‘ഇങ്ങനെയാണ് ജോർജിയ ഇന്ത്യക്കാരെ കാണുന്നത്, നാണക്കേട്’; 56 ഇന്ത്യക്കാർക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവതി

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്

ജോർജിയ സന്ദർശിക്കാനെത്തിയ 56 ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് വെച്ച് കടുത്ത അപമാനം നേരിടേണ്ടി വന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. ജോർജിയ-അർമേനിയ അതിർത്തിയായ സദാഖ്ലോയിൽ വെച്ചാണ് അപമാനം നേരിട്ടതെന്ന് യുവതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മനുഷ്യത്വരഹിതമായ പെരുമാറ്റം, കൃത്യമായ ഇ- വിസയും മറ്റ് രേഖകളും ഉണ്ടായിരുന്നിട്ട് പോലും ഞങ്ങൾക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നു. ‘ഇങ്ങനെയാണ് ജോർജിയ ഇന്ത്യക്കാരെ കാണുന്നത്. നാണക്കേടാണ് ഇത് അംഗീകരിക്കാൻ കഴിയില്ല.. യുവതി കുറിപ്പിൽ പറയുന്നു.

യാത്രക്കാരായ ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ രണ്ടുമണിക്കൂറിലധികം അധികൃതർ പിടിച്ചുവെച്ചുവെന്നും, വിവരങ്ങളൊന്നും ലഭ്യമാക്കിയില്ലെന്നും യുവതി ആരോപിച്ചു. കൊടും തണുപ്പിൽ ഭക്ഷണം പോലും നൽകാതെ, ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാതെ തെരുവിൽ കഴിയുന്ന മൃ​ഗങ്ങളെ പോലെ ഫുട്പാത്തിൽ കാത്തുകിടക്കാൻ അവർ നിർബന്ധിതരായെന്നും യുവതി പറയുന്നു. ഇതിനിടെ, ഈ ദുരനുഭവം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അധികൃതർ തങ്ങളെ തടഞ്ഞുവെന്നും കുറ്റവാളികളാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും യുവതി തൻ്റെ പോസ്റ്റിൽ പറയുന്നു.

യുവതിയുടെ കുറിപ്പിന് താഴെ നിരവധി കമൻ്റുകളാണ് വന്നത്. ഡിസംബറിൽ ജോർജിയയും അർമേനിയയും സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ഇനി അവിടേക്ക് പോകാൻ താൽപര്യമില്ലെന്നും ഒരാൾ കുറിച്ചു. ഇത് വളരെയധികം നിരാശപ്പെടുത്തുന്നതാണെന്നും അയാൾ പറഞ്ഞു. എന്നാൽ മറ്റൊരാൾ പോസിറ്റീവായ കമൻ്റാണ് കുറിച്ചത്. 2024 ഓഗസ്റ്റിൽ ജോർജിയ സന്ദർശിച്ച തനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ഇപ്പോഴത്തെ സംഭവത്തെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും അയാൾ കമന്റിൽ വ്യക്തമാക്കി. ജോർജിയൻ അധികാരികളിൽ നിന്ന് ഇന്ത്യക്കാർക്ക് മോശം അനുഭവം ഉണ്ടായതായി ഈ ആഴ്ച താൻ കണ്ട രണ്ടാമത്തെ സംഭവമാണിതെന്ന് മറ്റൊരാൾ പറയുന്നു. 2019ൽ ജോർജിയ സന്ദർശിച്ച ഒരാൾക്ക് സമാനമായ അനുഭവം ഉണ്ടായതായും പക്ഷേ, അദ്ദേഹത്തെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചതായും പറയുന്നുണ്ട്. ജോർജിയയിലെ ജനങ്ങൾ നല്ലവരാണെങ്കിലും വർഷങ്ങളായി അവർ ഇന്ത്യക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്റേൺ യൂറോപ്പിൽ ഇന്ത്യക്കാർക്ക് നല്ല പരിഗണന ലഭിക്കുന്നില്ലെന്ന് മറ്റൊരാൾ പറയുന്നു. റഷ്യ, ഉക്രെയ്ൻ, പോളണ്ട്, അർമേനിയ എന്നിവിടങ്ങളിൽ വർഗ്ഗീയമായ വേർതിരിവുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

നിലവിലെ സംഭവത്തിൽ യുവതി പോസ്റ്റ് ചെയ്ത കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രാലയത്തെയും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറെയും ടാഗ് ചെയ്തിട്ടുണ്ട്. തങ്ങൾ നേരിട്ട മോശം അനുഭവങ്ങൾക്കെതിരെ ഇന്ത്യൻ അധികാരികൾ നടപടിയെടുക്കണമെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Summary: This is how Georgia treats Indians,” a woman alleges, claiming 56 Indians were insulted

This post was last modified on September 17, 2025 2:40 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment