കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. വിദ്യാര്‍ത്ഥികളെല്ലാം ആഘോഷരാവിന്റെ സന്തോഷത്തിലും. സര്‍വകലാശാല സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ ടെക് ഫെസ്റ്റ് ‘ധിഷണ’ യുടെ അവസാന ദിവസം. അപ്രതീക്ഷിതമായാണ് ആ സന്തോഷത്തെയെല്ലാം തകര്‍ത്ത് വലിയൊരു ദുരന്തം വന്നെത്തിയത്. നാല് പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.today marks one year since the cusat tragedy that left four people
ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്കായി കോളേജിലെ വിദ്യാത്ഥികള്‍ക്ക് പുറമെ പുറത്തും നിന്നും നിരവധി പേരാണ് കുസാറ്റിന്റെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികമായിരുന്നു അന്നത്തെ തിരക്ക്. ആയിരം പേരെ മാത്രം ഉള്‍ക്കൊള്ളാവുന്നയിടത്ത് നാലായിരം പേരായിരുന്നു എത്തിയത്. ഗാനമേള തുടങ്ങുന്നതിന് മുമ്പേ ഓഡിറ്റോറിയത്തിന്റെ ഗേറ്റുകള്‍ അടച്ചിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു ദുരന്തത്തിന്റെ കാര്‍മേഘങ്ങളായി മഴ ഇടിച്ചുകുത്തി പെയ്തത്. നനയാതിരിക്കാന്‍ പലരും ഓഡിറ്റോറിയത്തിലേക്ക് ഇരച്ച് കയറി. ഇതോടെ ഗേറ്റ് തകര്‍ന്ന് നിലതെറ്റിയവരില്‍ പലരും പടിക്കെട്ടുകളില്‍ നിന്നും താഴേക്ക് വീണു. പിന്നെ മേല്‍ക്കുമേല്‍ വീഴുകയായിരുന്നു.
റോഡ് നിരപ്പില്‍ നിന്നും താഴേക്കായുള്ള ചെരിവിലായാണ് ഓഡിറ്റോറിയം. അര്‍ദ്ധവൃത്താകൃതിയിലുള്ള ഓഡിറ്റോറിയത്തിന് താഴേക്കിറങ്ങാന്‍ മൂന്ന് കവാടങ്ങള്‍. നടുവിലെ കവാടത്തില്‍ നിന്ന് താഴേക്ക് 11 പടികളും. തള്ളലിനിടെ പലരും പടികെട്ടുകളില്‍ നിന്നും താഴേക്ക് വീണു. പടികളുടെ വീതിക്കുറവും കൈവരികളില്ലാത്തതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ഏറെനാളത്തെ മിനുക്കി പണികള്‍ക്കും ആലോചനകള്‍ക്കും ശേഷം പുതുക്കി പണിത ഓഡിറ്റോറിയമായിരുന്നു ഇത്. നിര്‍മാണത്തിലെ പാകപ്പിഴകളും അശാസ്ത്രീയതയും ദുരന്തത്തിന് മുന്നേ തന്നെ പലരും പല തവണയും ചൂണ്ടിക്കാണിച്ചെങ്കിലും അന്നൊന്നും ആരും അത് മുഖവിലയ്‌ക്കെടുത്തില്ല. ഒടുവില്‍ നഷ്ടപ്പെട്ടതോ, ദുരന്തത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമായി.
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ ബി.ടെക് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ അതുല്‍ തമ്പി (22), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ ആന്‍ റിഫ്താ റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് സാറ തോമസ് (22) എന്നിവരും ഫെസ്റ്റ് കാണാനെത്തിയ പാലക്കാട് എഴക്കാട് തൈപ്പറമ്പില്‍ ആല്‍ബിന്‍ ജോസഫുമാണ് (22) മരിച്ചത്. അപകടത്തില്‍ 64 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
എല്ലാ അപകടങ്ങള്‍ പോലെ ഇവിടെയും പരസ്പരമുള്ള പഴിചാരലുകളും കൈയ്യൊഴിയലുകളുമാണ് ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങളില്‍ നാം കണ്ടത്. ദുരന്തത്തിന് പിന്നാലെ തന്നെ ടെക് ഫെസ്റ്റ് സംഘാടകരെയും പ്രിന്‍സിപ്പലിനെയും മാത്രം കുറ്റക്കാരായി മുദ്രകുത്താനായിരുന്നു സര്‍വകലാശാല അധികൃതര്‍ വെമ്പല്‍ കാണിച്ചത്. ഇതിനായി ആദ്യമേ തന്നെ പത്രക്കുറിപ്പും ഇറക്കി. സംഘാടക സമിതിയുടെ നോട്ടീസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സംഗീത പരിപാടി എന്നായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഇത് സംബന്ധിച്ച് യാതൊന്നും അറിയിച്ചില്ലെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളുന്ന തരത്തില്‍, സുരക്ഷ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ രജിസ്ട്രാറുടെ ഓഫീസ് തയ്യാറായിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സപ്പല്‍ സെക്രട്ടറി, സര്‍വകലാശാല സിന്‍ഡിക്കേറ്റ്, പോലീസ് ഇങ്ങനെ പല തലങ്ങളിലുള്ള അന്വേഷണങ്ങള്‍ നടന്നു. എന്നാല്‍ അതെല്ലാം ഇന്നും വെറും പ്രഹസനങ്ങളായി മാത്രം അവശേഷിക്കുന്നു. ഒന്നില്‍പോലും കൃത്യമായ അന്വേഷണം നടന്നില്ലെന്ന ആരോപണങ്ങള്‍ മാത്രം ബാക്കിയാവുന്നു. സിന്‍ഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതി നടത്തിയ അന്വേഷണത്തില്‍ രജിസ്ട്രാര്‍ ഓഫീസിന് നേരെയായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയുടെ വീഴ്ചയാണ് വ്യക്തമാക്കുന്നത്.
cusat
മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കിയതോടെ സര്‍ക്കാര്‍ തലത്തില്‍ നിന്നുമുള്ള എല്ലാ ബാധ്യതയും കഴിഞ്ഞു എന്ന മട്ടിലാണ് ആ ഫയലിനും ചുവപ്പുനാട വീണത്. സര്‍വകലാശാല ആകട്ടെ സങ്കടവാക്കുകളില്‍ എല്ലാം അവസാനിപ്പിച്ചു. ദുരന്തത്തോടനുബന്ധിച്ച് പല പ്രഖ്യാപനങ്ങളും നടന്നതല്ലാതെ ഒരുവര്‍ഷമായിട്ടും ഒന്നും തന്നെ നടപ്പാക്കാനോ ആരംഭിക്കാനോ പോലും കോളേജ് അധികൃതര്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.
ആള്‍ക്കൂട്ട നിയന്ത്രണത്തിന് എന്തെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നത് ഇന്നും നമുക്ക് അവ്യക്തമായ കാര്യങ്ങളാണ്. എന്നാല്‍ കോളേജുകളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അതും പാതിവഴിയില്‍ നിന്നുപോയി. ദുരന്തത്തെ തുടര്‍ന്ന് കുസാറ്റില്‍ നടത്തുന്ന പരിപാടികള്‍ക്കും മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഒരു പരിപാടിയില്‍ പോലും ഈ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ മറിച്ച് നോക്കുകപോലും അധികൃതര്‍ ചെയ്തിട്ടില്ലെന്ന് കുസാറ്റിലെ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.
നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഇന്നും അടഞ്ഞുതന്നെ കിടക്കുകയാണ്. റോഡിനോട് ചേര്‍ന്നുള്ള ഈ ഓഡിറ്റോറിയം കയര്‍ കെട്ടി പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന ഇവിടം ഒരു വര്‍ഷമായി കയറിട്ട് ബന്ധിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ഇതുവഴിയുള്ള യാത്ര പ്രയാസകരമാണ്. റോഡ് എങ്കിലും സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇനിയും എത്രനാള്‍ ഈ ഓഡിറ്റോറിയവും റോഡും ദുരന്തത്തിന്റെ ഓര്‍മകളായി സര്‍വകലാശാല അധികൃതര്‍ അടച്ചിടും.today marks one year since the cusat tragedy that left four people
Content summary: today marks one year since the cusat tragedy that left four people