November 07, 2024 |
Share on

എഡിജിപി വിവാദം; ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ചില ചോദ്യങ്ങള്‍

നിലവില്‍ നിയമസഭാ സമ്മേളങ്ങളിലടക്കം വിഷയം പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്

കഴിഞ്ഞ കുറച്ചു നാളുകളായി രാഷ്ട്രീയ കേരളം കടന്നു പോകുന്ന വിവാദ വിഷയമാണ് എഡിജിപി എം ആര്‍ അജിത് കുമാറുമായി ബനാധപ്പെട്ട ആരോപണവും, തുടര്‍ നടപടികളും. എന്താണ് യഥാര്‍ത്ഥത്തില്‍ വിവാദം?

മുഖ്യമന്ത്രിക്കും എഡിജിപി അജിത് കുമാറിനെതിരെയുള്ള നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാര്‍ത്ത സമ്മേളനങ്ങള്‍ക്ക് പിന്നാലെയാണ് എഡിജിപി ആര്‍എസ്എസ് ബന്ധമെന്ന ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയുമായി അജിത് കുമാര്‍ ഒരു മണിക്കൂറോളം സംസാരിച്ചെന്നായിരുന്നു ആരോപണം. തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് നേതാവ് ഇടനിലക്കാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടന്നായിരുന്നു പ്രധാനമായി ആരോപിച്ചത്. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. ആരോപണം വിവാദമായതോടെ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലായിരുന്നു വെളിപ്പെടുത്തല്‍. സ്വകാര്യ സന്ദര്‍ശനമാണെന്നായിരുന്നു വിശദീകരണം.

പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെ 2023 മെയ് 22 നായിരുന്നു എഡിജിപിയുടെ സന്ദര്‍ശനം. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ക്രമസമാധാനച്ചുമതല കൂടി ഉണ്ടായിരുന്നതിനാല്‍ സഞ്ചരിക്കുന്ന വാഹനത്തിന് ലോഗ് ബുക്ക് വഴി എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിച്ചെങ്കിലും ക്രമസമാധന ചുമതല വഹിക്കുന്ന എഡിജിപി തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളില്‍ വ്യക്തത നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കൂടിക്കാഴ്ച നടന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സമ്മതിച്ചു. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ആരാഞ്ഞു. പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ദത്താത്രേയ ഹൊസബാളെയെ മാത്രമല്ല, അജിത് കുമാര്‍ മുതിര്‍ന്ന ആര്‍എസ്എസ്‌നേതാവ് രാംമാധവിനേയും കണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി.

അന്‍വറിനും, പ്രതിപക്ഷ നേതാവിനും ശേഷം സിപിഐ നേതൃത്വം കൂടി എഡി ജിപിക്കെതിരെ തിരിഞ്ഞതോടെ വിവാദം ആളിക്കത്തി, ഭരണപക്ഷം വെട്ടിലായി. കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് അറിയാന്‍ കേരളത്തിന്
ആകാംക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്. എല്‍ഡിഎഫിന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ല, ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍ഡിഎഫിനും ആര്‍എസ്എസിനും ഇടയില്‍ ഒന്നുമില്ലെന്നാണ് അദ്ദേഹം സ്വീകരിച്ച നിലപാട്. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിന് പിന്നാലെ അടുത്ത ദിവസം വി എസ് സുനില്‍കുമാറും കൂടിക്കാഴ്ചയില്‍ സംശയം ഉന്നയിച്ചു. ”എഡിജിപി സന്ദര്‍ശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണെങ്കില്‍ ഇതില്‍ ഒരു കക്ഷി ആര്‍എസ്എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതുതന്നെയാണ് ഞാനും പറഞ്ഞുകൊണ്ടിരുന്നത്” അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ സിപിഎം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് പല കോണില്‍ നിന്ന് കുറ്റപ്പെടുത്തലുണ്ടായി. വിഷയത്തില്‍ വ്യക്തത വേണമെന്ന ഉറച്ച നിലപാട് സിപിഐയില്‍ നിന്നുണ്ടായതോടെ ഇടതുപക്ഷത്ത് ഭിന്നതയെന്ന വാര്‍ത്തകള്‍ ശക്തമായി.

തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരില്‍വെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാര്‍ കണ്ടതെന്ന ചോദ്യത്തിന് ഉത്തരം തേടി ഡി.ജി.പിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആദ്യം അന്വേഷണം പ്രഖ്യാപിച്ചു. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിച്ചത്. അതിനിടെ എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് പിവി അന്‍വര്‍ എംഎല്‍എ ആവശ്യമുന്നയിച്ചു. അജിത് കുമാര്‍ ചുമതലയില്‍നിന്ന് തെറിക്കുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തെത്തുമെന്ന് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയമായ അട്ടിമറിക്കും ഇവര്‍ കൂട്ടുനിന്നിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.

‘കേരളം സത്യം അറിയാന്‍ കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിട്ട് അതിന്റെ വക്കും മൂലയുമേ കിട്ടിയിട്ടുള്ളൂ. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയക്കേസുകള്‍ അല്ലെങ്കില്‍ ഒരു സര്‍ക്കാരിനെ ഒരു മുന്നണിയെ പാര്‍ട്ടിയെ പോലും ബാധിക്കാന്‍ സാധ്യതയുള്ള കേസുകള്‍. സത്യവിരുദ്ധമായി ചില കേസുകള്‍ ക്ലോസ് ചെയ്തു. അതിന്റെ പേരിലേക്ക് കടക്കുന്നില്ല. ഇനിയും അജിത് കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ താഴെയുള്ളതോ സമന്മാരോ ആയ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുമ്പോള്‍ അജിത് കുമാറിന്റെ സാന്നിധ്യം അവരുടെ ആത്മവിശ്വാസത്തിന് കുറവു വരുത്തും. ” മാധ്യമങ്ങളെ കണ്ട അന്‍വര്‍ പറഞ്ഞു.

ഇതിനിടെ അജിത് കുമാറിനെയും മുഖ്യമന്ത്രിയെയും പിന്തുണച്ച് കൊണ്ട് എം വി ഗോവിന്ദനും, സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇരുവരുടെയും പ്രതികരണങ്ങളും വിവാദത്തിനിടയായി. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നായിരുന്നു എഎന്‍ ഷംസീറിന്റെ വാദം. ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍എസ്എസ് നേതാവിനെ കാണുന്നത് ഗൗരവമായി എടുക്കേണ്ടെന്ന അദ്ദേഹത്തിന്റെ പ്രതികരണം വിമര്‍ശനങ്ങള്‍ക്കിടായാക്കി.

ആരോപണങ്ങളും വിവാദങ്ങളും കടുക്കുന്നതിനിടെ എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് പല കുറി വിമര്‍ശനം ഉയര്‍ന്നു. ഈ വിമര്‍ശനത്തെ ഊട്ടിഉറപ്പിക്കും വിധമായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പിവി അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ തൊടുത്തുവിട്ട, മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരനെയടക്കം മാറ്റി സംസ്ഥാന പോലീസില്‍ സ്ഥാനചലനമുണ്ടായപ്പോള്‍ ആരോപണം നേരിടുന്ന എഡിജിപിയെ മാത്രം ചുമതലയില്‍ നിലനിര്‍ത്തിയായിരുന്നു സര്‍ക്കാര്‍ നീക്കം. അഴിച്ചുപണിക്കിടെ സെപ്റ്റംബര്‍ 18 വരെ അവധിയില്‍ പ്രവേശിക്കാനുള്ള നീക്കം അജിത്കുമാര്‍ ഉപേക്ഷിച്ചു. അജിത് കുമാര്‍ അവധി പിന്‍വലിച്ച് തിരികെയെത്തി.

അതിനിടെ മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് എംഎല്‍എ പിവി അന്‍വര്‍ ആരോപണമുന്നയിച്ചു. ‘ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലീസ് ഉദ്യോഗസ്ഥര്‍ വെളുപ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എഡിജിപി എംആര്‍ അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തന്റെ വിശ്വസ്തര്‍ ചതിച്ചോ എന്ന് പരിശോധിക്കുകയാണ് മുഖ്യമന്ത്രി’ എന്നും അന്‍വര്‍ പരുഷമായ ഭാഷയില്‍ പറഞ്ഞു. കൂടതെ അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ ഇടതുമുന്നണി യോഗത്തിനു മുന്‍പ് ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് ആവശ്യപെട്ടിരുന്നു. ആര്‍ജെഡിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എഡിജിപി അജിത്ത് കുമാര്‍, മുഖ്യമന്ത്രയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യത തകരുമെന്ന് പാര്‍ട്ടി ഇടതുമുന്നണിയോട് ഓര്‍മിപ്പിച്ചു.

ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപിയെ സര്‍ക്കാര്‍ മാറ്റാത്തത് എന്താണെന്ന വിമര്‍ശനം ഉയര്‍ന്നു. ഘടകകക്ഷികള്‍ കടുത്ത അമര്‍ഷം ഉന്നയിച്ചിട്ടും റിപ്പോര്‍ട്ട് വരും വരെ നടപടി സ്വീകരിക്കില്ലന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇടതുമുന്നണി യോഗത്തില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായി. വിഷയം രാഷ്ട്രീയപ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്ന നയമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ആരോപണ വിധേയരാണെങ്കില്‍ പോലും വ്യക്തത കൈവരും വരെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ബാധ്യസ്ഥത സര്‍ക്കാരിനില്ലേ എന്ന ചോദ്യം പല കോണുകളില്‍ നിന്നുയര്‍ന്നിട്ടും ഉത്തരം ലഭിച്ചില്ല.

സമ്മര്‍ദ്ദം കടുക്കുന്നതിനിടെയിലാണ് കീഴുദ്യോഗസ്ഥര്‍ മൊഴിയെടുക്കരുതെന്ന എഡിജിപിയുടെ ആവശ്യപ്രകാരം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആണ് അജിത്കുമാറിന്റെ മൊഴിയെടുത്തത്. പൂരം കലക്കലിന് പുറമെ തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് അന്വേഷിച്ചിരുന്നത്. അനധികൃത സ്വത്തുസമ്പാദനമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ഡിജിപിയുടെ ആവശ്യം. ഡിജിപിയുടെ ആവശ്യം ശരിവയ്ച്ചുകൊണ്ട് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും നേരിടുന്ന എഡിജിപിയുടെ തോളില്‍ കനത്ത ഭരമേല്പിക്കുന്നതായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ പിന്നീട് വന്ന വിവരങ്ങള്‍ അനുസരിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം മാത്രമായിരുന്നു നടത്തിയത്.

രാജ്യത്തെ ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് കുടപിടിക്കുന്ന സംഘടനാ നേതാവുമായി സംസ്ഥാനത്തെ പോലീസ് മേധാവി കൂടികാഴ്ചനടത്തിയത് ഇടതുപക്ഷം ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് എതിരാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ തുറന്നടിച്ചു. ”ഇന്ത്യയില്‍ ഫാസിസം പ്രത്യക്ഷപ്പെടുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ രൂപത്തിലാണെന്നുള്ളതില്‍ ദേശീയ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു സംശയവുമില്ല. അങ്ങനെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മുന്നണി നയിക്കുന്ന സര്‍ക്കാരിന്റെയും നയങ്ങളില്‍നിന്ന് ഭരണസംവിധാനത്തിലെ ഒരാളും വ്യതിചലിക്കാന്‍ പാടില്ല. അഥവാ ആ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലുള്ള ഒരുദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചാല്‍ അയാളെ സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ പ്രതിഫലിക്കുന്ന തസ്തികകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയണം” ലേഖനത്തിലെ പ്രസക്ത ഭാഗത്ത് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ കെപ്രകാശ്ബാബു എഴുതിയത്. പിന്നീടുള്ള ദിവസങ്ങളിലും അതി രൂക്ഷമായ ഭാഷയില്‍ പത്രത്തിന്റെ മുഖപ്രസംഗം വിഷയത്തില്‍ വിമര്‍ശനം ഉയര്‍ത്തുന്നതാണ് കേരളം കണ്ടത്.

തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയിരുന്നത് എഡിജിപിയായിരുന്നു. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷമാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുന്നത്. സെപ്റ്റംബര്‍ 24-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോപണ വിധേന്‍ തന്നെ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് വലിയ അസഹിഷ്ണുതയാണ് ഉയര്‍ന്നത്. സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് ആ അസഹിഷ്ണുതക്ക് ആക്കം കൂട്ടി. അന്ന് കമ്മിഷണറായിരുന്ന അങ്കിത് അശോകന് പരിചയക്കുറവ് മൂലം പൂരം ഏകോപനത്തില്‍ വീഴ്ചപറ്റി. പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴും പൊലീസിന് വേണ്ട രീതിയില്‍ കൈ കാര്യം ചെയ്യാന്‍ കഴിയാതെ വന്നു. അതെ സമയം കോടതി നിര്‍ദേശങ്ങള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍ കര്‍ശനമായ നടപടികള്‍ പൊലീസിന് സ്വീകരിക്കേണ്ടിവന്നിരുന്നു, ഇക്കാര്യങ്ങളുടെ അകെ തുകയായാണ് വീഴ്ച സംഭവിച്ചത്, അതിനപ്പുറം ബാഹ്യ ഇടപെടലുകള്‍ പൂരം കലക്കലില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിച്ചു. ‘നാണംകെട്ട റിപ്പോര്‍ട്ട്’ എന്ന കടുത്ത ഭാഷയാണ് റിപ്പോര്‍ട്ടിനെതിരെ സിപിഐ മുഖപത്രം സ്വീകരിച്ചത്. അന്ന് മുതല്‍ നടപടി സ്വീകരയ്ക്കും വരെ ഈ കടുപ്പം തന്നെ പത്രം ഉപയോഗിച്ച് പോന്നു.

‘തൃശൂര്‍പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം ആര്‍ അജിത് കുമാര്‍. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പുരമെന്നായിരുന്നു അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പുരം കലക്കല്‍ റിപ്പോര്‍ട്ട്, ‘ഓടുന്ന കുതിരയ്ക്ക് ആടുന്നഭൂഷണം’ എന്നാണല്ലോ ചൊല്ല്!’ അങ്ങേയെറ്റം വിമര്‍ശനാത്മകമായി ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ എഴുതി.

പ്രതിപക്ഷവും, സിപിഐയും ഒരുപോലെയാണ് അന്വേഷണ റിപ്പോര്‍ട്ടിലെ അവിശ്വാസ്യത പ്രകടിപ്പിച്ചത്. പൂരം കല്‍ക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍ കൂടി പറഞ്ഞ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് മുഖവിലക്കെടുക്കില്ലെന്ന വാദം ശക്തമായത്. ഡിജിപി തുടരന്വേഷണത്തിന് ശുപാര്‍ശയുമായി രംഗത്തെത്തും വരെ സംഭവത്തില്‍ വിവാദം ആളിക്കത്തി. പിന്നാലെ എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവും എത്തി. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയും ഇക്കാര്യത്തില്‍ പരിഗണിച്ചു. അന്വേഷണ റിപ്പോര്‍ട്ടും ഡിജിപി മുഖ്യമന്ത്രിക്ക് കൈ മാറിയ ശുപാര്‍ശയും മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇവ രണ്ടും പരിശോധിച്ചാണ് ആഭ്യന്തര സെക്രട്ടറി തുടരന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

എഡിജിപിയെ മാറ്റണമെന്ന് സിപിഐ അടക്കം പരുഷമായ ഭാഷയില്‍ ആവശ്യപ്പെട്ടും വിവാദം അതി ഗൗരവുമായ രാഷ്ട്രീയ വിവാദമായി മാറി. ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖവുമായ ബന്ധപ്പെട്ട വിവാദവും ചൂടേറിയതോടെ മാധ്യമങ്ങളെ കാണാനെത്തിയ മുഖ്യമന്ത്രി എഡിജിപിയെ മാറ്റുന്ന കാര്യത്തില്‍ നിലപാടെടുക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിപിഐക്ക് നല്‍കിയ ഉറപ്പും അതിന് ആക്കം കൂട്ടി. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് ത്രിതല അന്വേഷണത്തിന് ഉത്തരവിറങ്ങുന്നത്. അജിത് കുമാറിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച് ഡിജിപിയും, പൂരം കലക്കലില്‍ ഗൂഢാലോചന നടന്നോ എന്നത് സംബന്ധിച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംആര്‍ അജിത് കുമാര്‍ നേരത്തേ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

പല തലങ്ങളില്‍ നിന്ന് അന്വേഷണം നടക്കുമ്പോഴും അജിത് കുമാറിനെ മാറ്റാന്‍ എന്തുകൊണ്ടാണ് തയ്യറാകത്തെതെന്ന ചോദ്യം വീണ്ടും ഉയര്‍ന്നു കേട്ടു. ഒക്ടോബര്‍ രണ്ടാം വാരത്തോടെ പൂരം കലക്കലില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിഷയത്തെ കുറിച്ച് മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പത്രക്കുറിപ്പ് ഇറങ്ങി. സര്‍ക്കാരിനു കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗമെന്ന വാര്‍ത്തകള്‍ നിഷേധിച്ച വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തുന്നതും ദൈനംദിന ഓഫീസ് നിര്‍വഹണത്തില്‍ സാധാരണമായ കാര്യമാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ റിപ്പോര്‍ട്ട് കൈ മാറിയതിന് പിന്നാലെ നടത്തിയ ഈ ദൈനംദിന മീറ്റിംഗിന് തൊട്ടടുത്ത ദിവസം അജിത്കുമാറിനെതിരെ നടപടി സ്വീകരിച്ചു. ക്രമസമാധാന ചുമതലയില്‍ നിന്ന് ബെറ്റാലിയന്‍ എഡിജിപിയായി മാറ്റം നല്‍കി. എന്നാല്‍ എ.ഡി.ജി.പി – ആര്‍.എസ്.എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, സ്വര്‍ണ്ണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം, മാമി തിരോധാനം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന പോലീസ് മേധാവിക്ക് സ്ഥാനമാറ്റം മാത്രം ഉചിതമായ നടപടിയല്ലെന്നും വാദമുയര്‍ന്നു. റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമാണ് നടപടിയെന്ന് മുഖ്യമന്ത്രി പല കുറി അവര്‍ത്തിച്ചിട്ടും, റിപ്പോര്‍ട്ട് വന്ന ശേഷം ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് കൊണ്ട് മാത്രം നടപടി ആയോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. നിലവില്‍ നിയമസഭാ സമ്മേളങ്ങളിലടക്കം വിഷയം പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ ഉയര്‍ന്നിരിക്കുന്ന അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ നിയമനടപ്പിക്ക് ഒരുങ്ങുകയാണ് ആര്‍ എസ് എസ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ആര്‍എസ്എസ് ചോദ്യം.    there are no answers to some questions surrounding ADGP MR. Ajith Kumar’s controversies

Content Summary; There are no answers to some questions surrounding ADGP MR. Ajith Kumar’s controversies

Advertisement