താന്‍ കൊല്ലപ്പെടുമെന്ന് ആ റിട്ടയേര്‍ഡ് പൊലീസുകാരന് ഉറപ്പായിരുന്നു. അത് തടയാന്‍ കഴിയുമായിരുന്ന പൊലീസിന് അദ്ദേഹത്തെ സഹായിച്ചുമില്ല. ഒടുവില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ നടന്നു. തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സാക്കിര്‍ ഹുസൈന്‍ ബിജ്‌ലിയുടെ കൊലപാതം സംസ്ഥാനത്ത് വലിയൊരു പ്രശ്‌നമായി ഉയര്‍ന്നിരിക്കുകയാണ്. തിരുന്നല്‍വേലിയില്‍ ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടന്നത്. എം കരുണാധിനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് 64മത്തെ വയസില്‍ കൊല്ലപ്പെട്ട സാക്കിര്‍ ഹുസൈന്‍ ബിജ്‌ലി. ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.
പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം ദര്‍ഗയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുംവഴിയാണ് സാക്കിര്‍ ഹുസൈന്‍ കൊല്ലപ്പെടുന്നത്. അക്രമികള്‍ ബൈക്കില്‍ നിന്നും തള്ളിയിട്ടശേഷം തലയില്‍ വെട്ടുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയിലാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. വഴിയാത്രക്കാര്‍ ഈ സംഭവം കണ്ട് അലറി വിളിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തതോടെ അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു പോയി.
തന്റെ വിധി എന്തായിരിക്കുമെന്ന് സാക്കിര്‍ ഹുസൈന്‍ ഉറപ്പിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അവഗണിക്കുകയാണെന്നും പരാതിപ്പെട്ട് സാക്കിര്‍ ഹുസൈന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പൊലീസും ഭരണകൂടവും തന്റെ ജീവന് സംരക്ഷണം നല്‍കുന്നില്ലെന്നായിരുന്നു മുന്‍ പൊലീസുകാരന്റെ സങ്കടം. അദ്ദേഹം ആ സിസ്റ്റത്തിന് ഉള്ളില്‍ ഉണ്ടായിരുന്നൊരാളാണ്, എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണത് പരാജയപ്പെട്ടു പോകുന്നതെന്നും അദ്ദേഹത്തിന് അറിയാം’ സാക്കിര്‍ ഹുസൈനെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ ഇങ്ങനെ പറയുന്നുണ്ട്.
വെട്ടിക്കൊലപ്പെടുത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് സാക്കിര്‍ ഹുസൈന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ കൊല്ലപ്പെടുമെന്നും തന്റെ കൊലയാളികള്‍ ആരാണെന്നും പറഞ്ഞിരുന്നു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല.
തിരുനെല്‍വേലി പട്ടണത്തിലെ ഒരു പഴയ ദര്‍ഗയ്ക്ക് സമീപമുള്ള 36 സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സക്കിര്‍ ഹുസൈന്റെ ജീവനെടുത്തത്. മുര്‍ത്തിം സര്‍ഖാന്‍ ദര്‍ഗയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു അദ്ദേഹം. തന്റെ മുത്തശ്ശിയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന് അവകാശപ്പെട്ട് നൂറുന്നിസ എന്ന സ്ത്രീ ഈ ഭൂമിയില്‍ അവകാശം ഉന്നയിച്ചു. ഇതിനെതിരേ സക്കിര്‍ ഹുസൈന്‍ കോടതിയില്‍ പോയി. ഭൂമി തിരിച്ചുപിടിക്കാന്‍ ഹുസൈന്‍ നിയമപോരാട്ടം നടത്തിവരികയായിരുന്നു. നൂറുന്നിസയുടെ ഭര്‍ത്താവാണ് മുഹമ്മദ് തൗഫീഖ്. കൃഷ്ണമൂര്‍ത്തിയെന്ന് ദളിത് യുവാവാണ് എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറുന്നിസയുമായുള്ള വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് മുഹമ്മദ് തൗഫീഖ് ആയത്.
2020 മുതലാണ് ഭൂമി തര്‍ക്കം തുടങ്ങുന്നത്. ഭൂമി വഖഫ് അധീനതയില്‍പ്പെട്ടതാണെന്നായിരുന്നു സക്കിര്‍ ഹുസൈന്‍ വാദിച്ചിരുന്നത്. എന്നാല്‍, ഭൂമി തങ്ങളുടെ സ്വകാര്യ സ്വത്താണെന്നായിരുന്നു നൂറുന്നിസയും തൗഫിഖും തര്‍ക്കിച്ചത്. കഴിഞ്ഞ വര്‍ഷമായപ്പോള്‍ തര്‍ക്കം രൂക്ഷമായി. നൂറുന്നിസയും തൗഫീഖും സാക്കിര്‍ ഹുസൈനെതിരേ പൊലീസില്‍ പരാതി നല്‍കി. തങ്ങളെ ദ്രോഹിക്കുകയാണെന്നും അനധികൃതമായി ഭൂമി കയ്യേറിയെന്നുമായിരുന്നു പരാതി. പൊലീസ് ഹുസൈനെതിരേ എസ് സി എസ് ടി ആക്ട് പ്രകാരം കേസ് എടുത്തു.
എന്നാല്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ സാക്കിര്‍ ഹുസൈന്‍ വെറുതെയിരുന്നില്ല. തൗഫീഖ് ദമ്പതിമാര്‍ക്കും പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല കൃഷ്ണന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ക്കുമെതിരേ കളക്ടര്‍ക്കും കമ്മീഷണര്‍ക്കും പരാതി നല്‍കി. എസ് സി എസ് ടി വകുപ്പ് പ്രകാരം തന്നെ. പുറത്തു വിട്ട വീഡിയോയില്‍ ഹുസൈന്‍ പറയുന്നത്, തന്നെ കുടുക്കാനുള്ള കേസ് ആണ് അതെന്നും, താന്‍ കൊല്ലപ്പെടാന്‍ കാത്തിരിക്കുന്നവരെ സഹായിക്കുകയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമെന്നാണ്. പക്ഷേ, ആ വീഡിയോ പൊലീസോ ജില്ല അധികൃതരോ ഗൗനിച്ചില്ല.
കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം വീണ്ടുമൊരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ ജീവന്‍ അപകടത്തിലാണെന്നും ആരും തന്റെ പരാതി കേള്‍ക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സാക്കിര്‍ ഹുസൈന്റെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബാംഗങ്ങളും ബന്ധുക്കളും നടത്തിയ പ്രതിഷേധത്തിലും പൊലീസ് കാണിച്ച നിരുത്തരവാദപരമായ സമീപനമാണ് കൊലയ്ക്ക് കാരണമെന്നാണ് ആരോപിച്ചത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ടു പേര്‍ അന്നേ ദിവസം തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. തൗഫീഖിന്റെ സഹോദരന്‍ കാര്‍ത്തിക്, ഭാര്യ സഹോദരന്‍ അക്ബര്‍ ഷാ എന്നിവരായിരുന്നു കീഴടങ്ങിയത്. തിരുന്നല്‍വേലിയുടെ അതിര്‍ത്തിയിലൊരിടത്ത് തൗഫീഖ് ഒളിച്ചിരിക്കുന്ന വവിരം അറിഞ്ഞ്് പൊലീസ് എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. തൗഫീഖിന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നൂറുന്നിസയും ഒളിവിലാണ്.
വലിയ വീഴ്ചയാണ് സാക്കിര്‍ ഹുസൈന്റെ കാര്യത്തില്‍ സംഭവിച്ചതെന്നാണ് പൊലീസ് സമ്മതിക്കുന്നത്. ഒരു നിയമവ്യവഹാരിയും നിരവധി പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു ആക്ടിവിസ്റ്റും ആയിരുന്ന അദ്ദേഹത്തിന്റെ പരാതികളും വീഡിയോകളും ലോക്കല്‍ പോലീസ് അവഗണിച്ചു. ഇന്‍സ്‌പെക്ടര്‍ കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ കുമാറിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കും എന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സാക്കിര്‍ ഹുസൈന്‍ ബിജ്‌ലിയുടെ കൊലപാതകം തമിഴ്‌നാട് നിയമസഭയിലും ചര്‍ച്ചയായി. പ്രതിപക്ഷ നേതാവ് എടപ്പാളി പളനിസാമി ഈ പ്രശ്‌നം സഭയില്‍ ഉയര്‍ത്തി. കുറ്റവാളികള്‍ ഒരുതരത്തിലും രക്ഷപ്പെടില്ലെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.