July 12, 2025 |
Share on

സഞ്ചാരികളെ ആകര്‍ഷിക്കുന്ന ലോകത്തിലെ ‘ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍’ കേന്ദ്രങ്ങള്‍

ആധുനിക കലാ ആസ്വാദകരുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് നൗഷിമ ഐലന്‍ഡ്. കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്താല്‍ ഇവിടുത്തെ മനോഹരമായ കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കാവുന്നതാണ്.

ഇന്‍സൈഡ് ഓസ്ട്രേലിയ, ലേക്ക് ബല്ലാര്‍ഡ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ

പശ്ചിമ ഓസ്ട്രേലിയയിലെ ഗോള്‍ഡ്ഫീല്‍ഡുകളിലാണ് ലേക്ക് ബല്ലാര്‍ഡ് സ്ഥിതി ചെയ്യുന്നത്. കല്‍ഗൂര്‍ഗിയില്‍ നിന്ന് കുറച്ച് വടക്കോട്ട് യാത്ര ചെയ്യുമ്പോഴാണ് ഇവിടേക്ക് എത്താന്‍ സാധിക്കുക. ആന്റണി ഗോര്‍മെലിയുടെ ഇന്‍സൈഡ് ഓസ്ട്രേലിയ എന്ന പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. യാത്രയില്‍ 1900കളിലെ സ്വര്‍ണ്ണഖനികള്‍ ആയിരുന്ന പ്രധാന നഗരങ്ങളില്‍ കൂടിയും സഞ്ചരിക്കാം. പണ്ട് ഇവിടെ താമസിച്ചിരുന്ന ആളുകളുടെ ശവകല്ലറകളും പോകുന്ന വഴിയില്‍ കാണാം. വരണ്ടുണങ്ങിയ കായലില്‍ നിന്നും പൊങ്ങിവരുന്നത് പോലെയാണ് പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി പ്രതിമകളാണ് ഇവിടെയുള്ളത്. അതിരാവിലെ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞോ ഇവിടെ സന്ദര്‍ശിക്കുന്നതാണ് ഉത്തമം. കാരണം കാലാവസ്ഥാ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

നൗഷിമ ഐലന്‍ഡ്, ജപ്പാന്‍

ആധുനിക കലാ ആസ്വാദകരുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് നൗഷിമ ഐലന്‍ഡ്. ജപ്പാനിലെ സെത്തോ സീയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്താല്‍ ഇവിടുത്തെ മനോഹരമായ കാഴ്ചകള്‍ കൂടുതല്‍ ആസ്വദിക്കാവുന്നതാണ്. ആര്‍ട്ട് ഹൗസ് പ്രൊജക്ടിലാണ് ഇവിടുത്തെ മറക്കാന്‍ സാധിക്കാത്ത ഇന്‍സ്റ്റലേഷനുകള്‍ ഉള്ളത്. ഏകദേശം 650രൂപയാണ് ഇവിടേക്കുള്ള പ്രവേശനഫീസ്. ഉള്ളിലേക്ക് കയറുമ്പോള്‍ അദ്ഭുതപ്പെടുത്തുന്ന സൃഷ്ടികള്‍ നിങ്ങളെ ആകര്‍ഷിക്കും.

സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍, മൗണ്ടന്‍വില്ലെ, ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്കിലെ മൗണ്ടന്‍വില്ലെയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഓപ്പണ്‍എയര്‍ മ്യൂസിയമാണ് സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍. 500 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല.

കോമിക് മുറല്‍സ്, അംഗോലേമെ, ഫ്രാന്‍സ്

ഫ്രാന്‍സിലെ ചാരെന്റെ നദിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ നഗരമാണ് അംഗോലേമെ. പതിനാലാം നൂറ്റാണ്ടില്‍ പേപ്പര്‍ നിര്‍മ്മാണത്തിന്റെയും പ്രിന്റിംഗിന്റെയും പ്രധാന കേന്ദ്രമാണ് അംഗോലേമെ. 2019-ജനുവരി 24 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കോമിക്സ് ട്രിപ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ നഗരത്തില്‍ കോമിക്സ് ട്രിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. മ്യൂറല്‍ പെയിന്റേഴ്സിന്റെ സംഘടനയായ സൈറ്റ് ഡി ക്രിയേഷന്‍, നഗരത്തിലെ ചുവരുകളൊക്കെ അവരുടെ സൃഷ്ടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പെയ്ന്റഡ് വാള്‍ ട്രെയിലില്‍ ഏകദേശം ഇരുപതോളം മ്യൂറല്‍ പെയ്ന്റിംഗുകള്‍ കാണാം.

മസ്തബ, ഹൈഡ് പാര്‍ക്ക്, ലണ്ടന്‍

ലണ്ടനിലെ ഹൈഡ് പാര്‍ക്കിലെ സെര്‍ഫന്റൈന്‍ കായലിന്റെ തീരത്താണ് പ്രശസ്ത ഇന്‍സ്റ്റലേഷനായ മസ്തബയുള്ളത്. പല നിറങ്ങളുള്ള ബാരലുകള്‍ തൂക്കിയിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ക്രിസ്റ്റോ എന്ന കലാകാരനാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ഒരു വീടിന്റെ ആകൃതിയിലാണ് ഈ സൃഷ്ടിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×