖമുഖമായിരുന്നു. ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനും ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടറുമായ അദ്ദേഹം ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിലും പുതിയ ബിസിനസ്സ് വഴികള്‍ കണ്ടെത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. ബിസിനസ് ലാന്‍ഡ്സ്‌കേപ്പിനെയും തന്ത്രപരമായ വീക്ഷണത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നോയലിനെ ഭാവി നേതൃത്വത്തിനുള്ള ശക്തമായ സ്ഥാനാര്‍ത്ഥിയാക്കി മാറ്റുന്നുണ്ട്, പ്രത്യേകിച്ചും രത്തന്‍ ടാറ്റയുടെ കാലശേഷമുള്ള സാഹചര്യത്തില്‍.

അടുത്ത തലമുറ: നോയല്‍ ടാറ്റയുടെ കുടുംബം
ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരി ഉടമയായ പ്രശസ്ത വ്യവസായി പല്ലോന്‍ജി മിസ്ത്രിയുടെ മകള്‍ ആലു മിസ്ത്രിയെയാണ് നോയല്‍ ടാറ്റ വിവാഹം കഴിച്ചത്. അവര്‍ക്ക് മൂന്ന് കുട്ടികളാണ: ലിയ, മായ, നെവില്‍ ടാറ്റ, ഓരോരുത്തരും ടാറ്റയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ സന്നദ്ധരായവര്‍.

ലിയ ടാറ്റ
മൂത്ത മകള്‍ ലിയ ടാറ്റ മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡില്‍ (IHCL) വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. ലിയയുടെ പ്രൊഫഷണല്‍ യാത്ര അവളുടെ കുടുംബം അവളില്‍ പകര്‍ന്നു നല്‍കിയ പുതുമയുടെയും മികവിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്. കൂടാതെ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ അവള്‍ സജീവമായി ഇടപെടുന്നുണ്ട്.

മായ ടാറ്റ
ടാറ്റ ക്യാപിറ്റലില്‍ ഒരു അനലിസ്റ്റായാണ് മായ ടാറ്റ തന്റെ കരിയര്‍ ആരംഭിച്ചത്, തന്റെ വിശകലന കഴിവുകളും ബിസിനസ്സ് മിടുക്കും മായ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനിക്കുള്ളിലെ അവളുടെ ക്രമാനുഗതമായ ഉയര്‍ച്ച കുടുംബ പാരമ്പര്യത്തോടുള്ള അവളുടെ പ്രതിബദ്ധതയെയും ടാറ്റ ഗ്രൂപ്പിന്റെ ഭാവിയിലേക്ക് അര്‍ത്ഥപൂര്‍ണ്ണമായി സംഭാവന ചെയ്യാനുള്ള അവളുടെ ആഗ്രഹത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.

നെവില്‍ ടാറ്റ
നെവില്‍ ടാറ്റ തന്റെ കരിയര്‍ ആരംഭിച്ചത് ടാറ്റയുടെ കുടക്കീഴിലുള്ള ട്രെന്റ് എന്ന റീട്ടെയില്‍ കമ്പനിയില്‍ നിന്നാണ്. ഈ ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതില്‍ നെവിലിന്റെ പിതാവ് നോയല്‍ നിര്‍ണായക പങ്കാണു വഹിച്ചത്. കുടുംബ ബിസിനസ്സിലെ നെവിലിന്റെ സാന്നിധ്യം ടാറ്റ കുടുംബത്തിനുള്ളിലെ നവീകരണത്തിന്റെയും നേതൃത്വത്തിന്റെയും നിലവിലുള്ള പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

ടാറ്റ ഗ്രൂപ്പിന്റെ ഭാവി
പുതിയ തലമുറകളുടെ പരിശ്രമത്തിലൂടെ ടാറ്റ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ടു പോവുകയാണ്. നോയല്‍ ടാറ്റയും അദ്ദേഹത്തിന്റെ മക്കളും കുടുംബത്തിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ടാറ്റ ഗ്രൂപ്പ് ദീര്‍ഘകാലം വിശ്വാസത്തിന്റെയും സമഗ്രതയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പര്യായമാണ്. രത്തന്‍ ടാറ്റയുടെ മരണത്തെത്തുടര്‍ന്ന്, ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പലവഴി ഉയരുന്നുണ്ട്, എന്നാല്‍ ഈ ആദരണീയ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തനായ പിന്‍ഗാമിയായി നോയല്‍ ടാറ്റയെ കാണുകയാണ്.

ടാറ്റ കുടുംബം ആധുനിക ബിസിനസ്സ് ഭൂപ്രകൃതിയില്‍ വലിയ വെല്ലുവിളികളും, അകേപോലെ അവസരങ്ങളും നേരിടാന്‍ നില്‍ക്കുമ്പോള്‍, നവീകരണം, മനുഷ്യസ്നേഹം, ധാര്‍മ്മിക സമ്പ്രദായങ്ങള്‍ എന്നിവയോടുള്ള അവരുടെ പ്രതിബദ്ധതയും ദൃഢമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. സമ്പന്നമായ ചരിത്രവും വാഗ്ദാനമായ ഭാവിയുമുള്ള ടാറ്റ കുടുംബം ഇന്ത്യന്‍ വ്യവസായത്തിന്റെ ഒരു മൂലക്കല്ലാണ്. ഇന്ത്യക്കകത്തും ആഗോളതലത്തിലും വലിയ സ്വാധീനം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണവര്‍. ജംഷഡ്ജി ടാറ്റയുടെയും രത്തന്‍ ടാറ്റയുടെയും മുഴുവന്‍ ടാറ്റ കുടുംബത്തിന്റെയും പൈതൃകം അവരുടെ ശാശ്വതമായ സ്വാധീനത്തിന്റെയും മാറ്റത്തിനുള്ള അര്‍പ്പണബോധത്തിന്റെയും തെളിവാണ്. The Tata Family Tree: From Jamsetji Tata to Noel Tata

Content Summary; The Tata Family Tree: From Jamsetji Tata to Noel Tata

Advertisement