തെക്കുപടിഞ്ഞാറന്‍ ഇറാന്റെ ആകാശത്ത് വെച്ച് 19 ടണ്‍ ഭാരമുള്ള ഒരു ചാരനിറത്തിലുള്ള എഫ്-15ഇ യുദ്ധവിമാനത്തിലേക്ക് ഒരു മിസൈല്‍ ഇടിച്ചു കയറിയപ്പോള്‍ തകര്‍ന്നത് അമേരിക്കയുടെ ചില അവകാശവാദങ്ങള്‍ കൂടിയായിരുന്നു. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ തങ്ങള്‍ക്ക് ‘പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്ന’ ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങളാണ് അത്യാധുനികമായ ആ വിമാനം വെടിവെച്ചിട്ട സംഭവം തകര്‍ത്തത്. കഴിഞ്ഞ ദശകങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ വ്യോമസേന കണ്ട ഏറ്റവും സങ്കീര്‍ണ്ണമായ തിരച്ചില്‍ ദൗത്യങ്ങളിലൊന്നിലേക്ക് അവര്‍ വീണുപോവുകയും ചെയ്തിരിക്കുന്നു.
തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ ഒരാളെ അമേരിക്കന്‍ സേന രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഇതിനിടെ ഒരു എ-10 ഫൈറ്റര്‍ ജെറ്റിന് നേരെയും വെടിവെപ്പുണ്ടായെങ്കിലും പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു. അഞ്ചാഴ്ചയായി തുടരുന്ന യുദ്ധത്തിനിടയില്‍ ഇതിനോടകം 13,000-ത്തോളം വിമാനങ്ങള്‍ ഇറാനില്‍ ബോംബാക്രമണം നടത്തിയിട്ടുണ്ട്. ഇറാനെ സാമ്പത്തികമായും സൈനികമായും തങ്ങള്‍ തകര്‍ത്തുകഴിഞ്ഞു എന്നാണ് കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്.
വെള്ളിയാഴ്ച വിമാനം തകര്‍ക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഒരു വിമാനം വെടിവെച്ചിട്ടു എന്ന ഇറാന്റെ അവകാശവാദത്തെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെയാണ് ഇറാന്‍ ആദ്യമായി ഒരു അമേരിക്കന്‍ യുദ്ധവിമാനത്തെ വിജയകരമായി തകര്‍ത്തു കളഞ്ഞത്. വിമാനം തകര്‍ന്നെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ സി-130 ഇന്ധന വിമാനങ്ങളും എച്ച്-60 ഹെലികോപ്റ്ററുകളും തിരച്ചിലിനായി ഇറാന്റെ മലനിരകള്‍ക്ക് മുകളിലൂടെ താഴ്ന്നു പറക്കാന്‍ തുടങ്ങി. ഇറാന്റെ റഡാറുകളില്‍ പെടാതിരിക്കാനാണ് ഇത്തരത്തില്‍ താഴെക്കൂടി പറക്കുന്നത് എങ്കിലും ഇത് താഴെ നിന്നുള്ള ആക്രമണങ്ങള്‍ക്ക് വിമാനത്തെ എളുപ്പത്തില്‍ ഇരയാക്കാന്‍ സാധ്യതയുണ്ട്.
തിരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സി-130 വിമാനം ഒരേസമയം രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതും, താഴെ നിന്ന് ഇറാനിയന്‍ പൗരന്മാര്‍ വിമാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പൈലറ്റിനെ പിടികൂടി നല്‍കുന്നവര്‍ക്ക് ഇറാന്‍ ഭരണകൂടം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് അറിയിച്ചു. വിമാനം വെടിവെച്ചിട്ടത് സമാധാന ചര്‍ച്ചകളെ ബാധിക്കുമോ എന്ന ചോദ്യത്തിന് ‘ഇതൊരു യുദ്ധമാണ്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ ശനിയാഴ്ച രാവിലെ ഇറാനെതിരെയുള്ള തന്റെ ഭീഷണി ആവര്‍ത്തിച്ചപ്പോഴും പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചില്ല.
ഇറാന്റെ സൈനിക ശേഷി വലിയ തോതില്‍ അമേരിക്ക നശിപ്പിച്ചെങ്കിലും, ഇപ്പോഴും തങ്ങള്‍ തിരിച്ചടിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഇസ്രയേലുമായി ചേര്‍ന്ന് അമേരിക്ക ഇറാനെതിരെ നടത്തുന്ന നീക്കങ്ങളില്‍ ഇതുവരെ തകര്‍ക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ യുദ്ധവിമാനമാണിത്. വരും ദിവസങ്ങളില്‍ യുദ്ധം കൂടുതല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നല്‍കുന്ന സൂചന.
Content Summary: The US continues its search for the missing pilot of the F-15E fighter jet downed by Iran. US-Israel War On Iran
This post was last modified on April 5, 2026 9:37 am
Leave a Comment