July 15, 2025 |
Avatar
അമർനാഥ്‌
Share on

പനമ്പിള്ളി എന്ന ബുദ്ധിരാക്ഷസന്‍ ഹൈക്കോടതി കൊച്ചിയിലെത്തിച്ച കഥ

തിരു-കൊച്ചി സംയോജനത്തിന് 75 വയസ്

ഐക്യ കേരളത്തിനു മുന്‍പ് നടന്ന കഥയാണ്. ഇന്ത്യ സ്വതന്ത്രമായ കാലം. പല നാട്ടുരാജ്യങ്ങള്‍ ഒന്നിപ്പിച്ച് വേണം ഇന്ത്യന്‍ റിപ്പബ്ലിക്ക് നടപ്പില്‍ വരാന്‍. അതിന് തൊട്ട് മുന്‍പ് ഈ ചരിത്രം ആരംഭിക്കുന്നു.

കേരള നാട്ടുരാജ്യ സംയോജന ചരിത്രം എല്ലാവരും വായിക്കുന്നത് ഇങ്ങനെയാണ്; നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച ഒറ്റപ്പാലത്തുകാരന്‍ വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി. മേനോന്‍, ഉരുക്കു മനുഷ്യന്‍ സദര്‍ദാര്‍ പട്ടേലിന്റെ വലം കൈ, കൊച്ചിയില്‍ എത്തുന്നു. കൊച്ചി രാജാവിനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. നാട്ടുരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് കേരള സംസ്ഥാനം വരാന്‍ പോകുന്നു. കൊച്ചി രാജ്യം ലയിക്കണം. കേരള സംസ്ഥാനമാണ് ഇനി. കൊച്ചി രാജാവ് സമ്മതിച്ചു. ഒരു കോപ്പി പഞ്ചാംഗം മുടങ്ങാതെ കിട്ടണം. വെറെ ഒരു ഉപാധിയും ഇല്ല. ഒ.കെ, ശരി. വി. പി.മേനോന്‍ പറഞ്ഞു.

ഇത് ചരിത്രം. മേനോന്‍ നേരെ തിരുവിതാംകൂറിലേക്ക് പോയി. അവിടെ തിരുവിതാംകൂര്‍ രാജാവും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും തമ്മില്‍ കൂടിയാലോചന നടത്തി. കാര്യങ്ങള്‍ ധാരണയായി. തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും ഓരോ ജനപ്രതിനിധികളുടെ ഡെലിഗേഷന്‍ ഡല്‍ഹിയില്‍ എത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സര്‍ദാര്‍ പട്ടേലിനേയും കാണണം. സംയോജനത്തിന് ഒരു ഔദ്യോഗിക ഛായ നല്‍കണം. വി.പി. മേനോന്‍ ആവശ്യപ്പെട്ടു.

v p menon

വി.പി. മേനോൻ

ഇനിയാണ് യഥാര്‍ത്ഥ പിന്നാമ്പുറ കഥ.

വി.പി. മേനോന്‍ തിരികെ ഡല്‍ഹിയില്‍ പോകുന്നതിന് മുന്‍പ് അദ്ദേഹത്തിന് തിരു-കൊച്ചി മന്ത്രിമാര്‍ ഒരു വിരുന്ന് നല്‍കി. ആ വിരുന്നില്‍ സംസാരിച്ച വി.പി. മേനോന്‍ സംയോജനത്തിന്റെ ആവശ്യകതയെ കുറിച്ച് ശക്തിയായ് സംസാരിച്ചു. സംയോജനവാദമുഖങ്ങള്‍ നിരത്തിയ മേനോന്‍ ഐക്യ കേരളത്തെ സംബന്ധിച്ച് തിരുവിതാംകൂര്‍ മന്ത്രിസഭയുടെ ഒരു മെമ്മോറാണ്ടം താന്‍ ഡല്‍ഹിയില്‍ പോകുന്നതിന് മുന്‍പ് കിട്ടിയാല്‍ കൊള്ളാമെന്നു മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ളയോട് പറഞ്ഞു. അതനുസരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസിലെ ബോട്ട് ഹൗസില്‍ വെച്ച് മൂന്ന് മണിക്കൂര്‍ കൊണ്ട് ടൈപ്പ് ചെയ്ത പ്രമാണം തന്റെ നിയമസഭയിലെ മന്ത്രിമാരെ കൊണ്ട് ഒപ്പിടീപ്പിച്ച് മുഖ്യമന്ത്രി പറവൂര്‍ ടി.കെ വി.പി. മേനോനെ ഏല്‍പ്പിച്ചു.

അതോടെ രാമയ്യന്‍ വെട്ടിപ്പിടിച്ചതും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീ പത്മനാഭന് സമര്‍പ്പിച്ചതും, വേലുത്തമ്പി ദളവ പോരടിച്ചതും, സ്വാതിതിരുനാള്‍ വാണരുളിയതുമായ വിഖ്യാതമായ തിരുവിതാംകൂര്‍ നാട്ടുരാജ്യം ചരിത്രമായി.

ഐക്യ കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തന്നെ തലസ്ഥാനം ഏതായിരിക്കണമെന്നാവശ്യത്തെ ചൊല്ലി ഏറ്റുമുട്ടലും തര്‍ക്കങ്ങളും ആരംഭിച്ചിരുന്നു.1949ല്‍ രൂപീകരിച്ച തിരു-കൊച്ചി സംസ്ഥാനത്തെ ടി കെ നാരായണ പിള്ള മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരായിരുന്നു കൊച്ചിയില്‍ നിന്നുള്ള അംഗവും മന്ത്രിയുമായ പനമ്പിള്ളിയും തിരുവിതാംകൂറില്‍ നിന്നുള്ള മന്ത്രി ഇ ജോണ്‍ ഫിലിപ്പോസും. ഇരുവരുമായിരുന്നു കേരളത്തിന്റെ തലസ്ഥാനം ഏതാകണമെന്നുന്നയിച്ച് ഏറ്റുമുട്ടിയത്.

e john philipose, thiru-kochi minister

ഇ ജോൺ ഫിലിപ്പോസ്

സര്‍ദാര്‍ പട്ടേലുമായുള്ള പ്രതിനിധികളുടെ സുപ്രധാനമായ കൂടിക്കാഴ്ച നിശ്ചയിച്ചതിന്റെ തലേനാള്‍, പ്രതിനിധിസംഘം ഡല്‍ഹിയിലെ വെസ്റ്റേണ്‍ കോട്ടില്‍ മന്ത്രി ജോണ്‍ ഫിലിപ്പോസ് താമസിക്കുന്ന മുറിയില്‍ സംയോജന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമ്മേളിച്ചു. പുതിയ കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം ഏതായിരിക്കണമെന്നതാണ് ആദ്യം ചര്‍ച്ചയ്ക്ക് വന്നത്. തലസ്ഥാന നഗരി എറണാകുളമായിരിക്കേണ്ടതിന്റെ ആവശ്യകത പനമ്പിള്ളി മുന്നോട്ടുവച്ചു. ഒരു മികച്ച അഭിഭാഷകനും വാഗ്മിയുമായ അദ്ദേഹം ഈ കാര്യത്തിന്റെ എല്ലാ വശങ്ങളും വിശകലനം ചെയ്ത്, വസ്തുനിഷ്ഠമായി കാര്യം അവതരിപ്പിച്ചു. പനമ്പിള്ളി ഉറപ്പിച്ചു പറഞ്ഞു; ”തലസ്ഥാനം എറണാകുളമാകണം”. അല്‍പ്പനേരത്തേക്ക് ആരും മറുപടി പറഞ്ഞില്ല. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ച ഭ്രാന്തനായ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെപോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്’ ഒറ്റ വാക്യത്തില്‍ ഇ.ജോണ്‍ ഫിലിപ്പോസ് പൊട്ടിത്തെറിച്ചു. തിരുവനന്തപുരം തലസ്ഥാനമായി തുടരേണ്ട വസ്തുതകള്‍ക്കായിരുന്നു കൂടുതല്‍ യുക്തിയും ശക്തിയും. വാശിയോടെ വാദപ്രതിവാദങ്ങള്‍ നടന്നു. ടി കെയും ഗംഗാധര മേനോനും ഫിലിപ്പോസിനെ പിന്‍താങ്ങി. ഒടുവില്‍ തലസ്ഥാനമാറ്റം നിസംശയം പിന്‍തള്ളപ്പെട്ടു. ഐക്യകേരളത്തിന്റെ തലസ്ഥാനം കൊച്ചിയല്ല, തിരുവനന്തപുരം തന്നെ.

paravoor t k narayana pillai thiru-kochi chief minister

പറവൂർ ടി.കെ. നാരായണ പിള്ള

പനമ്പിള്ളിക്ക് വേണ്ടതും അത് തന്നെയായിരുന്നു. ബുദ്ധി രാക്ഷസനായ പനമ്പിള്ളി വൈകാതെ തന്റെ വജ്രായുധം പുറത്തെടുത്തു. പനമ്പിള്ളിയെന്ന ചാണക്യന് മാത്രം സാധിക്കുന്ന കാര്യം. ‘തലസ്ഥാനം ഇല്ലെങ്കില്‍ വേണ്ട, ഹൈക്കോടതി ആസ്ഥാനം എറണാകുളമാകണം.’ അടുത്ത ആവശ്യം പനമ്പിള്ളി മുന്നോട്ടു വച്ചു. കൊച്ചിക്കാരുടെ രണ്ട് അവകാശവാദങ്ങളും നിരുപാധികമായി, ഒറ്റയടിക്ക് നിഷേധിച്ചാല്‍ ആദ്യമേ അധികാരശക്തി കാണിക്കുന്ന വല്യേട്ടന്‍ ചമയലാകുമെന്ന് മനസിലാക്കിയ തിരുവിതാംകൂര്‍ ഡെലിഗേഷന്‍ തലവന്‍ മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണ പിള്ള അത് ആലോചിക്കാവുന്ന കാര്യമാണെന്ന് സമ്മതിച്ചു. പനമ്പിള്ളിക്ക് വേണ്ടതും അതായിരുന്നു. തലസ്ഥാനമാറ്റം പ്രായോഗികമല്ലെന്നും അതിന് കൊച്ചിയില്‍ നിന്ന് പോലും പിന്തുണ കിട്ടില്ലെന്നും ബുദ്ധിമാനായ പനമ്പിള്ളിക്കറിയാമായിരുന്നു. അത് അറിഞ്ഞായിരുന്നു അദ്ദേഹം കരുനീക്കിയത്.

ഹൈക്കോടതി പോലെ പ്രാധാന്യമുള്ള ഒരു നിയമസംവിധാനത്തിന്റെ പ്രസക്തി ഒരു അഭിഭാഷകന്‍ കൂടിയായ പനമ്പിള്ളിക്ക് നന്നായി അറിയാമായിരുന്നു. അത് എങ്ങനെയും കൊച്ചിക്ക് നേടിയെടുക്കാനുള്ള പദ്ധതിയുമായാണ് അദ്ദേഹം ഡല്‍ഹിക്ക് വന്നത്. ഈ കുരുട്ട് ബുദ്ധി മനസിലാക്കാനുള്ള ശേഷി പറവൂര്‍ ടി കെ നാരായണ പിള്ളയ്‌ക്കോ കൂടെ വന്ന ഡെലിഗേഷന്‍ അംഗങ്ങള്‍ക്കോ ഉണ്ടായിരുന്നില്ല. അങ്ങനെ അസാധ്യമായ കാര്യം പനമ്പിള്ളി നേടിയെടുത്തു. അന്ന് നടന്ന സംഭവങ്ങളെല്ലാം ആ കാലത്തെ കോണ്‍ഗ്രസ് നേതാവും മികച്ച വാഗ്മിയും ഒന്നാന്തരം പത്രപ്രവര്‍ത്തകനുമായ സി നാരായണ പിള്ള ‘പട്ടം മുതല്‍ പനമ്പിള്ളി വരെ’ എന്ന തന്റെ വിഖ്യാതമായ രാഷ്ട്രീയ ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

panampilly govinda menon

പനമ്പിള്ളി ഗോവിന്ദമേനോൻ

‘തിരുവിതാംകൂര്‍ ഡെലിഗേഷനംഗങ്ങള്‍ ധരിച്ചത് തലസ്ഥാന നഗരിയുടെ മാറ്റം നിരസിക്കപ്പെടുമ്പോള്‍ ഹൈക്കോടതി മാറ്റത്തെപ്പറ്റിയുള്ള വാദവും അതോടെ അവരവസാനിപ്പിക്കുമെന്നായിരുന്നു. ടി കെയും ഫിലിപ്പോസും ഒരു ആഗ്രഹ പ്രകടനമെന്ന നിലയില്‍ കവിഞ്ഞ് കൊച്ചിന്‍ ഡെലിഗേഷന്റെ അഭിപ്രായത്തിന് പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ സംയോജനം സംബന്ധിച്ച ആലോചനകള്‍ പൂര്‍ത്തിയായപ്പോള്‍ നിശ്ശേഷമസ്തമിച്ചു പോയ ഒരു സംസ്ഥാനത്തിന്റെ പൂര്‍വ തലസ്ഥാനമായ എറണാകുളത്തേക്ക് ഹൈക്കോടതി മാറ്റിയതായിട്ടാണ് ഞങ്ങളറിഞ്ഞത്. ആലോചിക്കാമെന്ന് സമ്മതിച്ച കാര്യം അങ്ങനെ അചഞ്ചലമായ ഒരു യാഥാര്‍ത്ഥ്യമായി പരിണമിച്ചു. പറവൂര്‍ ടി കെയുടെ ഭരണത്തിന് കളങ്കം ചാര്‍ത്തിയ മറ്റൊരു ഭരണ നടപടിയായിരുന്നു അത്. തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ ഇന്നും ഈ അവിവേകം ക്ഷമിച്ചിട്ടില്ല, തിരുവിതാംകൂറുകാരനല്ലാത്ത, കൊച്ചി ഇടപ്പള്ളിക്കാരനായ സി നാരായണ പിള്ള അമര്‍ഷത്തോടെ എഴുതി.

‘ബുദ്ധിരാക്ഷസന്‍ എന്ന് പനമ്പിള്ളിയെ വിശേഷിപ്പിച്ചത് പൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. അത് ശരിവെയ്ക്കുന്നതായിരുന്നു തിരു-കൊച്ചി സംയോജന വേളയില്‍ പനമ്പിള്ളി ഗോവിന്ദ മേനോന്റെ രാഷ്ട്രീയ നീക്കം. തിരു-കൊച്ചി സംയോജനം എന്ന കളിക്കളത്തില്‍ പനമ്പിള്ളി ഗോവിന്ദ മേനോന്‍ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരന്റെ കരു നീക്കത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതീപീഠം അങ്ങനെ കൊച്ചിക്ക് ലഭിച്ചു.  Travancore-Cochin merger 75th anniversary panampilly govinda menon kerala high court 

Content Summary; Travancore-Cochin merger 75th anniversary panampilly govinda menon kerala high court

Leave a Reply

Your email address will not be published. Required fields are marked *

×