ഇത് നമ്മ ബെം​ഗളൂരുവിലെ ‘സ്കിഡ് ​ഗെയിം’; കാൽനടയാത്രക്കാരുടെ ദുരിതം ദൃശ്യവത്കരിച്ച് മാധ്യമപ്രവർത്തകർ

റോഡുകളിൽ കാൽനടയാത്രക്കാർ നേരിടുന്ന അപകടകരമായ അവസ്ഥകളാണ് ദൃശ്യവത്കരിച്ചത്

ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയവാസ്ഥയ്ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ഒരു കൂട്ടം മാധ്യമപ്രവർത്തകർ. ജനപ്രിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ സ്ക്വിഡ് ഗെയിമിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ച്, ന​ഗരത്തിലെ ഓരോ പ്രതിസന്ധിയിലൂടെയും എങ്ങനെയാണ് ജനങ്ങൾ അതിജിവിക്കുന്നതെന്ന് കാണിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നിൽ കാൽനടയാത്രക്കാർ നേരിടുന്ന അപകടകരമായ അവസ്ഥകളാണ് മാധ്യമപ്രവർത്തകർ തുറന്നുകാട്ടിയത്. സെന്റ് ജോൺസ് ആശുപത്രിക്ക് സമീപം നടത്തിയ ഈ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിള്ളലുകളുള്ള നടപ്പാതകൾ, ഉറപ്പില്ലാത്ത കല്ലുകെട്ടുകൾ, അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ, അടച്ചുമൂടാത്ത ഡ്രൈനേജുകൾ തുടങ്ങിയ പ്രതിസന്ധികളാണ് ബെംഗളൂരുവിലെ കാൽനടക്കാർക്ക് ദിവസവും നേരിടേണ്ടി വരുന്നത്. തുറന്നുകിടക്കുന്ന അഴുക്കുചാലുകൾക്ക് മുകളിലൂടെ ചാടി പോകുന്നതും വീഴുന്നതിമെല്ലാം മാധ്യമപ്രവർത്തകർ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

കലാകാരനായ ബാദൽ നഞ്ചുണ്ടസ്വാമിയും മാധ്യമപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു. ബെംഗളൂരുവിലെ കാൽനടയാത്രക്കാർ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങളെയും അപകടങ്ങളെയും നാടകീയവും നർമ്മപരവുമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ തകർന്ന റോഡുകളിലൂടെ നടക്കുമ്പോഴുള്ള ഉത്കണ്ഠയെക്കുറിച്ചാണ് ഇതിലൂടെ അവർ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ ടെക് ഹബ്ബായ ബെംഗളൂരുവിലെ നാഗരിക അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയും ഇതിലൂടെ എടുത്തുകാണിക്കുന്നുണ്ട്. 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വളരെ പെട്ടെന്ന് വൈറലായി. മണിക്കൂറുകൾക്കുള്ളിൽ 142,600 ലധികം കാഴ്ചക്കാരാണ് വീഡിയോക്കുണ്ടായിരിക്കുന്നത്.

വീഡിയോ ജനങ്ങളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഗൗരവമേറിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വീഡിയോക്ക് താഴെ വന്നത്.ഫോട്ടോ എഡിറ്ററായ അനന്ത സുബ്രഹ്മണ്യം കെ എഴുതിയതിങ്ങനെയാണ്, “…ഇന്ന് പുലർച്ചെ, ആർട്ടിസ്റ്റ് @baadalvirus, ഏതാനും പത്രപ്രവർത്തകരോടൊപ്പം ബെംഗളൂരുവിന്റെ മോശം അടിസ്ഥാന സൗകര്യങ്ങൾ കാരണം കാൽനടയാത്രക്കാർ നേരിടുന്ന അപകടസാധ്യതകൾ എടുത്തുകാണിക്കുന്നതിനായി ഒരു സ്ക്വിഡ് ഗെയിം രംഗം പുനസൃഷ്ടിച്ചു. ഇത്തരം ​ഗെയിമുകൾ കളിച്ചാൽ മാത്രമേ ജീവൻ നഷ്ടപ്പെടാതെ റോഡിലൂടെ നടക്കാൻ സാധിക്കൂവെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Content Summary: This is the ‘skid game’ in Bengaluru; Journalists visualise the plight of pedestrians

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment