June 13, 2026 |

പാക് പൗരനായതുകൊണ്ട് പീഡിപ്പിക്കപ്പെടും, ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജി തള്ളി യുഎസ് കോടതി

കനേഡിയൻ പൗരനായ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം തന്നെ അനുമതി നൽകിയിരുന്നു

തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ തള്ളി യുഎസ് സുപ്രീം കോടതി. പാകിസ്ഥാനിൽ ജനിച്ച മുസ്ലീമായതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണയുടെ അപേക്ഷ. എന്നാൽ ഈ അപേക്ഷയാണ് ഇപ്പോൾ കോടതി തള്ളിയത്.

തൻറെ മതം, പാകിസ്ഥാൻ വേരുകൾ, മുൻ പാകിസ്ഥാൻ ആർമി അംഗം എന്ന പദവി, 2008 ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായുള്ള ബന്ധം, തൻറ ആരോഗ്യസ്ഥിതി എന്നിവ കാരണം, താൻ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടും, അതും മറ്റ് സാഹചര്യങ്ങളിൽ നിന്നുള്ളവരെക്കാൾ കൂടുതൽ പീഡിപ്പിക്കപ്പെടും. തന്നെ വളരെ പെട്ടെന്ന് കൊല്ലാൻ സാധ്യതയുണ്ടെന്നും റാണ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലീങ്ങളോട് നടത്തുന്ന വ്യവസ്ഥാപിതമായ വിവേചനവും കളങ്കപ്പെടുത്തലും രേഖപ്പെടുത്തിയ 2023ലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് വേൾഡ് റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു റാണയുടെ വാദം.

കൂടാതെ തൻറെ ആരോഗ്യം വഷളാണെന്നും റാണ പറഞ്ഞു. 3.5 സെൻറിമീറ്റർ നീളമുള്ള അബ്ഡൊമിനൽ അയോർട്ടിക് അനൂറിസം, പാർക്കിൻസൺ രോഗം, മൂത്രാശയ കാൻസർ എന്നിവയാൽ താൻ കഷ്‌ടത അനുഭവിക്കുകയാണെന്നായിരുന്നു റാണയുടെ വാദം. തന്നെ ‘വേഴാമ്പലിൻറെ കൂട്ടിലേക്ക് അയക്കരുത്’ എന്നാണ് റാണ ഹർജിയിൽ ആവശ്യപ്പെട്ടത്.

കനേഡിയൻ പൗരനായ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം തന്നെ അനുമതി നൽകിയിരുന്നു. ജനുവരിയിൽ റാണ നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്നായിരുന്നു ഇത്. അടിയന്തര അപേക്ഷയും സുപ്രീം കോടതി തള്ളിയതോടെ റാണയെ സംബന്ധിച്ച് അവസാന വഴിയും അടഞ്ഞിരിക്കുകയാണ്.

2008 നവംബർ 26ന് 166 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകര സംഘടനകൾക്ക് വേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും അമേരിക്കൻ പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഡാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമ നടപടികൾ നേരിടുക. ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നൽകിയ കേസിൽ 2011ൽ അമേരിക്കൻ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.

content summary; The U.S. Supreme Court has denied Tahawwur Rana’s appeal to block his extradition to India in connection with the 2008 Mumbai terror attacks

Leave a Reply

Your email address will not be published. Required fields are marked *

×