July 16, 2026 |
Share on

ഡ്രാഗൺ കടത്ത്; ഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപ് ഒരുവർഷത്തേക്ക് സർക്കാർ അടച്ച് പൂട്ടി

24 ലക്ഷം രൂപയ്ക്കൊക്കെയാണ് ഓരോ ഡ്രാഗണുകളെയും ഈ ‘ഡ്രാഗൺ റാക്കറ്റുകൾ’ വിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഭീമാകാരന്മാരായ ഡ്രാഗണുകൾ തിങ്ങിപ്പാർക്കുന്ന ഇടമെന്ന പേരിൽ പ്രശസ്തമായ ഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപിലേക്കുള്ള പ്രവേശനം ഒരു വർഷത്തേക്ക് ഇൻഡോനേഷ്യൻ സർക്കാർ തടയാനൊരുങ്ങുകയാണ്. അടച്ചുപൂട്ടലിന്റെ കാരണം അറിഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്.  തടിമാടന്മാരായ ഡ്രാഗണുകളെയും ഉടുമ്പുകളെയും വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി വൻ പണം തട്ടുന്ന റാക്കറ്റുകൾ ഈ ചെറുദ്വീപിൽ വ്യാപകമാണത്രെ..! എന്തായാലും ഈ ‘ഭീമൻ പല്ലി’കളോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിച്ച സാഹസിക യാത്രികരെയാണ് സർക്കാരിന്റെ ഈ കടുത്ത തീരുമാനം നിരാശപ്പെടുത്തിയത്.

ജനുവരി 2020 വരെ ഏതായാലും ദ്വീപിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞ് തന്നെ കിടക്കുമെന്നാണ് ഇൻഡോനേഷ്യയിലെ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉഗ്ര വിഷമുള്ള  ഭീമൻ ഡ്രാഗണുകളാണ് ഈ ദ്വീപിന്റെ അധിപന്മാർ. ഓരോ ഡ്രാഗണും ശശാരി 10 അടി നീളവും 70 കിലോയോളം ഭാരവും വരും. വലിപ്പത്തിന്റെയും വിഷത്തിന്റെയും പേരിൽ പ്രശസ്തമായ ഈ ഡ്രാഗണുകൾക്ക് വിദേശരാജ്യങ്ങളിൽ ആരാധകർ ഏറെയാണ്. 24 ലക്ഷം രൂപയ്ക്കൊക്കെയാണ് ഓരോ ഡ്രാഗണുകളെയും ‘ഡ്രാഗൺ റാക്കറ്റുകൾ’ വിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിഭീമന്മാരായ അയ്യായിരത്തിലധികം ഡ്രാഗണുകൾ ദ്വീപിനോട് ചേർന്നുള്ള ദേശീയോദ്യാനത്തിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഡ്രാഗണുകളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനാണ് സഞ്ചാരികളെ തടയുന്നതെന്നാണ് ഇൻഡോനേഷ്യൻ സർക്കാർ പറയുന്നത്. ഒരുമാസം ശരാശരി പതിനായിരം വിനോദസഞ്ചാരികളാണ് ഈ ദ്വീപിലേക്കെത്തിയിരുന്നത്. കൊമോഡോ ദ്വീപിൽ മാത്രമേ പ്രവേശനത്തിന് വിലക്കുള്ളുവെന്നും ദ്വീപിനോട് ചേർന്നുള്ള ദേശീയോദ്യാനത്തിലേക്ക് പോകാൻ ഈ വിലക്ക് ബാധകമല്ലെന്നുമാണ് ഇൻഡോനേഷ്യയിലെ പ്രാദേശിക പത്രമായ ടെമ്പോ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×