കുട്ടികള്‍ നിറം നല്‍കിയ ചിത്രങ്ങള്‍ അവരുടെ കയ്യക്ഷരത്തില്‍ തന്നെ പേരെഴുതി ഇവര്‍ സൂക്ഷിച്ചു വയ്ക്കുന്നു.
കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ ഇടങ്ങളിലൊന്നാണ് കേരള ടൂറിസത്തിന്റെ സ്റ്റാള്‍. അകാലത്തില്‍ പൊലിഞ്ഞു പോയ കേരളത്തിന്റെ ചിത്രകല ഇതിഹാസമായിരുന്ന ക്ലിന്റിന്റെ പ്രമേയമാണ് ഇക്കുറി കേരള ടൂറിസം ബിനാലെ സ്റ്റാളിലൂടെ മുന്നോട്ടു വയ്ക്കുന്നത്.
ക്ലിന്റ് വരച്ച 2500-ഓളം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ സ്റ്റാളില്‍ കുട്ടികള്‍ക്ക് നിറം നല്‍കാനായി നല്‍കിയിരിക്കുന്നത്. ഇതിനായി കടലാസുകളും ക്രയോണ്‍ നിറങ്ങളും എപ്പോഴും സ്റ്റാളില്‍ റെഡി. വരുന്ന എല്ലാ കുട്ടികള്‍ക്കും നിറം കൊടുക്കാന്‍ അവസരം നല്‍കിയാണ് വിടുന്നതെന്ന് സ്റ്റാളിന്റെ ചുമതലയുള്ള അജയകുമാര്‍ പറഞ്ഞു.
കുട്ടികള്‍ നിറം നല്‍കിയ ചിത്രങ്ങള്‍ അവരുടെ കയ്യക്ഷരത്തില്‍ തന്നെ പേരെഴുതി ഇവര്‍ സൂക്ഷിച്ചു വയ്ക്കുന്നു. 2500 ലധികം കുട്ടികള്‍ ബിനാലെ തുടങ്ങിയ ശേഷം കേരള ടൂറിസത്തിന്റെ സ്റ്റാളിലെത്തി ചിത്രം വരച്ചിട്ടുണ്ട്.പൂര്‍ണമായും കുട്ടികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വരയ്ക്കാനാണ് ഇവിടെ അനുവദിക്കുന്നത്.
ക്ലിന്റിന് എത്ര പ്രായമുണ്ടായിരുന്നുവെന്നാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഏഴുവയസ്സുകാരി ഈശ്വരിയ്ക്ക് അറിയേണ്ടത്. സ്വന്തം പ്രായത്തില്‍ ഇത്രയും ചിത്രങ്ങള്‍ വരച്ച കുട്ടിയെ ആരാധനയോടെയാണ് കുട്ടികള്‍ കാണുന്നത്. ക്ലിന്റ് വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കളറിംഗ് ബുക്കും ഇവിടെ നിന്നും കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നുണ്ട്. അതില്‍ നിറം നല്‍കി സൂക്ഷിച്ചു വയ്ക്കണമെന്ന ഉപദേശവും സ്റ്റാളില്‍ നില്‍ക്കുന്നവര്‍ കുട്ടികള്‍ക്ക് നല്‍കുന്നു.
തത്തയ്ക്ക് ഇഷ്ടമുള്ള നിറം നല്‍കാന്‍ ലഭിച്ച സ്വാതന്ത്ര്യത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവ് ഡി. ഷാ സന്തോഷത്തിലാണ്. താന്‍ ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ നിറമായ നീലയാണ് അവന്‍ തത്തയ്ക്ക് നല്‍കാന്‍ ആഗ്രഹിച്ചത്.
ക്ലിന്റിന്റെ ഓര്‍മ്മയില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് കോംപറ്റീഷന്‍ 2018 ന്റെ ഭാഗമായാണ് ഇക്കുറി ബിനാലെ സ്റ്റാളില്‍ കുട്ടികള്‍ക്ക് വരയ്ക്കാനുള്ള സൗകര്യം ഒരുക്കിയതെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. ചെറു പ്രായത്തില്‍ തന്നെ ക്ലിന്റ് വരച്ച ചിത്രങ്ങള്‍ ലോകോത്തരങ്ങളാണ്. കേരളത്തിന്റെ സമകാലീന കലാപ്രതിഭയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കിട്ടിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്ലിന്റിന്റെ ചിത്രങ്ങള്‍ വച്ചുള്ള കേരള ടൂറിസത്തിന്റെ പ്രചാരണം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. അന്താരാഷ്ട്ര പെയിന്റിംഗ് മത്സരത്തിലേക്ക് ഇതിനകം തന്നെ 35000 ല്‍ പരം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 118 രാജ്യങ്ങളില്‍ നിന്നായി 6781 കുട്ടികളടക്കമാണിത്. മത്സരാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം ഡിസംബറില്‍ അവസാനിക്കേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ ജനുവരി 31 വരെ നീട്ടിയിരുന്നു.