മുമ്പൊന്നും ഇല്ലാത്ത വര്‍ഗീയ വിദാനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അപര മത വിദ്വേഷത്തിനും ഇടയില്‍ വടക്കേ ഇന്ത്യയില്‍ ഇന്ന് ഹോളി ആഘോഷങ്ങള്‍ നടക്കും. മുസ്ലിം വിശ്വാസികള്‍ക്ക് വിശുദ്ധമായ റമദാനിലെ ജുമാ എന്ന വെള്ളിയാഴ്ച പ്രാര്‍ത്ഥന പോലും മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹോളി ആഘോഷത്തെ സംഘപരിവാറും ബി.ജെ.പിയുടെ പോലീസ് സേനകളും വര്‍ഗ്ഗീയവത്കരിക്കുന്നത് വലിയ പ്രതിഷേധത്തിടയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പല പള്ളികളും ജുമാ നടത്താന്‍ പോലും പറ്റാത്ത വിധത്തില്‍ ടാര്‍പ്പോളിന്‍ കൊണ്ട് മൂടിയിരിക്കുകയാണ്. ഹോളിയും റമദാന്‍ മാസവും ഒരുമിച്ച് വരുന്നത് സാധാരണമാണ്. വലിയ തോതിലുള്ള ഹോളി ആഘോഷങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശിലും ബിഹാറിലും രാജസ്ഥാനിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമെല്ലാം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാതെ തന്നെ ഉത്സവകാലം കടന്നുപോകാറുമുള്ളതാണ്.
എന്നാല്‍ ഹോളിയുടെ ദിവസം മുസ്ലിങ്ങള്‍ പുറത്തിറങ്ങാതിരിക്കുകയാണ് നല്ലത് എന്ന് യു.പിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ പല രാഷ്ട്രീയ നേതാക്കള്‍ വരെ പറയുകയും പല ബി.ജെ.പി സംഘപരിവാര്‍ നേതാക്കള്‍ ഇത് ഗൗവരമായി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളായത്. മാത്രമല്ല, രാമനവമിയും ഹനുമാന്‍ ജയന്തിയും യു.പി, ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും കലാപത്തിനുള്ള ശ്രമങ്ങളുമായി കഴിഞ്ഞ കാലങ്ങളില്‍ മാറിയിരുന്നു.
ഈ സാഹചര്യത്തില്‍ പള്ളികളിലെ ജുമാ നമസ്‌കാരം രണ്ട് മണിയോട് അടുപ്പിച്ച് ആക്കണമെന്ന് പ്രമുഖ മുസ്ലിം പണ്ഡിതരില്‍ ഒരാളായ മൗലാന ഖാലിദ് അഭിപ്രായപ്പെടുകയും പല പള്ളിക്കമ്മറ്റികളും ആ തീരുമാനമെടുത്ത് മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോളി ആഘോഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണിത്. എന്നാല്‍ മദ്യപിച്ചും ഭാംഗ് കഴിച്ചും പലരും ഹോളി ആഘോഷിക്കുന്നുണ്ടാകും അവരെയൊന്നും തടയാന്‍ പറ്റില്ല എന്നതാണ് പോലീസിന്റേയും ഭരണാധികാരികളുടേയും നിലപാട്.
സമ്പാലിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് അനുജ് കുമാര്‍ ചൗധരിയാണ് വിവാദത്തിന് തുടക്കമിട്ടത്. ജുമയും ഹോളിയും ഒരുമിച്ച് വന്നതിത് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ശരീരത്തില്‍ നിറം പറ്റുന്നതില്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും അനുജ് കുമാര്‍ പറഞ്ഞു. ‘വര്‍ഷത്തില്‍ 52 ജുമ നിസ്‌കാര ദിവസങ്ങളുണ്ട്. ഹോളി ഒരു ദിവസമേ ഉള്ളൂ’-അനുജ് കുമാര്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങള്‍ക്കെതിരെ ഇതിനും മുമ്പും പ്രകോപനപരമായി സംസാരിക്കുകയും വിവേചനപരമായി പെരുമാറുകയും ചെയ്തിട്ടുള്ള ആളാണ് അനുജ് ചൗധരി. മുന്‍ ഗുസ്തിക്കാരന്‍ കൂടിയായ ഇയാളുടെ ഭാര്യയടക്കം മിക്കവാറും കുടുംബാംഗങ്ങള്‍ ബി.ജെ.പിയുടെ നേതാക്കളും സജീവ പ്രവര്‍ത്തകരുമായി. കുടുംബപരമായി തനിക്ക് ബി.ജെ.പിയോട് അനുഭാവമുണ്ടെന്നും അനുജ് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സമ്പാലിലെ ഷാഹി ജുമാമസ്ജിദിന്റെ പരിസരത്ത് അഞ്ച് മുസ്ലിങ്ങളെ വെടിവെച്ച് കൊന്നത് ന്യായീകരിച്ചും ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എത്രയോ കാലമായി ഉപയോഗിക്കാതിരുന്ന ഒരു ക്ഷേത്രം വൃത്തിയാക്കി അതിനകത്ത് കയറി മണിയടിച്ചും പോലീസ് വേഷത്തിലെത്തി ഹിന്ദു പൂജാരിയായും ഇയാള്‍ ഹിന്ദുത്വയോട് തനിക്കുള്ള ബന്ധം തുറന്ന് തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
ഗുസ്തിക്കാരനായതിനാല്‍ എല്ലാം തുറന്ന് പറയുന്ന ആളാണ് അനുജെന്നും ചിലര്‍ക്ക് അത് അത്ര സുഖകരമായി തോന്നില്ലെന്നും പക്ഷേ, പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ എങ്ങനെ പറയുന്നുവെന്ന് പ്രധാനമല്ല എന്നുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. മാത്രമല്ല, ഉച്ചയ്ക്ക് തന്നെ ജുമ നിസ്‌കാരം നടത്തണം എന്ന് നിര്‍ബന്ധമുള്ളവര്‍ വീട്ടില്‍ നിന്ന് ചെയ്യുന്നതാണ് നല്ലതെന്നും ആദിത്യനാഥ് പറഞ്ഞു. പള്ളിയില്‍ തന്നെ പോകണം എന്ന് നിര്‍ബന്ധമുള്ളവര്‍ ദേഹത്ത് നിറം പറ്റുന്നതില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നുമാണ് ക്രമസമാധാനത്തിന്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് രഘുരാജ് സിങ്ങ് മുസ്ലിം പുരുഷന്മാരും സ്ത്രീകളെ പോലെ ടര്‍പോളിന്റെ ഹിജാബ് അണിഞ്ഞ് നടന്നാല്‍ മതി ഹോളിയുടെ അന്ന് എന്നാണ് പരിഹസിച്ചത്. പള്ളിയെന്തായാലും ടര്‍പോളിന്‍ വച്ച് മറയ്ക്കുന്നുണ്ട്, എന്നാല്‍ പിന്നെ അത്തരമൊരു ഹിജാബ് ആണുങ്ങളും ധരിച്ചാല്‍ ഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടാകില്ല, അവരുടെ തലയിലെ തൊപ്പി നനയുകയുമില്ല- രഘുരാജ് സിങ്ങ് പറഞ്ഞു.
പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുവേന്ദു അധികാരി ‘മുസ്ലിം എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് പുറത്തേയ്ക്കെറിയണം’ എന്നായിരുന്നു പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന സുവേന്ദു അധികാരിയായിരുന്നു നന്ദിഗ്രാം സമരത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ജൂലായില്‍ ബി.ജെ.പി നിര്‍വ്വാഹക സമിതിയോഗത്തില്‍ ബി.ജെ.പിയുടെ ‘സബ്കാ സാഥ് സബ്കാ വികാസ്’ (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനത്തിന്’) എന്ന മുദ്രവാക്യം മുസ്ലിങ്ങളുടെ കാര്യത്തില്‍ പ്രയോഗികമല്ലെന്നും ‘ദേശീയവാദികളായ’ മുസ്ലിങ്ങളുടെ കൂടെ മാത്രമേ നില്‍ക്കാനാവൂ എന്നും പ്രഖ്യാപിച്ചിരുന്നു. ‘ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം ഞങ്ങളും’ എന്ന രീതിയില്‍ മുദ്രവാക്യം മാറ്റണം എന്നുമുള്ള അധികാരിയുടെ പ്രഖ്യാപനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കേട്കി സിങ്ങ് ആവശ്യപ്പെട്ടത് പുതിയ മെഡിക്കല്‍ കോളേജില്‍ മുസ്ലിങ്ങള്‍ക്കായി വേറൊരു വിംഗ് ആരംഭിക്കണമെന്നാണ്. ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വം തോന്നുന്നതിന് അതാവശ്യമാണ് എന്നും കേട്കി സിങ്ങ് പറഞ്ഞു. ‘അവര്‍ നമ്മുടെ ഭക്ഷണത്തില്‍ തുപ്പില്ല എന്നതിന് എന്താണ് ഉറപ്പ്’- അവര്‍ ചോദിച്ചു. വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചതിന്റെ പേരില്‍ ആരോപണം നേരിട്ട ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഭാര്യയാണ് കേട്കി സിങ്ങ്. Threats and mosque closures against Muslims. Holi celebrations today amidst controversies
content summary; Threats and mosque closures against Muslims. Holi celebrations today amidst controversies