UPDATES

ഓഫ് ബീറ്റ്

ജനസേവനത്തിന്‍റെ ഉദാത്ത മാതൃയാണ് ട്രാവല്‍ & ടൂറിസം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 03

                       

വിനോദയാത്രകൾക്ക് മുഖ്യമായും ഉപയോഗിക്കുന്നത് ബസ്സുകളാണ്. സാമ്പത്തികം വളരെ കുറവ് മാത്രമേ ബസ്സ് യാത്രയ്ക്ക് ചെലവഴിക്കേണ്ടി വരുന്നുള്ളൂ. തീവണ്ടി യാത്ര ചെലവ് കുറഞ്ഞതാണെങ്കിലും ലക്ഷ്യസ്ഥാനത്ത് എപ്പോഴും എത്തിചേരുവാൻ സാധിക്കില്ല. തീവണ്ടി സ്റ്റേഷനുകളിൽ നിന്ന് ലക്ഷ്യസ്ഥാനത്തേയ്ക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങൾ ദീർഘദൂര യാത്രകൾക്ക് തീവണ്ടിയും, മറ്റ് യാത്രകൾക്ക് ബസ്സുകളും തെരഞ്ഞെടുക്കുന്നു. ആഭ്യന്തര ടൂറിസത്തിൻറെ വളർച്ചയുടെ കാരണവും അതു തന്നെയാണ്.

ആദ്യകാലങ്ങളിൽ ജനങ്ങൾ നടന്നാണ് യാത്ര ചെയ്തിരുന്നത്. കൂട്ടമായി നടന്ന് ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്ക് പോകുമ്പോൾ വിശ്രമിക്കുന്നതിനായുള്ള വിശ്രമകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആരാധനാ കേന്ദ്രങ്ങളായിരുന്നു മിക്ക യാത്രികരും വിശ്രമ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും അതിൻറെ സ്മരണകളായി ഒട്ടേറെ ഇടങ്ങൾ നിലനിൽക്കുന്നുണ്ട്. കേരളത്തെക്കാൾ കൂടുതൽ അത് വടക്കേ ഇന്ത്യയിൽ വ്യാപകമായി കാണാം. പിന്നീട് കാളവണ്ടിയും കുതിരവണ്ടിയും നടന്നുള്ള യാത്രയെ കുറച്ചു വേഗതയിൽ ആക്കുവാൻ സഹായിച്ചു. പിന്നീടാണല്ലോ യന്ത്രവൽകൃത വാഹനങ്ങളുടെ വരവ്. അതോടുകൂടി യാത്രയുടെ വേഗതയും കൂടി. ഇന്നും സുഗമമായ യാത്രകൾക്ക് ബസുകൾ തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ശാസ്ത്രം പുരോഗതി നേടുന്നതിനൊപ്പം നമ്മുടെ റോഡുകളുടെ സൗകര്യം വർദ്ധിപ്പിച്ചത് ഗതാഗതത്തിന് വേഗത കൂട്ടുവാൻ കാരണമായി.

ബസ്സിൽ കയറാത്ത മലയാളി ഉണ്ടാകില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ മതവും, ജാതിയും നോക്കാതെ സമൂഹത്തെ ഗതാഗത രംഗത്ത് സേവിക്കുന്നവരാണ് ബസ് തൊഴിലാളികൾ. 15 ലക്ഷത്തോളം സ്വകാര്യ ബസ്സുകൾ ആണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളാണ് ദൈനംദിനം ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഒട്ടേറെ പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ ബസ്സുകളിൽ സാധ്യമാകുന്നു. 1662 കാലഘട്ടം മുതൽ ബസ്സുകളുടെ സേവനം ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. 1820 കാലഘട്ടം വരെ ബസ്സുകൾ വ്യാപകമായിരുന്നില്ല എന്നും പറയുന്നു. ആദ്യകാലങ്ങളിൽ കുതിരവണ്ടിയുടെ മാതൃകയിലുള്ള ബസുകളായിരുന്നു നിരത്തുകളിൽ ഉണ്ടായിരുന്നത്. മുൻ ചക്രങ്ങൾ ചെറുതും, പിൻ ചക്രങ്ങൾ വലിയതുമായവ.

1830 മുതൽ ആവിയിൽ ഓടുന്ന ബസുകൾ നിലവിൽ വന്നു. തീവണ്ടി പാളങ്ങളിലൂടെ പോകുന്നത് പോലെ റോഡുകൾക്ക് മുകളിലൂടെ നിർമ്മിച്ച വൈദ്യുത കമ്പികളുടെ അടിയിൽക്കുടെ മാത്രം നീങ്ങുന്ന വൈദ്യുതി ബസ്സുകളം നമുക്കുണ്ടായിരുന്നു. അതിവേഗ യാത്രയുടെ തുടക്കം അതാണെന്ന് പറയാം. 1895 കാലഘട്ടത്തിൽ ഓടിക്കൊണ്ടിരുന്ന യന്ത്രവൽകൃത ബസുകളുടെ രൂപം 1900 ത്തിൽ മാറ്റമുണ്ടായി. 1950 കളോടുകൂടി ഇപ്പോൾ നമ്മൾ കാണുന്ന രീതിയിലുള്ള ബസുകൾ രൂപം കൊണ്ടു. വളരെ വൈകി മാത്രമാണ് ബസ്സുകൾ ഇന്ത്യയിൽ എത്തുന്നത്. ബസ്സുകൾ എപ്പോഴും സാധാരണക്കാരൻറെ വാഹനമായി തന്നെ പരിഗണിക്കപ്പെടുന്നു. അതിന് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല.

ആദ്യകാലങ്ങളിൽ ബസ്സുകൾ പൊതുഗതാഗതത്തിന് മാത്രമാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. എങ്കിൽ ഇന്ന് ബസ്സുകൾ സ്വകാര്യ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നു. ബസ്സുകൾ കാരവനുകളാക്കി മാറ്റി പഞ്ച നക്ഷത്രനിലവാരമുള്ള ഇടങ്ങളായി മാറ്റുന്നത് സർവ്വസാധാരണമായി മാറിയിരിക്കുന്നു. ദീർഘദൂര യാത്രകൾക്ക് കാറുകൾക്ക് പകരം ഇത്തരം കാരവനുകൾ ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. കേരളത്തിൽ തന്നെ കാരവൻ ടൂറിസത്തിന് തുടക്കം കുറിച്ചിരിക്കുന്നത് അതിൻറെ സ്വീകാര്യത കണക്കിലെടുത്തുകൊണ്ട് തന്നെയാണ്.

എല്ലാ വർഷവും കൂടുതൽ മികച്ച സേവനങ്ങൾ ഉള്ള ബസ്സുകളാണ് നിരത്തിലിറങ്ങുന്നത്. തീവണ്ടികളിലെ പോലെ കിടന്നു യാത്ര ചെയ്യുവാൻ സാധിക്കുന്നതും, ശൗചാലയ സൗകര്യങ്ങളുള്ള ബസ്സുകൾ വരെ ഇന്ന് നമ്മുടെ നിരത്തുകളിലുണ്ട്. ഒരു നിലയുള്ള ബസ്സുകൾ മുതൽ രണ്ടു നിലയുള്ള ബസ്സുകൾ വരെ ഇന്ന് സർവ്വസാധാരണമാണല്ലോ. ആദ്യകാലങ്ങളിൽ ശീതീകരിച്ച ബസ്സുകൾ ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ ശീതീകരിച്ചതും യാത്ര ചെയ്യുമ്പോൾ ഒരു കുലുക്കവും സംഭവിക്കാതെ ഒഴുകിപ്പോകുന്ന അനുഭവം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യകളുടെ വളർച്ച ബസ്സ് യാത്രയെ കൂടുതൽ സ്വീകാര്യതയുള്ളതാക്കി മാറ്റുന്നു. ബസ്സുകളിൽ സംഗീത, ദ്യശ്യ സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും വൈഫൈയും ലഭ്യമാണ്.

ബസ്സുകൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി ജനങ്ങൾ ഉപയോഗിക്കുന്നു എന്ന് കാണാം. പൊതുഗതാഗത രംഗത്താണ് കൂടുതലായും ബസുകൾ ഉപയോഗിക്കുന്നത്. ഇതിന് പുറമേ വിവാഹം പോലെയുള്ള ആഘോഷ പരിപാടികൾക്ക് ബസ്സുകൾ ജനങ്ങൾ ഉപയോഗിക്കാറുണ്ട്. വിനോദസഞ്ചാരത്തിന് കൂടുതൽ സൗകര്യങ്ങൾ ഉള്ള ബസ്സുകളാണ് ജനങ്ങൾ ആശ്രയിക്കുക. വലിയ കമ്പനികളും, ഓഫീസുകളും അവരുടെ ജീവനക്കാരെ സമയത്തിന് എത്തിക്കുന്നതിന് ബസ്സുകൾ കരാർ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്നു. സ്കൂളുകളിൽ കുട്ടികളെ എത്തിക്കുന്നതിനായി ബസ്സുകൾ ഏർപ്പെടുത്തുന്നു. ഹ്രസ്വദൂര യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസ്സുകളല്ല ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഓരോ ആവശ്യത്തിന് അതിൻറേതായ സൗകര്യങ്ങളുള്ള ബസ്സുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ചെറിയ ബസുകൾ മുതൽ വലിയ ബസ്സുകൾ വരെ ഇന്ന് നമുക്ക് നിരത്തുകളിൽ കാണാം.

ബസുകളിൽ സാധാരണയായി ഇന്ധനമായി ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ആദ്യകാലങ്ങളിൽ ആവി ഉപയോഗിച്ച് ചലിപ്പിച്ചിരുന്ന ബസ്സുകളും ഉണ്ടായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ചലിക്കുന്ന ബസ്സുകളെ ട്രോളി ബസ് എന്ന് പറയുന്നു. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകളാണ് ലോകം മുഴുവൻ കൂടുതലായും ഉപയോഗിച്ച് വരുന്നത്. ലാറ്റിൻ ഭാഷയിലുള്ള ഒമ്നിബസ് (എല്ലാവർക്കും വേണ്ടി) എന്ന പദത്തിൽ നിന്നാണ് ബസ് എന്ന നാമം രൂപം കൊണ്ടത് എന്ന് പറയപ്പെടുന്നു. ഇന്നിപ്പോൾ സിഎൻജി ബസ്സുകളും, ഇലക്ട്രിക്ക് ബസ്സുകളും നിരത്തുകളിലുണ്ട്. ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ബസ്സുകൾ ഉടൻ ഇറങ്ങുമെന്നും കേൾക്കുന്നു. ഇന്ത്യയിൽ വ്യാപകമായി ഇലക്ട്രിക്ക് വാഹനങ്ങളെ സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. ക്രൂഡോയിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് ഒഴിവാക്കാനാണ് ഇത്. രാജ്യത്തിൻറെ കോടിക്കണക്കിന് ധനമാണ് ഈ വകയിൽ വിദേശത്തേയ്ക്ക് പോകുന്നത്. അത് ഒഴിവാക്കുക എന്നതിനോടൊപ്പം പരിസ്ഥിതി മലിനീകരണത്തിന് കുറവ് വരുത്തുക എന്ന ലക്ഷ്യവും ഉണ്ട്.

ബസ്സുകൾ ഓടിക്കുന്നതിനുള്ള ഇന്ധനങ്ങൾ വികസിപ്പിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്. ഡീസലിൽ നിന്ന് സിഎൻജിയിലേക്കും ഇലക്ട്രിക്കലേക്കും ഒടുവിൽ ഹൈഡ്രജനിലേക്കുള്ള മാറ്റം അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ആഗോളതാപനം കൊണ്ട് ലോകം വല്ലാത്ത ഒരു അവസ്ഥയിലൂടെ നീങ്ങുമ്പോൾ അതിന് കുറച്ച് ശമനം ഉണ്ടാക്കുവാൻ ബസ്സുകൾക്ക് സാധിക്കുന്നു. ബസ്സുകളിൽ യാത്ര ചെയ്യുന്നവർ സ്വന്തമായി വാഹനങ്ങളെടുത്ത് നിരത്തിലിറങ്ങിയാൽ ഉണ്ടാകുന്ന ഊർജ്ജത്തിൻറെ ഉപയോഗം ബസ്സുകളിൽ കേറുന്നതോടുകൂടി കുറയുകയും റോഡുകളിൽ ഗതാഗത കുരുക്കിന് വലിയ ശമനം ഉണ്ടാവുകയും ചെയ്യുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അന്തരീക്ഷ മലിനീകരണ തോത് കുറയുകയും, ഗതാഗത കുരുക്കുകൾക്ക് കുറവ് വരികയും ചെയ്യും എന്നതാണ് ഇതിൻറെ നേട്ടം. അതുകൊണ്ടുതന്നെ പൊതു ഗതാഗത സംവിധാനത്തിന് സർക്കാരുകൾ വലിയ രീതിയിലുള്ള പിന്തുണ നൽകുന്നുണ്ട് എന്ന് നമുക്ക് കാണാം.

രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ്സുകളെക്കാൾ എത്രയോ ഇരട്ടിയാണ് സ്വകാര്യ മേഖലയിലെ ബസ്സുകൾ പൊതുജനങ്ങളെ സേവിച്ചുകൊണ്ട് പ്രവർത്തിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൻറെ ഭൂപ്രകൃതി എടുത്തു നോക്കുക. തീവണ്ടി ഗതാഗതം നമ്മുടെ കേരളത്തിൻറെ ഒരെറ്റം മുതൽ മറ്റേ അറ്റം വരെ ഉണ്ട്. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് തീവണ്ടിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുവാൻ സാധിക്കില്ല. കേരളത്തിൻറെ മാത്രം പരിമിതിയല്ല ഇത്. കേരളത്തിലെ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളാണ് ബസ്സുകൾ. കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സർക്കാർ വാഹനങ്ങളെക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് സ്വകാര്യ വാഹനങ്ങളുടെ സേവനം. ചില പ്രദേശങ്ങളിൽ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത് എന്നുള്ളത് നാം ഇവിടെ കാണേണ്ടതുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രയിൽ അവൻറെ സാമ്പത്തികാവസ്ഥയ്ക്ക് ഉതകുന്ന വിധത്തിലുള്ള സേവനങ്ങൾ ബസ്സുകൾ നൽകുന്നു.

1957 നും 1976 നും ഇടയിൽ കൽക്കട്ടയിൽ നിന്ന് ലണ്ടനിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 32,000 കിലോമീറ്റർ ദൂരം 50 ദിവസം എടുത്താണ് ഓടിയെത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ബസ് സർവീസ് ആയിരുന്നു അതെന്ന് ചരിത്രരേഖകളിൽ കാണാം. ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. ഈ ബസ് യാത്രയിലെ രാജ്യങ്ങൾ, ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക. ഈ ബസ്സിനകത്ത് ഉറങ്ങുവാനുള്ള സൗകര്യവും അടുക്കളയും മറ്റും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ബസിൽ ലഭ്യമായിരുന്നു. ഒരു വിനോദ യാത്ര എന്ന രീതിയിലാണ് 8019 രൂപ ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നത്. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. ഡൽഹിയിൽ നിന്ന് പാക്കിസ്ഥാനിലെ ലാഹോറിലേയ്ക്ക് ഇപ്പോൾ ബസ് സർവ്വീസ് ഉണ്ട്.

നമ്മുടെ കേരളത്തെ തൊട്ടടുത്ത സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി ബസ്സുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൻറെ അതിർത്തി സംസ്ഥാനങ്ങൾ കർണാടകയും തമിഴ്നാടുമാണ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്ക് തീവണ്ടി സേവനം ഉണ്ടെങ്കിലും അത് യാത്രക്കാരുടെ ബാഹുല്യം കാരണം നിലവിലെ സാഹചര്യത്തിലെ ആവശ്യം പൂർത്തീകരിക്കുവാൻ സാധിക്കുന്നില്ല. ഇവിടെ സ്വകാര്യ മേഖലയിലുള്ള ബസ്സുകൾ നൽകുന്ന സേവനം അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ ഇത്തരം സേവനങ്ങൾ നടക്കുന്നതിനിടയിൽ നിയമവിരുദ്ധമായ കാര്യങ്ങൾ ചിലർ നടത്തുന്നത് ഈ മേഖലയിൽ നിയമപരമായി പ്രവർത്തിക്കുന്നവർക്കും ദോഷകരമായി ബാധിക്കുന്നുണ്ട്.

നമ്മുടെ ബസ്സുകൾ സമൂഹത്തിൽ നൽകുന്ന മറ്റൊരു സേവനമാണ് കൂട്ടായ്മകൾ ഉണ്ടാക്കുക എന്നത്. ഓരോ യാത്രയിലും മനുഷ്യർ പരസ്പരം കാണുകയും സ്നേഹവും പരിഭവവും വിശേഷണങ്ങളും എല്ലാം പങ്കുവെക്കുകയും ചെയ്യുന്നു. ഇത്തരം സന്ദർഭം യാത്രകളിൽ മാത്രം ഉണ്ടാകുന്നു. ദീർഘ യാത്രയിൽ ഒരിക്കൽ ഒപ്പമുണ്ടായിരുന്നവർ പിന്നീട് ജീവിതയാത്രയിൽ തന്നെ ദീർഘ സൗഹൃദത്തിൻറെ വാഹകരാകുന്ന എത്രയോ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുവാൻ വ്യക്തിപരമായി എനിക്ക് സാധിക്കും. സമൂഹത്തെ ദുഷിച്ച നടപ്പിൽ നിന്ന് ശുദ്ധീകരിക്കുന്നതിൽ യാത്രകൾക്കും, അതുവഴി ഉണ്ടാകുന്ന സൗഹ്യദങ്ങൾക്കും സാധിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

രാജ്യത്തെ ആദ്യത്തെ അഭ്യന്തിര പാക്കേജ് ടൂറിസ്റ്റ് ബസ്സ് സർവീസിന് തുടക്കം കുറിച്ചത് എൻറെ പിതാവായ ഇ.ആർ.സി. പണിക്കർ ആയിരുന്നു എന്നത് എനിക്ക് അഭിമാനമാണ്. 1967ൽ ഡൽഹിയിൽ നിന്ന് ടാജ്മഹൽ കണ്ടുവരുവാനുള്ള സൗകര്യം അദ്ദേഹമാണ് തുടക്കമിട്ടത്. അദ്ദേഹം പടുത്തുയർത്തിയ ഒരു വലിയ പ്രസ്ഥാനം പിന്നീട് ഏറ്റെടുക്കേണ്ടി വന്നതും അഭിമാനമാണ്. ജനങ്ങൾക്കിടയിൽ വിശ്വാസത ഉണ്ടാക്കിയെടുത്തു എന്നുള്ളതാണ് ഞാൻ നേത്യത്ത്വം നൽകുന്ന പണിക്കേഴ്സ് ട്രാവൽസിൻറെ വിജയം. പിതാവ് സമൂഹത്തിന് നൽകിയ അതേ വിശ്വാസിത മകൻ എന്നുള്ള നിലയിൽ തുടർന്നുപോരുന്നു. ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നു എന്നുള്ളതുമാണ് ഞങ്ങളുടെ വിജയത്തിൻറെ രഹസ്യം എന്ന് തുറന്നു സമ്മതിക്കുന്നതിൽ എനിക്ക് ഒരു പ്രയാസവുമില്ല. ഇത്തരത്തിൽ എല്ലാ ടൂർ ഓപ്പറേറ്റർമാരും അവരെ സമീപിക്കുന്ന ഉപഭോക്താക്കളോട് മികച്ച സേവനം നൽകി അവരുടെ വിശ്വാസം സ്വന്തമാക്കേണ്ടതുണ്ട്. എങ്കിൽ തീർച്ചയായും വിജയം ഒപ്പമുണ്ടാകും എന്നുള്ള കാര്യത്തിൽ ഒരു സംശയവും എനിക്കില്ല.

 

contnet summary; Travel and life experience in bus travelogue babu panicker

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍