June 13, 2025 |

ആരെയും പിന്തുണയ്ക്കാനില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; നിലപാട് മാറ്റത്തിനെതിരേ കടുത്ത വിമര്‍ശനം

36 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ‘ നിഷ്പക്ഷത’ പിടിക്കാന്‍ പത്രം തയ്യാറായിരിക്കുന്നത്

2024 ഒക്ടോബര്‍ 20-ലെ വാഷിംഗ്ടണ്‍ പോസ്റ്റ് ഒരു പ്രഖ്യാപനം നടത്തി. അതവരെ വാര്‍ത്തകളില്‍ ഇടം പിടിപ്പിക്കുകയും ചെയ്തു. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ആരെയും പിന്തുണയ്ക്കുന്നില്ല എന്ന പ്രഖ്യാപനമായിരുന്നു പോസ്റ്റിനെ ‘ വാര്‍ത്ത’യാക്കിയത്. 36 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ‘ നിഷ്പക്ഷത’ പിടിക്കാന്‍ പത്രം തയ്യാറായിരിക്കുന്നത്. എന്നാല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസാധകനും സിഇഒയുമായ വില്യം ലൂയിസ് എടുത്ത തീരുമാനം വായനക്കാരില്‍ നിന്നും കോളമിസ്റ്റുകളില്‍ നിന്നും രാഷ്ട്രീയ നിരൂപകരില്‍ നിന്നും ശക്തമായ വിയോജിപ്പുകള്‍ നേരിടുന്നതിന് കാരണമായിട്ടുണ്ട്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെയും പത്രപ്രവര്‍ത്തന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളാണ് ലൂയിസിന്റെ തീരുമാനത്തിന് പിന്നാലെ ഉയര്‍ന്നിരിക്കുന്നത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനും നിര്‍ണായക രാഷ്ട്രീയ വാര്‍ത്തകള്‍ക്കും ലോകപ്രശസ്തമായ വാഷിംഗ്ടണ്‍ പോസ്റ്റ് 1976 മുതല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിലപാട് സ്വീകരിക്കാറുണ്ട്. ഇപ്പോഴത്തെ തീരുമാനത്തെ പത്രത്തിന്റെ ‘വേരുകളിലേക്കുള്ള തിരിച്ചുവരവ’ ആയാണ് ലൂയിസ് വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ കൊടുക്കുന്ന രീതി 1970-കളുടെ പകുതി വരെ പത്രത്തിനുണ്ടായിരുന്നില്ല. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും പത്രം പിന്തുടരുന്ന മൂല്യങ്ങളും-നിയമവാഴ്ചയോടുള്ള ബഹുമാനവും മനുഷ്യസ്വാതന്ത്ര്യവും പോലെ- വായനക്കാരെ അവരുടെ സ്വന്തം അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ അനുവദിക്കുന്നതിലൂടെ ഉയര്‍ത്തിക്കാട്ടുകയാണെന്നാണ് ലൂയിസ് വാദിക്കുന്നത്. എന്നിരുന്നാലും, തിരഞ്ഞെടുപ്പിന് 11 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പോസ്റ്റ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ തീരുമാനം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള മൗനാനുവാദമാണെന്നും വ്യാഖ്യാനങ്ങളുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണി നേരിടുന്ന ഒരു കാലത്തില്‍, പ്രത്യേകിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന്, ഒരു നിലപാട് സ്വീകരിക്കാന്‍ പോസ്റ്റ് തയ്യാറാകത്തത് അപകടകരമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനം
പുലിറ്റ്സര്‍ പ്രൈസ് ജേതാവ് യൂജിന്‍ റോബിന്‍സണ്‍, മുന്‍ ഡെപ്യൂട്ടി എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ റൂത്ത് മാര്‍ക്കസ് എന്നിവരുള്‍പ്പെടെ നിരവധി വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുകള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചിട്ടുണ്ട്. ജനാധിപത്യ തത്വങ്ങളോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെയും ജനാധിപത്യത്തിനെതിരായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെയും ദുര്‍ബലപ്പെടുത്തുന്ന ‘ഭയങ്കര തെറ്റ്’ എന്നാണ് അവര്‍ പോസ്റ്റിന്റെ നിലപാടില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്. ജനാധിപത്യ മര്യാദകള്‍ക്ക് അപകടമുണ്ടാക്കുന്ന സ്ഥാനാര്‍ത്ഥികളെ പത്രം വ്യക്തമായി അപലപിക്കണമെന്ന അവരുടെ പ്രസ്താവനയെ നിരവധി വായനക്കാര്‍ പിന്തുണച്ചിട്ടുണ്ട്. വാട്ടര്‍ഗേറ്റ് അഴിമതി പുറത്തു കൊണ്ടുവന്ന, വാഷിംഗ്ടണ്‍ പോസ്റ്റിലെ ഇതിഹാസ പത്രപ്രവര്‍ത്തകരായ ബോബ് വുഡ്വാര്‍ഡും കാള്‍ ബേണ്‍സ്‌റ്റൈനും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രണ്ടാമതും ട്രംപ് പ്രസിഡന്റായാല്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് പോസ്റ്റിന്റെ തന്നെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഈ തീരുമാനം കൊണ്ട് അവഗണിച്ചുവെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടിയത്. എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ കോര്‍പ്പറേറ്റ് ഉടമസ്ഥതയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിയില്‍ ആഴത്തിലുള്ള ആശങ്ക ഈ വിമര്‍ശനത്തിലുണ്ട്.

വായനക്കാരുടെ എതിര്‍പ്പും
പോസ്റ്റിന്റെ പ്രഖ്യാപനം അതിന്റെ വായനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരിക്കാര്‍ പലരും പത്രത്തെ ഉപേക്ഷിച്ചു. പത്രത്തിന്റെ എഡിറ്റോറിയല്‍ നിലപാടിലുള്ള വായനക്കാരുടെ വിയോജിപ്പാണ് ഇത് കാണിക്കുന്നത്. ഫിലാഡല്‍ഫിയയില്‍ നിന്നുള്ള മിഷേല്‍ കില്‍പാട്രിക്കിനെ പോലുള്ള വായനക്കാര്‍, അമേരിക്കന്‍ ജനാധിപത്യത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ പത്രത്തിന്റെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലെ പരാജയത്തെ അപലപിക്കുകയാണ്. അതേസമയം, വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണ അന്തരീക്ഷത്തില്‍ നിഷ്പക്ഷതയിലേക്കുള്ള ഒരു ചുവടുവെപ്പായി ഈ തീരുമാനത്തെ കാണുന്നവരുമുണ്ട്. എന്നിരുന്നാലും, ജനാധിപത്യ ഭരണത്തിനെതിരായ വ്യക്തമായ ഭീഷണികള്‍ക്കിടയിലുള്ള ഈ നിഷ്പക്ഷത പലര്‍ക്കും അസ്വീകാര്യമാണ്.

വിശാലമായ മാധ്യമലോകം
മറ്റ് പ്രമുഖ മാധ്യമങ്ങളും സമാന തീരുമാനം എടുത്തിരിക്കുന്നതിനിടയില്‍ തന്നെയാണ് ആരെയും പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് വാഷിംഗ്ടണ്‍ പോസ്റ്റും സ്വീകരിച്ചിരിക്കുന്നത്. കോടീശ്വരനായ പാട്രിക് സൂണ്‍-ഷിയോങ്ങിന്റെ ഉടമസ്ഥതയിലുള്ള ലോസ് ഏഞ്ചല്‍സ് ടൈംസും നിഷ്പക്ഷമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം എഡിറ്റോറിയല്‍ എഡിറ്ററുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഈ തീരുമാനങ്ങള്‍ മാധ്യമ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് സമ്പന്നരായ വ്യക്തികളുടെയോ കൂട്ടായ്മകളുടെയോ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിവിധ മാധ്യമ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിമര്‍ശകര്‍ പോസ്റ്റിന്റെ നിലപാടിനെ ഭീരുത്വമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തനത്തിലെ ഒരു പ്രശ്നകരമായ പ്രവണതയായാണ് ഈ തീരുമാനത്തെ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത്, പൊതു താത്പര്യത്തെക്കാള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നതായി അവര്‍ പറയുന്നു. ദ ഗാര്‍ഡിയനിലെ മാര്‍ഗരറ്റ് സള്ളിവന്‍ ഈ തീരുമാനത്തെ ഉത്തരവാദിത്തത്തിന്റെ അവഗണനയാണെന്നാണ് അപലപിച്ചത്. അതേസമയം ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനെതിരായ വിയോജിപ്പ് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തത്.

ജനാധിപത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍
ഒരു സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കേണ്ടതില്ല എന്ന തീരുമാനം പത്രപ്രവര്‍ത്തനത്തിലും ജനാധിപത്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പിന്തുണ എന്നത് കേവലം ഒരു പ്രതീകാത്മക പ്രവര്‍ത്തിയല്ല; പൊതു വ്യവഹാരം രൂപപ്പെടുത്തുന്നതിനും രാഷ്ട്രീയ വ്യക്തികളെ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനുമുള്ള ഒരു പ്രധാന ഇടപെടലാണ്. തെറ്റായ വിവരങ്ങള്‍ പെരുകുകയും രാഷ്ട്രീയ ധ്രുവീകരണം ശക്തമാവുകയും ചെയ്യുന്ന ഒരു കാലാവസ്ഥയില്‍, പൊതു ധാരണയിലും വ്യവഹാരത്തിലും വഴികാട്ടുന്നതില്‍ പ്രശസ്തമായ വാര്‍ത്താ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണ്.

പിന്തുണ നിലപാടില്‍ നിന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പിന്‍വാങ്ങല്‍ ജനാധിപത്യ വിരുദ്ധ സ്വഭാവങ്ങളും മനോഭാവങ്ങളും സാധാരണ നിലയിലാക്കാന്‍ സഹായിക്കുമെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ തുരങ്കം വയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതില്‍ പ്രമുഖ മാധ്യമങ്ങള്‍ പരാജയപ്പെട്ടാല്‍ പ്രത്യേകിച്ചും. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാത്രമല്ല, ജനാധിപത്യ മര്യാദകള്‍ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി വാദിക്കുന്നതിലും പത്രപ്രവര്‍ത്തനത്തിന് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഈ വീക്ഷണം സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ തീരുമാനം അതിന്റെ ചരിത്രപരമായ നിലപാടില്‍ നിന്നുള്ള വഴിമാറലാണ്. മാത്രമല്ല രാഷ്ട്രീയ ഫലങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചയ്ക്കും തിരികൊളുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഉടമസ്ഥതയുടെയും പൊതുപ്രതീക്ഷകളുടെയും സമ്മര്‍ദ്ദത്തിന്‍ കീഴില്‍ പത്രപ്രവര്‍ത്തനത്തിന്റെ രീതികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍, അത്തരം തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ പത്രത്തിന്റെ പരിധിയില്‍ മാത്രമല്ല, വിശാലമായ ജനാധിപത്യ വ്യവഹാരത്തിലുടനീളം അനുഭവപ്പെടും. വ്യക്തതയും ഉത്തരവാദിത്തവും പരമപ്രധാനമായ ഒരു കാലഘട്ടത്തില്‍, വായനക്കാരില്‍ നിന്നും കോളമിസ്റ്റുകളില്‍ നിന്നും രാഷ്ട്രീയ നിരൂപകരില്‍ നിന്നുമുള്ള പ്രതികരണം നിര്‍ണായകമായ ഒരു സത്യത്തെ അടിവരയിടുന്നു: മാധ്യമങ്ങളും ജനാധിപത്യവും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമാണ്, സ്വാധീനമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അഗാധമായിരിക്കും. ജനാധിപത്യ ഭരണത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കും. 2024ലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, വാഷിംഗ്ടണ്‍ പോസ്റ്റും എല്ലാ മാധ്യമങ്ങളും- ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ അനിവാര്യതയോടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെ സന്തുലിതമാക്കാനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്.  The Washington Post’s Endorsement Decision: A Shift in Editorial Policy and Its Implications

Content Summary; The Washington Post’s Endorsement Decision: A Shift in Editorial Policy and Its Implications

Leave a Reply

Your email address will not be published. Required fields are marked *

×