February 19, 2025 |

കേരളം ഇനി പൊള്ളും

ഏറ്റവും ചൂട് കൂടിയ വർഷമായിരുന്ന 2024ൻ്റെ തുടർച്ചയാണ് 2025ലും അനുഭവപ്പെടുന്നത്

കേരളം കുറച്ച് ദിവസങ്ങളായി ചുട്ട് പൊള്ളുകയാണ്. വേനലെത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം അനുഭവപ്പെട്ട് തുടങ്ങി. സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ​ഗുരുതര ആ​രോ​ഗ്യപ്രശ്നങ്ങൾ കൊണ്ട് ജനങ്ങൾ വിയർക്കുകയാണ്.

വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡി​ഗ്രി മുതൽ മൂന്ന് ഡി​ഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഭൂമിയുടെ ആകെ താപനില പരിശോധിച്ചാൽ ഏറ്റവും ചൂട് കൂടിയ പത്ത് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഏറ്റവും ചൂട് കൂടിയ വർഷമായ 2024 ൻ്റെ തുടർച്ച 2025ലും ഉണ്ടാകുമെന്ന് കേരള കാലാവസ്ഥാ കേന്ദ്രത്തിൻ്റെ ഡയറക്ടർ നീത. കെ. ഗോപാൽ അഴിമുഖത്തോട് പറഞ്ഞു.

‘ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു 2024. അതിന്റെ ഒരു തുടർച്ചയെന്നോണം 2025 നെ കാണണമെന്നാണ് ലോക കാലാവസ്ഥാ സംഘടന പറയുന്നത്. വലിയ രീതിയിൽ ചൂട് അനുഭവപ്പെടുന്ന ഒരു സമയത്ത് കൂടിയാണ് നമ്മൾ കടന്ന് പോകുന്നത്.’

‘ഒരു സ്ഥലത്തെ രേഖപ്പെടുത്തിയ പരമാവധി താപനിലയും ആ സ്ഥലത്ത് സാധാരണയായി പ്രതീക്ഷിക്കുന്ന ഒരു താപനിലയുമുണ്ട്. കഴിഞ്ഞ 30 വർഷത്തെ ഒരു ശരാശരി വാല്യു എടുത്തിട്ടാണ് ഇത് കാണക്കാക്കുന്നത്. മാക്സിമം ടെംപറേച്ചറുകളുടെ ആവറേ‍‍‍ജ് വാല്യുവിനെയാണ് സാധാരണയായി പ്രതീക്ഷിക്കുന്ന താപനില എന്ന് പറയുന്നത്. ഈ രണ്ട് താപനിലയും കൂടി താരതമ്യം ചെയ്യുമ്പോൾ സാധാരണ പ്രതീക്ഷിക്കുന്നതിലും ഇപ്പോൾ ചൂട് കൂടുതലാണ്.’

‘കേരളത്തിൽ ചൂട് കൂടുന്ന ഒരു പ്രവണതയണ്ടെന്നാണ് കഴിഞ്ഞ കുറച്ച് വർഷത്തെ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നും മനസിലായത്. അതിന്റെ കൂട്ടത്തിൽ തന്നെ എൽനിനോ(ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്ര താപനില സാധാരണയേക്കാൾ ഉയരുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് എൽ നിനോ. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികളെ ബാധിക്കുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങൾക്ക് കാരണമാകുന്നു) വന്നതിന്റെ ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു. എൽനിനോ ഇയേഴ്സ് എന്നാൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം ചൂട് കൂടിയ സമയമായിരിക്കും. അതിന്റെ ഇംപാക്ട് പൂർണമായി പോയിട്ടില്ല. ഭൂമിയുടെ ആകെ താപനില എടുത്ത് നോക്കിയാൽ ഏറ്റവും ചൂട് കൂടിയ പത്ത് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ​അതിൽ തന്നെ ഏറ്റവും ചൂട് കൂടിയ വർഷം 2024 ഉം രണ്ടാമത്തെ ചൂട് കൂടിയ വർഷം 2023 ആണ്.’

‘ഗ്ലോബൽവാമിങ്ങിന്റെ ഭാ​ഗമായി ലോകത്താകമാനം സംഭവിക്കുന്ന മാറ്റങ്ങളുടെ ഭാ​ഗമാണ് ഇതും. കാരണം, ​ഗ്ലോബൽ ഫീച്ചേഴ്സും റീജിയണൽ ഫീച്ചേഴ്സും ലോക്കൽ ഫീച്ചേഴ്സും, കൂടിയ ചൂടിനെ അനുകൂലിക്കുന്ന തരത്തിലാണ് ഇപ്പോൾ സംഭവിക്കുന്നത്. അതുകൊണ്ടാണ് 2025ലും ചൂട് കൂടുതലായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്’, നീത. കെ. ഗോപാൽ പറയുന്നു.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഫൂഡ് ഡെലിവറി ജീവനക്കാർ, ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടേയും മുന്നറിയിപ്പുകൾ അവഗണിക്കാതെ ശ്രദ്ധിക്കുകയും വേണം.

Content Summary: Hot temperature in kerala; 2025 will also experience the continuation of 2024, which was the hottest year

kerala hot temperature 

×