ട്രക്ക് ഡ്രൈവർമാർക്കിടയിൽ എയ്ഡ്സ് ബോധവൽക്കരണവുമായി ട്രാൻസ് ലൈംഗികത്തൊഴിലാളികൾ. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി പോലുള്ള രോഗങ്ങളെക്കുറിച്ച് ലോറി ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം നടത്താനുള്ള ശ്രമങ്ങൾ 2022ലാണ് ആരംഭിക്കുന്നത്. ഡ്രൈവർമാർക്കിടയിൽ ഇത്തരത്തിലുള്ള രോഗങ്ങളുടെ വ്യാപനം വർദ്ധിച്ചതോടെ കൂടുതൽ ഗ്രൂപ്പുകൾ ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷം സംഭവിച്ചേക്കാവുന്ന എയ്ഡ്സ് പോലുള്ള രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇവ ശീലിച്ചാൽ മതിയെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റായ രീതികളെക്കുറിച്ചും തിരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകർ വിശദീകരിക്കുന്നുണ്ട്.
വഴിയരികിൽ പ്രത്യേകമായി തയ്യാറാക്കിയ ബൂത്തിൽ കോണ്ടത്തെക്കുറിച്ചും അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും വിവരിക്കുന്ന രണ്ട് സ്ത്രീകൾ ഇന്ത്യയിൽ അപൂർവ്വമായി കാണുന്ന ഒരു ചിത്രമാണിത്. ലോറി ഡ്രൈവർമാർക്കിടയിൽ എയ്ഡ്സ് ബോധവൽക്കരണം ഏകോപിപ്പിക്കുന്ന പ്രവർത്തന സംഘത്തിലെ അംഗങ്ങളാണ് ട്രാൻസ്ജൻഡർ ലൈംഗികത്തൊഴിലാളികളായ റൂബിയും ഭവ്നയും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം ലൈംഗികാവയവത്തിൽ നാരങ്ങാനീര് തളിക്കുന്നതോ കന്യകമാരുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ നിങ്ങളെ ഏയ്ഡ്സിൽ നിന്ന് അകറ്റില്ലെന്നാണ് ഇരുവരും ചുറ്റും കൂടിയിരിക്കുന്ന പുരുഷൻമാരോട് പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‌സ് ഫൗണ്ടേഷനാണ് ഇന്ത്യയിലുടനീളം ഈ ബോധവൽക്കരണ പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ട്രാൻസ്‌ജെൻഡർ ലൈംഗികത്തൊഴിലാളികളെ ഡ്രൈവർമാർ സമീപിക്കുന്നത് ദിനംപ്രതി വർദ്ധിച്ച് വരുന്നുവെന്ന് പഠന റിപ്പോർട്ടിന്റെ ഫലമായാണ് അപ്പോളോ ടയേഴ്സ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിക്കുന്നത്. അപ്പോളോ ടയേഴ്സിന്റെ 60 ശതമാനത്തോളം ലാഭവും ട്രക്കുകളുടെയും ബസുകളുടെയും ടയർവില്പനയിൽ നിന്നാണ്. ഈ ലാഭത്തെ മുൻനിർത്തിയാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സ്ഥാപനം മുൻകൈയെടുത്തത്. ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരിൽ അധികവും എച്ച്ഐവി ബാധിതരോ വ്യാപന സാധ്യതയുള്ളവരോ ആണ്. മുതിർന്നവരിലെ എച്ച്ഐവി വ്യാപന നിരക്കിനേക്കാൾ കൂടുതലാണ് ഇവരിലേത്. എച്ച്ഐവി എയ്ഡ്സ് ഔട്ട്റീച്ച് പദ്ധതിയുടെ ഭാഗമായി ഫൗണ്ടേഷൻ നൂറിലധികം ട്രാൻസ്‌ജെൻഡർ ലൈംഗികത്തൊഴിലാളികളെ സന്നദ്ധപ്രവർത്തകരായി ഏറ്റെടുത്തിട്ടുണ്ട്. എച്ച്ഐവി അപകടസാധ്യതകൾ, ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് ഡ്രൈവർമാരെ ബോധവാന്മാരാക്കുകയാണ് സന്നദ്ധ പ്രവർത്തകരുടെ ചുമതല. വരുമാന അടിസ്ഥാനത്തിൽ സ്റ്റാഫുകളെയും നിയമിച്ചിട്ടുണ്ട്.
എച്ച്ഐവി നിർണ്ണയത്തിന് ശേഷം സമീപിക്കുന്ന ഡോക്ടർമാരുടെ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് സന്നദ്ധപ്രവർത്തകർ വിശദമാക്കുന്നു. എയ്ഡ്സ് രോഗികളുടെ എണ്ണം 0.32 എന്ന അനുതാപത്തിൽ നിന്ന് 0.2 ശതമാനമായി കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും തുടർപരിചരണങ്ങളോടൊപ്പം കൃത്യമായ ബോധവൽക്കരണ ക്യാമ്പയിനുകളും ആവശ്യമാണെന്ന് അപ്പോളോ ടയേഴ്സിന്റെ ഡയറക്ടർ പറയുന്നു. 2022 ആരംഭിച്ച പ്രോജക്ടിന്റെ ഭാഗമായി 1,00,000-ലധികം ട്രക്ക് ഡ്രൈവർമാരിൽ ബോധവൽക്കരണം നടത്താൻ സാധിച്ചിട്ടുണ്ട്.
content summary; Transgender Sex Workers Educate India’s Truckers About AIDS
Leave a Comment