മൂന്നു വര്‍ഷം മുന്‍പ് ടി.ജെ.എസ് ജോര്‍ജ് താന്‍ ഏറ്റവും അധികം വിലമതിച്ചിരുന്ന ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ 25 വര്‍ഷമായി തുടരുന്ന പങ്തി ‘പോയന്റ് ഓഫ് വ്യൂ, അവസാനിപ്പിക്കുകയാണെന്ന്, ‘തന്റെ കോളത്തിലൂടെ 2022 ജൂണ്‍ 12 ന് ‘ഇപ്പോള്‍ വിട പറയാന്‍ സമയമായി’ എന്ന കുറിപ്പോടെ തന്റെ എഴുത്ത് അവസാനിപ്പിച്ചു. സ്വയം റിട്ടയര്‍മെന്റ് ‘പ്രഖ്യാപിച്ച ഇന്ത്യയിലെ ഏകപത്രപ്രവര്ത്തകനായിരിക്കും ഇന്നലെ വിട പറഞ്ഞ തയ്യില്‍ സണ്ണി ജോര്‍ജ് എന്ന ടി.ജെ.എസ് ജോര്‍ജ്.
സ്വരം മോശമാകും മുന്‍പ് പാട്ട് നിറുത്തലായിരുന്നില്ല അത്. ശാരീരിക വിഷമതകള്‍ അദ്ദേഹത്തെ അലട്ടിയതായിരുന്നു കാരണം. പെര്‍ഫക്റ്റ് എഴുത്ത്. ചിട്ടയായ ആഖ്യാനവും ആസൂത്രണവും വസ്തുതാ ശേഖരണവും ടി ജെ എസിന്റെ മുഖമുദ്രയായിരുന്നു. അത് അസാധ്യമായപ്പോള്‍ എഴുത്ത് നിറുത്തി. തനിക്ക് എഴുതാനും പറയാനുള്ളത് ടി.ജെഎസ് വളരെ മുന്‍പേ ചെയ്ത് കഴിഞ്ഞിരുന്നു.
അടിയന്തരാവസ്ഥയെ അനുകൂലിച്ച കോടതി വിധിയെ ‘ ചരിത്രത്തിലെ അപമാന രേഖ’ എന്ന് വിശേഷിപ്പിച്ച് എഴുതിയ പത്ര പ്രവര്‍ത്തകനാണ് ടി.ജെ.എസ്. 1987 ല്‍ ഇന്ത്യന്‍ സൈന്യത്തെ ശാന്തി സേനയെന്ന് പേരിട്ട് ശ്രീലങ്കയിലേക്ക് ( IPKF ) അയച്ചപ്പോള്‍ ‘ ഏഷ്യയിലെ ഏറ്റവും വലിയ മണ്ടത്തരം’ എന്ന് വിമര്‍ശിച്ച് അദ്ദേഹം എഴുതി. ഒരേ സമയം പുലികളെ ധാര്‍മ്മികമായി പിന്തുണച്ച് സാമ്പത്തിക സഹായം നല്കി വളര്ത്തിക്കഴിഞ്ഞ് അവര്‍ക്കെതിരെ സൈന്യത്തെ വിടുന്നത് മഹാപരാധമാണെന്ന് എഴുതിയ അപൂര്‍വ്വം പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഇന്നാണെങ്കില്‍ കടുത്ത രാജ്യദ്രോഹം എന്ന് മുദ്ര കുത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചേനെ.

അദ്ദേഹത്തിന്റെ വിരമിക്കല്‍ വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മ്മിച്ചു. ലീഡര്‍ കെ. കരുണാകരന്റെ രാഷ്ട്രീയ പതനത്തിന്റെ തുടക്കക്കാലത്ത് ടി.ജെ.എസ്. തന്റെ കോളത്തില്‍ എഴുതി.’
‘കരുണാകരന് ഇനി വിശ്രമിക്കണം. ഗുരുവായൂരപ്പനെ ധ്യാനിച്ച് സന്തോഷത്തോടെ രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യണം ‘ രണ്ട് നാള് കഴിഞ്ഞ് പത്രത്തിന്റെ വായനക്കാരുടെ കത്തുകള്‍ എന്നതില്‍ ഒരു രോഷപ്രകടനവുമായി ഒരു കത്ത്. ‘ഗുരുവായൂരപ്പന്റെ ഒരു കാര്യം പറയാന്‍ ഒരു ജോര്‍ജിന് എന്തര്‍ഹത? ഗുരുവായൂരപ്പനേയും കരുണാകരനെയും ഞങ്ങള്‍ നോക്കിക്കോളാം എന്ന മട്ടില്‍’
സാധാരണ ഒരു പത്രപ്രവര്ത്തകന് ചെവി കൊടുക്കേണ്ട ഒരു കാര്യമേയല്ല വായനക്കാരന്റെ ഈ കത്ത്. പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ ഇത് അസ്വസ്ഥനാക്കി.’ അദ്ദേഹം പറഞ്ഞു ‘എനിക്ക് അതിശയവും ദുഃഖവും തോന്നി ജനനം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയായിരിക്കാം. പക്ഷേ, ഏത് ഇന്ത്യക്കാരനെപ്പോലെയും ഗീതയും രാമായണവും നിറഞ്ഞ സംസ്ക്കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. അത് തന്നെയാണ് എന്റെ ശബ്ദവും രക്തവും.’ പിന്നെ അദേഹം ദുഃഖത്തോടെ കൂട്ടിച്ചേര്‍ത്തു ‘ നമ്മള് വളരെ മാറിയിരിക്കുന്നു.’ പിന്നിട് അദ്ദേഹം അടിയന്തരാവസ്ഥയിലെ കരുണാകരനെ കുറിച്ച് ഒരു കുറിപ്പ് എഴുതി. ‘ കെ. കരുണാകരന് എന്ന കുമിള’ ജയറാം പടിക്കലെന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനെ വളര്‍ത്തിയ ചരിത്രമാണ് ആ ലേഖനം.
1949 ല്‍ ബോംബയിലെ ദേശീയ പത്രമായ ഫ്രീപ്രസ്സ് ജേര്‍ണലിന്റെ സ്ഥാപക ഉടമ, ഇതിഹാസ പുരുഷനായ എസ്. സദാനന്ദിന്റെ മുന്നില്‍ ഇരുന്നത് മുതല്‍ തുടങ്ങുന്നു 75 വര്‍ഷത്തെ, നീണ്ട ടി.ജെ. എസിന്റെ പത്രപ്രവര്‍ത്തനം. ജോലിക്കുള്ള അപേക്ഷ മടക്കി വെച്ച സദാനന്ദ് ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ ‘ Why do you sign like this? It is too big’ . പിന്നെ പറഞ്ഞു. ‘നാളെ വന്ന് ജോലിയില്‍ ചേരൂ. അഭിമുഖം കഴിഞ്ഞു. ഇന്റര്‍വ്യുവിലെ പ്രകടനമല്ല പത്രപ്രവര്‍ത്തകനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്ന് വിശ്വസിച്ച എഡിറ്ററായിരുന്നു സ്വാമിനാഥ് സദാനന്ദ്. പുതിയ ആള് ഒരാഴ്ച ജോലി ചെയ്തത് നോക്കും. അതില്‍ വിജയിച്ചാല്‍ ഫ്രീ പ്രസ്സിന്റെ സ്റ്റാഫായി സ്വീകരിക്കും . ‘പ്രൊഫഷല്‍ ഡിഗ്രികള്‍ അര്‍ഥമില്ലാത്തതാണെന്ന് സദാനന്ദ് എന്നെ പഠിപ്പിച്ചു. പിന്നീട് പത്രപ്രവര്‍ത്തകരെ തിരഞ്ഞെടുക്കാന്‍ കിട്ടിയ അവസരങ്ങളിലൊക്കെ സദാനന്ദിന്റെ ഈ പാഠം എന്റെ മനസിലുണ്ടായിരുന്നു.’ ടി.ജെ.എസ് ഒരിക്കല്‍ പറഞ്ഞു.
ഒപ്പ് വലുതാണെന്ന് സദാനന്ദ് പറഞ്ഞ പോലെ, ടി.ജെ.എസിന്റെ
പത്ര പ്രവര്‍ത്തനവും അതിലും വലിപ്പമുള്ളതും, മൂല്യമുള്ളതുമായിരുന്നു.

അദ്ദേഹം എഴുതിയ ഒരു ഡസനിലധികം ഒന്നാന്തരം പുസ്തകങ്ങള്‍, അതില്‍ തന്നെ മികച്ച ജീവചരിത്രങ്ങള്‍, ‘Editing by TJS എന്ന പത്രപ്രവര്‍ത്തകര്‍ക്ക് എന്നും പ്രയോജനപ്പെടുന്ന ഒരു പാഠപുസ്തകം. എല്ലാം അനുഭവസ്ഥനായ ഒരു പത്രപ്രവര്‍ത്തകന്റെ മികച്ച രചനകളായിരുന്നു.
എം.പി. നാരായണ പിള്ള ഒരിക്കല്‍ ടി.ജെ. എസിനെ പറ്റി എഴുതി.
‘ലോക പ്രസിദ്ധമായ ചില പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇംഗ്ലണ്ടിലും അമേരിക്കയിലും തന്റെ പുസ്തകത്തിന്റെ പ്രസാധനം നടന്നാല്‍ ‘അത് പുറത്ത് വിടാതിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. വെറും ഇംഗ്ലീഷ് എഴുത്തുകാരനല്ല. ഇംഗ്ലീഷ് ഭാഷയില്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള ചില പ്രയോഗങ്ങള്‍ കണ്ട് സായിപ്പ് പോലും അന്തം വിട്ടിട്ടുണ്ട്.’
ടി.ജെ എസ് എഴുതിയ ആദ്യത്തെ ജീവചരിത്രം വി.കെ. കൃഷ്ണമേനോനെ കുറിച്ചായിരുന്നു. 51 വര്‍ഷം മുന്‍പ് നടന്ന അത് സംഭവ ബഹുലമായ ഒരു കഥ തന്നെയായിരുന്നു. ‘തന്നെ കുറിച്ച് എഴുതിയാല്‍ കേസ് കൊടുക്കും ‘ എന്ന് വി.കെ.കൃഷ്ണ മേനോന് ടി. ജെ. എസിനോട് തറപ്പിച്ചു പറഞ്ഞു. ടി.ജെ.എസ് ഒന്നും പറഞ്ഞില്ല. പക്ഷേ, വിടാതെ വി.കെ കൃഷ്ണമേനോനെ പിന്തുടര്ന്നു.
ന്യൂ യോര്‍ക്കിലും ലണ്ടനിലും പോയി മേനോനെ കുറിച്ചുള്ള വിവരം ശേഖരിച്ചു. കൃഷ്ണമേനോനുമായി അടുപ്പുള്ള വി.കെ. മാധവന് കുട്ടിയോടൊക്കെ സംസാരിച്ചു. താന്‍ പുസ്തകമെഴുതുന്നു. വിവരങ്ങള്‍ അറിയുന്നവര്‍ തന്ന് സഹായിക്കുക എന്ന രീതിയില്‍ പത്രത്തില്‍ പരസ്യം കൊടുത്തു.

ടി.ജെ. എസിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ലണ്ടനില്‍ നിന്ന് പ്രശസ്ത പ്രസാധകരായ ജോനാഥന് കേപ്പിന്റെ കത്ത് വരുന്നു. നിങ്ങളുടെ പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിക്കാം. ‘ ആദ്യ പുസ്തകം തന്നെ ലോകപ്രസിദ്ധരായ പ്രസാധകര് പ്രസിദ്ധീകരിക്കുക! അതും ഒരു അപ്രശസ്തന്റെത്! ടി.ജെ.എസ് അത്ഭുതപ്പെട്ടു. വി.കെ. മാധവന് കുട്ടിയുടെ ഇടപെടല്‍ കൃഷ്ണമേനോന് കുറച്ച് അയഞ്ഞു. അദ്ദേഹത്തിന്റെ സെക്രട്ടറി ടി.ജെ. എസിന് വിവരങ്ങള്‍ നല്കി. ടി.ജെ.എസ്. മാന്സ്ക്രിപ്റ്റ് തയ്യാറാക്കി ലണ്ടനിലേക്ക് അയച്ചു.
ജോനാഥന് കേപ്പ് അത് അഴിച്ച് പണിഞ്ഞു അപ്പാടെ മാറ്റി. 1961, അപ്പോഴാണ് ബോബെയിലെ ചരിത്ര പ്രസിദ്ധമായ തെരഞ്ഞെടുപ്പ് വരുന്നത്. വി.കെ. കൃഷ്ണ മേനോന്റെ എതിരാളി ഉന്നതനായ കോണ്‍ഗ്രസ്സ് നേതാവ് ജെ. ബി. കൃപലാനി. ഉടനെ ടി.ജെ.എസ് പ്രസാധകര്‍ക്ക് ടെലിഗ്രാം ചെയ്തു. ‘ഇതാണ് പറ്റിയ സമയം പുസ്തകം ഉടനെ ഇറക്കുക’ അവരുടെ മറുപടി ടി. ജെ. എസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.
‘ Your book is a Historical work. It must stands on its own merit, not this election or that election’ . ‘ എങ്ങനെ പുസ്തകം തയ്യാറാക്കണമെന്ന് ഞാന്‍ അന്ന് പഠിച്ചു’ ടി.ജെ.എസ്. പറഞ്ഞു. വി.കെ. കൃഷ്ണ മേനാന് ആ ഇലക്ഷനില്‍ വന്‍ വിജയം നേടി. മൂന്ന് വര്‍ഷത്തിന് ശേഷം 1964 ല്‍ V.K.Krishna Menon – A Biography പുറത്ത് വന്നു.
വളരെ ശ്രദ്ധനേടിയ ഈ ജീവചരിത്രം കൃഷ്ണ മേനോന്റെ മരണശേഷം നടന്ന സംഭവങ്ങള്‍ ചേര്‍ത്ത് പിന്നിട് ടി. ജെ.എസ് പുതിയ പതിപ്പ് 1987 ല്‍ പുറത്തിറക്കി.
ദേശീയ പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ഒരു മലയാളി പത്രപ്രവര്‍ത്തകനെ കുറിച്ചുള്ള ആദ്യത്തെ ജീവചരിത്രമെഴുതിയതും ടി.ജെ.എസ് ആണ്. ഒരു ഇതിഹാസമായി കടന്നു പോയ പോത്തന് ജോസഫിനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍, 1992 ല്‍ Pothen Joseph – Lessons in Journalism പുറത്ത് വന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ആ പുസ്തകം പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്ന നിരവധി ഇന്സ്റ്റിട്യൂട്ടുകള് ഒരു പഠന പുസ്തകമായി സ്വീകരിച്ചു. തന്റെ ജീവിത കാലത്ത് 36 പത്രങ്ങള്‍ എഡിറ്റ് ചെയ്ത പോത്തന് ജോസഫിന്റെ ഇതിഹാസ തുല്യമായ ജീവിത കഥ മനോഹരമായി ടി.ജെ.എസ് ആഖ്യാനം ചെയ്തു.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചിത്രം കൂടിയാണ് ആ കൃതി.
നര്‍ഗീസിനെ കുറിച്ചും എം.എസ്. സുബുലക്ഷ്മിയെ കുറിച്ചും മനോഹരമായി ടി ജെ. എസ്. പുസ്തകമെഴുതി.
1999 ല്‍ കുടുംബ സുഹൃത്തായ പി.ടി. നരേന്ദ്രമേനോനെ കാണാന്‍ ഒരിക്കല്‍ ഒറ്റപ്പാലത്ത് വന്നപ്പോള്‍ ടി.ജെ. എസ് അദ്ദേഹത്തിനോട് പറഞ്ഞു. (പ്രശസ്ത സംഗീതജ്ഞയായ സുകുമാരി നരേന്ദ്രമേനോന് ഇദ്ദേഹത്തിന്റെ പത്നിയാണ്) ‘ഞാന്‍ എം.എസ് സുബ്ബുലക്ഷ്മിയെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ ഉദേശിക്കുന്നു. കര്‍ണ്ണാടക സംഗീതത്തെ കുറിച്ചോ 19-20 നൂറ്റാണ്ടിലെ ഭൂമികയെ കുറിച്ചോ എനിക്ക് ഒന്നും അറിയില്ല . എല്ലാം അന്വേഷിച്ചറിഞ്ഞും പഠിച്ചും വേണം എഴുതാന്‍’
പിന്നീട് വിഷയത്തിന്റെ അലഭ്യത മൂലം ടി.ജെ.എസ് പദ്ധതി വേണ്ടന്ന് വെച്ചതാണ്. എന്നാല്‍ ആകസ്മികമായി നടന്ന ഒരു സംഭവം ആ പുസ്തകം എഴുതുന്നതിലേക്ക് ടി. ജെ. എസ്സിനെ പ്രേരിപ്പിച്ചു. 2002 ല്‍ യാദൃച്ഛികമായി ടി. ജെ.എസ് ചെന്നൈയില്‍ സുബ്ബു ലക്ഷ്മിയുടെ വീട്ടില്‍ പോയി. വീട്ടുകാരുമായി സംസാരിച്ചിരിക്കെ 86 വയസുള്ള സുബ്ബു ലക്ഷ്മി കമ്പിളി സോക്സും കുപ്പായവും ധരിച്ച് ഊന്നുവടിയുന്നി മുറിയിലക്ക് കടന്നു വന്ന് ടി.ജെ. എസ്റ്റിനെ നോക്കി പുഞ്ചിരിച്ചു. ‘ ‘എന്തോ ഒരു ശക്തി മുറിയില്‍ പ്രവേശിച്ച പോലെ തോന്നി. ആ ചിരി പരിസരം മുഴുവന്‍ പ്രഭാമയമായി.
ഒരു നിമിഷം അവരില്‍ ഞാന്‍ ആത്മീയത ദര്‍ശിച്ചു. ആ നിമിഷം അവരുടെ ‘: ജീവിത കഥയെഴമെന്ന് ഞാന്‍ ഉറപ്പിച്ചു.’ ടി.ജെ. എസ് പറഞ്ഞു. 2004 ല്‍ ‘ M.S.A Life In Music ‘ പുറത്ത് വന്നു. എം. എസിന്റെ ജീവിതവും സംഗീതവും മാത്രമല്ല ‘ കര്‍ണാടക സംഗീത രംഗം മുഴുവന്‍ ടി.ജെ എസ് അതില്‍ സന്നിവേശിപ്പിച്ചിരുന്നു. എം.എസ് ന് ഒരു വിവാഹ പൂര്‍വ്വ പ്രണയം ഉണ്ടെന്ന് ആദ്യമായി പരാമര്‍ശിക്കപ്പെട്ടത് ഇതിലാണ്. മൈലാപ്പൂരിലെ യാഥാസ്ഥിത ബ്രാഹ്മണര്‍ പുസ്തകത്തെ തള്ളിപ്പറയാന്‍ വിഫല ശ്രമം നടത്തി. – ഗായകന്, പണ്ഡിതന്, കവി , നിരവധി ഭാഷാ നിപുണന് എന്ന ഖ്യാതിയുള്ള ജി. എന്‍. ബാല സുബ്രഹ്മണ്യന് എന്ന ജി. എന്‍. ബിയായിരുന്നു. എം.എസിന്റെ മനം കവര്‍ന്ന കാമുകന്. 1939-40 കാലത്ത് എം.എസ് സുബ്ബലക്ഷ്മി എഴുതിയ കത്തുകള്‍ കണ്ടെത്തിയാണ് ടി. ജെ. എസ് ഇത് എഴുതിയത്.

ഫ്രീ പ്രസ്സില്‍ പത്രപ്രവര്‍ത്തകനായിരുന്ന ടി.ജെ. എസ് ജോര്‍ജ് 1952 ല്‍ ‘കലജന്ന ‘ എന്നൊരു ഇന്ത്യന്‍ ചരക്കു കപ്പലില്‍ മെസ്സിങ്ങ് സൂപ്പര്‍വൈസറായി നാല് മാസം ലോകം ചുറ്റിയ സംഭവം ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ ഞായാറാഴ്ച പതിപ്പായ ‘ ഭരത് ജ്യോതി’ യില്‍ ‘ A Journalist at Sea എന്ന പേരില്‍ യാത്ര വിവരണമായി 1953 ല്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചു. അതിന് മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ചത് ബാല്‍ താക്കറെയായിരുന്നു. പിന്നിട് ശിവസേന തലവനായ താക്കറെ തന്നെ. ടി.ജെ. എസും കാര്‍ട്ടൂണിസ്റ്റായ താക്കറെയും അന്ന് ഫ്രീ പ്രസ് ജേര്‍ണലില്‍ സഹപ്രവര്‍ത്തകരായിരുന്നു.
പിന്നിട് ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ നാടോടിക്കപ്പലില്‍ നാല് മാസം എന്ന പേരില്‍ മലയാറ്റൂര്‍ രാമകൃഷ്ണന് മാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു. 1960 ല്‍ മലയാളത്തില്‍ NBS പുസ്തകമാക്കിയപ്പോള്‍ അതിന്റെ കവര്‍ ചിത്രം വരച്ചത് ബാല്‍ താക്കറെയായിരുന്നു. രാമയ്യന് എന്ന് ടി.ജെ.എസ്. പേരിട്ട് വിളിച്ച മലയാറ്റൂര്‍ രാമകൃഷ്ണന് ടി.ജെ.എസിന്റെ സഹപാഠിയും അല്‍പ്പകാലം ഫ്രീപ്രസ്സില്‍ സഹപ്രവര്‍ത്തകനുമായിരുന്നു.
ഫ്രീ പ്രസ്സ് ജേര്‍ണലില്‍ തന്റെ എഡിറ്റര്‍മാരായിരുന്ന രണ്ട് പ്രശസ്തരായ മലയാളി പത്രപ്രവര്‍ത്തകരെ കുറിച്ച് ടി.ജെ.എസ് വിശദമായി പിന്നീട് തന്റെ സ്മരണകളില്‍ എഴുതി. എടത്തട്ട നാരായണനും എം. ശിവറാമുമായിരുന്നു ആ രണ്ട് എഡിറ്റര്‍മാര്‍. ‘രണ്ട് ധ്രുവങ്ങളില്‍ നിന്നല്ല. രണ്ട് ഗ്രഹങ്ങളില്‍ നിന്ന് വന്നവരായിരുന്നു അവര്‍ .’ടി. ജെ..എസ് എഴുതി. അവരിരുവരും ഫ്രീപ്രസിന്റെ ചരിത്രത്തില്‍ പങ്കാളികളായി എന്നതു മാത്രമായിരുന്നു അവര്‍ തമ്മിലുള്ള സാമ്യം’ .
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജയിലടക്കപ്പെട്ട എഡിറ്ററാണ് ടി.ജെ.എസ് ജോര്‍ജ്. ഭരണകൂടങ്ങളുമായുള്ള ഏറ്റുമുട്ടലുകളില്‍ പത്രയുടമ പത്രാധിപരെ പിന്തുണയ്ക്കുമോ? സാധ്യത വിരളമാണ്. അവരുടെ മറ്റ് വ്യവസായങ്ങളെ അത് ബാധിക്കുമെന്നതിനാല്‍ അതിനവര്‍ തയ്യാറാവില്ല.
അത് നടന്ന അപൂര്‍വ സംഭവമാണ് സെര്‍ച്ച് ലൈറ്റ് കേസ്. അറുപത് കൊല്ലം മുന്‍പ് 1963 ഡിസംബറില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു ദിനപത്രത്തിന്റെ എഡിറ്ററെ പത്ര സ്വാതന്ത്ര്യമൊക്കെ കാറ്റില്‍ പറത്തി രാജ്യരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലടച്ചു.

ബിഹാറിലെ പാറ്റ്നയില്‍ ‘സര്‍ച്ച് ലൈറ്റ് ‘ ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്ററും മലയാളിയുമായ പ്രശസ്ത പത്രപ്രവര്ത്തകന് ടി ജെ എസ് ജോര്‍ജിനെ അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി കെ ബി സഹായ് തുറങ്കിലടച്ചത്. പറ്റ്നയില്‍ അക്കാലത്ത് നടന്നിരുന്ന വിദ്യാര്‍ത്ഥി സമരങ്ങളുടെ നേര് കാഴ്ച വിശദമായി സെര്‍ച്ച് ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകാധിപതിയായ മുഖ്യമന്ത്രി സഹായ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികള്‍ സമരവുമായി അക്രമാസക്തരായി തെരുവിലിറങ്ങി. പോലീസ് ലാത്തിച്ചാര്‍ജും വെടിവെപ്പും നടത്തി. ഇതെല്ലാം സെര്‍ച്ച് ലൈറ്റ് പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലെ പത്രങ്ങളില്‍ അക്കാലത്ത് ഗവണ്മെന്റിന്റെ വിശദീകരണം മാത്രമെ കൊടുത്തിരുന്നുള്ളൂ. ടി ജെ എസ് ഒരു പടി കൂടി കടന്ന് ഗവര്‍ണര്‍ അനന്തശയനം അയ്യങ്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സമരത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ സെര്‍ച്ച് ലൈറ്റില്‍ വിശദമായി പ്രസിദ്ധീകരിച്ചു. അതോടെ പാറ്റ്നയിലെ വിദ്യഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ പുറം ലോകമറിഞ്ഞു. കോടതിയില്‍ ടി ജെഎസിന് വേണ്ടി ഹാജരായത് സാക്ഷാല്‍ വി കെ കൃഷ്ണ മേനോനായിരുന്നു.
ക്രുദ്ധനായ സഹായ് സെര്‍ച്ച് ലൈറ്റിന്റെ ഉടമ കെ.കെ ബിര്‍ളക്ക് എഡിറ്റര്‍ക്കെതിരെ പരാതി നല്കി. ബീഹാറില്‍ ധാരാളം വ്യവസായ താല്‍പ്പര്യങ്ങളുള്ള വ്യവസായിയാണ് ബിര്‍ളയെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രതിപക്ഷ കക്ഷികള്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ബീഹാറില്‍ ഒരു ദിവസം ബന്ദ് പ്രഖ്യാപിച്ചു.
ഡോ രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ നല്‍കിക്കൊണ്ട് ബന്ദ് ദിനത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചപ്പോള്‍ ബന്ദ് അക്രമാസക്തമായി വെടിവെയ്പ്പുണ്ടായി. അന്ന് വൈകുന്നേരം പോലീസ് സെര്‍ച്ച് ലൈറ്റിലെത്തി എഡിറ്ററായ ടി ജെ എസ് ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ബങ്കിപ്പൂര്‍ ജയിലിട്ടു. സെര്‍ച്ച് ലൈറ്റില്‍ ടി ജെ എസ് ‘സൈഡ് ലൈറ്റ്’ എന്നൊരു കോളം എഴുതിയിരുന്നു. പിറ്റേന്ന് അത് ഒരു ഹെഡ് ലൈന്‍ മാത്രം കൊടുത്തു കോളം, ശൂന്യമായി പ്രസിദ്ധീകരിച്ചു: ‘ഈ കോളമെഴുതുന്ന ടി.ജെ.എസ് ജോര്‍ജ് ഡിഐആര്‍ പ്രകാരം അറസ്റ്റിലാണ്. ജയിലില്‍ അദ്ദേഹത്തിന്റെ ആദ്യ ദിവസമാണ് ഇന്ന്’.

ഈ അറസ്റ്റ് ഇന്ത്യയൊട്ടുക്കു പ്രതിഷേധമുയര്‍ത്തി. എഡിറ്റര്‍മാരുടെ, അഖിലേന്ത്യാ സംഘടനയും സിവില്‍ ലിബര്‍ട്ടി യൂണിയനും പ്രതിഷേധവുമായി ഉടനടി രംഗത്തെത്തി. പ്രശ്നം സങ്കീര്‍ണമായതോടെ മുഖ്യമന്ത്രി കെ ബി സഹായ് റേഡിയോയിലൂടെ അറസ്റ്റിനെ ന്യായികരിച്ചു സംസാരിച്ചു.
ടി.ജെ.എസ് ജോര്‍ജിന് വേണ്ടി പറ്റ്നാ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍ ടി.ജെ.എസിന് വേണ്ടി ഹാജരായത് സാക്ഷാല്‍ വി കെ കൃഷ്ണ മേനോനായിരുന്നു. ആളുകള്‍ തിങ്ങി നിറഞ്ഞ കോടതിയില്‍ മേനോന് പത്രപ്രവര്‍ത്തനത്തേയും പത്രപ്രവര്‍ത്തകരേയും കുറിച്ച് ഗംഭീര പ്രസംഗം നടത്തി. ”ഒരു എഡിറ്ററുടെ സ്വഭാവ ഗുണം വിലമതിക്കാനാവാത്ത സ്വത്താണ്. സ്വഭാവഗുണം മാത്രമാണ് അയാള്‍ ലോകത്തിന് നല്‍കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ മൂല്യം ഭയമില്ലായ്മയാണ്,” കൃഷ്ണമേനോന് വാദിച്ചു. കോടതി എഡിറ്റര്‍ക്ക് ജാമ്യം അനുവദിച്ചു. പക്ഷെ, അപ്പോഴേക്കും അദ്ദേഹം മൂന്നാഴ്ച ജയിലില്‍ കിടന്നു കഴിഞ്ഞിരുന്നു.
കേസിന്റെ തുടക്കം മുതല്‍ പത്രമുടമയായ ബിര്‍ള പത്രാധിപരായിരുന്ന
ടി ജെ എസ് ജോര്‍ജിനെ ശക്തമായി പിന്തുണച്ചുവെന്നതാണ് ഈ സംഭവത്തെ ശ്രദ്ധേയവും വ്യത്യസ്തവുമാക്കുന്നത്. ലൈസന്‍സ് രാജിന്റെ കാലമായിരുന്നിട്ടു പോലും ഭരണകൂടത്തിന്റെ അപ്രീതി സമ്പാദിക്കാന്‍ ബിര്ളയെപ്പോലെയൊരു വ്യവസായി തയ്യാറായത് പത്രരംഗത്ത് അപൂര്‍വ സംഭവമായിരുന്നു. 70 കളുടെ മധ്യത്തില്‍ ടി.ജെ.എസ് ഹോംങ്കോങ്ങില്‍ എത്തുന്നു. കുറച്ച് നാള് ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂവില്‍ പ്രവര്‍ത്തിച്ച ശേഷം ന്യൂസിലാന്റുകാരനായ മൈക്കേല്‍ ഒനിലിനോടൊത്ത് പുതിയൊരു മാസിക തുടങ്ങുന്നു. ‘ഏഷ്യാ വീക്ക്’ ഒരു ഫിലിപൈന്‍സ് ബാങ്ക് നല്കിയ ധനസഹായത്തോടെ തുടങ്ങിയ ഏഷ്യക്കാര്‍ക്ക് വേണ്ടി ഏഷ്യന്‍ മാസികയായിരുന്നുന്നത്. വളരെ ശ്രദ്ധ നേടിയെങ്കിലും പിന്നീട് അത് റീഡേഴ്സ് ഡൈജസ്റ്റിന് കൈമാറി. പിന്നീട് അത് പ്രസിദ്ധീകരണം നിലച്ചു.
ഇന്ത്യയില്‍ തിരികെ എത്തിയ ടി. ജെ. എസ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ബാംഗ്ലൂര്‍ എഡിഷന്റെ ചുമതലയേറ്റു. കുറെനാള്‍ കോളം എഴുതി. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ‘ഘോഷയാത്ര’ യെന്ന തന്റെ അനുഭവ കുറിപ്പില്‍ തന്റെ പത്രപ്രവര്‍ത്തന യാത്ര ടി. ജെ. എസ് അവതരിപ്പിച്ചു. 2009 ല്‍ കേരള സാഹിത്യ അക്കാഡമി യുടെ പുരസ്കാരം നേടിയ ഇന്ത്യയിലെ രാഷ്ടീയ, സാമൂഹിക, സാംസ്കാരിക കാലഘട്ടത്തിന്റെ ചരിത്രമാണ്.

മനോഹരമായി മലയാളത്തിലെഴുതുന്ന രണ്ട് ഇംഗ്ലീഷ് പത്രപ്രവര്‍ത്തകരായിരുന്നു. ബി. ആര്. പി. ഭാസ്കറും ടി.ജെ. എസ്. ജോര്‍ജും. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇടപെട്ടവരാണ് ഈ രണ്ട് പത്രപ്രവര്‍ത്തകരും.
രാഷ്ട്രീയ ചായ്വ്കള് ഒരിക്കലും എഴുത്തിനെ ബാധിക്കാത്ത ടി. ജെ. എസ് യാത്ര പറയുമ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ നേരും നെറിയും കാത്ത് സൂക്ഷിച്ച ദേശീയ പത്രപവര്‍ത്തന രംഗത്തെ അവസാന മലയാളികളിലൊരാള്‍ കൂടിയാണ് പത്രലോകത്തിന് നഷ്ടമാവുന്നത്.
ചരിത്രാന്വേഷിയും മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍
എടത്തട്ട നാരായണന് – പത്രപ്രവര്‍ത്തനവും കാലവും – ഇന്ദുലേഖ പ്രസിദ്ധീകരണം (2022)
ന്യൂസ് റൂമിലെ – ഏകാകികള്‍, അഴിമുഖം പ്രസിദ്ധീകരണം (2025)
എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
Content Summary: TJS George, fearless critic of the emergency, passes away