June 04, 2026 |

ടിനി ടോം അറിയാന്‍;  പ്രേംനസിര്‍ കരഞ്ഞത്  സിനിമയില്‍, ജീവിതത്തിലല്ല

നസീറിന്റെ ചിത്രങ്ങള്‍ ഓടുന്ന കൊട്ടകയിലാണ്‌ ഇടവേളയുണ്ടായിരുന്നത് മറിച്ച്, ഒരിക്കലും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലല്ല

താരങ്ങള്‍ സാധാരണ താരാപഥങ്ങളില്‍നിന്ന് ഭൂമിയിലേക്കിറങ്ങാറി വരാറില്ല,. എന്നാല്‍ പ്രേംനസീര്‍ ഭൂമിയില്‍ തന്നെ നിന്ന താരമായിരുന്നു. നടനെന്ന നിലയില്‍ അച്ചടക്കമുള്ള ഒരു സിനിമാ ആര്‍ട്ടിസ്റ്റായിരുന്നു. വ്യക്തിയെന്ന നിലയില്‍ നല്ല മനുഷ്യനായിരുന്നു. പ്രേം നസീറിനെ മാറ്റി നിറുത്തി മലയാള ചലചിത്ര ചരിത്രമില്ല. നടന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇപ്പോഴും ഉടയാത്ത, ഇപ്പോഴും ആദരവ് നിലനില്‍ക്കുന്ന മലയാള ചലചിത്ര രംഗത്തെ അപൂര്‍വമൊരു താര വിഗ്രഹമാണ് മൂന്ന് പതിറ്റാണ്ട് മലയാള ചലച്ചിത്രങ്ങളില്‍ നായകനായി നിറഞ്ഞു നിന്ന ചിറയന്‍കീഴുകാരനായ അബ്ദുള്‍ ഖാദറെന്ന പ്രേംനസീര്‍.

32 വര്‍ഷം നായക നടനായി നിലനിന്ന ഒരാള്‍ ലോക സിനിമയില്‍ പോലുമില്ല.
21ാം വയസില്‍ ചായം തേച്ച്, 60 വയസ് വരെ അഭിനയിച്ച ഒരു നടന്‍ താര പദവി ഇല്ലാതായപ്പോള്‍ അവസരങ്ങള്‍ക്ക് വേണ്ടി കരഞ്ഞു വിളിച്ചു എന്ന ബാലിശമായ വാദമാണ് ഇപ്പോള്‍ ഒരാളുടെ, അതും ഒരു നടന്റെ വിവരക്കേടിലൂടെ ചര്‍ച്ചയായത്. നസീറിന്റെ ചിത്രങ്ങള്‍ ഓടുന്ന കൊട്ടകയിലാണ്‌ ഇടവേളയുണ്ടായിരുന്നത് മറിച്ച്, ഒരിക്കലും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലല്ല.

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ചാണെന്ന് നടന്‍ ടിനി ടോം. സിനിമയും സ്റ്റാര്‍ഡവും നഷ്ടപ്പെട്ട പ്രേം നസീര്‍ അവസാന കാലത്ത് ദിവസവും ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്റെ വിവാദ പ്രസ്താവന.’

‘ഈ അഭിമുഖം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. വിഖ്യാതനായ കാമ്പിശ്ശേരി കരുണാകരന്റെ ‘കുനന്തറ പരമുവും പൂനാ കേശവനും’ പഴയ ക്ലാസിക്ക് ആക്ഷേപ കൃതിയാണ്. പ്രശസ്തിക്ക് വേണ്ടി രണ്ട് കഥാപാത്രങ്ങളായ കുനന്തറ പരമുവും പൂനാ കേശവനും’ സംഘടിപ്പിക്കുന്ന കലാപരിപാടികളാണ് ആ പ്രശസ്ത കൃതിയുടെ പ്രമേയം. അതിന്റെ ന്യൂ ജെന്‍ പതിപ്പാണ് ടിനി ടോം എന്ന നടന്റെ ഇപ്പോഴത്തെ വാചക കസര്‍ത്ത്. ഇടയ്ക്കിടെ ടി വിയിലോ സമൂഹമാധ്യമങ്ങളിലോ പ്രതൃക്ഷപ്പെട്ട് ഓളമുണ്ടാക്കിയിട്ടില്ലെങ്കില്‍ പൊലിഞ്ഞ് പോകുന്ന താരശൈശവമാണ് തന്റെതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അല്ലെങ്കില്‍ ആരോ പറഞ്ഞു എന്ന് ഉദ്ധരിച്ച് പ്രേം നസീറിനെ പോലെ ഒരു നടനെ, വ്യക്തിയെ അപഹസിക്കാന്‍ മെനക്കെടില്ലല്ലോ. അതിന് കൂട്ട് പിടിക്കുന്നത് അദ്ദേഹത്തിനോടൊപ്പം മിക്ക പടങ്ങളിലും നടിച്ച അടൂര്‍ ഭാസിയേയും ബഹദൂറിനേയും. 32 വര്‍ഷം നടിച്ച പ്രേംനസീര്‍ ചാന്‍സിന് വേണ്ടി കരഞ്ഞു എന്നാണ് അഭിമുഖത്തില്‍ തട്ടിവിടുന്നത്. എന്താണതിന്റെ സത്യാവസ്ഥ?

prem Nazir- tini tom's controversial remarks

ഒരിക്കല്‍ തന്റെ അഭിനയ ജീവിതത്തിന്റെ സായാഹ്നത്തില്‍, തിരക്കുകള്‍ ഇല്ലാത്ത കാലത്തോട് എങ്ങനെ പൊരുത്തപ്പെടുന്നതെന്ന് ചോദിച്ച നടന്‍ കമലഹാസനോട് പ്രേം നസീര്‍ പറഞ്ഞു, ‘കമല്‍, നോക്കൂ നിങ്ങള്‍ മുപ്പത്തിരണ്ട് നിലയുള്ള ഒരു കെട്ടിടത്തിലെ ഓരോ നിലയായ് കയറുന്നു. അവസാന നിലയിലെത്തുന്നു. പിന്നെ എന്തു ചെയ്യും? താഴെ ഇറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല, കമല്‍ ഞാന്‍ ഓരോ നിലയായ് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്.!”സമചിത്തതയോടെയുള്ള ഉത്തരം. പ്രേം നസീര്‍ ആരെയും കുറ്റപ്പെടുത്തിയില്ല, നന്ദികേടിന്റെ കഥകളും പറഞ്ഞില്ല.

പ്രേം നസീര്‍ ഒന്ന് ഞൊടിച്ചാല്‍ നായകനായി ഒരേ സമയം ഒന്നിലധികം സിനിമയിറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു എന്നത് ടിനി ടോമിന് അറിയില്ലെന്ന് കരുതണം. രണ്ടോ വര്‍ഷമല്ല, നീണ്ട 32 വര്‍ഷമാണ് മലയാള സിനിമ നസീറിന് ചുറ്റും കറങ്ങിയത്. നേരത്തെ നസീര്‍ കമലഹാസനോട് പറഞ്ഞ 32 നിലയുള്ള, മലയാള സിനിമ സൗധത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ആദ്യം എത്തിയ താരമാണ് അദ്ദേഹം – സൂപ്പറെന്നോ മെഗായെന്നോ വിളിക്കാന്‍ പണ്ടേ അര്‍ഹതയുള്ള നടന്‍. അത്തരമൊരു താരം റോളില്ലെന്ന് കരഞ്ഞ് വിളിച്ച് നടക്കുന്നെന്ന് ഒരു പുതിയ തലമുറയിലെ ടിനി ടോം നടന്‍ പറയുമ്പോള്‍ നടന്‍ ശ്രീനിവാസന്‍ അഭിനയിച്ച ഒരു പടത്തിലെ കഥാപാത്രം, കൊട്ടക ഓണര്‍ ഷണ്‍മുഖത്തിന്റെ ഒരു ഡയലോഗ് ലേശം മാറ്റി പറയാനാണ് തോന്നുന്നത്, ‘നസീറിനെപ്പോലെ ഒരാളെ ബഹുമാനിക്കാന്‍ ശീലിക്കടോ ,ബഹുമാനിക്കാന്‍ ശീലിക്ക്’.

1988ല്‍ എ ടി അബു അബു സംവിധാനം ചെയ്ത ‘ധ്വനി’ എന്ന ചിത്രത്തിന് രണ്ട് സവിശേഷതകള്‍ ഉണ്ട്. ഒന്ന്: ഇന്ത്യന്‍ ചലചിത്ര സംഗീതത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ സംഗീത സംവിധായകന്‍ നൗഷാദ് അലി ഈണം നല്‍കിയ എക മലയാള ചിത്രം. രണ്ട്: പ്രേംനസീര്‍ അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം.

അവസാന നിമിഷത്തിലാണ് സംവിധായകന്‍ എ.ടി. അബു നസീറിനെ നിശ്ചയിക്കുന്നത്. ലൊക്കേഷനില്‍ വന്നപ്പാള്‍ നസീറിന് മേയ്ക്കപ്പ് ചെയ്യാന്‍ സ്വകാര്യതയില്ലായിരുന്നു. ഒരു വീട്ടില്‍ വെച്ച് മേയ്ക്കപ്പ് ഇടുന്നത് കാണാന്‍ ആളുകള്‍ കൂടി നിന്നിരുന്നു. സാധാരണ നടന്മാര്‍ ഇത് സമ്മതിക്കില്ല. സമീപത്തുണ്ടായിരുന്ന സിനിമയുടെ കഥാകൃത്ത് പി. ആര്‍. നാഥനോട് നസീര്‍ പറഞ്ഞു. ‘നമ്മുടെ കള്ളങ്ങളൊക്കെ ആളുകള്‍ കണ്ടു പിടിക്കുകയാണ്.’ സത്യം അംഗീകരിക്കാനും അത് സ്വയം ബോധ്യപ്പെടുത്താനും,അംഗീകരിക്കാനും നസീറെന്ന സൂപ്പര്‍ താരം എന്നും തയാറായിരുന്നു. അതൊന്നും ടിനി ടോം മിമിക്രി കാണിക്കുന്ന പോലെ എളുപ്പമല്ലന്ന് മനസിലാക്കണം.

സര്‍ക്കസില്‍ പുലിയെ കൊണ്ടു വരുമ്പോള്‍ ഉള്ള സെക്യൂരിറ്റി അകമ്പടി പോലെ ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ രംഗത്ത് വരുമ്പോള്‍ അകമ്പടിയായിയുള്ള കരിമ്പൂച്ച കൂട്ടങ്ങളൊന്നും പ്രേം നസീര്‍ എന്ന താരത്തിന് ഒരിക്കലും സെറ്റിലോ പൊതുരംഗത്തോ വരുമ്പോള്‍ ഇല്ലായിരുന്നു. തിരക്കുകള്‍ കുറഞ്ഞ കാലത്ത്, ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ഏതോ സംഘാടകര്‍ വന്നപ്പോള്‍, നസീര്‍ പറഞ്ഞു, ”പഴയ മാതിരിയല്ലെങ്കിലും തിരക്കു വരുമ്പോള്‍ പിച്ചലും മാന്തലുമൊക്കെയുണ്ടാകും. പോലീസിനെ ഏര്‍പ്പാടാക്കണം.” ഇത് കേട്ടു കേള്‍വിയോ ടിനി ടോം പറഞ്ഞതു പോലെ ഏതെങ്കിലും സീനിയര്‍ നടനില്‍ നിന്ന് കിട്ടിയ മൊഴി മുത്തോ, അറിവോ അല്ല . തന്റെ ആദ്യത്തെ തിരക്കഥയിലെ നായകനായ പ്രേംനസീറിനെ കുറിച്ച് ഇത് എഴുതിയത് സാക്ഷാല്‍ എം ടി. വാസുദേവന്‍ നായരാണ്. എം.ടി യുടെ സാന്നിധ്യത്തില്‍ ഇത് പറയുമ്പോള്‍ പ്രേം നസീര്‍ ഒരു നിമിഷം തന്റെ പ്രതാപകാലത്തെ, ആരാധക വൃന്ദത്തെ ഓര്‍ത്തു കാണും. താരപ്രഭാവം തീരുന്ന കാലം ഒരു നടനെ സംബന്ധിച്ച്, വേദനാജനകമാണ്. അത് അംഗീകരിക്കാനും വിഷമമാണ്. പക്ഷേ, ശാന്തമായി അദ്ദേഹം അതിനെ അംഗീകരിച്ചു. അത് അടിവരയിട്ട് എഴുത്തിലൂടെ പറയുകയായിരുന്നു എം.ടി.

kari puranda jeevithangal-prem nazir 500th movie

25 നാള്‍ പടം ഓടിയാല്‍ നൂറു കോടി ക്ലബില്‍ കേറി എന്ന് പറഞ്ഞ് വമ്പന്‍ താരനിശ നടത്തി പൊലിപ്പിക്കുന്ന ഈ കാലത്ത് ടിനി ടോം അറിയേണ്ട, ഒരു സംഗതി ഇതാ. 1980 ല്‍ ‘കരിപുരണ്ട ജീവിതം’ എന്നൊരു സിനിമ പുറത്ത് വന്നിരുന്നു. പ്രേംനസീര്‍ അഭിനയിച്ച 500ാംമത്തെ ചിത്രമായിരുന്നു അത്. പ്രേംനസീറിന്റെ പേരില്‍ ഈ ചിത്രത്തിന്റെ ആഘോഷമോ യാതൊരു അവകാശ വാദമോ അദ്ദേഹം മലയാള ചലചിത്ര രംഗത്ത് നടത്തിയില്ല. ഇന്നത്തെ താരങ്ങളാണെങ്കിലോ?

ആരാധകരുടെ എല്ലാ വശങ്ങളും അറിയുന്ന ഒരു താരമായിരുന്നു നസീര്‍. ഒരു നടന്റെ നിലനില്‍പ്പില്‍ ആരാധകരുടെ പങ്ക് ചെറുതല്ല. ഒരു നടന്റെ പ്രഭാവം മങ്ങിത്തുടങ്ങുമ്പോള്‍ ആകെ ബാക്കിയാവുന്നത് അയാള്‍ക്ക് ‘കുറച്ച് കട്ട ആരാധകര്‍ മാത്രമായിരിക്കും അതൊക്കെ നന്നായി മനസിലാക്കി അവരെ സന്തോഷിപ്പിക്കാന്‍ ഏത് തിരക്കിലും നസീര്‍ ശ്രമിച്ചിരുന്നു. ഇതേ മനോഭാവമായിരുന്നു നിര്‍മ്മാതാക്കളോടും സംവിധായകന്മാരോടും. തിരക്കഥയിലോ, ഷൂട്ടിംഗ് കാര്യങ്ങളിലോ കൈകടത്തലില്ല. ടിനി ടോം ഇതു വരെ കണ്ട, കേട്ട മെഗാ – സൂപ്പര്‍ താരങ്ങളുടെ പഞ്ചനക്ഷത്ര ശീലങ്ങളൊന്നും ഒരു കാലത്തും പ്രേംനസീറിനുണ്ടായിരുന്നില്ല.

ഒരു സംവിധായകനോ, ഒരു നിര്‍മ്മാതാവോ ഒരു കാലത്തും അദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞില്ല. 80 ചിത്രങ്ങള്‍ നസീറിനെ നായനാക്കി സംവിധാനം ചെയ്ത ‘ഹിറ്റ് മേക്കറായ സംവിധായകന്‍ ശശികുമാര്‍ ഒരിക്കല്‍ പറഞ്ഞു, ”നസീര്‍ ഒരു താരമെന്നതിനേക്കാള്‍ ഒരു മനുഷ്യനായിരുന്നു.” ഏത് നിര്‍ദേശവും അവഗണിക്കാനാവാത്ത പൂര്‍ണ്ണ സഹകരണത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നു നസീര്‍’. ”പ്രേം നസീറിന്റെ താരമൂല്യം ഇല്ലാതായി കൊണ്ടിരിക്കെ അദ്ദേഹത്തെ മാറ്റി നിറുത്തി ഒരു പടം ചെയ്യണമെന്ന ആശയവുമായി തന്നെ സമീപിച്ച പ്രശസ്ത നിര്‍മ്മാതാവിനെ പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചയച്ച സംവിധായകനാണ് ശശികുമാര്‍. കാരണം പ്രേം നസീറിനെ മാറ്റി നിറുത്തി പടമെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിനാവില്ല.

80 കള്‍ക്ക് ശേഷം. അക്കാലത്തെ മികച്ച തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിനെക്കൊണ്ട് ഒരു തിരക്കഥയെഴുതിച്ച് ഒരു പടം സംവിധാനം ചെയ്യാന്‍ പ്രേം നസീര്‍ തീരുമാനിച്ചിരുന്നു. നേരിട്ട് അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു. ഡെന്നീസ് പ്രതിഫലം വാങ്ങാന്‍ തയ്യാറായില്ല. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും താന്‍ എഴുതി തരാം എന്ന് സന്തോഷപൂര്‍വം നസീറിനോട് പറയുകയും ചെയ്തു. പ്രേം നസീറിനെ അത് വളരെ സന്തോഷിപ്പിച്ചു. ആഹ്ലാദത്തോടെ അദേഹം പറഞ്ഞു. ‘ ശ്രീനിവാസനും ഇത് തന്നെയാണ് പറഞ്ഞത്. നിങ്ങള്‍ പുതിയ തലമുറയൊക്കെ എന്നോട് നല്ല രീതിയില്‍ പെരുമാറുമോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. വളരെ സന്തോഷമായി’.
മമ്മൂട്ടിയെ വെച്ച് ചെയ്യുന്ന പടം ഡെന്നീസും മോഹന്‍ ലാലിനെ വെച്ച് ചെയ്യുന്ന പടം ശ്രീനിവാസനും എഴുതുന്നു. അത് രണ്ടും സംവിധാനം ചെയ്യുന്നത് പ്രേം നസീര്‍. അതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. പക്ഷേ, അത് സ്ഥലമാക്കാനുള്ള കാള്‍ ഷീറ്റ് ദൈവം അദ്ദേഹത്തിന് അനുവദിച്ചില്ല.

അവസാന കാലത്ത് പ്രേംനസീര്‍, എം.ടിയോട് പറഞ്ഞു” ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. എന്നെ വീണ്ടും പ്രൊജക്റ്റ് ചെയ്യാനല്ല. ഞാന്‍ അഭിനയിക്കുന്നില്ല. ഒരു നല്ല സാധനം ചെയ്യണമെന്ന തോന്നല്‍. എന്റെ പങ്ക് എന്താണെന്നു വെച്ചാല്‍ ഞാന്‍ ഇന്‍വെസ്റ്റു ചെയ്യും. എം.ടിയുമായി ആലോചിച്ചിട്ടാകാം എന്നു വെച്ചിട്ടാണ്’ .

M T Vasudevan nair

എം .ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ വടക്കന്‍ വീരഗാഥയുടെ ചിത്രീകരണം ആരംഭിച്ച സമയമായിരുന്നു അത്. എം.ടി. സമ്മതം മൂളി. എം.ടി. പറഞ്ഞു. എങ്കില്‍ ഞാന്‍ ഒരു സബ്ജക്റ്റ് പറയാം നസീറിന് അഭിനയിക്കുകയും ചെയ്യാം’. പ്രമേയവും പറഞ്ഞു. ജയ്പ്പൂര്‍ ക്രിത്രിമ കൈകാലുകളും അതിന്റെ ശില്‍പ്പി ഡോക്ടര്‍ സേഥിയുമൊക്കെയുള്ള ഒരു കഥ. നസീറിന് സന്തോഷമായി. എങ്കിലും. നസീര്‍ എം.ടി യെ ഓര്‍മ്മപ്പെടുത്തി. ‘എനിക്ക് അഭിനയിക്കാനാണെങ്കില്‍ വേണ്ട’ പക്ഷേ, ആ പ്രൊജക്റ്റ് നടന്നില്ല. പിന്നീട് ആ കഥ തെലുങ്കില്‍ ‘മയൂരി’ എന്ന പേരില്‍ സുധാചന്ദന്‍ നായികയായി പുറത്ത് വന്നു. ഏറെ താമസിയാതെ അപ്രതീക്ഷിത മരണം നസീറിനെ കൊണ്ടു പോയി . ടിനി ടോം പറഞ്ഞ സ്റ്റാര്‍ഡം ഒഴിഞ്ഞ പ്രേം നസീറിന്റെ അന്നത്തെ അവസ്ഥ അതായിരുന്നു. എം ടി ഒരു പടം എഴുതുന്നു നസീര്‍ അതില്‍ അഭിനയിക്കുന്നു. നസീറിന്റെ ആ അവസ്ഥ ഭയങ്കരം തന്നെ!

ടിനി ടോം പറഞ്ഞ പോലെ രാവിലെ മേയ്ക്കപ്പ് ഇട്ട് അടൂര്‍ ഭാസിയുടേയോ ബഹദൂറിന്റെയോ വീട്ടില്‍ പോയി കരയാന്‍ നേരമില്ലായിരുന്നു നസീറിന്. മരിക്കുന്നതിന് മുന്‍പ് ഒരു അവസാന അഭിമുഖത്തില്‍ പത്രപവര്‍ത്തകനായ പി.കെ. ശ്രീനിവാസനോട് പറഞ്ഞു. ‘ഹിന്ദിയിലെ ദിലീപ്കുമാറും അശോക് കുമാറുമൊക്കെ എവിടെപ്പോയ്? ഒരു കാലഘട്ടം കഴിയുമ്പോള്‍ താനെ പിന്‍ വാങ്ങും. അല്ലാതെ ആരും അവരെ എഴുതി ഔട്ടാക്കിയതല്ല.’ നസീര്‍ രാഷ്ടീയത്തില്‍ പ്രവേശിക്കുന്നു എന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പത്രപവര്‍ത്തകനായിരുന്നു നസീറുമായി ഏറെ അടുപ്പമുള്ള ചെന്നെയില്‍ ഉള്ള മലയാളിയായ പി.കെ. ശ്രീനിവാസന്‍. ‘സിനിമ കുറഞ്ഞിട്ടും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല.’ ശ്രീനിവാസന്‍ എഴുതി.

prem nazir with adoor bhasi

പ്രേം നസീര്‍ അന്തരിച്ചപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന അടൂര്‍ ഭാസിയോ ബഹദൂറോ ഇതേ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. രണ്ട് നടന്മാരും കാര്യങ്ങള്‍ തുറന്ന് പറയുന്നവരുമാണ്. അവരൊക്കെ പറയാത്ത, എഴുതാത്ത കാര്യമാണ് ഇപ്പോള്‍ അവരുടെ പേരില്‍ ഉദ്ധരിക്കപ്പെട്ടത്.

prem nazir-bahadoor

പ്രേം നസീര്‍ എന്ന നടനും വ്യക്തിയും വിമര്‍ശനത്തിനതീതനല്ല. വിമര്‍ശനം ഉണ്ടായിട്ടുമുണ്ട്. അദേഹത്തിന്റെ പുഷ്‌ക്കല കാലത്ത് നസീറിനെ തുറന്ന് വിമര്‍ശിച്ചവരാണ് പി.എന്‍. മേനോനും പി.എ. ബക്കറും. അവരൊക്കെ എതിര്‍ത്തത് മലയാള സിനിമയിലെ താര വ്യവസ്ഥ സൃഷ്ടിച്ച പ്രേം നസീറിനെയാണ്. എന്നാല്‍ ആ വ്യവസ്ഥക്ക് കാരണം അദ്ദേഹമല്ല. മലയാള ചലച്ചിത്ര നിര്‍മ്മാതാക്കളും സംവിധായകരുമാണ്. നസീര്‍ അഭിനയിച്ച എം.ടി.യുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനേക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെട്ടത് ഭാര്‍ഗവി നിലയത്തിലെ സിത്താര്‍ മീട്ടി പ്രേമ ഗാനം പാടിയ കാമുകന്‍ ശശികുമാറിനെയാണ്. അത്തരം പടങ്ങള്‍ മതിയായിരുന്നു എല്ലാവര്‍ക്കും ‘പ്രേം നസീര്‍ നിത്യ കാമുകനായി മരം ചുറ്റി പ്രേമം പാടിയതും പണം വാരുന്ന അടിയിടി പടങ്ങളില്‍ അഭിനയിച്ചതും സ്ഥിരമായത് അത് കൊണ്ടാണ്. സിനിമയെന്നത് വ്യവസായമാണ്. നിര്‍മ്മാതാവിന് മുടക്ക് മുതല്‍ തിരിച്ച് കൊടുക്കാന്‍ ശ്രമിച്ച ഒരു നായക നടനായതിനാലാണ് നസീര്‍ ആ വ്യവസ്ഥയുടെ ഭാഗമായത്. അത് ആര് വിചാരിച്ചാലും തിരുത്താനാവില്ല. ഈ തിരിച്ചറിവാണ് പിന്നീട് പി. എ ബക്കര്‍ തന്റെ ‘ചാര’ത്തില്‍ പ്രേം നസീറിനെ അഭിനയിക്കാന്‍ വിളിച്ചത്.

പ്രേംനസീറിലെ നടന്‍ ചിന്തിച്ചതും സഞ്ചരിച്ചതും സാധാരണ പ്രേക്ഷകര്‍ക്കൊപ്പമായിരുന്നു. ആവര്‍ത്തനവിരസമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കേണ്ടി വന്നപ്പോഴും നസീറിന് അതൊരു പ്രശ്‌നമായിരുന്നില്ല കാരണം തന്നെ ആശ്രയിച്ച് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരു പാട് പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരിലൂടെ ഒട്ടേറെ കുടുംബങ്ങള്‍ ജീവിച്ചു പോകുന്നുണ്ടെന്നും മനസിലാക്കിയ കലാകാരന് നായിരുന്നു നസീര്‍. പ്രേക്ഷകരെ ചിന്തിപ്പിക്കുകയായിരുന്നില്ല. ആഹ്ലാദിപ്പിക്കുകയായിരുന്നു നസീര്‍’ മലയാള സിനിമയിലെ, ഏറ്റവും മുതിര്‍ന്ന നടനായ, നസീറിന്റെ സമകാലികനായ നടന്‍ മധു പറയുന്നു.

Prem Nazzir Family

ഇന്ത്യന്‍ സിനിമയുടെ ചരിത്ര സംഭവമായി മാറിയ മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ ‘മൈഡിയര്‍ കുടിച്ചാത്തന്‍’ ന്റെ സവിശേഷതകളെ കുറിച്ച് പടത്തിന്റെ ആരംഭത്തില്‍ പ്രേക്ഷകരോട് പറയാന്‍ നവോദയ അപ്പച്ചന്‍ തിരഞ്ഞെടുത്തത് ടിനി ടോം പറഞ്ഞ, ഈ സ്റ്റാര്‍ഡം ഒഴിഞ്ഞ പ്രേം നസീറിനെയാണ് (1984). അതിന് ഏറ്റവും യോഗ്യതയുള്ളയാള്‍ നസീറാണെന്നും അദ്ദേഹത്തിന്റെ രൂപവും ശബ്ദവും കൊണ്ട് ആ സാന്നിധ്യം പോലെ പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന മറ്റൊരാള്‍ മലയാള ചലചിത്രത്തില്‍ ഇല്ലായെന്ന് സിനിമാ മേഖലയില്‍ ഒരു പാട് അനുഭവ സമ്പത്തുള്ള അപ്പച്ചന് നന്നായി അറിയാമായിരുന്നു.

ഇനിയും ടിനി ടോമിന് സംശയം തീര്‍ന്നില്ലെങ്കില്‍ ഈ കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന, താന്‍ ആദ്യമായി നിര്‍മ്മിച്ച്, സംവിധാനം ചെയ്ത ‘ചന്ദ്രകാന്തം’ എന്ന സിനിമയില്‍ നായകനായി അഭിനയിച്ച പ്രേം നസീറുമായി ഏറെ കാലത്തെ ആത്മബന്ധമുള്ള ആ കാലത്തെ മലയാള സിനിമയുടെ എണും കോണും സൂഷ്മമായി അറിയുന്ന ഒരു സിനിമാക്കാരനോട ചോദിക്കുക. ഇത് പറയാന്‍ ഇന്ന് ജീവിച്ചിരുന്ന ഏറ്റവും അര്‍ഹതയുള്ള ആളുമാണ് അദ്ദേഹം ‘ സമയം കിട്ടിയാല്‍ അദ്ദേഹത്തിനോട് ടിനി ടോംമിറ് സംശയ നിവൃത്തി വരുത്താം – ആളുടെ പേര് ഹരിപ്പാട് ശ്രീകുമാരന്‍ തമ്പി.

നസീര്‍ ഇതൊക്കെ കേട്ടിരുന്നെങ്കില്‍ ചിരിച്ച് കൊണ്ട് പറഞ്ഞേനെ, ‘മലയാള പ്രേക്ഷകരുടെ മധുര സ്മരണകളില്‍ ഇപ്പോഴും ജീവിക്കുന്ന പാവം നടനായ എന്നെയൊക്കെ വെറുതേ വിട്ടു കൂടെ അസ്സേ?’

പ്രേം നസീറിനെപ്പോലെ മണ്‍മറഞ്ഞു പോയ പ്രതിഭകളെ അപമാനിക്കുന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ പറയുമ്പോള്‍ Tini Tom, താങ്കള്‍ Tiny Tom ആയി മാറുകയാണെന്ന് അറിയുക.  Tini Tom’s controversial remarks about Prem Nazir

Content Summary; Tini Tom’s controversial remarks about Prem Nazir

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

One response to “ടിനി ടോം അറിയാന്‍;  പ്രേംനസിര്‍ കരഞ്ഞത്  സിനിമയില്‍, ജീവിതത്തിലല്ല”

  1. Avatar Malikaveed says:

    Good article. പറയേണ്ടത് പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *

×