UPDATES

യാത്ര

കലകൊണ്ട് ഗ്രാമത്തെകാക്കാന്‍ ഹുവാങ് എന്ന 96 കാരന്‍

തയ്ച്ചൂങിലെ നന്തുന്‍ ജില്ലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഭവനങ്ങളിലൊന്ന് സ്ഥിരതാമസത്തിനായി തെരഞ്ഞെടുത്ത ചുരുക്കം ചില സൈനികരില്‍ ഒരാളാണ് 96 വയസ്സുള്ള ഹുവാങ്.

                       

നമ്മിലെ അനന്യമായ സര്‍ഗ വാസനയുടെയും, നിസ്തുലമായ ജീവിത ചിട്ടകളുടെയും ഉപോല്‍പ്പന്നം മാത്രമല്ല കലകള്‍. സാമൂഹികജീവിതത്തിലെ യാഥാര്‍ഥ്യങ്ങളോടുള്ള പ്രതികരണമെന്നോണം ചിലപ്പോഴതിന് തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തെതന്നെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഹുവാങ് യുങ്ങ്-ഫു എന്ന തായ്വാന്‍ കലാകാരന്‍ കാണിച്ചുതരുന്നത് അതാണ്.ഒരു മുന്‍ സൈനികന്‍ കൂടിയായ അദ്ദേഹം40 വര്‍ഷത്തോളമായി തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തെ കലകള്‍കൊണ്ട് ഉയിര്‍ത്തെഴുനേല്‍പ്പിക്കുകയാണ്.

തയ്ച്ചൂങിലെ നന്തുന്‍ ജില്ലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഭവനങ്ങളിലൊന്ന് സ്ഥിരതാമസത്തിനായി തെരഞ്ഞെടുത്ത ചുരുക്കം ചില സൈനികരില്‍ ഒരാളാണ് 96 വയസ്സുള്ള ഹുവാങ്. നന്തൂനിലെ ജനസംഖ്യ വെറും പതിനൊന്നു പേര്‍ മാത്രമായി ചുരുങ്ങിയതോടെ എല്ലാം ഇടിച്ചു പൊളിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു തായ്വാന്‍ സര്‍ക്കാര്‍. എന്നാല്‍ അതിനു മുന്‍പുതന്നെ ആ പ്രദേശത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഹുവാങ് തുടങ്ങിയിരുന്നു. ആദ്യം അദ്ദേഹം തന്റെ വീടിന്റെ അകവും പുറവും മനോഹരമായ വര്‍ണ്ണങ്ങള്‍ വിതറി അലങ്കരിച്ചു. തുടര്‍ന്ന് അത് മറ്റുള്ള വീടുകളിലേക്കും വ്യാപിപ്പിച്ചു. ഓരോ ഇഞ്ചു ചുമരുകളും അദ്ദേഹം തന്റെ വിസ്മയിപ്പിക്കുന്ന ചായാചിത്രങ്ങളാല്‍ പ്രൗഡമാക്കി.

അതോടെ ആ’മഴവില്‍ ഗ്രാമം’ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. പ്രദേശം സംരക്ഷിക്കണമെന്ന ആവശ്യവുമായിയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. എല്ലാം തകര്‍ത്ത് പുനരുദ്ധാരണം ചെയ്യുക എന്ന ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയി. പകരം ഒരു സംസ്‌കാരത്തിന്റെ തിരുശേഷിപ്പു കൂടിയായആ പ്രദേശം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ന് തായ്വാനിലെ ഏറ്റവുംവലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് നന്തുന്‍ ജില്ലയിലെ മഴവില്‍ ഗ്രാമം. എല്ലാം ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചുകൊണ്ട് ഹുവാങും അവിടെത്തന്നെയുണ്ട്. എല്ലാ ദിവസവും അതിരാവിലെ എഴുനേറ്റ് മുഴുവന്‍ചുമര്‍ ചിത്രങ്ങളും അദ്ദേഹം പരിശോധിക്കും. എന്തെങ്കിലും പോരായ്മ തോന്നിയാല്‍ ഉടന്‍തന്നെ മാറ്റി വരക്കും. പ്രായം നൂറു കഴിഞ്ഞാലും ആരോഗ്യം അനുവദിക്കുമെങ്കില്‍ ഈ ജോലിതന്നെ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.

Read More : മരണത്തെ മുഖാമുഖം കണ്ട് അബ്ദുള്‍ നാസറിന്റെ സ്വപ്‌നയാത്ര ; കുറിച്ചത് ചരിത്രം, എവറസ്റ്റിലെത്തുന്ന രണ്ടാമത്തെ മലയാളി

Share on

മറ്റുവാര്‍ത്തകള്‍