July 17, 2025 |
Share on

വഖഫ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍; അറിയേണ്ടതെല്ലാം

പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും, മുസ്ലിം സംഘടനകളും ശക്തമായ പ്രതിഷേധത്തില്‍

വിവാദമായ വഖഫ് ബില്‍ ഇന്ന് (ബുധനാഴ്ച്ച) പാര്‍ലെമന്റില്‍ അവതരിപ്പിക്കും. രാവിലത്തെ ചോദ്യോത്തര വേളയ്ക്ക് ശേഷം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജു ഉച്ചയ്ക്ക് 12 മണിയോടെയാകും ബില്‍ അവതരിപ്പിക്കുക. പാര്‍ലമെന്റിന്റെ പരിഗണനയ്ക്കും പാസാക്കലിനും വേണ്ടി സമര്‍പ്പിക്കുന്ന ബില്ലില്‍ എട്ടുമണിക്കൂറോളം ചര്‍ച്ച നടക്കും. രാത്രി എട്ട് മണിക്ക് ബില്ലിന്റെ കാര്യത്തില്‍ തീരുമാനം ആകുമെന്നാണ് വിവരം. ചര്‍ച്ചയുടെ സമയം നീണ്ടാല്‍ അതനുസരിച്ച് ബില്ലില്‍ തീരുമാനമാകുന്നതും വൈകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു, തുടര്‍ന്ന് കൂടുതല്‍ പരിഗണനയ്ക്കായി ബിജെപി എംപി ജഗദംബിക പാലിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. സംയുക്ത പാര്‍ലമെന്റ് സമിതിയുടെ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കിയശേഷമുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുന്നത്.

പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും. പ്രതിപക്ഷ നിരയായ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് ഇന്ത്യ മുന്നണി യോഗം ചേര്‍ന്നിരുന്നു. ബില്ലില്‍ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷ നിലപാട്. എട്ടു മണിക്കൂറിന് പകരം 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്ന് ചൊവ്വാഴ്ച്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

ബില്‍ അവതരിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രതിപക്ഷ മുന്നണി വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും അവരുടെ എംപിമാര്‍ക്ക് ചര്‍്ച്ചയില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിപ്പ് നല്‍കിയിട്ടില്ല. കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍(കെസിബിസി) ബില്ലില്‍ അനുകൂലമായി വോട്ട് ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസ് എംപിമാര്‍ക്ക് മുന്നില്‍ വച്ചിരുന്നു. ഈ ആവശ്യം നിരാകരിച്ചിട്ടുണ്ടെങ്കിലും വോട്ടെടുപ്പില്‍ എന്തു തീരുമാനം എടുക്കുമെന്നതില്‍ അനിശ്ചിതത്വമുണ്ട്. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിപിഎം എംപിമാര്‍ നേരത്തെ തന്നെ സ്പീക്കര്‍ക്ക് അവധിയപേക്ഷിച്ച് കത്ത് നല്‍കിയിരുന്നുവെങ്കിലും, ഏരെ നിര്‍ണായകമായൊരു ബില്‍ ആയതുകൊണ്ട് പാര്‍ട്ടിയുടെ നാല് എംപിമാരും അവധി റദ്ദാക്കി ഇന്ന് പാര്‍ലമെന്റില്‍ എത്തും. ബിജെപിയും അവരുടെ എല്ലാ അംഗങ്ങളും പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. മുസ്ലിം സംഘടനകളും ബില്ലിനെതിരേ കടുത്ത പ്രതിഷേധത്തിലാണ്.

2024ലെ വഖഫ്(ഭേദഗതി) ബില്‍ സംബന്ധിച്ച പ്രധാന കാര്യങ്ങള്‍

വഖഫ് വസ്തുവകകള്‍ പരിപാലിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിര്‍ണായകമായ മാറ്റങ്ങളാണ് 2024ലെ ഭേദഗതി ബില്ല് നിര്‍ദ്ദേശിക്കുന്നത്.

1. കേന്ദ്ര വഖഫ് കൗണ്‍സിലിന്റേയും വഖഫ് ബോര്‍ഡുകളുടേയും രൂപത്തില്‍ മാറ്റം വരുത്തുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. വഖഫ് കൗണ്‍സിലിലേയ്ക്കും ബോര്‍ഡുകളിലേയ്ക്കും മുസ്ലീം ഇതര സമുദായാംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള ബില്ലിന്റെ നിര്‍ദ്ദേശമാണ് ഏറ്റവും എതിര്‍ക്കപ്പെടുന്നത്.

2. 1995ലെ വഖഫ് നിയമപ്രകാരം ഈ ഭരണസമിതികള്‍ മുസ്ലീങ്ങള്‍ക്ക് പ്രബല പ്രധാന്യം നല്‍കിക്കൊണ്ടാണ് രൂപവത്കരിക്കേണ്ടത്. കേന്ദ്ര വഖഫ് കൗണ്‍സിലിനും സംസ്ഥാന ബോര്‍ഡുകളിലും രണ്ട് അംഗങ്ങളും മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നാകണം എന്ന 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥ പുതിയ നിയമം ഒഴിവാക്കി. പകരം മുസ്ലീം ഇതര അംഗങ്ങള്‍ ഭൂരിപക്ഷമായ ഒരു ഭരണസമിതി ഉണ്ടാകുന്നതിനുള്ള സാധ്യതയാണ് ബില്ല് മുന്നോട്ട് വയ്ക്കുന്നത്. മെച്ചപ്പെട്ട ഉള്‍ക്കൊള്ളലും സുതാര്യതയുമാണ് ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യമെന്ന് വാദിച്ചാലും മതപരമായ സ്വയം ഭരണത്തിനെ ഇത് ബാധിക്കുമെന്ന ആകുലത വളരെ വലുതാണ്. മുസ്ലീം മത നിയമ പ്രകാരമാണ് വഖഫ് നിയന്ത്രിക്കപ്പെടേണ്ടത്. മുസ്ലീം ഇതര സമുദായാംഗങ്ങള്‍ക്ക് ഇതിന്റെ ഭരണ നിര്‍വ്വഹണം കൈയ്യാളാന്‍ അവസരം നല്‍കുന്നത് വഴി മതാനുഷ്ഠാനങ്ങളുടെ സത്യനിഷ്ഠയേയും സ്വന്തം മതപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലുള്ള മുസ്ലീം സമുദായത്തിന്റെ അവകാശത്തേയും തകര്‍ക്കും. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 26ാം അനുച്ഛേദം നല്‍ക്കുന്ന സംരക്ഷണത്തിന്റെ ലംഘനമാണ്.

3. വഖഫിന്റെ രൂപീകരണം: ഈ ബില്ല് വഖഫ് രൂപവത്കരണത്തിന് പുതിയ മാനദണ്ഡവും കൊണ്ട് വരുന്നു. പരമ്പരാഗതമായി ഒരു പ്രഖ്യാപനത്തിലൂടേയോ കുറേ കാലമായുള്ള ഉപയോഗത്തിലൂടെയോ ധര്‍മ്മദാനത്തിലൂടെയോ (വഖഫ്അലാല്‍ഔലാദ്) വഖഫ് രൂപവത്കരിക്കാമെങ്കില്‍ പുതിയ നിയമം അനുസരിച്ച് ചുരുങ്ങിയത് അഞ്ച് വര്‍ഷമായെങ്കിലും ഇസ്ലാം മതം ആചരിക്കുന്ന ആള്‍ക്ക് മാത്രമേ വഖഫ് പ്രഖ്യാപിക്കാനാകൂ. ഇതാകട്ടെ അഞ്ച് വര്‍ഷത്തിന് മുമ്പ് മാത്രം ഇസ്ലാമിക വിശ്വാസത്തില്‍ എത്തിച്ചേര്‍ന്നയാള്‍ക്കും ദീര്‍ഘകാല മതവിശ്വാസികള്‍ക്കും തമ്മില്‍ നിയമപരമല്ലാത്ത ഒരു വേര്‍തിരിവ് കൊണ്ടുവരുന്നു. ഇതിന്റെ ആവശ്യതകതയും ന്യായവും സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടുന്നു. മാത്രമല്ല് വഖഫ് എന്ന ആശയത്തെ തന്നെ റദ്ദാക്കുന്ന വ്യവസ്ഥകളും പുതിയ ബില്ലിലുണ്ട്. മാത്രമല്ല, ഉപയോഗത്തിലൂടെ വഖഫ് ആയിത്തീരുക എന്ന ആശയത്തെ ഈ ബില്ല് റദ്ദുചെയ്യുകയും വഖഫ് അലാല്‍ഔലാദില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു.

4. വഖഫ് വസ്തുവകകളുടെ സര്‍വ്വേയും കണ്ടെത്തലും : വഖഫ് വസ്തുവകള്‍ സര്‍വ്വേ ചെയ്യാനുള്ള ഉത്തരവാദിത്തമുള്ള സര്‍വ്വേ കമ്മീഷണര്‍ക്ക് പകരം ജില്ലാ കളക്ടര്‍ക്ക് ആ ചുമതല നല്‍കുകയാണ് പുതിയ ബില്ല് ചെയ്യുന്നത്. ഇതോടൊപ്പം വഖഫ് വസ്തുവക യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണോ എന്ന് നിശ്ചയിക്കാനുള്ള അധികാരവും കളക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കും. മാത്രമല്ല, സര്‍ക്കാരിന്റേതാണ് എന്ന് നിശ്ചയിച്ചാല്‍ അതിന്റെ വഖഫ് പദവി റദ്ദാക്കി സര്‍ക്കാരിലേയ്ക്ക് സ്വരുക്കൂട്ടാനും പുതിയ നിയമം കളക്ടര്‍ക്ക് അവകാശം നല്‍കുന്നു. ഭരണപരമായ പ്രാഗത്ഭ്യം സര്‍വ്വേ കമ്മീഷണര്‍മാരേക്കാള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഉണ്ടാകും എന്ന് വാദിച്ചാലും വഖഫുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യം ഇവര്‍ക്ക് ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യം ബാക്കിയാണ്. റവന്യൂ ഉദ്യോഗസ്ഥനായ കളക്ടര്‍ക്ക് ഇസ്ലാമിക മത നിയമത്തിലും വഖഫ് വസ്തുവകകള്‍ സൂക്ഷ്മതയോടെ തിരിച്ചറിയുന്നതിലും അവഗാഹം ഉണ്ടാകാനുള്ള സാധത വിരളമാണ്.

5. വഖഫ് ട്രിബൂണലിന്റെ രൂപീകരണം: വഖഫ് ട്രിബൂണലുകളുടെ രൂപീകരണത്തിലും പുതിയ ബില്ല് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു ജഡ്ജ് (സാധാരണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റോ ജില്ലാ ജഡ്ജിയോ), അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് തുല്യമായ റാങ്കുള്ള ഒരു സംസ്ഥാന ഉദ്യോഗസ്ഥന്‍, മുസ്ലീം മത നിയമ വിദഗ്ദ്ധന്‍ എന്നിങ്ങനെയാണ് നിലവില്‍ വഖഫ് ട്രിബൂണലിന്റെ രൂപം. പുതിയ ബില്ലാകട്ടെ മുസ്ലീം മത നിയമ വിദഗ്ദ്ധനെ ഇതില്‍ നിന്ന് ഒഴിവാക്കുന്നു. വഖഫുമായി ബന്ധപ്പെട്ട ഏത് തര്‍ക്കത്തിന്റേയും നിയമവ്യവഹാരത്തിന്റേയും കേന്ദ്രം മുസ്ലീം മത നിയമമാണെന്നിരിക്കേ ഇതില്‍ വിദഗ്ദ്ധനായ ആളെ ട്രിബൂണില്‍ നിന്ന് ഒഴിവാക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. വിരമിച്ചതോ സര്‍വ്വീസിലുള്ളതോ ആയ ഒരു ജില്ലാ കോടതി ജഡ്ജി, മുതിര്‍ന്ന ഒരു സംസ്ഥാന ഭരണോദ്യോഗസ്ഥന്‍ എന്നിവര്‍ മാത്രമായി ഈ ട്രിബൂണല്‍ ചുരുക്കാനായി പുതിയ ബില്ല് നിര്‍ദ്ദേശിക്കുമ്പോള്‍ വഖഫ് വസ്തുവകകളുമായി ബന്ധപ്പെട്ട മതപരമാവും നിയമപരവുമായ സവിശേഷ വ്യതിരിക്തകള്‍ മനസിലാക്കുന്നതിന് ട്രിബൂണലിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുക.

6. ഹൈക്കോടതിയിലെ അപ്പീല്‍: നിലവിലുള്ള വഖഫ് നിയമമനുസരിച്ച് വഖഫ് ട്രിബൂണിലിന്റെ തീരുമാനം അന്തിമാണ്. ട്രിബൂണല്‍ തീരുമാനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കില്ല. ഈ വകുപ്പ് 2024 ലെ പുതിയ നിയമം മാറ്റിയിരിക്കുന്നു. ട്രിബൂണലിന്റെ തീരുമാനത്തെ 90 ദിവസങ്ങള്‍ക്കുള്ളില്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം.

വിവാദങ്ങളും ചര്‍ച്ചകളും

1. വഖഫ് ഭരണസമിതികളില്‍ മുസ്ലീം പ്രാതിനിധ്യം കുറയ്ക്കുന്നത്

കേന്ദ്ര വഖഫ് കൗണ്‍സിലേക്കും സ്റ്റേറ്റ് വഖഫ് ബോര്‍ഡുകളിലേക്കും മുസ്ലീം ഇതര സമുദായാംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചത്. മുസ്ലിം മത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫിന്റെ ഭരണ നിര്‍വ്വഹണം നടക്കുന്നത് എന്നതിനാല്‍ തന്നെ മുസ്ലീം ഇതര സമുദായാംഗങ്ങളെ കൂടിയ അധികാരത്തോട് കൂടി വഖഫ് വസ്തുവകകളുടെ നിയന്ത്രണത്തിന് നിയമിക്കുന്നത് തെറ്റാണ് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഭരണനിര്‍വ്വഹണ സമിതികളില്‍ മുസ്ലീം ഇതര സമുദായാംഗങ്ങള്‍ ഭൂരിപക്ഷമാകുന്നത് മതസ്വാതന്ത്യത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംരക്ഷണത്തിന് തന്നെ ഭീഷണിയാകുന്നു. പ്രത്യേകിച്ചും പുറമേ നിന്നുള്ള ഇടപെടലുകളില്ലാതെ സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മത സമൂഹങ്ങള്‍ക്ക് നല്‍കുന്ന അവകാശം. മാത്രമല്ല, സിഖ്, ഹിന്ദു സമുദായങ്ങളെല്ലാം തങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും സ്ഥാപനങ്ങളും അതേ വിശ്വാസത്തില്‍ പെട്ടവരാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് മതവിഭാഗങ്ങളോടുള്ള സമീപനമല്ല വഖഫ് നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് മുസ്ലിം സമുദായത്തോട് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

2.മതവിശ്വാസത്തിനുള്ള അവകാശം

മുസ്ലീം വ്യക്തിനിയമവുമായി നാഭീനാള ബന്ധമുള്ള ഒന്നാണ് വഖഫ്. വഖഫ് വസ്തുവകകളുടെ ഭരണനിയന്ത്രണത്തില്‍ നിന്ന് മുസ്ലീം സമുദായാംഗങ്ങളെ ഒതുക്കി നിര്‍ത്തുന്നത് വഴി മുസ്ലീം സമൂഹത്തിന് തങ്ങളുടെ മതവിശ്വാസ, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത പ്രതിസന്ധിയുണ്ടാകും. മറ്റുള്ളവരെയും ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് ഈ നിയമം എന്ന് പറഞ്ഞാലും മത വിശ്വാസങ്ങള്‍ക്കനുസൃതമായി വഖഫ് വസ്തുവകകള്‍ നിയന്ത്രിക്കാനും പരിപാലിക്കാനും മുസ്ലീം സമൂഹത്തിന് കഴിയാത്ത അവസ്ഥയാകും ഈ നിയമം സൃഷ്ടിക്കുക.

3. വഖഫ് രൂപീകരണത്തിലുള്ള അവ്യക്തതകള്‍

മതജീവിതം ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം പിന്നിട്ടവര്‍ക്ക് മാത്രമേ വഖഫ് രൂപവത്കരിക്കാനാകൂ എന്ന വ്യവസ്ഥ എന്തിനാണ് എന്ന് യുക്തിപരമായ ചോദ്യമാണ് ആദ്യമുയരുന്നത്. മുസ്ലീം സമുദായത്തിനകത്ത് ദീര്‍ഘകാലമായി മതജീവിതം തുടരുന്നവരും പുതുതായി വിശ്വാസത്തിലെത്തിയവരും തമ്മില്‍ യാതൊരു വേര്‍തിരിവും ഇല്ല എന്നിരിക്കേ ഇത്തരത്തിലൊരു വിഭജനം കൊണ്ടുവരുന്നതെന്തിന് എന്നത് നിയമം വിശദീകരിക്കുന്നില്ല. മാത്രമല്ല, വഖഫ്-അലാല്‍-ഔലൂദില്‍ ബില്ല് കൊണ്ടുവരുന്ന മാറ്റം വഴി സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നതിലുള്ള നിയന്ത്രണത്തെ എടുത്തുമാറ്റുന്നത് പലയിടത്തുമുള്ള പരമ്പരാഗത ഇസ്ലാമിക രീതികള്‍ക്ക് എതിരാണ് താനും.

4. ഭരണ പാടവവും വഖഫ് സംബന്ധിച്ച വൈദഗ്ദ്ധ്യവും

വഖഫ് വസ്തുവകകളുടെ സര്‍വ്വേയും കണ്ടെത്തലും ജില്ലാ കളക്ടറെ ഏല്‍പ്പിക്കാനുള്ള തീരുമാനം കൂടുതല്‍ മെച്ചപ്പെട്ട ഭരണനടപടികള്‍ക്ക് വഴിതെളിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സവിശേഷമായ ചില അറിവുകള്‍ വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമാണ് എന്ന വസ്തുതയെ നിരാകരിക്കുന്നതാണ്. വഖഫ് നിയമത്തിന്റെ സങ്കീര്‍ണതകള്‍ കണക്കിലെടുക്കുമ്പോള്‍ വഖഫ് വസ്തുവകകള്‍ കണ്ടെത്തുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ ഇസ്ലാമിക നിയമാദര്‍ശങ്ങളില്‍ ആഴമേറിയ അറിവുള്ളവരായിരിക്കണം.

വഖഫ് (ഭേദഗതി) ബില്‍, 2024 ഇന്ത്യയിലെ വഖഫ് വസ്തുവകകള്‍ പരിപാലിക്കുകയും ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് പല പരിഷ്‌കാരങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ കടന്നുകയറ്റം, കാര്യപ്രാപ്തിയില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവ മതസമൂഹങ്ങളുടെ സ്വയംഭരണം, വഖഫ് ഭരണനിര്‍വ്വഹണത്തില്‍ മുസ്ലീം ഇതര മതസമൂഹങ്ങളുടെ പങ്ക്, ഭരണ പ്രാപ്തിയും നിയമ വൈദഗ്ദ്ധ്യവും തമ്മിലുള്ള സന്തുലനം തുടങ്ങിയ മറ്റ് പല സുപ്രധാന ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. നിയമനിര്‍മ്മാണം കടന്നുപോകുന്ന ഈ ബില്ല് മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങള്‍ മുസ്ലീം സമുദായത്തിന് ഗുണകരമാവുന്നതും മതപരവും നിയമപരവുമായ അവകാശങ്ങളെ ബഹുമാനിക്കുന്നതും ആകുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഇന്ത്യയുടെ വഖഫ് നിയമം
മുസ്ലീം നിയമത്തിന് കീഴില്‍ മതപരമോ കാരുണ്യപ്രവര്‍ത്തനപരമോ ധാര്‍മ്മികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കോ ആയി വസ്തുവകകള്‍ ശ്വാശ്വതമായി മാറ്റിവയ്ക്കുന്നതിനേയാണ് വഖഫ് എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. പള്ളിയുടേയും ഖബര്‍സ്ഥാനിന്റേയും പരിപാലനം, വിദ്യാഭ്യാസആരോഗ്യ സ്ഥാപനം, പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കല്‍ എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. ഇന്ത്യയിലൊട്ടാകെ 8.7 ലക്ഷം സ്ഥാവര വസ്തുക്കള്‍ ഖഖഫ് വസ്തുവകകളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയധികം വസ്തുവകകളെ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്.

2006ലെ സച്ചാര്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം രാജ്യത്തെ വഖഫ് വസ്തുവകകളുടെ വിപണി മൂല്യം ഏതാണ്ട് 1.2 ലക്ഷം കോടി രൂപ വരും. 1913ലെ വഖഫ് നിയമം മുതല്‍ പിന്നീട് ഭേദഗതി ചെയ്യപ്പെട്ട ധാരാളം നിയമങ്ങള്‍ക്ക് അനുസരിച്ച് വരെയാണ് വഖഫ് വസ്തുവകകള്‍ നിയന്ത്രിക്കപ്പെടുന്നത്. 1923, 1954 എന്നീ വര്‍ഷങ്ങളിലും ഒടുവില്‍ 1995ല്‍ സമഗ്ര വഖഫ് ആക്ടായും ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വഖഫ് കൗണ്‍സിലിന്റേയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടേയും രൂപീകരണം മുതല്‍ വഖഫുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ നിയമപരിഹാരത്തിന് ട്രിബൂണലുകളുടെ സ്ഥാപനം വരെയുള്ള നിര്‍ണായക പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നത് 1995ലെ നിയമത്തിലാണ്. ഈ ശ്രമങ്ങള്‍ക്കെല്ലാം ശേഷവും കടന്ന് കയറ്റം, നിയമവ്യവഹാരം, തികച്ചും ശോചനീയമായ പരിപാലനം, റവന്യൂ സാധ്യതകളെ കുറിച്ചുള്ള തിരിച്ചറിവില്ലായ്മ എന്നിങ്ങനെ പല വെല്ലുവിളികളും വഖഫ് മേഖല നേരിടുന്നുണ്ട്.  The Waqf Amendment Bill is set to be introduced in Parliament today. Here’s what you need to know about the bill

Content Summary; The Waqf Amendment Bill is set to be introduced in Parliament today. Here’s what you need to know about the bill

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×