തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍, മുന്‍പേ തന്നെ തങ്ങള്‍ ജനങ്ങളോട് പറഞ്ഞതാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഉപോല്‍ബലകമായ വസ്തുതകളോടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സുനില്‍ കുമാര്‍ അഴിമുഖത്തോട് സംസാരിക്കവെ ചൂണ്ടിക്കാണിച്ചു.
” തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ആസൂത്രിതമായ നീക്കം ഉണ്ടായിരുന്നുവെന്ന് പൂര്‍ണമായി ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ബോധപൂര്‍വമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്’ സുനില്‍ കുമാര്‍ പറയുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന, നിലവിലെ തൃശൂര്‍ എം പി സുരേഷ് ഗോപി പ്രശ്‌നസമയത്ത് ആംബുലന്‍സില്‍ പൂര സ്ഥലത്തേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തു വിട്ടിരുന്നു. ആക്ഷേപങ്ങള്‍ സുരേഷ് ഗോപിയിലേക്ക് നീളുന്ന കാഴ്്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇക്കാര്യത്തില്‍ എംപിയില്‍ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ”സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത് തന്നെ നിയമപ്രകാരം കുറ്റമാണെന്നാണ് സുനില്‍ കുമാര്‍ പറയുന്നത്. ആംബുലന്‍സ് സ്വകാര്യ യാത്രകള്‍ക്കുള്ളതല്ല, അത് രോഗികളെ കൊണ്ടു പോകാനാണ്. ഇവിടെ എമര്‍ജന്‍സി ലൈറ്റ് ഇട്ടാണ് ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നിറങ്ങിയത്. നിയമലംഘനമാണ്, ഡ്രൈവറും യാത്ര ചെയ്തയാളും കുറ്റക്കാരാണ്’ സുനില്‍ കുമാര്‍ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം അന്ന് തന്നെ പരാതിയായി പറഞ്ഞിരുന്നുവെന്നാണ് സിപിഐ നേതാവ് പറയുന്നത്. എന്നാല്‍ അന്ന് പലരും അത് ഹീറോയിസമായാണ് ചിത്രീകരിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ അന്വേഷണം ഉണ്ടാകണം, നടപടിയെടുക്കണം.
പൂരത്തിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു, പൂരം നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നു. ഇതിനൊക്കെ പിന്നില്‍ നടന്ന കളികള്‍ അങ്ങേയറ്റം മോശമായതാണ്. വെടിക്കെട്ട് അടക്കം പൂരത്തിന്റെ എല്ലാ നടപടി ക്രമങ്ങളും സര്‍ക്കാരും ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന് യോജിച്ച് തീരുമാനം എടുത്ത് നടത്തുന്ന കാര്യമാണ്. എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം ഉണ്ടായ പ്രതിസന്ധികള്‍ അസ്വഭാവികമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് തൊട്ടു പിന്നാലെ സുരേഷ് ഗോപി സ്ഥലത്ത് എത്തുന്നു. സോഷ്യല്‍ മീഡിയയില്‍ സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കുമെതിരേ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നു. ഒരു പ്രശ്‌നം ഉണ്ടാകുന്നു, അതിന്റെ ഭാഗമായി വലിയ തോതില്‍ പ്രചാരണങ്ങള്‍, ഇതൊക്കെ മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ”-സുനില്‍ കുമാറിന്റെ വാക്കുകള്‍.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നത് കാത്തിരിക്കുകയാണെന്നാണ് വി എസ് സുനില്‍ കുമാര്‍ പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ എഡിജിപിയുടെ റിപ്പോര്‍ട്ട് ഞങ്ങളുടെ മുന്നില്‍ വന്നിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അറിവുള്ളത്. റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വന്നാല്‍ മാത്രമാണ്, ഇന്നയിന്ന കാര്യങ്ങള്‍ തെറ്റാണെന്നും, ഇന്നയിന്ന കാര്യങ്ങളാണ് ശരിയെന്നും പറയാന്‍ കഴിയൂ” .
തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചു, തോറ്റു എന്നതല്ല ഇവിടുത്തെ പ്രധാന വിഷയം എന്നു കൂടി സുനില്‍കുമാര്‍ അഴിമുഖത്തോട് പറയുന്നുണ്ട്. ” തൃശൂര്‍പൂരം പോലെ ഒരു ആചാരത്തെ ആര് രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗിച്ചാലും അക്കാര്യങ്ങള്‍ പുറത്തു വന്നേ മതിയാകൂ” എന്നാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രാജ്യത്താകമാനം ആവിഷ്‌കരിക്കുന്ന, വഹാരി അനലിറ്റിക്‌സിന്റെ പ്രതിനിധികളും പൂരം അലേേങ്കാലപ്പെട്ട സമയത്ത് സ്ഥലത്തുണ്ടായിരുന്നു. വരാഹിയുടെ ഇടപെടല്‍ സംശയകരമാണെന്നാണ് മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നത്. ഇക്കാര്യം ശരിവയ്ക്കുന്നുണ്ട് സിപിഐ നേതാവും. ”പൂരത്തിനിടയില്‍ വരാഹി ഏജന്‍സിക്കാര്‍ക്കും ആര്‍എസ്എസ് ഉന്നതന്മാര്‍ക്കും എന്താണ് റോള്‍? 2024 ലെ പൂരത്തിന് മാത്രമായി അവര്‍ പ്രത്യേകം വന്നതിന്റെ കാരണമെന്താണ്? തൃശൂര്‍ പൂരത്തിന്റെ ഭംഗി കാണാനായിരിക്കില്ല എന്തായാലും. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷണത്തില്‍ പുറത്തു വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്”. സുനില്‍ കുമാര്‍ പറയുന്നു.
സംഘപരിവാര്‍ കേരളത്തില്‍ അധികാരം പിടിക്കാന്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യുമെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. ജനം കരുതിയിരിക്കണം, ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കാം, നാട് ജാഗ്രതയോടെയിരിക്കണം’.
തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരാന്‍ കാത്തിരിക്കുകയാണെന്നാണ് സിപിഐ തൃശൂര്‍ ജില്ല സെക്രട്ടറി കെ കെ വത്സരാജും അഴിമുഖത്തോട് പ്രതികരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ വന്നിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ വരുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അറിവുള്ളതെന്നുമാണ് ജില്ല സെക്രട്ടറി പറഞ്ഞത്. സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും കെ കെ വത്സരാജ് പറഞ്ഞു.
ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു രാഷ്ട്രീയ വിശദീകരണം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നാണ് സിപിഐ ജില്ല സെക്രട്ടറി പറയുന്നത്. ”എല്ലാം ജനത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി നടന്ന കാര്യങ്ങളാണ്. പൂരത്തിനകത്ത് നടക്കുന്ന ഏതൊരു ചെറിയ കാര്യവും നാട്ടില്‍ ചര്‍ച്ചയാകുമെന്ന് അറിയാം. അത് മുതലെടുക്കാന്‍ അവര്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. കൃത്യ സമയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വരുന്നു, നാമജപ പ്രതിഷേധം തുടങ്ങുന്നു, അതിനുശേഷം മാത്രമാണ് മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമൊക്കെ എത്താന്‍ സാധിക്കുന്നുള്ളൂ. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നവരാണ് നാട്ടുകാര്‍. കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്, പ്രത്യേകമായി വിശദീകരിക്കേണ്ടതില്ല. സര്‍ക്കാര്‍ അന്വേഷണം നടത്തി കൃത്യമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്, അതിനുവേണ്ടി എന്തൊക്കെ ചെയ്യാമോ, അതിന് സാധ്യമായതെല്ലാം സിപിഐ ചെയ്യും’ എന്നാണ് തൃശൂര്‍ ജില്ല സെക്രട്ടറി പറയുന്നത്. Thrissur pooram controversy, rss, varahi involvement, VS Sunil kumar speaking
Content Summary; Thrissur pooram controversy, rss, varahi involvement, VS Sunil kumar speaking