UPDATES

ഇന്ത്യ എന്ന ആശയം നമ്മള്‍ തിരിച്ചു പിടിച്ചേ മതിയാകൂ

മൂന്നാം മോദി സര്‍ക്കാരിന് ആശംസ നേരുന്നതിനൊപ്പം ഓര്‍മിപ്പിക്കുന്നു

                       

നരേന്ദ്ര മോദിയുടെ മൂന്നാം വരവ് ചരിത്രപരമാണ്. ജവഹര്‍ ലാല്‍ നെഹ്‌റുഅല്ലാതെ വേറൊരു നേതാവിനും കിട്ടാത്ത ബഹുമതിയാണ്. ചരിത്രപരമായ ഈ നേട്ടത്തിന് രാജ്യത്തോട് ബഹുമാനം കാണിക്കാനുള്ള ഉത്തരവാദിത്തം മോദിക്കുമുണ്ട്. അതിനുള്ള സന്ദേശം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. third term of narendra modi we should recapture the idea of india 

ശക്തമായ നേതൃത്വം ഉണ്ടായാലാണ് ഇന്ത്യ സാമ്പത്തിക ഭദ്രത നേടുന്നതെന്ന മിഥ്യാധാരണ ഒഴിവാക്കണം. ന്യൂനപക്ഷ/ സഖ്യ സര്‍ക്കാരുകള്‍ വന്നപ്പോഴൊക്കെയാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതിനുള്ള ഏറ്റവും നല്ല ഉദ്ദാഹരണമാണ് നരസിംഹ റാവു സര്‍ക്കാര്‍. അതുകൊണ്ട് വരാന്‍ പോകുന്ന ദിനങ്ങളെയോര്‍ത്ത് പരിഭ്രാന്തിയുള്ള പ്രധാനമന്ത്രിയാകേണ്ട ആവശ്യമില്ല. ഗുണകരമായ നയങ്ങളും പരിഷ്‌കരണങ്ങളും നടപ്പാക്കാന്‍ മോദിക്ക് സാധിക്കുക തന്നെ ചെയ്യും. അങ്ങനെ സംഭവിച്ചിട്ടുള്ള ചരിത്രം ഇന്ത്യയിലുണ്ട്.

മോദിയെന്ന നേതാവിന് പൊതു ജീവിതത്തില്‍ മുഴച്ചു നില്‍ക്കുന്ന രണ്ട് പരിവേഷങ്ങളുണ്ട്. അതിലൊന്ന് ശക്തനായ ഹിന്ദുത്വ നായകന്‍ എന്ന വര്‍ഗീയതയിലൂന്നിയ പരിവേഷമാണ്. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നപ്പോഴും, പ്രധാനമന്ത്രിയായപ്പോഴും ആ പരിവേഷം അദ്ദേഹം പലപ്പോഴും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ പിന്‍വാങ്ങേണ്ടിയും വന്നിട്ടുണ്ട്. അതേസമയം, കരുത്തനായൊരു സാമ്പത്തിക നയവിദഗ്ധന്‍ എന്ന വിശേഷണവും മോദിക്കുണ്ട്. വര്‍ഗീയത ഉപയോഗിച്ച് തന്റെ നേതൃത്വം സ്ഥാപിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ മുന്‍ കാലങ്ങളില്‍ ഗുണകരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, അങ്ങനെയുള്ള കാലം ഇന്ത്യയില്‍ കടന്നു പോയിരിക്കുന്നു. വര്‍ഗീയ രാഷ്ട്രീയത്തിന്റെ കാലം രാജ്യത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. ജനവിധി മാനിച്ചുകൊണ്ട് തന്റെ മുന്‍കാല രാഷ്ട്രീയം മോദി ഉപേക്ഷിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് മോദി നടത്തിയ വര്‍ഗീയ വിഷം തുപ്പല്‍ ഒരു പ്രധാനമന്ത്രിമാരും ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ളതായിരുന്നു. അതേ ഭാഷ ഇനിയും തുടരുകയാണെങ്കില്‍, പാര്‍ലമെന്റിലെ നിലനില്‍പ്പിനെ മാത്രമല്ല ഇന്ത്യയുടെയും മോദിയുടെ തന്നെയും ആഗോള വിശ്വാസ്യതയെ മോശമായി ബാധിക്കും.

പുതിയ സര്‍ക്കാരിന് ആശംസ നേരുമ്പോള്‍ തന്നെ, ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഭരണഘടന മൂല്യങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിനുമൊക്കെ ഉണ്ടായിരിക്കുന്ന അപചയം നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. ഗുരുതരമായ പരിക്കുകളാണ് രണ്ട് മോദി സര്‍ക്കാരുകളും ഉണ്ടാക്കിയിരിക്കുന്നത്. ആ മുറിവുകള്‍ ഉണക്കുകയെന്നതാണ് ബിജെപിയുടെ സഖ്യകക്ഷികളുടെതായാലും പൗര സമൂഹത്തിന്റെതായാലും ഉത്തരവാദിത്തം.

വരും ദിനങ്ങളില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം എന്നത്, മോദിയുടെ സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പല്ല. ഇന്ത്യ എന്ന ആശയം, നമ്മുടെ ഭരണഘടനയുടെ മൂല്യം തിരിച്ചു കൊണ്ടുവരികയും അതിന്റെ സ്വതന്ത്രവും നീതിയുക്തവുമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുകയും എന്നതാണ്.

മോദി സഹായിച്ചിട്ട് പുറത്തേക്ക് ഊതി വിട്ട വര്‍ഗീയതയുടെ വിഷം രാജ്യത്ത് നിന്നും തുടച്ചു കളഞ്ഞേ തീരൂ. അല്ലാത്ത പക്ഷം ഇന്ത്യക്ക് നിലനില്‍പ്പുണ്ടാകില്ല.

ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്‍പ്പ് നാനാത്വമാണ്. അതില്ലാതെയൊരു ഇന്ത്യയില്ല.

മോദിയുടെ സര്‍ക്കാര്‍ തുടരുമോ എന്നത് സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കാര്യം മാത്രമാണ്. മോദി പോയാലും മറ്റൊരെങ്കിലുമായി ഇന്ത്യ മുന്നോട്ടു പോകും. ഇന്ത്യ എന്ന ആശയത്തിന് മോദി ഉണ്ടാക്കിയ ക്ഷതങ്ങള്‍ നമുക്ക് മായ്‌ച്ചേ മതിയാകൂ. അത് മായ്ക്കുക രാഷ്ട്രീയക്കാരെ കൊണ്ട് മാത്രം നടക്കില്ല, പൗരസമൂഹവും മാധ്യമങ്ങളും ജുഡീഷ്യറിയും എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. മോദി ഭരണത്തിനൊപ്പം നിന്നു കൊണ്ട് ജനത്തെ വേട്ടയാടിയ ഉദ്യോഗസ്ഥര്‍ ശിക്ഷ നേരിടുക തന്നെ വേണം. എല്ലാം മറന്നു കളയാം എന്ന ചിന്ത അംഗീകരിക്കാനാകില്ല. നീതി എല്ലാ മനുഷ്യനും അവകാശപ്പെട്ടതാണ്. ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞതുകൊണ്ട് തെക്ക് വടക്ക് നടന്ന് നടത്തിയ ഉപദ്രവങ്ങള്‍ക്ക് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. മോദി കാലത്ത് നടന്നിട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ദുര്യുപയോഗങ്ങള്‍ ഇന്ത്യയുടെ അകത്ത് മാത്രമല്ല അപകടങ്ങളുണ്ടാക്കിയത്. ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന് ഇന്ത്യന്‍ കമ്പോളത്തില്‍ നടന്ന ചട്ടങ്ങളുടെയും നിയമങ്ങളുടെയും ദുരുപയോഗങ്ങള്‍ക്കുള്ള വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇത്തരം ചൂഷണങ്ങളിലുടെ ഇന്ത്യന്‍ കമ്പോളത്തില്‍ ആഗോള നിക്ഷേപകര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്.

എല്ലാത്തിലും ഒരു തിരുത്തല്‍ ഉണ്ടാകണം, അതാണ് പ്രധാനം. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മോദി സര്‍ക്കാര്‍ നില്‍ക്കുമോ ഇല്ലയോ എന്നതല്ല. ഈ റിപ്പബ്ലിക്കിന്റെ ആശയങ്ങള്‍ തിരിച്ചു പിടിക്കുകയും ആ ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കുകയും വേണമെന്നതാണ്.

Share on

മറ്റുവാര്‍ത്തകള്‍