March 27, 2025 |
Share on

ട്രാൻസ് സമൂഹത്തിലെ മരണങ്ങളും കണ്ണടയ്ക്കുന്ന പൊതു സമൂഹവും

ട്രാൻസ്‌ഫോബിയയുടെ ഭാഗമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന ആളുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്.

Azhimukham
Azhimukham
ട്രാൻസ് സമൂഹത്തിലെ മരണങ്ങളും കണ്ണടയ്ക്കുന്ന പൊതു സമൂഹവും
Loading
/

പരമ്പരാഗതമായ സ്ത്രീ -പുരുഷ ലിംഗ പദവികൾക്കപ്പുറത്തുള്ള ജെൻഡർ വിഭാഗത്തെ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടും ആശയപരമായി ഉൾക്കൊള്ളാൻ കേരളമടക്കമുള്ള പ്രദേശങ്ങൾക്ക് ആയിട്ടില്ല എന്നതിൻ്റെ തെളിവാണ് ട്രാൻസ് വ്യക്തികളുടെ മരണങ്ങൾ. ഇപ്പോഴും തങ്ങൾ അവഗണിക്കപ്പെടുകയാണ് എന്ന് ട്രാൻസ് ആക്ടിവിസ്റ്റുകൾ പറയുന്നു.എല്ലാ മരണങ്ങൾക്കും വിലപിക്കുന്ന നമ്മുടെ സമൂഹം എന്തുകൊണ്ട് ട്രാൻസ് വിഭാഗത്തെ മാത്രം അവഗണിക്കുന്നു? അവരുടെ മരണങ്ങൾക്ക് കണ്ണീരില്ലാതെ പോകുന്നുവെന്നും ആക്ടീവിസ്റ്റുകൾ ചോദിക്കുകയാണ്. ട്രാൻസ്‌ഫോബിയയുടെ ഭാഗമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന ആളുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. സമൂഹത്തിന്റെ മോശമായ ഇടപെടലും സമീപനവും ചികിത്സയിൽ പോലും വരുത്തുന്ന പിഴവുകളും പലപ്പോഴും അവരുടെ ജീവനെടുക്കാൻ പോലും കാരണമായിട്ടുണ്ട്. ഒരു വ്യക്തിയുടെ ജെൻഡർ, സെക്‌സ് എന്നിവയെല്ലാം തീർത്തും അയാളുടെ സ്വകാര്യതയാണെന്ന് ഇന്നും മനസിലാക്കാത്ത സമൂഹവും മനുഷ്യരുമാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തിൽ ട്രാൻസ് വ്യക്തികൾ എന്നത് അവഗണിക്കപ്പെടേണ്ടവരാണ് എന്ന് കരുതുന്ന സമൂഹത്തിൽ പൊരുതി ജീവിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഒരു വ്യക്തി ജനിക്കുമ്പോൾ നിർണ്ണയിക്കപ്പെട്ട ലിംഗമല്ല തങ്ങളുടെ ജെന്റർ എന്ന് മനസിലാക്കുന്ന വ്യക്തികളെ കുറ്റവാളികളായി കാണുന്ന പ്രവണതയാണ് നമ്മുടെ സമൂഹത്തിനുള്ളത്. Transgender deaths

‘ഇന്ത്യയിലെ കാര്യമെടുത്താൽ വളരെ ദയനീയമായ അവസ്ഥയിലാണ് ട്രാൻസ്‌ജെന്റർ വ്യക്തികളുടെ ജീവിതം മുന്നോട്ട് പോകുന്നത്’. സഹയാത്രിക കമ്മ്യൂണിറ്റി അംഗവും ആക്ടീവിസ്റ്റുമായ യാദവ് എസ് പ്രതികരിക്കുന്നു

‘ലൈംഗികത്തൊഴിലാളികളായും ഭിക്ഷക്കാരായും മാത്രമാണ് അവരെ സമൂഹം അംഗീകരിക്കുന്നത്. മറ്റൊരു തൊഴിലിടത്തിൽ അവരെ നിയമിക്കാനോ എന്റെ തൊഴിലിടത്തിൽ ജോലി ചെയ്യുന്ന വ്യക്തി എന്ന് പരിചയപ്പെടുത്താനോ സമൂഹം താൽപര്യപ്പെടുന്നില്ല. ട്രാൻസ് വിഭാഗത്തിൽപ്പെടുന്ന ആളുകൾ നല്ല തൊഴിലിടങ്ങൾ കണ്ടെത്തുകയും സ്വന്തം പ്രയത്‌നം കൊണ്ട് ഏതെങ്കിലും നിലയിൽ എത്തുകയും ചെയ്താലും അവരെ അവഗണിക്കുന്ന രീതി പുതുമയല്ല.
മനുഷ്യന്റെ ചിന്തഗതി ഇനിയും ഉയർന്നിട്ടില്ല എന്നാണ് മനുഷ്യന്റെ ട്രാൻസ് ജെന്റർ വ്യക്തികളോടുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കി തരുന്നത്. വാക്കുകളിൽ ഒതുങ്ങി നിൽക്കുന്നത് മാത്രമാണ് പലരുടെയും ട്രാൻസ് വ്യക്തികൾക്കുള്ള പിന്തുണ, സ്വന്തം കുടുംബത്തിലോ മറ്റോ ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോഴാണ് അവരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ സാധിക്കുക. ലിംഗമാറ്റം നടത്താൻ താൽപര്യപ്പെടുന്നത് എന്തോ മാനസികരോഗമാണെന്ന് കരുതുന്ന ആളുകൾ പോലും നമ്മുടെ സമൂഹത്തിലുണ്ട്. പണ്ടത്തെ അപേക്ഷിച്ച് ട്രാൻസ് വ്യക്തികൾക്ക് ഇപ്പോൾ കൂടുതൽ അവസരങ്ങളും മറ്റുമൊക്കെ ലഭിക്കുന്നുണ്ടല്ലോ, എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് അതിൽ തൃപ്തരാകുന്നില്ല എന്ന് ചോദിക്കുന്ന ആളുകളുണ്ട്. പക്ഷെ സമൂഹത്തിൽ ഒരു ട്രാൻസ് വ്യക്തിക്ക് ജോലി കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യം തന്നെയാണ്, പല മനുഷ്യരുടെയും കാഴ്ച്ചപ്പാടിന് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോൾ പണ്ടത്തെ അപേക്ഷിച്ച് കുറച്ചാളുകൾ കൂടി തങ്ങളുടെ ഐഡന്റിറ്റി മനസിലാക്കി മുന്നോട്ട് വരുന്നുണ്ട് എങ്കിലും അവസരങ്ങളില്ലായ്മ അവർക്കും ഒരു ബുദ്ധിമുട്ട് തന്നെയാണ്. ഇതൊക്കെ മാനസികമായി കൂടി ബുദ്ധിമുട്ടുകളുണ്ടാക്കുന്ന കാര്യങ്ങളാണ്’. യാദവ് കൂട്ടിച്ചേർത്തു.

ട്രാൻസ്‌ജെന്റർ വ്യക്തികളുടെ മരണം പലപ്പോഴും ഒരു വാർത്തയായും ചെറിയ ചർച്ചയായും മാത്രം ഒതുങ്ങി നിൽക്കുന്ന രീതി നിലവിലുണ്ട്. അതിനുമപ്പുറം മനുഷ്യന്മാരുടെ ജീവന് ഇത്രത്തോളം വില നൽകുന്ന കാലഘട്ടത്തിലും സമൂഹത്തിന്റെ അനാസ്ഥ കൊണ്ട് മനുഷ്യർ മരിക്കുന്നു എന്നത് എത്ര ക്രൂരമായ വസ്തുതയാണ്.

കഴിഞ്ഞ ആറു വർഷത്തിനിടെ രാജ്യത്ത് 110 ട്രാൻസ്ജന്റർ വ്യക്തികളുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണങ്ങൾ ഒരുപക്ഷെ ഇതിലുമധികമായിരിക്കാം. 2002 മുതൽ ഇന്ത്യ അവഗണിച്ച ട്രാൻസ്‌ജെന്റർ വ്യക്തികളുടെ മരണളിൽ ഏതാനും ചിലത് ചുവടെ ചേർക്കുന്നു,

2002 ഡിസംബർ ഒന്നിനാണ് ചാന്ദിനി ഏലിയാസ് നാസിർ എന്ന 22കാരി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയത്. ബാംഗളൂരിൽ നടന്ന ഈ സംഭവം ഡിസംബർ നാലിനാണ് ഇംഗ്ലീഷ് പത്രങ്ങളും കന്നട മാധ്യമങ്ങളുമുൾപ്പെടെ റിപ്പോർട്ട് ചെയ്തത് പോലും. ഇതൊരു ആത്മഹത്യയാണെന്ന് പോലീസ് വിധിയെഴുതുമ്പോഴും മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാണിച്ച് ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

2006 ജൂൺ മാസത്തിലാണ് പാണ്ടിയമ്മ ആത്മഹത്യ ചെയ്യുന്നത്. ഈ ഒരു ആത്മഹത്യ നടന്നത് പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ ലൈംഗിക ചൂഷണവും, ശാരീരിക ഉപദ്രവങ്ങളും കാരണമാണ് എന്ന് കാണിച്ച് അവരുടെ സഹോദരി കോടതിയെ സമീപിച്ചിരുന്നു.

2012 ലാണ് 35 വയസുകാരി സുമിത്ര ആത്മഹത്യ ചെയ്യുന്നത്. മൈസൂർ സ്വദേശിയായ സുമിത്ര സുഹൃത്തിനൊപ്പം ബനശങ്കരി എന്ന നഗരത്തിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം ട്രാഫിക് സിഗ്‌നലിൽ പണം പിരിച്ചുകൊണ്ടിരിക്കെ താൻ വിഷം കഴിച്ചിട്ടുള്ളതായി അവർ സുഹൃത്തിനോട് പറഞ്ഞു, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുമിത്ര മുൻപേ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ളതായി സുഹൃത്ത് പോലീസിന് മൊഴി നൽകിയിരുന്നു.

2012 ജൂലൈ 26നാണ് ദീപു ആത്മഹത്യ ചെയ്യുന്നത്. 2010ൽ ചെന്നൈ െ്രെപഡിന്റെ സാംസ്‌കാരികോത്സവമായ നിറങ്ങളിൽ അവതരിപ്പിച്ച ലെസ്ബിഐടി തിയറ്റർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ദീപു. ദക്ഷിണേന്ത്യയിലെ ട്രാൻസ്‌മെൻസിനെക്കുറിച്ചുള്ള ഡോക്യുഫിക്ഷനായ ഗീ അമീന സുലൈമാന്റെ കൽവെട്ടുകൾ (2012) എന്ന സിനിമയിലൂടെയാണ് ദീപുവിനെ ആളുകൾ കണ്ടത്.

deepu

ദീപു

2012 മെയ് 10നാണ് മരിയ ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. മാധ്യമങ്ങളിലും കേരള ക്വീർെ്രെപഡ് പോലുള്ള പരിപാടികളിലും തന്റെ ഐഡന്റിറ്റിയെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ഒരു ക്വീർ ആക്ടിവിസ്റ്റായിരുന്നു മരിയ. തൊണ്ടയിലും വയറ്റിലും കീറലുകളുണ്ടായിരുന്നു. വയറ്റിൽ യു ആകൃതിയിലുള്ള മുറിവും കണ്ടെത്തി. ദുർഗന്ധം പുറത്തുവരാതിരിക്കാനായി മൃതദേഹത്തിലും പരിസരങ്ങളിലും മുളക് പൊടി വിതറുകയും ചെയ്തിരുന്നു. അവരുടെ ലാപ്‌ടോപും ഫോണും കൊലപാതകികൾ അപഹരിക്കുകയും ചെയ്തു. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും വളരെ തണുത്ത സമീപനമായിരുന്നു ഉണ്ടായിരുന്നത്.

maria

മരിയ

മാനസിക സമ്മർദം മൂലമാണ് 2015 ൽ ദിവ്യ ആത്മഹത്യ ചെയ്തത്.

2016ലാണ് താര എന്ന ട്രാൻസ്‌വുമൺ ആത്മഹത്യ ചെയ്യുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മരണത്തിൽ അന്വേഷണം ആവിശ്യപ്പെട്ടുകൊണ്ട് കമ്മ്യൂണിറ്റിയിലെ ആളുകൾ രംഗത്ത് വന്നിരുന്നു.

2017ൽ ഒക്ടോബർ 24ന് മുംബൈയിലെ വീട്ടിൽ വച്ചാണ് അനീറ്റ വാഡേക്കർ ആത്മഹത്യ ചെയ്യുന്നത്. കസേര നീക്കുന്ന ശബ്ദം കേട്ട് അവരുടെ റൂംമേറ്റ് എഴുന്നേൽക്കുമ്പോഴേക്കും അനീറ്റ തന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു.

2021 ജൂണിലാണ് ട്രാൻസ് വ്യക്തി ശ്രീധന്യയെ എറണാകുളം വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മരണത്തിനും ഏതാനും ദിവസങ്ങൾ മുമ്പ് തന്നെ അവരുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

2022ലാണ് കേരളത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് അനന്യ മരണം റിപ്പോർട്ട് ചെയ്തത്. അനന്യയുടെ മരണം ആത്മഹത്യയെന്ന് പോലീസ് പറഞ്ഞെങ്കിലും അതൊരു കൊലപാതകമാകാനുള്ള സാധ്യതകൾ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ചൂണ്ടിക്കാണിച്ചിരുന്നു.

ananya

അനന്യ

‘എന്റെ പ്രൈവറ്റ്‌ പാർട്ട് വെട്ടുകത്തി വെച്ച് വെട്ടിക്കീറി ഛിന്നമാക്കിയ അവസ്ഥയിലാണ്. അതിനെ ഒരിക്കലും വജൈന എന്ന് വിളിക്കാൻ സാധിക്കില്ല… എനിക്ക് ഒരു ദിവസം 8 മുതൽ 12 വരെ സാനിറ്ററി പാഡ് മാറ്റണം, ചില സമയത്ത് പാഡ് മേടിക്കാൻ പോലും പൈസയുണ്ടാകില്ല… ചില സമയത്ത് ബ്ലീഡിങ് ഉണ്ടാകുന്നു… മൂത്രം ഒഴിക്കുന്ന സമയത്ത് കൃത്യം പൊസിഷനിലല്ല യൂറിൻ പോകുന്നത്. എന്റെ വജൈനൽ പാർട്ടിൽ സഹിക്കാൻ വയ്യാത്ത വേദനയാണ്, ആ വേദന എന്തെന്ന് മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ പോലും പറ്റില്ല. ചില സമയത്ത് ഞാൻ മാനസിക വിഭ്രാന്തിയിലെത്തും, മരിച്ചാൽ മതി എന്ന് തോന്നിപ്പോകും’ 2021 ജൂലൈ 21ന്, ആത്മഹത്യ ചെയ്യുന്നതിനും കൃത്യം അഞ്ച് ദിവസം മുമ്പ് ദ ക്യു എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം സ്വദേശിനിയായ അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ് വുമൺ പറഞ്ഞ വാക്കുകളാണിത്.

ഒരിണം കമ്മ്യൂണിറ്റിയുടെ പേജിൽ രേഖപ്പെടുത്തിയ വിവരങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം കേരളത്തിൽ മരണപ്പെട്ട ട്രാൻസ് വ്യക്തികളുടെ കണക്കുകളും വേദനിപ്പിക്കുന്നതാണ്. പുരോഗമന സമൂഹമെന്ന് വിളിച്ച് പറയുമ്പോഴും, എവിടെയാണ് പുരോഗമനം എന്ന് ചോദിപ്പിക്കുകയാണ് ഈ ആത്മഹത്യ കണക്കുകൾ.

‘എന്റെ ബൈസെക്ഷ്വാലിറ്റിക്ക് കിട്ടുന്ന അംഗീകാരം പലപ്പോഴും എന്റെ ട്രാൻസ് നോൺ ബൈനറി ഐഡന്റിറ്റിക്ക് ലഭിക്കാറില്ല’. സഹയാത്രിക കോഡിനേറ്ററായ പെന്നു ഇമ പറയുന്നു.

‘നമ്മുടെ സമൂഹം ഇപ്പോഴും ട്രാൻസ്‌ജെൻഡറെന്നാൽ ട്രാൻസ് വുമൺ എന്നുമാത്രമാണ് കരുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും എന്നെപോലെയുള്ള ട്രാൻസ് മനുഷ്യരെ സമൂഹം കണക്കിലെടുക്കുന്നേയില്ല. അസൈൻഡ് ഫീമെയിലായ ഒരു വ്യക്തിയെ ട്രാൻസായി നമ്മുടെ സമൂഹം പലപ്പോഴും അംഗീകരിക്കാൻ തയാറല്ല. ട്രാൻസ് മനുഷ്യർ കാലങ്ങളായി ആക്രമണങ്ങൾക്ക് ഇരയായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ സ്വത്വം വെളിപ്പെടുത്തിയതുകൊണ്ട് മാത്രം തൊഴിൽ നഷ്ടപ്പെട്ട ഒരുപാട് ട്രാൻസ് സുഹൃത്തുക്കൾ എനിക്കുണ്ട്. ട്രാൻസ്‌ജെൻഡറാണെന്ന് അറിയുമ്പോൾ എവിടെയും ജോലികൊടുക്കാത്ത ഒരു സാഹചര്യം നിലവിലുണ്ട്. ട്രാൻസ് ഐഡി കാർഡ് ഉണ്ടെങ്കിലും ജോലികൊടുക്കാത്ത സ്ഥലങ്ങളുണ്ട്’. പൊന്നു ചൂണ്ടിക്കാണിച്ചു.

സമൂഹത്തിന്റെ മോശമായ ഇടപെടൽ മൂലം ഇന്ത്യയിൽ മരണപ്പെട്ട ഏതാനും ചില വ്യക്തികളുടെ വിവരങ്ങൾ മാത്രമാണിത്. അറിയപ്പെട്ടവരുടെ കണക്കുകൾ മാത്രമാണ് പുറത്ത് വന്നത് ഇനിയും നാം അറിയാത്ത മരണങ്ങളും ഉണ്ടായിരിക്കാം. വിദ്യാഭ്യാസത്തിലും സാമൂഹിക സ്ഥിതിയിലും ഏറെ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ പോലും ട്രാൻസ് വ്യക്തികളുടെ അവസ്ഥ മോശമാണ്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെടുന്ന ആളുകളെ മാറ്റി നിർത്തുന്ന രീതി ഇന്നുമുണ്ട്. മനുഷ്യൻ എത്രത്തോളം പുരോഗമിച്ചാലും മാറാൻ തയ്യാറാകാത്ത ചില മനുഷ്യരുണ്ട് അവർ സമൂഹത്തെ ഇത്തരത്തിൽ വീണ്ടും വീണ്ടും കുഴിയിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കും.Transgender deaths

content summary; Transgender deaths are often taken lightly and not treated with the seriousness they deserve by society.

Transgender mortality in India Transgender deaths India 2024 Transgender community violence India LGBTQ+ mortality India Transgender suicide rate India

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

×