തൃശൂരിലെ ‘പുലികളുടെ’ പടം പിടിക്കാനും അവരുടെ കളികാണാനും സ്വദേശികള്‍ക്കൊപ്പം വിദേശ സഞ്ചാരികളും എത്തി തുടങ്ങി. നാളെ വൈകിട്ട് നാല് മണി മുതലാണ് പുലിക്കളി ആരംഭിക്കുക. ഇത്തവണ ആറ് ടീമുകളിലായി ഏകദേശം 300 പുലികളാണ് നാളെ സ്വരാജ് റൗണ്ടില്‍ എത്തുക. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരിക്കും പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക.
കഴിഞ്ഞ വര്‍ഷം ഏഴു ടീമുകളായിരുന്നു പുലിക്കളിക്ക് ഇറങ്ങിയത്. നേരത്തെ പത്ത് ടീമുകള്‍ വരെയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ഓരോ വര്‍ഷം കഴിയും തോറും ടീമുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ഇത്തവണ ഓരോ ടീമിലും 50 പുലികള്‍ വീതമുണ്ടാകുമെന്നാണ് പ്രതീക്ഷ. നല്ല കുടവയറുള്ള മുതിര്‍ന്ന പുലികള്‍ക്ക് ഒപ്പം കുട്ടി പുലികളുമുണ്ടാവും.
ഏറെ സമയം എടുത്താണ് പുലികളെ ഒരുക്കിയെടുക്കുന്നത്. രാവിലെ തന്നെ ഓരോ സംഘങ്ങളും ഒരുക്കങ്ങള്‍ ആരംഭിക്കും. ദേഹത്ത് ചായം പൂശുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം. അമ്മിക്കല്ലില്‍ അരച്ചുള്ള ചായമാണ് പുലികളുടെ ദേഹത്ത് പൂശുക. പുലികളുടെ ഒരുക്കം കാണാനും അവരുടെ കളി കാണാനും ഒട്ടേറെ വിദേശ സഞ്ചാരികളും തൃശൂരിലെത്തിയിട്ടുണ്ട്.
പുലിക്കളി പ്രമാണിച്ച് നാളെ ഉച്ചമുതല്‍ തന്നെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിക്കും. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് കയറുന്നതിന് തടസമുണ്ട്. വന്‍ പോലീസ് സന്നാഹമാണ് നഗരത്തില്‍ നിയന്ത്രണത്തിനായി ഒരുക്കിയിരിക്കുന്നത്.