June 03, 2026 |
Share on

കനത്ത ചൂടില്‍ ചിതറിയ തീപ്പൊരിയോ ദുരന്തകാരണം?

വിശദമായ അന്വേഷണത്തിന് ശേഷമേ യഥാര്‍ത്ഥ വസ്തുതകള്‍ വ്യക്തമാകൂ

മുണ്ടക്കത്തോടില്‍ എന്താണ് സംഭവിച്ചത്? കൃത്യമായ ഉത്തരം കിട്ടണമെങ്കില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണം. എന്നിരിക്കിലും പുറത്തു വരുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ചൂടിലേക്കാണ്. ഉണക്കാനിട്ടിരുന്ന വെടിമരുന്നിലാണ് തീപിടിച്ചതെന്നൊരു വാദമുണ്ട്. ഇതില്‍ നിന്നും നിറച്ചു വച്ചിരുന്ന അമിട്ടുകളിലേക്ക് തീ പടരുകയായിരുന്നുവെന്നും അതാണ് ഉഗ്രസ്‌ഫോടനങ്ങളിലേക്ക് നയിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കരിമുരുന്നു മുക്കിയ തിരി വാരിക്കെട്ടുന്നതിനിടയില്‍ കനത്ത ചൂടുമൂലം തീപ്പൊരി ചിതറുകയും അത് വന്‍ദുരന്തത്തിലേക്ക് തീ പടര്‍ത്തുകയും ചെയ്തതെന്ന് പരിക്കേറ്റവരെ ഉദ്ധരിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വിവരം പൊലീസിനെ ഉദ്ധരിച്ചു വരുന്നതാണ്. അമിട്ട്, കുഴിമിന്നല്‍, ഡൈന തുടങ്ങിയ ഉഗ്രന്‍ പടക്കങ്ങള്‍ കത്തിക്കാന്‍ വേണ്ട കരിമരുന്ന് തിരി കൂട്ടത്തോടെ ഉണക്കാന്‍ ഇട്ടിരുന്നത് വെടിമരുന്ന് പുരയ്ക്ക് സമീപമായിരുന്നു. രാസലായിനിയില്‍ മുക്കിയെടുത്ത് പായയിലിട്ടാണ് ഇവ ഉണക്കിയെടുക്കുന്നത്. പൊള്ളുന്ന വെയിലായതു കൊണ്ട് തിരികള്‍ വേഗം ഉണങ്ങികിട്ടുകയും ചെയ്തു. വൈകിട്ട് മൂന്നു മണിയോടെ ഈ തിരികള്‍ വാരിക്കൂട്ടുന്നതിനിടയില്‍ തീപ്പരിയുണ്ടാവുകയും തീയാളുകയും ചെയ്തു.

തീ കണ്ടതോടെ തിരി വാരിയെടുത്തുകൊണ്ടിരുന്നയാള്‍ അത് നിലത്തിട്ട് ഓടി. പക്ഷേ അപ്പോഴേക്കും സമീപത്തെ പടക്ക പുരകളിലേക്ക് തീ വ്യാപിച്ചിരുന്നു. അതിനകത്ത് ഉണ്ടായിരുന്നവര്‍ നിലത്തിരുന്ന് നിര്‍മാണ പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുകയായിരുന്നു. പലരും ചമ്രം പടിഞ്ഞിരിക്കുകയായിരുന്നതിനാല്‍ അവര്‍ പെട്ടെന്ന് എഴുന്നേറ്റ് ഓടാന്‍ പറ്റിയില്ല. നിമിഷ നേരം കൊണ്ടായിരുന്നു തീ എത്തിയത്. മനുഷ്യന്റെ വേഗതയെ ഒന്നുമല്ലാതാക്കുന്ന തരത്തില്‍ തീ വെടിപ്പുരയെ വിഴുങ്ങി, ഉഗ്രസ്‌ഫോടന ശേഷിയുള്ള പടക്കങ്ങള്‍ നിറഞ്ഞ വെടിപ്പുര നിമിഷാര്‍ദ്ധത്തില്‍ തീ ഗോളമായി. അടുത്ത വെടിപ്പുകളില്‍ ഉണ്ടായിരുന്നവര്‍ തീ പടരുന്നതുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്കും തീയങ്ങോട്ടും വ്യാപിച്ചിരുന്നു. നിലത്തിരുന്നവര്‍ക്ക് ഒന്നനങ്ങാന്‍ പോലും സാധിക്കാതെ വന്നപ്പോള്‍ രക്ഷപ്പെടാന്‍ ഓടിയവര്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ദൂരേയ്ക്ക് തെറിച്ചു പോയി.

സാമ്പിള്‍ വെടിക്കെട്ടിനായി മാത്രമല്ല, പ്രധാന പൂരത്തിനുള്ള വെടിക്കോപ്പുകള്‍ കൂടി അവിടെ നിര്‍മിക്കുന്നുണ്ടായിരുന്നു. അമിട്ടുകള്‍, ഗുണ്ടുകള്‍, കുഴിമിന്നലുകള്‍, ഡൈന തുടങ്ങി അപകടകരമായ പടക്കങ്ങളായിരുന്നു കൂടുതലും. അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഉഗ്രസ്‌ഫോടനങ്ങളായിരുന്നു അവിടെ നടന്നത്. പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം നിര്‍മാണശാലയിരുന്ന പറമ്പിന് സമീപത്തെ പാടശേഖരത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവിലേക്ക് വരെ മൃതദേഹങ്ങള്‍ ചിതറി തെറിച്ചിരുന്നു.

അപകടം അറിഞ്ഞ് എത്തിയവര്‍ക്ക് സ്ഥലത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കാരണം, അഞ്ചോളം ഷെഡ്ഡുകളിലായി വിവിധ തരം പടക്കങ്ങള്‍ നിറച്ചു വച്ചിരിക്കുകയായിരുന്നു. അവയെല്ലാം പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു.

Content Summary: Thrissur Firecracker units explosion; Did Extreme Heat Trigger Fireworks Tragedy?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×