July 12, 2025 |
Share on

ന്യൂസിലാന്‍ഡിലേക്കുള്ള സഞ്ചാരികളെ ശ്രദ്ധിക്കൂ; സ്മാര്‍ട്ട് ഫോണ്‍ പാസ്‌വേര്‍ഡ് നല്‍കിയില്ലെങ്കില്‍ രണ്ടര ലക്ഷം പോയികിട്ടും!

പാസ്‌വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്തവരെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും.

ന്യൂസിലാന്‍ഡിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇനി യാത്ര അത്ര എളുപ്പമായിരിക്കില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. നിങ്ങളുടെ കൈയ്യിലുള്ള സ്മാര്‍ട്ട്ഫോണോ മറ്റ് ഉപകരണങ്ങളുടെയോ പാസ്‌വേര്‍ഡ് നല്‍കിയില്ലെങ്കില്‍ 3,200 യുഎസ് ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരും.

ഈയാഴ്ച നിലവില്‍ വന്ന കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ആക്ട് 2018 പ്രകാരം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസിന് നിങ്ങളുടെ ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ പാസ്‌വേര്‍ഡ് ചോദിക്കാനും അത് അണ്‍ലോക്ക് ചെയ്യാനുള്ള അധികാരമുണ്ട്. പാസ്‌വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്തവരെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും.

എന്നാല്‍ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരോടും പാസ്‌വേര്‍ഡ് നല്‍കാനും അണ്‍ലോക്ക് ചെയ്യാനും ആവശ്യപ്പെടില്ല. അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെയും സംശയം തോന്നുന്നവരെയുമായിരിക്കും പരിശോധിക്കുക. എല്ലാ പരിശോധനകളും കഴിഞ്ഞ് എന്തെങ്കിലും സംശയം തോന്നിയാല്‍ മാത്രമേ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരിശോധിക്കൂ. ഈ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്.

‘ഇപ്പോള്‍ പേപ്പര്‍ സംവിധാനത്തില്‍ നിന്നും എല്ലാം ഇലക്ട്രോണിക്ക് സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. നിരോധിച്ച പല വസ്തുക്കളും ഇപ്പോള്‍ ഇലക്ട്രോണിക് ആയാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ നിയമം അത്യാവശ്യമാണ്.’- ന്യൂസിലാന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്‍ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഈ നിയമത്തിനെതിരെ ചില പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ‘കസ്റ്റംസിന് സ്മാര്‍ട്ട്‌ഫോണുകളും മറ്റും പരിശോധിക്കാനുള്ള അധികാരം നല്‍കുന്ന പുതിയ നിയമം സ്വകാര്യതാ ലംഘനമാണെന്ന്’ ന്യൂസിലാന്‍ഡ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ചെയര്‍പേഴ്സണ്‍ തോമസ് ബീഗിള്‍ പറഞ്ഞു.

‘വിവരങ്ങള്‍ നല്‍കാത്തതിന് സഞ്ചാരികള്‍ക്ക് പിഴ ചുമത്തുന്ന ആദ്യ രാജ്യമാണ് ന്യൂസിലാന്‍ഡ്. എന്നാല്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരിശോധിക്കുന്ന ആദ്യ രാജ്യം ന്യൂസിലാന്‍ഡല്ല. യുണൈറ്റഡ് സ്റ്റേറ്റ്സും അതിര്‍ത്തിയില്‍ ഇതുപോലെയുള്ള പരിശോധനകള്‍ നടത്തിവരുന്നുണ്ട്.’- അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×